മലയാളം, തമിഴ് പ്രേക്ഷകരുടെ ഇഷ്ടനടിയായിരുന്നു സുകുമാരി. നായികനടികള്‍ക്കു കിട്ടുന്ന താരാരാധനയുടെ താഴ്ചയെക്കാള്‍ യഥാര്‍ഥ നടിക്കു കിട്ടുന്ന ആദരവിന്റെ ഉയര്‍ച്ചയിലാണ് പ്രേക്ഷകര്‍ സുകുമാരിയെ കണ്ടിട്ടുള്ളത്. ശ്രദ്ധയോടെയുള്ള ജീവിതവും അഭിനയത്തോടുള്ള മാന്യമായ ആത്മാര്‍ഥതയും സുകുമാരിയുടെ സവിശേഷതയായിരുന്നു. അതിനാല്‍ സിനിമാ മാസികക്കാരുടെ ഗോസിപ്പുകോളങ്ങള്‍ക്ക് അവര്‍ ഇരയായില്ല.
വൈവിധ്യമുള്ള കഥാപാത്രങ്ങളെ സുകുമാരി മികവോടെ അവതരിപ്പിച്ചു. നൃത്തം ചെയ്യാനും പാടാനുമുള്ള കഴിവുകള്‍ കൂടി അവര്‍ക്കുണ്ടായിരുന്നു. ചട്ടക്കാരി, റാംജിറാവു സ്പീക്കിംഗ്, പഞ്ചവടിപ്പാലം, അരപ്പട്ട കെട്ടിയ ഗ്രാമം തുടങ്ങി അവരുടെ അഭിനയ പ്രാഗത്ഭ്യത്തിന് തെളിവായി നിരവധി ചിത്രങ്ങളുടെ പേരു നിരത്താമെങ്കിലും അധികം ശ്രദ്ധിക്കപ്പെടാതെ പോയ മിഴികള്‍ സാക്ഷിയിലെ ഭീകരവാദിയായി മുദ്രകുത്തപ്പെട്ട ഒരു നിരപരാധിയുടെ ഉമ്മയായി വന്ന സുകുമാരിയാണ് കണ്ണു നനയിച്ചത്. വീടുപേക്ഷിക്കേണ്ടിവന്ന അവര്‍ അഭയാര്‍ഥിനിയായി ഒരു ഹിന്ദുക്ഷേത്രത്തിന്റെ പടിപ്പുരയിലുറങ്ങുന്നതും പിടിക്കപ്പെടുന്നതും മതേതര മനുഷ്യബോധമുള്ള ഏതൊരാളെയും വേദനിപ്പിച്ചു. സുകുമാരിയുടെ നിര്‍വ്യാജമായ നടനമികവാണ് അതു സാധിച്ചത്.
സുകുമാരി പരമഭക്തയായിരുന്നു. എല്ലാവരെയും സ്‌നേഹിച്ചതുപോലെ അവര്‍ കുട്ടിക്കാലത്തേ പരിചയപ്പെട്ട ഹിന്ദുദൈവങ്ങളെയും സ്‌നേഹിച്ചു. വീട്ടില്‍ പൂജാമുറിയുണ്ടാക്കി ദീപാരാധന നടത്തി. ആ ദീപത്തില്‍ നിന്നും വസ്ത്രത്തിലേയ്ക്ക് തീപടര്‍ന്നു പിടിച്ച് ഗുരുതരമായി പൊള്ളലേറ്റാണ് സുകുമാരി മരിച്ചത്.
മനുഷ്യപക്ഷത്തു നിന്നു നോക്കിയാല്‍ സുകുമാരി സ്വയം വരുത്തിവച്ച മരണമായിരുന്നു അത്. അന്ധമായ മതവിശ്വാസവും ദൈവവിശ്വാസവുമാണ് ദീപാരാധനയിലേയ്ക്കും തീപ്പൊള്ളലിലേയ്ക്കും മരണത്തിലേയ്ക്കും അവരെ നയിച്ചത്. വിശ്വാസവും ആരാധനയും അവരുടെ സ്വകാര്യമെന്ന് നമുക്ക് വിധിയെഴുതാം. എന്നാല്‍ രാഷ്ട്രം പത്മശ്രീ നല്‍കിയാദരിച്ച വലിയൊരു നടിയുടെ വേര്‍പാടുണ്ടാക്കിയ നഷ്ടം പൊതുസമൂഹത്തിന്റേതാണല്ലോ. ദൈവമേ, എന്തുകൊണ്ട് ആ പരമഭക്തയെ, അമ്മയെപ്പോലെ ഞങ്ങള്‍ ആദരിക്കുന്ന അഭിവന്ദ്യ വനിതയെ രക്ഷിച്ചില്ല, എന്നൊരു ചോദ്യം കണ്ണുനീരോടെയെങ്കിലും ഉയരുന്നുണ്ട്.
