Monday, 22 April 2013

ആനയോട്ടവും വാലില്‍തൂങ്ങലും
നമ്മുടെ നാട്ടാനകള്‍ ബെന്‍ജോണ്‍സന്റെയോ പി ടി ഉഷയുടെയോ ആരാധകരല്ലെങ്കിലും ഓട്ടമത്സരങ്ങളില്‍ പങ്കെടുക്കാറുണ്ട്. ആനയോട്ടം ഗുരുവായൂര്‍ അടക്കം പല ക്ഷേത്രപരിസരത്തും ഉണ്ടാകാറുണ്ട്. ഇതൊക്കെ ആന മത്സരബുദ്ധിയോടെ ചെയ്യുന്നതാണോ?

ആനകളെക്കുറിച്ച് സമീപകാലത്തിറങ്ങിയ നല്ലൊരു പുസ്തകമാണ് വനംവകുപ്പ് ജീവനക്കാരനായ ചിറ്റാര്‍ ആനന്ദന്റെ ആനക്കാഴ്ചയുടെ കാണാപ്പുറങ്ങള്‍. അതില്‍ അദ്ദേഹം ആനയോട്ടത്തിന്റെ ഐതിഹ്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍, ഗുരുവായൂരമ്പലത്തില്‍ ശീവേലി എഴുന്നള്ളിപ്പിന് ആനയില്ലാതെ വന്നപ്പോള്‍ തൃക്കണ്ണാമതിലകം ക്ഷേത്രത്തില്‍ നിന്ന് ഒരു ആന ഓടിവന്ന് ഗുരുവായൂരപ്പന്റെ തിടമ്പേറ്റിയത്രെ. ഓടുന്ന ആനകള്‍, തിടമ്പും നെറ്റിപ്പട്ടവും കുലുക്കി എറിയുകയും തിടമ്പുപിടിച്ചിരിക്കുന്നവരെ താഴെയിട്ടു ചവിട്ടുകയും തിടമ്പേറ്റാന്‍ സഹായിച്ച പാവം പാപ്പാനെ കുത്തിമലര്‍ത്തുകയും ഒക്കെയാണല്ലോ ചെയ്യുന്നത്. കഥ കഥയും, സത്യം സത്യവുമാണല്ലൊ.

എന്നാല്‍ അദ്ദേഹത്തിന്റെ മറ്റൊരു നിരീക്ഷണം ശ്രദ്ധിക്കേണ്ടതാണ്. നന്നായി അഭ്യസിപ്പിച്ചാല്‍ ആനകള്‍ക്ക് മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് പല അഭ്യാസ മുറകളും കാണിക്കാനുളള കഴിവുണ്ട്. സര്‍ക്കസിലെ ആനകള്‍ അതിന് തെളിവാണല്ലൊ.

ആനയോട്ടമാണെങ്കിലോ അഭ്യസിപ്പിച്ചെടുക്കുന്ന ഒരു കലയൊന്നുമല്ല, നടക്കാനുളള ആജ്ഞകൊടുത്തിട്ട് ചെറുതോട്ടി പ്രയോഗങ്ങള്‍ നടത്തി വേഗത വരുത്തിക്കുകയാണ്. ഗുരുവായൂരിലെ ആനയോട്ടത്തില്‍ നാല്‍പ്പതിലധികം ആനകളെ ഇങ്ങനെ പങ്കെടുപ്പിക്കാറുണ്ട്. ദൈവപ്രീതിയെന്ന അന്ധവിശ്വാസമാണ് പാവം ആനകളെ പീഡിപ്പിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. കാട്ടില്‍ നിന്ന് ഭക്തിയോടെ വന്ന് ഒരു കുട്ടിയാനപോലും ഇന്നേവരെ തിടമ്പെഴുന്നള്ളിക്കാന്‍ നിന്നിട്ടില്ല. ഭഗവല്‍പ്രീതിക്കുവേണ്ടി ട്രാക്ക് തെറ്റാതെ ഓടിയിട്ടുമില്ല.

കൊല്ലം ജില്ലയിലെ ഒരു ഹിന്ദു ആരാധനാലയത്തില്‍ ഇതിനെക്കാള്‍ ക്രൂരമായ ഒരു അന്ധവിശ്വാസമുണ്ട്. ആനയെ ഓടിക്കുക എന്നിട്ടതിന്റെ വാലില്‍ തൂങ്ങുക! സുബ്രഹ്മണ്യന്റെ ബാല്യകാല വിനോദമായിരുന്നത്രെ ഇത്. വാലില്‍ ആളുകള്‍ തൂങ്ങുമ്പോള്‍ വേദനിക്കുന്ന ആന വീണ്ടും ഓടും പിന്നെയും ആളുകള്‍ തൂങ്ങും. 

ആരാധനയുടെ ഭാഗമായി നടത്തുന്ന ഇത്തരം കാര്യങ്ങള്‍ അപരിഷ്‌കൃത ജനസമൂഹം മൃഗപീഡനം നടത്തിയിരുന്നതിന്റെ തെളിവാണ്. പരിഷ്‌കൃതസമൂഹം സമ്പൂര്‍ണമായി ഒഴിവാക്കേണ്ടതുമാണ്. ഹിന്ദുമതത്തിലല്ലാതെ മറ്റൊരു മതത്തിലും ഇത്തരം ഗജപീഡനങ്ങള്‍ കേരളത്തില്‍ കാണ്മാനില്ല.

