Saturday 12 May 2012

ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍

              കാസര്‍കോട് ജില്ലയിലെ ദേവലോകത്ത് പതിനെട്ടുവര്‍ഷം മുന്‍പാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. പൊലീസിനെ കബളിപ്പിച്ച് കര്‍ണാടകത്തിലേക്കു കടന്ന പ്രതിയെ ദീര്‍ഘകാലത്തെ പിന്‍തുടരലിനു ശേഷം ഇപ്പോള്‍ പിടികൂടിയിട്ടുണ്ട്. നീണ്ട തിരച്ചിലിനിടയിലും ഇച്ഛാശക്തിന നഷ്ടപ്പെടാതെ സൂക്ഷിച്ച അന്വേ ഷണ ഉദ്യോഗസ്ഥന്മാരെ അഭിനന്ദിക്കേണ്ടതുണ്ട്.
              പെര്‍ള സര്‍ഗക്കടുത്ത ദേവലോകം കടപ്പൂവിലെ അടക്കാ കര്‍ഷകന്‍ ശ്രീകൃഷ്ണഭട്ടും പത്‌നി ശ്രീമതി ഭട്ടുമാണ് കൊലചെയ്യപ്പെട്ടത്. ഈ കേസിലെ പ്രതി ഇമാം ഹുസൈനെ അറസ്റ്റുചെയ്തതിനെ തുടര്‍ന്ന് കാസര്‍കോട്ടെ പത്രങ്ങള്‍ വിശദമായ ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്.
             കൊലപാതകം നടക്കുന്ന കാലത്ത് ഇമാം ഹുസൈന്‍ മംഗലാപുരത്തെ ഒരു ലോഡ്ജില്‍ താമസിച്ച് താംബൂലജ്യോതിഷം, മഷിനോട്ടം തുടങ്ങിയവ നടത്തി ജീവിക്കുകയായിരുന്നു. ശ്രീകൃഷ്ണഭട്ട് അവിടെയെത്തിയത് സ്വന്തം കവുങ്ങിന്‍തോട്ടത്തിലുള്ള നിധി എടുക്കുന്നതിനുള്ള സഹായം തേടിയാണ് ഭട്ടിന്റെ വീട്ടിലെത്തി പൂജ നടത്തിയ പ്രതി കവുങ്ങിന്‍തോട്ടത്തിലെ കുഴിയില്‍ ഭട്ടിനെ ഇറക്കി പ്രാര്‍ഥിപ്പിക്കുകയും ആ സമയത്ത് കൊലപ്പെടുത്തിയിട്ട് വീട്ടിലെത്തി ശ്രീമതി ഭട്ടിനെയും കൊന്ന് ആഭരണങ്ങളും സമ്പത്തും കൈക്കലാക്കുകയും ചെയ്തു എന്നാണ് പൊലീസിന്റെ കണ്ടെത്തലായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
            ഈ ദാരുണസംഭവത്തിന്റെ കാരണങ്ങള്‍ സാക്ഷരകേരളത്തിന്‍റെകണ്ണുതുറപ്പിക്കേണ്ടതാണ്. നിധിയുണ്ടെന്നും, അത് കണ്ടെത്താന്‍ ഒരു മഷിനോട്ടക്കാരന്റെ സഹായം ആവശ്യമുണ്ടെന്നുമുള്ള ഉറച്ച വിശ്വാസമാണ് ഭട്ടിനെ പ്രതിയിലേക്ക് അടുപ്പിച്ചത്.
           വാസ്തവത്തില്‍ എന്താണീ നിധി. മുമ്പ് താമസിച്ചിരുന്നവര്‍ കരുതിവെച്ചതും അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയാതെ പോയതുമായ സ്വത്ത്. ഇതില്‍ സ്വര്‍ണ്ണവും മറ്റും ഉണ്ടായേക്കാം. തലമുറകളായി പറഞ്ഞു പറഞ്ഞു ലഭിക്കുന്ന അറിവോ ഏതെങ്കിലും ജ്യോതിഷിയോ ദുര്‍മന്ത്രവാദിയോ നല്‍കുന്ന കപടസൂചനയോ ഇതിന്റെ പിന്നിലുണ്ടാകാം. ഇതൊന്നും സത്യമാകണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഇത്തരം അബദ്ധങ്ങളെ വിശ്വാസമെന്ന് മതാസക്തരും അന്ധവിശ്വാസമെന്ന് പുരോഗമനവാദികളും പറയുന്നു. മെയ്യനങ്ങാതെ സമ്പാദിക്കാമെന്ന പ്രലോഭനമാണ് ഇതിനു പിന്നിലുള്ളത്.
         നിധിയെക്കുറിച്ച് അധികൃതരോട് പറയാന്‍ നിവര്‍ത്തിയില്ല. അവര്‍ അതു കണ്ടെത്താന്‍ നരവംശശാസ്ത്രജ്ഞരെ ഏര്‍പ്പെടുത്തുന്നു. പുരയിടത്തില്‍ പണിയെടുക്കുമ്പോള്‍ അപൂര്‍വമായി കണ്ടെത്തുന്ന നന്നങ്ങാടിയില്‍ നിന്നും ലഭിച്ചിട്ടുള്ള നാണയങ്ങളും ആഭരണങ്ങളും മറ്റും മനുഷ്യവാസത്തിന്റെ ചരിത്രത്തെക്കുറിച്ചു പഠിക്കാന്‍ സഹായിച്ചിട്ടുണ്ട്. സ്വാര്‍ഥലാഭത്തിന്റെയും അന്ധവിശ്വാസത്തിന്റെയും സര്‍പ്പങ്ങളിഴയുന്നത് ഇരുള്‍വീണ രഹസ്യവഴികളിലൂടെയാണല്ലോ. അവരുടെ മനസ്സില്‍ നന്നങ്ങാടിക്കും കാശിനും ചക്രത്തിനും പകരം സ്വര്‍ണക്കുഴവിയും സ്വര്‍ണഉരുളിയും ആയിരിക്കും.
             മഷിനോട്ടക്കാരും കവിടിശാസ്ത്രക്കാരും ദുര്‍മന്ത്രവാദികളും സ്ഥാനനിര്‍ണയ സഹായവാഗ്ദാനവുമായി ചാടിവീഴും. ഇത്തരം കൊലപാതകങ്ങള്‍ക്ക് ഇതു കാരണമാകും. ഈ കേസില്‍ ഭട്ടുകുടുംബം കരുതിവച്ചിരുന്ന നിധികിട്ടിയത് അവരെ കൊലപ്പെടുത്തിയ മഷിനോട്ടക്കാരനാണല്ലോ.
             അന്ധവിശ്വാസങ്ങളും അതിനെ ചൂഷണം ചെയ്യാനുപയോഗിക്കുന്ന കപടതന്ത്രങ്ങളും മനുഷ്യവിരുദ്ധമാണെന്ന തിരിച്ചറിവ് ഈ സംഭവത്തോടെയെങ്കിലും കേരളീയര്‍ക്ക് ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ പാഠപുസ്തകങ്ങള്‍ കത്തിച്ചുകൊണ്ട് കേരളം കൂടുതല്‍ അന്ധവിശ്വാസത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
            ജ്യോതിഷം, താംബൂലജ്യോതിഷം, മഷിനോട്ടം, കൈനോട്ടം, മുഖലക്ഷണവിവരണം ഇവയൊന്നും സത്യമല്ല. ശാസ്ത്രീയമായ അടിത്തറ ഇതിനൊന്നിനുമില്ല.
          ഭട്ട് വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അന്ധവിശ്വാസവും അതിലൂടെ വിശ്വാസമാര്‍ജ്ജിച്ച് കൊലനടത്താമെന്ന തന്ത്രശാലിയുടെ ചിന്തയുമാണല്ലോ. തിരിച്ചറിയപ്പെടേണ്ട ഒരു പ്രാധാന്യം ഈ സംഭവത്തിനുണ്ട്. അന്വേഷകര്‍ കുറ്റവാളിയെ കുരുക്കാന്‍ മഷിനോട്ടക്കാരുടെയോ മന്ത്രവാദികളുടേയോ ദൈവാജ്ഞകള്‍ തേടിയില്ലെന്നതും ശ്രദ്ധേയമാണ്.

