Wednesday, 8 May 2013

കൈയൊപ്പിന് അമ്മമലയാളം മതിയോ?

ഒപ്പിടുന്നത് ഏതു ഭാഷയിലായിരിക്കണം? അതിനു മാതൃഭാഷ മതിയാകുമോ? എല്ലാ മലയാളികള്‍ക്കും കുട്ടിക്കാലത്തുണ്ടാകുന്ന സംശയമാണിത്. മലയാളികളല്ലാത്തവര്‍ക്ക് ഇത്തരം സംശയങ്ങള്‍ ഉണ്ടാകാറുമില്ല. അറബികളടക്കം മറ്റുനാടുകളിലുള്ളവര്‍ സ്വന്തം ഭാഷയിലാണ് ഒപ്പിടുന്നത്.

പത്താം ക്ലാസിലെത്തുമ്പോഴാണ് ഒപ്പ് ഒരു പ്രശ്‌നമാകുന്നത്. എസ് എസ് എല്‍ സി ബുക്കില്‍ ഒപ്പിടണമല്ലൊ. അതിന് ഇംഗ്ലീഷ് തന്നെ വേണമെന്ന ധാരണ ഉണ്ടാക്കുന്നതില്‍ നമ്മള്‍ ജയിച്ചിട്ടുണ്ട്.
കയ്യൊപ്പ് ഓരോരുത്തരുടെയും മുദ്രയാണ്. പണ്ടൊക്കെ 'ശ്രീ' എന്നെഴുതുകയോ മൂന്നുവരയിടുകയോ ആയിരുന്നു ചെയ്തിരുന്നത്. വിരലടയാളമാണ് ഏറ്റവും ശാസ്ത്രീയം. ഭൂമി കൈമാറ്റം തുടങ്ങിയ സുപ്രധാന സംഭവങ്ങള്‍ വരുമ്പോള്‍ രേഖകളില്‍ വിരലടയാളമാണ് പതിക്കുന്നത്.

ഒപ്പ് രൂപപ്പെടുത്തിയ വിദ്യാലയകാലം ചെമ്മനം ചാക്കോ രേഖപ്പെടുത്തിയിട്ടുണ്ട്. ചെമ്മനം   എന്നാണ് അദ്ദേഹത്തിന്റെ ഒപ്പ്. ചെ ഹിന്ദിയിലും 'മ്മ' മലയാളത്തിലും 'നം' ഇംഗ്ലീഷിലും രേഖപ്പെടുത്തിയാണ് ഒപ്പ് രൂപപ്പെടുത്തിയത്. അത് രാഷ്ട്രഭാഷ, മാതൃഭാഷ വിശ്വഭാഷ എന്ന ചിന്തയുണ്ടായിരുന്ന കാലത്താണ്. ഇപ്പോഴാണെങ്കില്‍ രാജ്യമൊഴിയും അമ്മമൊഴിയും ഒഴിവാക്കുകയും ഇംഗ്ലീഷാണ് വിശ്വഭാഷയെന്ന് തെറ്റിധരിച്ച് കയ്യൊപ്പ് ആ ഭാഷയിലാക്കുകയും ചെയ്യുകയാണ് കണ്ടുവരുന്നത്.
മലയാളത്തില്‍ ഒപ്പിട്ടാല്‍ അംഗീകരിക്കപ്പെടില്ലെന്ന ചിന്ത ശരിയല്ല. ഞാന്‍ മുപ്പതു വര്‍ഷം എല്ലാ മാസവും സര്‍ക്കാര്‍ ഓഫീസില്‍ നിന്നും ശമ്പളം വാങ്ങിയിരുന്നത് മലയാളത്തില്‍ ശ്രീകുമാര്‍ എന്നെഴുതി ഒപ്പാക്കിക്കൊണ്ടാണ്. ഓരോ തവണ മലയാളത്തില്‍ ഒപ്പിടുമ്പോഴും വലിയ അഭിമാനം ഞാന്‍ അനുഭവിച്ചിട്ടുണ്ട്.
ചരിത്രത്തിലാണെങ്കില്‍ കേരള സാമൂഹ്യജീവിതത്തെ ഉഴുതുമറിച്ച ശ്രീനാരായണഗുരു, അദ്ദേഹം ഒപ്പിടേണ്ടി വന്നപ്പോഴെല്ലാം മലയാളത്തില്‍ പേരെഴുതുകയേ ചെയ്തിട്ടുള്ളു. ഇംഗ്ലീഷ് അറിയില്ലായിരുന്നെങ്കിലും അദ്ദേഹത്തിന് തമിഴും സംസ്‌കൃതവും അറിയാമായിരുന്നു. നിരക്ഷരര്‍ പോലും ഒപ്പിടാന്‍ വേണ്ടിയുള്ള ഇംഗ്ലീഷ് സാക്ഷരത നേടിയിരുന്ന കാലത്താണിത്.

മലയാള കവിതയിലാണെങ്കില്‍ ജ്ഞാനപീഠപുരസ്‌ക്കാര ജേതാവ് ഒ എന്‍ വി മലയാളത്തിലാണ് ഒപ്പിടുന്നത്. കാലപ്പഴക്കം കൊണ്ട് ആ ഒപ്പിന് ഒരു ചുണ്ടന്‍വള്ളത്തിന്റെ അഴകും ഐശ്വര്യവും ഉണ്ടായിട്ടുമുണ്ട്. കഴിഞ്ഞ മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍, ബിനോയ് വിശ്വവും, എം എ ബേബിയും മലയാളത്തില്‍ ഒപ്പിട്ടു കണ്ടിട്ടുണ്ട്. ഭാഷാഭിമാനവും ദേശാഭിമാനവും വളര്‍ത്താന്‍ വേണ്ടി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികളെ മലയാളത്തില്‍ ഒപ്പിടാന്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്.

