പണ്ടൊക്കെ വിവാഹത്തിന് കത്ത് ഉണ്ടായിരുന്നില്ല. ബന്ധുവീടുകളിലും അയല്‍വീടുകളിലും ചെന്നു പറയുകയായിരുന്നു. താംബൂല ചര്‍വണം പ്രായഭേദമെന്യേ സര്‍വസമ്മതമായിരുന്നതിനാല്‍ മംഗലം വിളിക്കാന്‍ പോകുന്നവര്‍ വെറ്റിലയും അടക്കയും പുകയിലയും മറ്റും കൊണ്ടു പോയി കാരണവര്‍ക്ക് കാഴ്ചവയ്ക്കുമായിരുന്നു.
നമ്മള്‍ സൗകര്യങ്ങളിലേക്ക് കടന്നു ചെന്നപ്പോള്‍, നേരിട്ടുള്ള ക്ഷണം കുറഞ്ഞു. കത്തുകളും ഫോണ്‍വിളികളുമൊക്കെയായി അതു വികസിച്ചു.
ഇപ്പോഴാകട്ടെ, കാര്യമറിയിക്കുക എന്ന പ്രാഥമിക ധര്‍മ്മത്തില്‍ നിന്നും മാറി കല്യാണക്കത്തുകള്‍ ആര്‍ഭാടത്തിന്റെയും വര്‍ഗീയതയുടെയും മുദ്രകളായി മാറിയിരിക്കുന്നു.
ഒരു സായിപ്പും മദാമ്മയും കല്യാണത്തിന് വരാനില്ലെങ്കിലും കേരളീയര്‍ മാതൃഭാഷ ഉപേക്ഷിച്ച് ധ്വരഭാഷയില്‍ കല്യാണക്കത്തുകള്‍ അച്ചടിക്കുകയാണ്. ഇംഗ്ലീഷില്‍ അച്ചടിച്ച കല്യാണക്കത്തുകളുമായി ബന്ധുവീടുകളില്‍ ചെന്ന് മലയാളത്തില്‍ കാര്യമറിയിച്ച് മലയാളത്തില്‍തന്നെ ക്ഷണിക്കുന്ന കേരളീയ രക്ഷകര്‍ത്താക്കള്‍ വര്‍ത്തമാനകാലത്തെ സഞ്ചരിക്കുന്ന ഫലിതമാണ്.
കല്യാണകക്കത്തുകള്‍ വധൂവരന്മാരുടെയും രക്ഷകര്‍ത്താക്കളുടെയും ജാതിയും മതവും ബോധ്യപ്പെടുത്തുന്ന വര്‍ഗീയമുദ്രകളുടെ വാഹകരുമാകുന്നുണ്ട്. മതസൂചനയുള്ള ചില വാചകങ്ങള്‍ കത്തിന്റെ നെറ്റിയില്‍ത്തന്നെ അച്ചടിച്ചു വയ്ക്കും. അതുമല്ലെങ്കില്‍, ചിത്രങ്ങള്‍.
അധികം കത്തുകളിലും ഗണപതിയുടെ ചിത്രമാണ് കാണാറുള്ളത്. പെരുച്ചാഴി അറ്റാച്ച്ഡും അല്ലാത്തതും. ഗണപതിയുടെ ചിത്രം കല്ല്യാണക്കത്തില്‍ അച്ചടിക്കുന്നത് ഒരു വിരോധാഭാസമാണ്. കാരണം ഗണപതി കല്യാണമേ കഴിച്ചിട്ടില്ല.
മറ്റൊരുചിത്രം നാരായണഗുരുവിന്റേതാണ്. അദ്ദേഹത്തിനു വേണ്ടി കെട്ടിയെടുക്കപ്പെട്ട സ്ത്രീയെ ഓട്ടക്കണ്ണു കൊണ്ടുപോലും നാരായണ ഗുരു നോക്കിയില്ല. പാവം ആ സ്ത്രീ കണ്ണീരോടെ പിരിഞ്ഞു പോവുകയായിരുന്നല്ലൊ. വിജാതീയ ആദര്‍ശ വിവാഹങ്ങള്‍ക്ക് പച്ചക്കൊടി കാട്ടിയ സാമൂഹ്യ പരിഷ്‌കര്‍ത്താവായ ഗുരു സ്വജീവിതത്തില്‍ സ്ത്രീക്കു പ്രവേശനം നല്‍കിയില്ല.
