എന്താണ് സിനിമ? നമ്മളെ ആഹ്ലാദിപ്പിച്ചും ചിലപ്പോള്‍ കരയിച്ചും
കടന്നുപോകുന്നതുമാത്രമാണോ? സിനിമയില്‍ സംവാദത്തിനു സാധ്യതയുണ്ടോ? ഉണ്ടെന്നാണ് ലോക സിനിമ പറയുന്നത്. എന്നാല്‍ സംവാദ സിനിമകള്‍ പലപ്പോഴും പരമ ബോറായിട്ടാണ് അനുഭവപ്പെടുക.
കഥയുടെ നൂല്‍ബന്ധമില്ലാത്തതും കഠിന ഭാഷയില്‍ സൈദ്ധാന്തിക ചര്‍ച്ച
നടത്തുന്നതുമായ സിനിമകളാണ് ഏതു ബുദ്ധിജീവിയെയും തിയേറ്ററില്‍ നിന്ന് പുറത്തേയ്ക്ക്
പായിക്കുന്നത്.
മലയാളത്തില്‍ കഥയും ചര്‍ച്ചയും ഒന്നിപ്പിച്ചുകൊണ്ട്
കണ്ടിരിക്കാവുന്ന ഒരു സിനിമ ഉണ്ടായിരിക്കുന്നു. നിറയെ ചോദ്യങ്ങളും യുക്തിഭദ്രമായ
ഉത്തരങ്ങളും നിറയ്ക്കുന്ന ഒരു ചലച്ചിത്രം. പ്രഭുവിന്റെ മക്കള്‍.
ഇക്കാലത്താണെങ്കില്‍ നിര്‍മ്മാല്യം പോലൊരു സിനിമ എടുക്കാമോ എന്നു പലരും
വെല്ലുവിളിക്കാറുണ്ട്. ഈ വെല്ലുവിളിക്ക് രണ്ടു ചലച്ചിത്ര ഭാഷകളില്‍
തട്ടുമ്പൊറത്തപ്പനും ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്കും മറുപടി പറഞ്ഞിട്ടുണ്ട്.
ശ്രീനിവാസന്റെ ചില ചിത്രങ്ങളും ആ വഴിയേ സഞ്ചരിച്ചിട്ടുണ്ട്.
പ്രഭുവിന്റെ മക്കളിലാണെങ്കില്‍ തുറന്നുപറയുന്ന ഒരു രീതിയാണ് സംവിധായകനായ
സജീവന്‍ അന്തിക്കാട് സ്വീകരിച്ചിട്ടുള്ളത്.
പ്രഭുവിന്റെ രണ്ടുമക്കളിലൊരാള്‍ യുക്തിവാദിയാണ്. രണ്ടാമന്‍ ഭക്തിവാദിയും.
ഭക്തിവാദിയായ സിദ്ധാര്‍ഥനാണെങ്കില്‍ ഒരു കാമുകിയുമുണ്ട്. എന്നാല്‍ സിദ്ധാര്‍ഥന്‍,
അച്ഛനെയും സഹോദരനെയും പ്രണയിനിയെയും ഉപേക്ഷിച്ച് ആത്മീയാന്വേഷണത്തിനിറങ്ങുന്നു.
ഹരിദ്വാറിലും ഋഷികേശിലും ഗംഗയുടെ മറ്റു സമീപപ്രദേശങ്ങളിലും ഗുരുവിനെ തേടിയലയുന്ന
സിദ്ധുവിന് ഗുരുവിനെ ലഭിക്കുക തന്നെ ചെയ്തു. ധ്യാനവും യോഗയുമടങ്ങിയ കഠിന
ജീവിതപദ്ധതി.
