Friday, 9 November 2012

സ്വര്‍ണച്ചേനയും നാഗമാണിക്യവും

           ചാത്തന്നൂര്‍ സ്വദേശിയായ ആശാജി എന്ന ചിത്രകാരന്‍ എഴുതിയ സൂത്രം എന്ന നോവലില്‍ ഒരു ആള്‍ദൈവത്തെ അവതരിപ്പിക്കുന്നുണ്ട്. ആള്‍ദൈവം തന്റെ ആസ്ഥാനമൊരുക്കുന്നത് ആളുകളെ അദ്ഭുതപ്പെടുത്തുന്ന ഒരു വിദ്യയിലൂടെയാണ്. ഒരു ചെറിയ കുഴിയെടുത്ത് അതില്‍ ഒരു ചെറിയ ഓട്ടുരുളി വയ്ക്കുന്നു. ഉരുളിയില്‍ മണ്ണിട്ടുനിറച്ച് ചേനവിത്തുനടുന്നു. ചേനമുളച്ചുവളര്‍ന്ന് പാകമാകുന്ന കാലത്ത് ഒരാളെ വിളിച്ച് ചേന കിളച്ചെടുക്കുന്നു. കിളയ്ക്കുമ്പോള്‍ മണ്‍വെട്ടി ഓട്ടുരുളിയില്‍ തട്ടുന്നു. ചേനച്ചോട്ടില്‍ ഉരുളി കണ്ട് പണിക്കാരന്‍ അദ്ഭുതപ്പെടുന്നു. ഉരുളികാണാന്‍ ജനങ്ങളെത്തുന്നു. മണ്ണില്‍ ഉരുളി വിളഞ്ഞിടത്ത് ആള്‍ദൈവം ആസ്ഥാനമുണ്ടാക്കുന്നു.
 
 
പിന്നെ ആള്‍ദൈവത്തിന് ആരാധനയുടെ കൊയ്ത്തുകാലമാണ്. കണക്കില്ലാത്ത പണം ഒഴുകിയെത്തുന്നു. ആരാധകരുടെ സുരക്ഷിത വലയത്തിനുള്ളില്‍ ആള്‍ദൈവം ലൈംഗിക ചൂഷണമടക്കമുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
 
സന്തോഷ് മാധവന്‍ പിടിക്കപ്പെടുന്നതിന് വളരെക്കാലം മുന്‍പാണ് ഈ നോവല്‍ രചിക്കപ്പെടുന്നത്.
 
 
ഉരുളിച്ചേനയെ മുന്‍നിര്‍ത്തി കുബേരനായ ആളാണ് ഈ കഥാപാത്രമെങ്കില്‍ ആള്‍ദൈവമൊന്നും ആകാതെ തന്നെ സ്വര്‍ണച്ചേന വ്യവസായം നടത്തുന്നവരുമുണ്ട് കേരളത്തില്‍. സ്വര്‍ണച്ചേന ചതിയില്‍ പലതവണ ആളുകള്‍ പെട്ടിട്ടുണ്ട്. വിശ്വാസത്തിന്റെയും ആത്മീയതയുടെയും ആവരണമിട്ടു നടത്തുന്ന ഈ തട്ടിപ്പിനെക്കുറിച്ച് മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍ യഥാസമയം ജനങ്ങളെ അറിയിച്ചിട്ടുമുണ്ട്. ഇതില്‍ നിന്നൊന്നും മലയാളി ഒരു പാഠവും പഠിച്ചില്ല. വീണ്ടും തട്ടിപ്പുകള്‍ക്ക് വിധേയരാവുകയാണ്.
 
 
ഒടുവിലത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ചേര്‍ത്തലയില്‍ നിന്നാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യയും വിവേകവും നല്‍കുന്ന സ്ഥലമാണ് ചേര്‍ത്തലയെന്നോര്‍ക്കണം.
സ്വര്‍ണച്ചേന നല്‍കാമെന്ന് മോഹിപ്പിച്ച് ഒന്നരക്കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് തട്ടിയെടുക്കപ്പെട്ടിട്ടുള്ളത്.
 