മറ്റൊരു ചിത്രം മിത്തായ ശ്രീകൃഷ്ണന്റേതാണ്. മാതൃകാപരമായ ഒരു കുടുംബജീവിതം ആ കഥാപാത്രത്തിനുമില്ല. പതിനാറായിരത്തെട്ടു ഭാര്യമാരെന്നാണു കഥ. ഇനിയുമൊരു ചിത്രം ശ്രീരാമന്റേത്. ഗര്‍ഭിണിയായ സ്വന്തം ഭാര്യയെ കാട്ടിലുപേക്ഷിച്ച കഥാപാത്രമാണ്. ഈ ചിത്രങ്ങളൊന്നും തന്നെ സ്‌നേഹപൂര്‍ണമായ ഒരു ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് സ്വീകരിക്കാവുന്നതല്ല.
അടുത്തകാലത്ത് മനസില്‍ തട്ടിയ ലാളിത്യമുള്ള ഒരു കല്യാണക്കത്ത്. രാഷ്ട്രീയ നേതാവായ സി പി ജോണ്‍ അയച്ച് തന്നതാണ്. അദ്ദേഹത്തിന്റെ പുത്രിയെ ഒരു ഇംഗ്ലണ്ടുകാരന്‍ വിവാഹം ചെയ്യുന്ന കാര്യം അറിയിച്ചു കൊണ്ടുള്ള കത്ത് പച്ചമലയാളത്തിലായിരുന്നു. മറ്റൊരു കത്ത് കേരളയുക്തിവാദി സംഘം സെക്രട്ടറി രാജഗോപാല്‍ വാകത്താനം അയച്ചു തന്നതായിരുന്നു. അദ്ദേഹത്തിന്റെ പുത്രിയുടെ ആദര്‍ശ വിവാഹക്കാര്യം മലയാളത്തിലച്ചടിച്ചാണറിയിച്ചത്. സ്‌പെഷ്യല്‍ മാര്യേജ് നിയമമനുസരിച്ചാണ് വിവാഹം എന്ന കാര്യം കത്തില്‍ പ്രത്യേകം പറഞ്ഞിരുന്നു.
നോക്കൂ, ഒരു കത്തിന് അഞ്ഞൂറിലധികം രൂപ ചെലവാക്കുന്ന ദുരഭിമാനികളായ മലയാളികള്‍ക്കിടയിലാണ് ഈ മാതൃകാ വിവാഹക്കത്തുകള്‍ ഉണ്ടായത്.
കനക, രജത ലിപികളില്‍ അച്ചടിച്ച കത്തുകള്‍, പഴമുറത്തിന്റെ വലുപ്പമുള്ള കല്യാണക്കത്തുകള്‍! മലയാളികളുടെ ഈ ആഡംബര, വര്‍ഗീയഭ്രമങ്ങള്‍ എന്നാണവസാനിക്കുക.
|
Thursday, 31 October 2013
കല്യാണക്കത്തിലെ വര്‍ഗീയമുദ്രകള്‍
അരിയുണ്ടെന്നാലങ്ങോര്‍ അന്തരിക്കുകില്ലല്ലൊ
മരണാനന്തരം മൃതദേഹത്തെ മുന്‍നിര്‍ത്തി എന്തെല്ലാം കോപ്രായങ്ങളാണ് മനുഷ്യര്‍ കാട്ടിക്കൂട്ടുന്നത്. ഈ മതാചാര മനുഷ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍, സ്‌നേഹമോ ദയയോ തൊട്ടുതീണ്ടിയിട്ടേയില്ല.
അടുത്തകാലം വരെ ഉണ്ടായിരുന്ന ഒരു ദുരാചാരം ശവത്തെ ഉടുപ്പിച്ചിട്ടുള്ള മുണ്ടിന്റെ കോന്തലയില്‍ ഒരു നാണയം കെട്ടിവയ്ക്കുകയെന്നതായിരുന്നു. പരലോകത്തെ വൈതരണി നദി കടക്കുവാനുള്ള കടത്തുകൂലിയായിട്ടാണ് ഈ നാണയം നശിപ്പിച്ചിരുന്നത്. പുതിയകാലത്ത്, വൈതരണിക്കു കുറുകെ പാലം വന്നതുകൊണ്ടാകാം ഈ ദുരാചാരം ഇപ്പോള്‍ വ്യാപകമല്ല. ഇരുപത്തഞ്ചു പൈസ അടക്കമുള്ള നിരവധി നാണയങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റ് പിന്‍വലിച്ചിട്ടുണ്ട്. ഇതെല്ലാം പരലോകത്തും ബാധകമാണ്. എടുക്കാത്ത നാണയങ്ങള്‍ കോന്തലയില്‍ കെട്ടാറില്ല.