കൊട്ടാരക്കരയിലെ സര്‍ക്കാര്‍ പന്ത്രണ്ടാംതര  വിദ്യാലയം മധുരം മലയാളം പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്കിടയില്‍ മലയാളം കയ്യൊപ്പു മത്സരം സംഘടിപ്പിക്കുകയുണ്ടായി. ഒന്നാം സമ്മാനിതയായ അജ്‌നു ഫാത്തിമ, ആ അനുഭവത്തെ സന്തോഷപൂര്‍വം 
രേഖപ്പെടുത്തുകയും എസ് എസ് എല്‍ സി ബുക്കില്‍ മലയാളത്തില്‍ ഒപ്പിടാന്‍ കഴിയാഞ്ഞതില്‍ ദുഃഖിക്കുന്നു എന്ന് ഏറ്റുപറയുകയും ചെയ്തിരിക്കുന്നു.

ഒപ്പ് മലയാളത്തിലാക്കണമെന്നുള്ളവര്‍ക്ക് ഗസറ്റ് പരസ്യം വഴി അതു സാധിക്കാവുന്നതാണ്. ഇതിലെ കടമ്പകള്‍ ഒഴിവാക്കി സര്‍ക്കാര്‍ ഉത്സാഹിപ്പിക്കേണ്ടതുമാണ്. സമൂഹത്തിന്റെ കാഴ്ചപ്പാട് മലയാള വിരുദ്ധമാണ്. മലയാളത്തില്‍ ഒപ്പിടുന്ന ഒരു പൊലീസ് സേനാംഗത്തെ കുറിച്ചറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. പക്ഷേ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ മലയാളം രവിയെന്നാണല്ലോ അടയാളപ്പെടുത്തിയത്! അതെ, മലയാളിയെന്ന് അടയാളപ്പെടുന്നത് അഭിമാനകരമാണ്.
മലയാളം സര്‍വകലാശാലയില്‍, കയ്യൊപ്പിനു മലയാളം ഉപയോഗിക്കുന്നവര്‍ ഉണ്ടാകാനും സാധ്യതയില്ലല്ലോ.

10 comments:

 1. എസ് എസ് എല്‍ സി ബുക്കില്‍ മലയാളത്തില്‍ ഒപ്പിടാന്‍ കഴിയാത്തതില്‍ എനിക്കും വിഷമമുണ്ട്.
  അന്ന് അറിയില്ലായിരുന്നു

  ReplyDelete
  Replies
  1. സാരമില്ല അജിത്‌ . നമുക്ക് പുതുതലമുറയോടു പറയാം.

   Delete
 2. എനിക്കും അതൊരു വലിയ സങ്കടമാണ് . ഒപ്പ് ഇനി മലയാളത്തിൽ ആക്കാൻ എന്ത് നടപടിക്രമങ്ങൾ ആണുള്ളത് ? ഒന്ന് വിശദമാക്കാമോ ?

  ReplyDelete
  Replies
  1. കേരള ഗസറ്റിൽ പരസ്യം ചെയ്തു ഒപ്പ് മാറ്റുകയാണ് വഴി.നമ്മള്ക്ക് പുതിയ തലമുറയോട്
   പറയാം.

   Delete
 3. ശ്രീയേട്ടാ നല്ല ചിന്ത
  മലയാളം മീഡിയത്തിൽ നിന്ന് കുട്ടികളെ മാറ്റി ഇങ്ങ്ലീഷ്‌ മീഡിയത്തിൽ പഠിപ്പിക്കുന്ന എത്ര അച്ഛൻ അമ്മമാർ തങ്ങളുടെ കുട്ടികൾ മലയാളത്തിൽ ഒപ്പിട്ടു പഠിക്കട്ടെ എന്ന് പറയാറുണ്ട്‌

  ReplyDelete
  Replies
  1. ആരും പറയില്ലെന്ന് തന്നെ കരുതൂ.എന്നാലും നമ്മള്ക്ക് പറയാതെ വയ്യല്ലോ.

   Delete
 4. ഒപ്പ് മാതൃഭാഷയിലാകുന്നത്, നിസ്സംശയം, ഏറെ നല്ലതുതന്നെ! ( നിർഭാഗ്യവശാൽ, എനിക്കതിനു കഴിഞ്ഞിട്ടില്ല). പക്ഷെ, ഇംഗ്ലീഷിൻറെ അതിപ്രസരംകാരണം, അതിപ്പോഴും ഒരപൂർവ്വ പ്രതിഭാസമായിത്തന്നെ ശേഷിക്കുന്നു. ശരാശരി മലയാളിയോട് മലയാളത്തിൽ ഒപ്പിടുന്ന കാര്യംപറഞ്ഞാൽ, അപഹാസമായിരിക്കും ഉടനേയുള്ള പ്രതികരണം.

  ReplyDelete
 5. എന്റെ ഒപ്പ്‌ ഒന്ന് മാറ്റണമേന്നുണ്ട്. മലയാളവും ഉപയോഗിക്കാം എന്നറിഞ്ഞതില്‍ സന്തോഷം.

  ReplyDelete
 6. ഒപ്പുകള്‍ ഇടാന്‍ തുടങ്ങിയകാലത്ത് ഈ ആശയം തോന്നിയില്ല - ഇനി അതിന് പല കടമ്പകള്‍ കടക്കേണ്ടിയിരിക്കുന്നു.
  പുതു തലമുറയെ എങ്കിലും ഈ കാര്യത്തില്‍ നാം പ്രോത്സാഹിപ്പിക്കേണ്ടതാണ്...

  ReplyDelete
 7. എല്ലാവര്ക്കും നന്ദി.

  ReplyDelete