ഞങ്ങളുടെ വീട്ടില്‍ പൂജാമുറിയില്ല. വേണമെന്നൊരിക്കലും തോന്നിയിട്ടില്ല. എന്നാല്‍ ഞാന്‍ പോയിട്ടുള്ള പല വീടുകളിലും പൂജാമുറിക്കു പകരം ക്ഷേത്രമാതൃകകള്‍ തന്നെ കണ്ടിട്ടുണ്ട്. വൈദ്യുത വിളക്കുകള്‍ കൂടാതെ നെയ്യൊഴിച്ചു കത്തിക്കുന്ന നിരവധി വിളക്കുകള്‍, കര്‍പ്പൂര ദീപങ്ങള്‍, ഇവയ്ക്കു മുന്നില്‍ കണ്ണടച്ചു നിന്ന് പ്രാര്‍ഥിക്കുന്നത് അപകടകരമാണ്. പ്രാര്‍ഥിക്കുന്നത് രക്ഷിക്കണേ എന്നാണെങ്കിലും ഒരു ദൈവവും രക്ഷിക്കുകയില്ല.
ശബരിമല ക്ഷേത്രത്തിനും ഗുരുവായൂരമ്പലത്തിനും തീപിടിച്ചിട്ടുണ്ട്. സ്ഥലത്തെ ദൈവങ്ങള്‍ തീയണക്കാന്‍ ചെറുവിരല്‍ പോലുമനക്കിയിട്ടില്ല.
വീട്ടിലെ പൂജാമുറികളില്‍ ദീപാരാധന ഒഴിവാക്കുകയും ദൈവത്തെ മനസിലേക്കു മാറ്റുകയും ചെയ്താല്‍ ദീപാരാധനമൂലമുള്ള തീപിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാം. മനസിലെ ദീപാരാധനയ്ക്ക് തീ വേണ്ടല്ലൊ. നമുക്കുവേണ്ടത് പുക നിറഞ്ഞ പൂജാമുറിയല്ല ശുചിത്വമുള്ള ടോയ്‌ലറ്റുകളുമാണ്.
കേരളത്തില്‍ ഹിന്ദുമതക്കാരും ക്രിസ്തുമതക്കാരുമാണ് വീടിനുള്ളില്‍ ദൈവനാമത്തില്‍ തീക്കളി നടത്തുന്നത്. വീട്ടില്‍ ദീപാരാധനയില്ലാത്ത ഇസ്‌ലാം മതവിശ്വാസികള്‍ക്ക് സുഖജീവിതത്തിനു തടസമൊന്നുമില്ലെന്നകാര്യം ശ്രദ്ധിക്കേണ്ടതാണ്. ദീപാരാധന ഒരു അന്ധവിശ്വാസമാണ്. ജീവിതത്തിന്റെ ശ്രേയസ്സും വിഗ്രഹ സവിധത്തിലെ വിളക്കുകൊളുത്തലും തമ്മില്‍ ബന്ധമൊന്നുമില്ല.
അഗ്നിക്ക് എല്ലാം ഭക്ഷണമാണ്. അടുത്തുകിട്ടുന്നത് സ്ഥാവരജംഗമ സാധനങ്ങളാണെന്നോ ഈശ്വര വിശ്വാസികളോ നിരീശ്വരവാദികളോ ആണെന്നോ ഉള്ള വ്യത്യാസമൊന്നും അഗ്നിക്കില്ല. ദാഹകന് ജലദാഹം മാത്രമേ ഇല്ലാതെയുള്ളു.
മിന്നലേറ്റും വൈദ്യുതിയേറ്റും മറ്റും ശരീരം പൊള്ളിമരിക്കാം. എന്നാല്‍ വീട്ടിലെ പൂജാമുറി ഒഴിവാക്കിയാല്‍ ആരാധനാദീപത്തില്‍ നിന്നുമുള്ള പൊള്ളല്‍ ഏല്‍ക്കാതെ രക്ഷപ്പെടാം.