ഒരു അമ്മയും മക്കളുമടക്കമുള്ള തട്ടിപ്പു സംഘം അവരുടെ വീട്ടിനടുത്തുള്ള കാവില്‍ നിന്നും സ്വര്‍ണച്ചേന ലഭിച്ചെന്നും അതുമുറിച്ചു നല്‍കണമെങ്കില്‍ മുറിക്കുന്ന അളവിനു തുല്യമായ സ്വര്‍ണം മുന്‍കൂട്ടി ചേനയില്‍ വയ്ക്കണമെന്നും അവര്‍ പറഞ്ഞത്രെ. അതായത് കാല്‍ കിലോ സ്വര്‍ണച്ചേന ആവശ്യമുണ്ടെങ്കില്‍ കാല്‍ കിലോ ചേനയല്ലാത്ത സ്വര്‍ണം ചേനപ്പുറത്തുവയ്ക്കണം. മോഹവലയില്‍ കുടുങ്ങിയവര്‍ മകളുടെ വിവാഹത്തിനായി വാങ്ങി സൂക്ഷിച്ചിരുന്ന മുപ്പത്തഞ്ചു പവന്റെ ആഭരണങ്ങളും നാല്‍പത്തൊന്ന് സ്വര്‍ണനാണയങ്ങളും ചേനപ്പുറത്തുവയ്ക്കാന്‍ നല്‍കിയത്രെ. ഈ സ്വര്‍ണമാണ് തട്ടിപ്പുകാര്‍ സ്വന്തമാക്കിയത്.
 
 
വാസ്തവത്തില്‍ ഒരു ചേനച്ചെടിയുടെ മൂട്ടിലും സ്വര്‍ണം ഉണ്ടാവുകയില്ല. സ്വര്‍ണ അയിരിന് മഞ്ഞനിറംപോലുമില്ല. ആത്മീയതയുടെയും അന്ധവിശ്വാസത്തിന്റെയും കാവുകളില്‍ മാത്രമേ സ്വര്‍ണച്ചേനയും സ്വര്‍ണച്ചേമ്പും സ്വര്‍ണക്കിഴങ്ങുമൊക്കെ വിളയുകയുള്ളൂ. അവിടെ സ്വര്‍ണക്കപ്പയോ സ്വര്‍ണ ഇഞ്ചിയോ ഒക്കെ വിളഞ്ഞാലും അദ്ഭുതപ്പെടാനില്ല. വിദ്യാഭ്യാസമുള്ള കേരളീയര്‍ അന്ധവിശ്വാസങ്ങളില്‍ നിന്നും ആത്മീയ തട്ടിപ്പുകളില്‍ നിന്നും മാറി നിന്നെങ്കില്‍ മാത്രമേ ഇത്തരം കബളിപ്പിക്കലുകള്‍ അവസാനിപ്പിക്കാന്‍ കഴിയുകയുള്ളൂ.
 
 
കാവില്‍ നിന്നാണ് സ്വര്‍ണച്ചേനകിട്ടിയത് എന്നാണല്ലോ തട്ടിപ്പുസംഘം പറഞ്ഞത്. എന്തുകൊണ്ടാണ് പള്ളിക്കൂടങ്ങളില്‍ നിന്നോ കൃഷിഭൂമിയില്‍ നിന്നോ കിട്ടിയെന്നുപറയാത്തത്? കാവുകള്‍ പരിസ്ഥിതിയുടെ അവിഭാജ്യഘടകമാണ് എന്ന വാസ്തവത്തെ വിസ്മരിച്ചുകൊണ്ട് ദൈവത്തിന്റെയും ആത്മീയതയുടെയും ആവാസസ്ഥലം എന്നു കരുതുന്നിടത്താണ് സ്വര്‍ണച്ചേന വിശ്വസിക്കാവുന്ന ഒരു പദാര്‍ഥമാകുന്നത്. തട്ടിപ്പിന്റെ ഒന്നാം പാഠം അവിടെ ആരംഭിക്കുന്നു.
 
 
കാവുകളെ കേന്ദ്രീകരിച്ചാണ് നാഗമാണിക്യവും ഉദ്ഭവിക്കുന്നത്. വിശിഷ്ടനാഗത്തില്‍ നിന്നും ലഭിക്കുന്നത് എന്നു പറഞ്ഞ് കച്ചവടം ചെയ്യപ്പെടുന്ന നാഗമാണിക്യ വ്യവസായവും സ്വര്‍ണച്ചേന വ്യവസായവും രഹസ്യക്കമ്പോളത്തിലാണ് പുഷ്പ്പിക്കാറുള്ളത്. ദൈവികവും സത്യസന്ധവുമാണെങ്കില്‍ പരസ്യമായി ഈ കച്ചവടം നടത്തിക്കൂടെ? ദൈവീക പരിവേഷമുണ്ടാക്കി നടത്തുന്ന ഈ തട്ടിപ്പുകളില്‍ നമ്മുടെ മതദൈവങ്ങളുടെ നിലപാടെന്താണ്. എല്ലാം ദൈവനിശ്ചയമനുസരിച്ചാണെങ്കില്‍ ഈ തട്ടിപ്പും ദൈവനിശ്ചയമാണോ? ദൈവം പോലും ഒരു മെഗാതട്ടിപ്പാണെന്നിരിക്കെ ഇത്തരം മൈനര്‍ത്തട്ടിപ്പുകള്‍ക്ക് ദൈവാനുഗ്രഹം ഉണ്ടാകുന്നതില്‍ അദ്ഭുതമില്ല.
 