അപ്രതീക്ഷിതമായാണ് ബ്രഹ്മചര്യമഹത്വം പാടാറുള്ള ഗുരുവും ആശ്രമ സന്യാസിനിയും
തമ്മിലുള്ള കിടപ്പറ ദൃശ്യം അയാള്‍ കാണുന്നത്. വെള്ളത്തിനടിയില്‍ ലോഹപ്പാളി വിരിച്ച്
ഹഠയോഗി വെള്ളത്തിനു മുകളിലൂടെ നടക്കുന്നതും ഈ യുവാവ് കണ്ടെത്തുന്നു. വാസ്തവത്തിന്റെ
ബോധോദയമുണ്ടായതിലൂടെ തികഞ്ഞ നാസ്തികനായി മാറിയ സിദ്ധാര്‍ഥന്‍ നാട്ടിലെത്തി
കാത്തിരുന്ന കണ്മണിയെ കല്യാണവും കഴിച്ച് തികഞ്ഞ യുക്തിവാദിയായി ജീവിക്കുന്നു.
ഇനിയാണ് സിനിമയില്‍ ഹരിപഞ്ചാനന ബാബ വരുന്നത്. ബാബയ്ക്ക് മള്‍ട്ടി
സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുവാന്‍ അറുപതേക്കര്‍ പുരയിടം ഇഷ്ടദാനമായി
നല്‍കുന്ന പ്രഭു, ബാബയുടെ അത്ഭുതങ്ങള്‍ തട്ടിപ്പാണെന്ന് ബോധ്യപ്പെടുന്നതിനെ
തുടര്‍ന്ന് ആ കരാറില്‍ നിന്നും പിന്‍മാറുന്നു. അന്തരീക്ഷത്തില്‍ നിന്നും ഭസ്മവും
ചെറുശിവലിംഗവും ചെറിയ സ്വര്‍ണമാലയുമൊക്കെ എടുക്കുക തുടങ്ങിയ ചെറുകിട മാജിക്കുകളാണ്
ബാബ അത്ഭുതമായി കാട്ടിയിരുന്നത്. കരാറില്‍ നിന്നും പിന്‍മാറിയ പ്രഭു, ബാബയുടെ
ഗൂഢാലോചനയില്‍ നിന്നുണ്ടായ ഒരു റോഡപകടത്തില്‍ കൊല്ലപ്പെടുന്നു. മക്കളുടെ
അന്വേഷണത്തിനൊടുവില്‍ ബാബ അറസ്റ്റു ചെയ്യപ്പെടുന്നു.
ആത്മീയത ഉപേക്ഷിച്ച് വാസ്തവ ചിന്തയിലെത്തിയ സിദ്ധാര്‍ഥനും സംഘവും ദിവ്യാത്ഭുത
അനാവരണത്തിനായി കേരളത്തിലും ലോകത്തിന്റെ പലഭാഗങ്ങളിലും സഞ്ചരിക്കുന്നു.
അഹം ദ്രവ്യാസ്മി തുടങ്ങിയ പരിഹാസ മുദ്രാവാക്യങ്ങളും ഇതിനായി ഉപയോഗിക്കുന്നു.
ജാതി, മതം, ദൈവം, മറ്റ് അന്ധവിശ്വാസങ്ങള്‍ ഇവയാണ് ഈ സിനിമയില്‍ അനാവരണത്തിനു
വിധേയമാക്കുന്നത്. ശരിയായ മതരഹിത ജീവിതത്തിന്റെ സാധ്യതകളും മുദ്രകളും ഈ സിനിമ
മുന്നോട്ടുവയ്ക്കുന്നു. സിനിമയിലുടനീളം യുക്തിവാദം പ്രധാന കഥാപാത്രമാകുന്നു.
കാല്‍പനിക ഗാനങ്ങള്‍ ആരെഴുതിയാലും മഹാകവി ചങ്ങമ്പുഴയ്ക്കപ്പുറം
പോവുകയില്ലെന്നറിഞ്ഞതിനാലാകാം ആ രാവില്‍ നിന്നോടു ഞാനോതിയ രഹസ്യങ്ങള്‍ എന്ന കവിത
പ്രണയരംഗത്തിന് വസന്തം ചാര്‍ത്താന്‍ ഉപയോഗിച്ചിട്ടുണ്ട്. ചങ്ങമ്പുഴയും ഒരു
അവിശ്വാസിയായിരുന്നതിനാല്‍ ആ തെരഞ്ഞെടുപ്പ് ഉചിതമായി.