ആദരണീയയായ സുകുമാരിയുടെ ഓര്‍മ്മയ്ക്കുമുന്നില്‍ ശിരസ്സു നമിക്കുന്നതോടൊപ്പം അവരെ മരണത്തിലേക്കു നയിച്ച അന്ധവിശ്വാസം ഒഴിവാക്കേണ്ടതാണെന്നും രേഖപ്പെടുത്തട്ടെ.
|
Thursday, 30 May 2013
സുകുമാരിയുടെ മരണവും പൂജാമുറി ചിന്തകളും
Wednesday, 8 May 2013
കൈയൊപ്പിന് അമ്മമലയാളം മതിയോ?
ഒപ്പിടുന്നത് ഏതു ഭാഷയിലായിരിക്കണം? അതിനു മാതൃഭാഷ മതിയാകുമോ? എല്ലാ മലയാളികള്‍ക്കും കുട്ടിക്കാലത്തുണ്ടാകുന്ന സംശയമാണിത്. മലയാളികളല്ലാത്തവര്‍ക്ക് ഇത്തരം സംശയങ്ങള്‍ ഉണ്ടാകാറുമില്ല. അറബികളടക്കം മറ്റുനാടുകളിലുള്ളവര്‍ സ്വന്തം ഭാഷയിലാണ് ഒപ്പിടുന്നത്.
പത്താം ക്ലാസിലെത്തുമ്പോഴാണ് ഒപ്പ് ഒരു പ്രശ്‌നമാകുന്നത്. എസ് എസ് എല്‍ സി ബുക്കില്‍ ഒപ്പിടണമല്ലൊ. അതിന് ഇംഗ്ലീഷ് തന്നെ വേണമെന്ന ധാരണ ഉണ്ടാക്കുന്നതില്‍ നമ്മള്‍ ജയിച്ചിട്ടുണ്ട്.
കയ്യൊപ്പ് ഓരോരുത്തരുടെയും മുദ്രയാണ്. പണ്ടൊക്കെ 'ശ്രീ' എന്നെഴുതുകയോ മൂന്നുവരയിടുകയോ ആയിരുന്നു ചെയ്തിരുന്നത്. വിരലടയാളമാണ് ഏറ്റവും ശാസ്ത്രീയം. ഭൂമി കൈമാറ്റം തുടങ്ങിയ സുപ്രധാന സംഭവങ്ങള്‍ വരുമ്പോള്‍ രേഖകളില്‍ വിരലടയാളമാണ് പതിക്കുന്നത്.
ഒപ്പ് രൂപപ്പെടുത്തിയ വിദ്യാലയകാലം ചെമ്മനം ചാക്കോ രേഖപ്പെടുത്തിയിട്ടുണ്ട്. ചെമ്മനം എന്നാണ് അദ്ദേഹത്തിന്റെ ഒപ്പ്. ചെ ഹിന്ദിയിലും 'മ്മ' മലയാളത്തിലും 'നം' ഇംഗ്ലീഷിലും രേഖപ്പെടുത്തിയാണ് ഒപ്പ് രൂപപ്പെടുത്തിയത്. അത് രാഷ്ട്രഭാഷ, മാതൃഭാഷ വിശ്വഭാഷ എന്ന ചിന്തയുണ്ടായിരുന്ന കാലത്താണ്. ഇപ്പോഴാണെങ്കില്‍ രാജ്യമൊഴിയും അമ്മമൊഴിയും ഒഴിവാക്കുകയും ഇംഗ്ലീഷാണ് വിശ്വഭാഷയെന്ന് തെറ്റിധരിച്ച് കയ്യൊപ്പ് ആ ഭാഷയിലാക്കുകയും ചെയ്യുകയാണ് കണ്ടുവരുന്നത്.
മലയാളത്തില്‍ ഒപ്പിട്ടാല്‍ അംഗീകരിക്കപ്പെടില്ലെന്ന ചിന്ത ശരിയല്ല. ഞാന്‍ മുപ്പതു വര്‍ഷം എല്ലാ മാസവും സര്‍ക്കാര്‍ ഓഫീസില്‍ നിന്നും ശമ്പളം വാങ്ങിയിരുന്നത് മലയാളത്തില്‍ ശ്രീകുമാര്‍ എന്നെഴുതി ഒപ്പാക്കിക്കൊണ്ടാണ്. ഓരോ തവണ മലയാളത്തില്‍ ഒപ്പിടുമ്പോഴും വലിയ അഭിമാനം ഞാന്‍ അനുഭവിച്ചിട്ടുണ്ട്.