കോടിയിലാണ് മറ്റൊരു ദുരാചാരം. മരണപ്പെട്ട ആളിന്റെ ബന്ധുക്കള്‍ ഒരു പുത്തന്‍ തുണി വാങ്ങിക്കൊണ്ടു വന്ന് ശവത്തെ പുതപ്പിക്കുന്നു. ഒരാള്‍ ബന്ധുകുടുംബങ്ങളുടെ പേരുകള്‍ വിളിച്ചു പറയുന്നു. ഓരോ കുടുംബവും കോടി പുതപ്പിക്കണമെന്നാണ് അലിഖിതനിയമം. കോടിയില്ലെങ്കിലോ? പുതപ്പിച്ച കോടിയുടെ തലവശവും കാല്‍വശവും ഒന്നു ചലിപ്പിക്കും. അതോടെ പുതിയ കോടിയിട്ടതായി കണക്കാക്കും. പഴുതില്ലാതെന്തു പരലോകം.
മുണ്ടിന്റെ കോന്തലയില്‍ നാണയം കെട്ടിവയ്ക്കുന്നവരും കോടിവസ്ത്രം പുതപ്പിക്കുന്നവരും കഥാപുരുഷന്‍ കഥാവശേഷനാകുന്നതിന് മുമ്പ് ഒരു തുണ്ടു തുണിയോ ചില്ലിക്കാശോ നല്‍കി സഹായിച്ചിട്ടുള്ളവര്‍ ആയിരിക്കില്ല. ചാവിന്നു ബന്ധുത്വമേറുമല്ലൊ/ചാവാതിരിക്കുമ്പൊഴെന്തുമാട്ടെ എന്ന് കടമ്മനിട്ട ചൊല്ലിയതുപോലെയാണിത്.
മറ്റൊരസംബന്ധം വായ്ക്കരിയിടലാണ്. ശവത്തിന്റെ വായിലേക്ക് ഉണക്കലരി കുത്തിക്കയറ്റുക, പാവം ശവം ഇന്നേവരെ, ഇത്തരം അതിക്രമങ്ങളോടൊന്നും പ്രതികരിച്ചിട്ടില്ല.
കട്ടിലില്‍ നിന്നും നിലത്തിറക്കിക്കിടത്തിയ മൃതദേഹത്തിന് ചുറ്റും ഉണക്കലരി വിതറുന്നതാണ് മറ്റൊരു കോപ്രായം. ഈ അന്ധവിശ്വാസത്തിനെതിരേയുള്ള ഗംഭീരമായൊരു താക്കീതാണ് അരിയില്ലാഞ്ഞിട്ട് എന്ന വൈലോപ്പിള്ളിക്കവിത.
എഴുപതുവര്‍ഷം മുമ്പാണ് മഹാകവി ഈ കവിതയെഴുതിയത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്ലേഗുപോലെ തിരിച്ചു വരുന്ന ഇക്കാലത്ത് അരിയില്ലാഞ്ഞിട്ടെന്ന കവിതക്ക് കൂടുതല്‍ പ്രസക്തിയുണ്ടാകുന്നു.
പാവപ്പെട്ട ഒരു മനുഷ്യന്‍ അയാള്‍ ജീവിച്ചിരുന്നപ്പോള്‍ ഒരു സഹായവും ചെയ്തിട്ടില്ലാത്ത ബന്ധുക്കള്‍, മരിച്ചപ്പോള്‍ വീട്ടിലെത്തി അവര്‍ ശവം ദഹിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ്. ചിലര്‍ മാവുവെട്ടുന്നുണ്ട്. തെക്കേപ്പറമ്പിലെ ശ്മശാനത്തിലേക്ക് എളുപ്പവഴിയൊരുക്കാനായി ചിലര്‍ വേലിതട്ടി മാറ്റുന്നുണ്ട്. അയലത്തെ പണക്കാരന്റെ വീട്ടില്‍ നിന്നും ശവക്കച്ചക്കുള്ള കാശും കിട്ടി. എല്ലാ കാര്യങ്ങളും പൂര്‍ത്തിയായി. ഇനി ശവത്തിനു ചുറ്റും തൂവാന്‍ ഇത്തിരി ഉണക്കലരി വേണം. മരിച്ചുപോയ ആളിന്റെ ഭാര്യയോട് ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ അവര്‍ പറഞ്ഞ വാക്കുകളോടെയാണ് മഹാകവി കവിത അവസാനിപ്പിച്ചത്. 'അരിയുണ്ടെന്നാലങ്ങോര്‍, അന്തരിക്കുകില്ലല്ലൊ'.