വിഷയത്തിന്റെ വിപുലീകരണം ഈ ചിത്രത്തിന്റെ കേന്ദ്രപ്രമേയത്തില്‍ നിന്നും
വ്യതിചലിക്കാന്‍ കാരണമാകുന്നുണ്ട്. അടിയന്തരാവസ്ഥക്കാലം മറ്റൊരു ചിത്രത്തിനായി
മാറ്റിവയ്ക്കാമായിരുന്നു.
പ്രഭുവിന്റെ മക്കള്‍, തിയേറ്ററുകളില്‍ നിന്നും മാറ്റി, ഓഡിറ്റോറിയങ്ങള്‍
ബുക്ക് ചെയ്ത് ആളുകളെ ക്ഷണിച്ചു പ്രദര്‍ശിപ്പിക്കുന്നതാവും നല്ലത്. തിയേറ്റര്‍
പ്രേക്ഷകരുടെ ശീലങ്ങള്‍ക്ക് ഈ ചിത്രം തൃപ്തി നല്‍കാന്‍ സാധ്യതയില്ല.
പ്രേമാനന്ദിന്റെയും ദയാനന്ദിന്റെയും അവരുടെ പിതാവിന്റെയും
നരേന്ദ്രനായിക്കിന്റെയും മറ്റും ജീവിതമറിയുന്നവര്‍ക്ക് ഈ ചിത്രം ആദരവോടെയും
ആവേശത്തോടെയും കാണാന്‍ കഴിയും. മറ്റുള്ളവര്‍ക്ക് ചിന്തയുടെ വലിയ ആകാശം പ്രഭുവിന്റെ
മക്കള്‍ തുറന്നുതരും.
|
Monday, 12 November 2012
ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന പ്രഭുവിന്റെ മക്കള്‍
Friday, 9 November 2012
സ്വര്‍ണച്ചേനയും നാഗമാണിക്യവും
ചാത്തന്നൂര്‍ സ്വദേശിയായ ആശാജി എന്ന ചിത്രകാരന്‍ എഴുതിയ സൂത്രം എന്ന നോവലില്‍
ഒരു ആള്‍ദൈവത്തെ അവതരിപ്പിക്കുന്നുണ്ട്. ആള്‍ദൈവം തന്റെ ആസ്ഥാനമൊരുക്കുന്നത് ആളുകളെ
അദ്ഭുതപ്പെടുത്തുന്ന ഒരു വിദ്യയിലൂടെയാണ്. ഒരു ചെറിയ കുഴിയെടുത്ത് അതില്‍ ഒരു ചെറിയ
ഓട്ടുരുളി വയ്ക്കുന്നു. ഉരുളിയില്‍ മണ്ണിട്ടുനിറച്ച് ചേനവിത്തുനടുന്നു.
ചേനമുളച്ചുവളര്‍ന്ന് പാകമാകുന്ന കാലത്ത് ഒരാളെ വിളിച്ച് ചേന കിളച്ചെടുക്കുന്നു.
കിളയ്ക്കുമ്പോള്‍ മണ്‍വെട്ടി ഓട്ടുരുളിയില്‍ തട്ടുന്നു. ചേനച്ചോട്ടില്‍ ഉരുളി കണ്ട്
പണിക്കാരന്‍ അദ്ഭുതപ്പെടുന്നു. ഉരുളികാണാന്‍ ജനങ്ങളെത്തുന്നു. മണ്ണില്‍ ഉരുളി
വിളഞ്ഞിടത്ത് ആള്‍ദൈവം ആസ്ഥാനമുണ്ടാക്കുന്നു.