9 comments:

  1. പ്രായോഗികബുദ്ധിയും യുക്തിസഹമായ നിരീക്ഷണവും കേവലം സാമാന്യവിവരവും,അത്യാഗ്രഹികളും അന്ധവിശ്വാസികളുമായ ഭാഗ്യന്വേഷികളെ ഇത്തരംചതിക്കുഴികളില്‍നിന്ന് രക്ഷിക്കുന്നില്ലയെന്ന സാധാരണവസ്തുതയാണ് നാം മിക്കപ്പോഴും കാണുന്നത്. അന്യഥാ,ഇവരൊക്കെ വിദ്യാഭ്യാസവും'അറിവും'ലോകപരിചയ വുമൊക്കെയുള്ളവരായിരിക്കാമെങ്കിലും ചുളുവില്‍ 'നിധി' കിട്ടുമെന്നറിഞ്ഞാല്‍സ്ഥലകാലഭ്രമംവന്ന് ആപത്തുകളിലേക്കെടുത്തുചാടി ധനനഷ്ടവും ജീവഹാനിയും വരുത്തി വെയ്ക്കുന്നതുകാണുമ്പോള്‍, അന്ധവിശ്വാസവും യുക്തിയില്ലായ്മയും എത്രമാത്രം ആഴത്തിലാണ് പലരിലും വേരോടിയിരിക്കുന്നതെന്ന ദുഖസത്യം നമുക്ക് മനസ്സിലാകുന്നു.

    ReplyDelete
    Replies
    1. ഇതൊക്കെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ ആണ്.

      Delete
  2. ആള്‍ ദൈവങ്ങള്‍ അരങ്ങു തകര്‍ക്കുന്ന ഇക്കാലത്ത് ഇത് ഒരു വാര്‍ത്തയാണോ സര്‍.. അന്ധ വിശ്വാസങ്ങള്‍ അതിന്റെ എല്ലാ ആടംബരങ്ങലോടും കൂടി തിരിച്ചു വന്നു കൊണ്ടിരിക്കുക അല്ലെ???

    ReplyDelete
    Replies
    1. പ്രതിരോധം ആവശ്യമാണ്‌.

      Delete
  3. ഇന്നിപ്പോള്‍ മാനവികതയെ ഉണര്‍ത്തുന്നതും നവോത്ഥാനത്തെ ഉയര്‍ത്തിപിടിക്കുനതും കൂടി ഇത്തരകാരാണല്ലോ അല്ലേ?

    ReplyDelete
    Replies
    1. അപരാധികളെല്ലാം നിരപരാധികളുടെ വേഷമിട്ട കാലമിത്!

      Delete
  4. അന്ധവിശ്വാസങ്ങളും അതിനെ ചൂഷണം ചെയ്യാനുപയോഗിക്കുന്ന കപടതന്ത്രങ്ങളും മനുഷ്യവിരുദ്ധമാണെന്ന തിരിച്ചറിവ് ഈ സംഭവത്തോടെയെങ്കിലും കേരളീയര്‍ക്ക് ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍...

    ReplyDelete
    Replies
    1. എന്തു ചെയ്യാനാണ് കലാവല്ലഭാ.

      Delete