ചരിത്രത്തിലാണെങ്കില്‍ കേരള സാമൂഹ്യജീവിതത്തെ ഉഴുതുമറിച്ച ശ്രീനാരായണഗുരു, അദ്ദേഹം ഒപ്പിടേണ്ടി വന്നപ്പോഴെല്ലാം മലയാളത്തില്‍ പേരെഴുതുകയേ ചെയ്തിട്ടുള്ളു. ഇംഗ്ലീഷ് അറിയില്ലായിരുന്നെങ്കിലും അദ്ദേഹത്തിന് തമിഴും സംസ്‌കൃതവും അറിയാമായിരുന്നു. നിരക്ഷരര്‍ പോലും ഒപ്പിടാന്‍ വേണ്ടിയുള്ള ഇംഗ്ലീഷ് സാക്ഷരത നേടിയിരുന്ന കാലത്താണിത്.
മലയാള കവിതയിലാണെങ്കില്‍ ജ്ഞാനപീഠപുരസ്‌ക്കാര ജേതാവ് ഒ എന്‍ വി മലയാളത്തിലാണ് ഒപ്പിടുന്നത്. കാലപ്പഴക്കം കൊണ്ട് ആ ഒപ്പിന് ഒരു ചുണ്ടന്‍വള്ളത്തിന്റെ അഴകും ഐശ്വര്യവും ഉണ്ടായിട്ടുമുണ്ട്. കഴിഞ്ഞ മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍, ബിനോയ് വിശ്വവും, എം എ ബേബിയും മലയാളത്തില്‍ ഒപ്പിട്ടു കണ്ടിട്ടുണ്ട്. ഭാഷാഭിമാനവും ദേശാഭിമാനവും വളര്‍ത്താന്‍ വേണ്ടി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികളെ മലയാളത്തില്‍ ഒപ്പിടാന്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്.
കൊട്ടാരക്കരയിലെ സര്‍ക്കാര്‍ പന്ത്രണ്ടാംതര വിദ്യാലയം മധുരം മലയാളം പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്കിടയില്‍ മലയാളം കയ്യൊപ്പു മത്സരം സംഘടിപ്പിക്കുകയുണ്ടായി. ഒന്നാം സമ്മാനിതയായ അജ്‌നു ഫാത്തിമ, ആ അനുഭവത്തെ സന്തോഷപൂര്‍വം
രേഖപ്പെടുത്തുകയും എസ് എസ് എല്‍ സി ബുക്കില്‍ മലയാളത്തില്‍ ഒപ്പിടാന്‍ കഴിയാഞ്ഞതില്‍ ദുഃഖിക്കുന്നു എന്ന് ഏറ്റുപറയുകയും ചെയ്തിരിക്കുന്നു.
ഒപ്പ് മലയാളത്തിലാക്കണമെന്നുള്ളവര്‍ക്ക് ഗസറ്റ് പരസ്യം വഴി അതു സാധിക്കാവുന്നതാണ്. ഇതിലെ കടമ്പകള്‍ ഒഴിവാക്കി സര്‍ക്കാര്‍ ഉത്സാഹിപ്പിക്കേണ്ടതുമാണ്. സമൂഹത്തിന്റെ കാഴ്ചപ്പാട് മലയാള വിരുദ്ധമാണ്. മലയാളത്തില്‍ ഒപ്പിടുന്ന ഒരു പൊലീസ് സേനാംഗത്തെ കുറിച്ചറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. പക്ഷേ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ മലയാളം രവിയെന്നാണല്ലോ അടയാളപ്പെടുത്തിയത്! അതെ, മലയാളിയെന്ന് അടയാളപ്പെടുന്നത് അഭിമാനകരമാണ്.
മലയാളം സര്‍വകലാശാലയില്‍, കയ്യൊപ്പിനു മലയാളം ഉപയോഗിക്കുന്നവര്‍ ഉണ്ടാകാനും സാധ്യതയില്ലല്ലോ.
|
Subscribe to:
Posts (Atom)