പിന്നെ ആള്‍ദൈവത്തിന് ആരാധനയുടെ കൊയ്ത്തുകാലമാണ്. കണക്കില്ലാത്ത പണം
ഒഴുകിയെത്തുന്നു. ആരാധകരുടെ സുരക്ഷിത വലയത്തിനുള്ളില്‍ ആള്‍ദൈവം ലൈംഗിക
ചൂഷണമടക്കമുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
സന്തോഷ് മാധവന്‍
പിടിക്കപ്പെടുന്നതിന് വളരെക്കാലം മുന്‍പാണ് ഈ നോവല്‍ രചിക്കപ്പെടുന്നത്.
ഉരുളിച്ചേനയെ മുന്‍നിര്‍ത്തി കുബേരനായ ആളാണ് ഈ കഥാപാത്രമെങ്കില്‍
ആള്‍ദൈവമൊന്നും ആകാതെ തന്നെ സ്വര്‍ണച്ചേന വ്യവസായം നടത്തുന്നവരുമുണ്ട് കേരളത്തില്‍.
സ്വര്‍ണച്ചേന ചതിയില്‍ പലതവണ ആളുകള്‍ പെട്ടിട്ടുണ്ട്. വിശ്വാസത്തിന്റെയും
ആത്മീയതയുടെയും ആവരണമിട്ടു നടത്തുന്ന ഈ തട്ടിപ്പിനെക്കുറിച്ച് മലയാളത്തിലെ പ്രമുഖ
പത്രങ്ങള്‍ യഥാസമയം ജനങ്ങളെ അറിയിച്ചിട്ടുമുണ്ട്. ഇതില്‍ നിന്നൊന്നും മലയാളി ഒരു
പാഠവും പഠിച്ചില്ല. വീണ്ടും തട്ടിപ്പുകള്‍ക്ക് വിധേയരാവുകയാണ്.
ഒടുവിലത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ചേര്‍ത്തലയില്‍
നിന്നാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യയും വിവേകവും നല്‍കുന്ന സ്ഥലമാണ്
ചേര്‍ത്തലയെന്നോര്‍ക്കണം.
സ്വര്‍ണച്ചേന നല്‍കാമെന്ന് മോഹിപ്പിച്ച് ഒന്നരക്കോടിയോളം രൂപയുടെ
സ്വര്‍ണാഭരണങ്ങളാണ് തട്ടിയെടുക്കപ്പെട്ടിട്ടുള്ളത്.
ഒരു അമ്മയും മക്കളുമടക്കമുള്ള
തട്ടിപ്പു സംഘം അവരുടെ വീട്ടിനടുത്തുള്ള കാവില്‍ നിന്നും സ്വര്‍ണച്ചേന ലഭിച്ചെന്നും
അതുമുറിച്ചു നല്‍കണമെങ്കില്‍ മുറിക്കുന്ന അളവിനു തുല്യമായ സ്വര്‍ണം മുന്‍കൂട്ടി
ചേനയില്‍ വയ്ക്കണമെന്നും അവര്‍ പറഞ്ഞത്രെ. അതായത് കാല്‍ കിലോ സ്വര്‍ണച്ചേന
ആവശ്യമുണ്ടെങ്കില്‍ കാല്‍ കിലോ ചേനയല്ലാത്ത സ്വര്‍ണം ചേനപ്പുറത്തുവയ്ക്കണം.
മോഹവലയില്‍ കുടുങ്ങിയവര്‍ മകളുടെ വിവാഹത്തിനായി വാങ്ങി സൂക്ഷിച്ചിരുന്ന
മുപ്പത്തഞ്ചു പവന്റെ ആഭരണങ്ങളും നാല്‍പത്തൊന്ന് സ്വര്‍ണനാണയങ്ങളും
ചേനപ്പുറത്തുവയ്ക്കാന്‍ നല്‍കിയത്രെ. ഈ സ്വര്‍ണമാണ് തട്ടിപ്പുകാര്‍
സ്വന്തമാക്കിയത്.
വാസ്തവത്തില്‍ ഒരു ചേനച്ചെടിയുടെ മൂട്ടിലും സ്വര്‍ണം ഉണ്ടാവുകയില്ല. സ്വര്‍ണ
അയിരിന് മഞ്ഞനിറംപോലുമില്ല. ആത്മീയതയുടെയും അന്ധവിശ്വാസത്തിന്റെയും കാവുകളില്‍
മാത്രമേ സ്വര്‍ണച്ചേനയും സ്വര്‍ണച്ചേമ്പും സ്വര്‍ണക്കിഴങ്ങുമൊക്കെ വിളയുകയുള്ളൂ.