 
മലയാളി, വിവേകത്തിന്റെയും ശാസ്ത്രീയതയുടെയും യുക്തിയുടെയും സൂര്യപ്രകാശത്തിലേക്ക് മാറിനില്‍ക്കേണ്ടതുണ്ട്.

6 comments:

 1. 'എന്നെ ഒന്ന് പറ്റിക്കൂ' എന്ന് പറഞ്ഞു നില്‍ക്കുന്ന മലയാളിയോട് എന്ത് പറയാന്‍
  ഈ ലേഖനത്തിനു ആശംസകള്‍

  ReplyDelete
  Replies
  1. അതെ ഗോപന്‍.നന്ദി.

   Delete
 2. വിവേകം കഴുകി സ്റ്റിക്കറൊട്ടിച്ച് വച്ചിട്ടില്ലല്ലോ നേരേ അങ്ങ് വാങ്ങി ഉപയോഗിക്കാൻ?കുരീപ്പുഴ വെറുതേ തമാശ പറയല്ലേ!

  ReplyDelete
  Replies
  1. ഒരാളും ഇത്തരം ദൈവിക തട്ടിപ്പുകളില്‍ വീഴാതിരിക്കട്ടെ രമേശ്‌.

   Delete
 3. സ്വര്‍ണച്ചേന എന്ന വാക്കുതന്നെ യുക്തിക്ക് നിരക്കുന്നതല്ല; സ്വര്‍ണ്ണമൊരിക്കലും ചേനയാകില്ല; ചേനയാകട്ടെ, സ്വര്‍ണ്ണവുമാകില്ല. കേവലം സാമാന്യബുദ്ധിയും വീണ്ടുവിചാരവുമുള്ള ആര്‍ക്കും - അതിന് ഉന്നതമായ വിദ്യാഭ്യാസമോ അസാധാരണമായ യുക്തിബോധമോ ഒന്നും തന്നെ വേണ്ടതില്ല - മനസ്സിലാകുന്ന, ബോദ്ധ്യപ്പെടുന്ന കാര്യമാണ്, സ്വര്‍ണച്ചേനയിലും നാഗമാണിക്യത്തിലും തട്ടിപ്പും അപഹരണവുമാല്ലാതെ യാതൊരു കഴമ്പുമില്ലെന്നുള്ളത്. എന്നിട്ടും എത്രമാത്രം ഭാഗ്യാന്വേഷികളാണ് ഇത്തരം ചതികളില്‍ ചെന്നുപെടുന്നത്; വീണ്ടും ചെന്നുപെടാന്‍ തയ്യാറാകുന്നത്! അതും, പത്രവും ടി വിയും സ്വര്‍വവ്യാപിയായ, ഇന്‍റെര്‍നെറ്റും ഇന്‍ഫര്‍മേഷനും കൈവിരലുകളിലൊതുങ്ങിയ ഇക്കാലത്തും! പോരെങ്കില്‍, സംശയനിവൃത്തി വരുത്താനും, നിജസ്ഥിതി മനസ്സിലാക്കാനും മുന്‍പൊരിക്കലുമില്ലാത്തവിധം പോംവഴികള്‍ അനവധിയുള്ളപ്പോഴും! ഇതില്‍നിന്നൊക്കെ മനസ്സിലാക്കേണ്ടത്, നമുക്കുചുറ്റുമുള്ള പല ഭാഗ്യാന്വേഷികളിലും ഔചിത്യവും സാമാന്യയുക്തിയും തീര്‍ത്തും അന്യം നിന്നുപോയിട്ടുണ്ടെന്നുള്ളതാണ്. ദൌര്‍ഭാഗ്യത്തിന്‍റെ മറ്റൊരേട്‌!


  ReplyDelete
  Replies
  1. നന്ദി രാധാകൃഷ്ണന്‍.ഇത്തരം ബോധ്യപ്പെടുത്തലുകള്‍ കുറെ ആളുകളെയെങ്കിലും വിവേകത്തിന്റെ വഴിയില്‍ എത്തിച്ചിരുന്നെങ്കില്‍.

   Delete