ഉത്സവത്തിന് ആനകളെ ഉപയോഗിക്കുമ്പോള്‍ പരമാവധി പീഡനം ഒഴിവാക്കാനായി വനംവകുപ്പിന്റെ നിര്‍ദേശങ്ങളുണ്ട്. മൂന്നുമണിക്കൂറിലധികം തുടര്‍ച്ചയായി ആനയെ നടത്തരുത്. മുപ്പതുകിലോമീറ്ററിലധികം സഞ്ചരിപ്പിക്കണമെങ്കില്‍ കാല്‍നട ഒഴിവാക്കി മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കണം. രാവിലെ ആറുമുതല്‍ പതിനൊന്നുവരെയും വൈകിട്ട് നാലുമുതല്‍ എട്ടുവരെയും മാത്രമേ പറയെഴുന്നെള്ളിപ്പിന് ആനയെ ഉപയോഗിക്കാവൂ. തീവെട്ടിയും പടക്കങ്ങളും ആനക്കരികില്‍ വയ്ക്കരുത്. ഇങ്ങനെ പാലിക്കപ്പെടാത്ത നിര്‍ദേശങ്ങള്‍ ധാരാളമുണ്ട്. ആനയ്ക്ക് നിയമസാക്ഷരത തീരെ ഇല്ലല്ലൊ.

ആനകളോടുള്ള മനുഷ്യന്റെ ക്രൂരതകള്‍ക്കെതിരേ ശക്തമായ നിലപാടെടുക്കുന്നുണ്ട് ചിറ്റാര്‍ ആനന്ദന്‍ ഈ ഗ്രന്ഥത്തില്‍. ദൈവം സഞ്ചരിക്കുന്നത് സാത്വികരുടെ മനസിലൂടെയാണെന്നും ആനപ്പുറത്തല്ലെന്നും ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആനയ്ക്ക് ആരാധനാലയങ്ങളെയും ദൈവങ്ങളെയും അറിയാമായിരുന്നെങ്കില്‍, ഭക്തിയും ബഹുമാനവുമുണ്ടായിരുന്നെങ്കില്‍ തിരുനടയില്‍ മൂത്രമൊഴിക്കുകയും പിണ്ടമിടുകയും ചെയ്യുമായിരുന്നില്ലല്ലൊ എന്ന തിരിച്ചറിവിലേയ്ക്കും ഈ പുസ്തകം ടോര്‍ച്ചടിക്കുന്നു.

ആനയോട്ടം, ആനവാല്‍പ്പിടിയെന്ന വാലില്‍ തൂങ്ങിവലിക്കല്‍, തലപ്പൊക്കു മത്സരം ഇവയൊന്നും ആന മനസ്സോടെ ചെയ്യുന്നില്ല. പുണ്യം സംബന്ധിച്ച ദുരാഗ്രഹങ്ങളുള്ള മനുഷ്യന്റെ വികൃതികളാണ്. ഒഴിവാക്കപ്പെടേണ്ട ദുരാചാരങ്ങള്‍.

7 comments:

 1. മതത്തിന്റെയും വിശ്വാസത്തിന്റെയും ലേബലിലാകയാല്‍ ഒഴിവാക്കപ്പെടാന്‍ ഒരു സാദ്ധ്യതയുമില്ല

  ReplyDelete
  Replies
  1. nandi ajith.നരബലിയും മൃഗബലിയും മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില് ആയിരുന്നല്ലോ.

   Delete
 2. ഇത്തരം അന്ധവിശ്വാസങ്ങൾ നിർത്തേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു .

  ReplyDelete
 3. എല്ലാം സത്യം.പക്ഷേ ഇതൊക്കെ ആരോടാ പറയുന്നത്!

  ReplyDelete
 4. അനാചാരങ്ങൾക് ആരോ കൊടുത്ത ലേബൽ അതാണ് ഈ അടുത്ത കാലത്ത് കണ്ടുപിടിച്ച ഹിന്ദു മതം

  ഉത്കൃഷ്ടമായ ഒരു പാട് അറിവുകള കുഴിച്ചിടാൻ മതെതരത്വതോടൊപ്പം ആണ് ഹിന്ദു ഒരു മതം ആയി de notify ചെയ്യപ്പെട്ടത്. ഒന്നുമില്ലെങ്കിൽ ഒരു സംസ്കാരം ആയി അനാചാരങ്ങളും അയിത്തവും അന്ധവിശ്വാസവും എടുത്തു കളഞ്ഞു അതിനെ നശിക്കാതെ എങ്കിലും സംരക്ഷിക്കേണ്ട ബാധ്യത കാവി കച്ചവടക്കാർക്ക് ഉണ്ട് അന്നവും ഉത്സവവും ആയീ ആഘോഷിക്കുമ്പോൾ

  ReplyDelete