അവിടെ സ്വര്‍ണക്കപ്പയോ സ്വര്‍ണ ഇഞ്ചിയോ ഒക്കെ വിളഞ്ഞാലും അദ്ഭുതപ്പെടാനില്ല.
വിദ്യാഭ്യാസമുള്ള കേരളീയര്‍ അന്ധവിശ്വാസങ്ങളില്‍ നിന്നും ആത്മീയ തട്ടിപ്പുകളില്‍
നിന്നും മാറി നിന്നെങ്കില്‍ മാത്രമേ ഇത്തരം കബളിപ്പിക്കലുകള്‍ അവസാനിപ്പിക്കാന്‍
കഴിയുകയുള്ളൂ.
കാവില്‍ നിന്നാണ് സ്വര്‍ണച്ചേനകിട്ടിയത് എന്നാണല്ലോ തട്ടിപ്പുസംഘം പറഞ്ഞത്.
എന്തുകൊണ്ടാണ് പള്ളിക്കൂടങ്ങളില്‍ നിന്നോ കൃഷിഭൂമിയില്‍ നിന്നോ
കിട്ടിയെന്നുപറയാത്തത്? കാവുകള്‍ പരിസ്ഥിതിയുടെ അവിഭാജ്യഘടകമാണ് എന്ന വാസ്തവത്തെ
വിസ്മരിച്ചുകൊണ്ട് ദൈവത്തിന്റെയും ആത്മീയതയുടെയും ആവാസസ്ഥലം എന്നു കരുതുന്നിടത്താണ്
സ്വര്‍ണച്ചേന വിശ്വസിക്കാവുന്ന ഒരു പദാര്‍ഥമാകുന്നത്. തട്ടിപ്പിന്റെ ഒന്നാം പാഠം
അവിടെ ആരംഭിക്കുന്നു.
കാവുകളെ കേന്ദ്രീകരിച്ചാണ് നാഗമാണിക്യവും ഉദ്ഭവിക്കുന്നത്. വിശിഷ്ടനാഗത്തില്‍
നിന്നും ലഭിക്കുന്നത് എന്നു പറഞ്ഞ് കച്ചവടം ചെയ്യപ്പെടുന്ന നാഗമാണിക്യ വ്യവസായവും
സ്വര്‍ണച്ചേന വ്യവസായവും രഹസ്യക്കമ്പോളത്തിലാണ് പുഷ്പ്പിക്കാറുള്ളത്. ദൈവികവും
സത്യസന്ധവുമാണെങ്കില്‍ പരസ്യമായി ഈ കച്ചവടം നടത്തിക്കൂടെ? ദൈവീക പരിവേഷമുണ്ടാക്കി
നടത്തുന്ന ഈ തട്ടിപ്പുകളില്‍ നമ്മുടെ മതദൈവങ്ങളുടെ നിലപാടെന്താണ്. എല്ലാം
ദൈവനിശ്ചയമനുസരിച്ചാണെങ്കില്‍ ഈ തട്ടിപ്പും ദൈവനിശ്ചയമാണോ? ദൈവം പോലും ഒരു
മെഗാതട്ടിപ്പാണെന്നിരിക്കെ ഇത്തരം മൈനര്‍ത്തട്ടിപ്പുകള്‍ക്ക് ദൈവാനുഗ്രഹം
ഉണ്ടാകുന്നതില്‍ അദ്ഭുതമില്ല.
മലയാളി, വിവേകത്തിന്റെയും ശാസ്ത്രീയതയുടെയും യുക്തിയുടെയും
സൂര്യപ്രകാശത്തിലേക്ക് മാറിനില്‍ക്കേണ്ടതുണ്ട്.
|
Subscribe to:
Posts (Atom)