പാവം വിധവയുടെ കനല്‍ നിറഞ്ഞ ഈ മറുപടിയില്‍ കണ്ണീരും ജീവിതവും തുടിച്ചു നില്‍ക്കുന്നു. ആരോരും സഹായിക്കാനില്ലാതെ, പട്ടിണി കിടന്നാണ് ആ മനുഷ്യന്‍ മരിച്ചത്. ആ മരണവീട്ടിലാണ് അന്ധവിശ്വാസത്തിന്റെ പദാനുപദനിര്‍വഹണം നടത്തുന്നത്. മരണത്തിന് ശേഷം ദുരാചാരം നടപ്പാക്കുകയല്ല ജീവിച്ചിരിക്കുമ്പോള്‍ മുന്നോട്ടു പോകാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് മഹാകവി വൈലോപ്പിള്ളി നമ്മളോട് പറയാതെ പറയുന്നു.
മഹാകവി വൈലോപ്പിള്ളി, അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും എതിര്‍പക്ഷത്തായിരുന്നു. യഥാര്‍ഥ കവികള്‍ക്ക് അങ്ങനെയേ ആകാന്‍ കഴിയൂ.
|
മരണവീട്ടിലെ ജാതിക്കൊടികള്‍
ഒരു സഞ്ചാരത്തിനിടയിലാണ് ആ കൊടികള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഒരു വീടിന്റെ ഗേറ്റിന് മുന്നില്‍ ഒറ്റക്കമ്പില്‍ കരിങ്കൊടിയും മൂവര്‍ണക്കൊടിയും. ഒരു കോണ്‍ഗ്രസുകാരന്‍ മരിച്ചിരിക്കുന്നു. മരണം ദുഃഖത്തിന്റെ പതാക നിവര്‍ത്തുന്നു. അതേഗേറ്റില്‍ത്തന്നെ മറ്റൊരു കരിങ്കൊടിയും അതേ കമ്പില്‍ത്തന്നെ പളപളാന്നിളകുന്ന മഞ്ഞ സില്‍ക്ക് കൊടിയും. അത് തരുന്നത് മറ്റൊരു സന്ദേശമാണ്. മരിച്ചയാള്‍ കോണ്‍ഗ്രസുകാരന്‍ മാത്രമല്ല, നായര്‍ സമുദായാംഗവുമാണ്.
മറ്റു ചില മരണവീടുകളില്‍ കാണുന്ന മഞ്ഞക്കൊടി സൂചിപ്പിക്കുന്നത് മതം ഉപേക്ഷിച്ച ശ്രീനാരായണ ഗുരുവിന്റെ ചിത്രം സൂക്ഷിക്കുന്ന ഒരു വീട്ടിലെ അംഗമാണെന്നും പരേതന്‍ ഈഴവ സമുദായാംഗവുമാണെന്നുമത്രെ.
ഇനിയും ചില മരണവീടുകളില്‍ കരിങ്കൊടിയോടൊപ്പം മഴവില്ലിന്റെ നിറകുബേരത്വമുള്ള കൊടികണ്ട് സഹകരണസംഘക്കാരാരോ ആണ് മരിച്ചതെന്ന് ധരിച്ചാല്‍ തെറ്റി. പരേതന്‍, ആശാരി മൂശാരി കല്ലന്‍ തട്ടാന്‍ കൊല്ലന്‍ തുടങ്ങിയ ഏതോ ജാതിയില്‍പ്പെട്ട ആളാണെന്നാണ് അര്‍ഥം.
നീലപ്പച്ചക്കൊടിയോടൊപ്പമാണ് കരിങ്കൊടി കണ്ടതെങ്കില്‍ അതിന്റെ അര്‍ഥം പരേതന്‍ അപമാനഭാരംകൊണ്ട് അഴിച്ചുകളയാന്‍ ശ്രമിച്ച പുലയ സമുദായാംഗമാണെന്നത്രെ.
ഇനിയുമുണ്ട് നിരവധി വര്‍ഗീയക്കൊടികള്‍. കരിങ്കൊടി മാത്രമാണ് പൊതുവായിട്ടുള്ളത്.
മുന്‍പെങ്ങും മരണവീട്ടുമുറ്റത്ത് ജാതിപ്പിശാചിന്റെ പതാക ഉയര്‍ത്തുന്ന പതിവില്ലായിരുന്നു. ഗണേശോത്സവം പോലെയും അക്ഷയതൃതീയപോലെയും പുതുതായി തുടങ്ങിയ ഒരു ഏര്‍പ്പാടാണിത്. കേരളം നാരായണഗുരുവിനും മുമ്പുള്ള കാലത്തേക്ക് അതിവേഗം സഞ്ചരിക്കുന്നു എന്നതിന് ഈ ജാതിക്കൊടികളാണ് തെളിവ്.
കുറച്ചുകഴിഞ്ഞാല്‍ ജാതീയ മരണഗേഹങ്ങളില്‍ അന്യജാതിക്കാര്‍ക്ക് പ്രവേശനമില്ലെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറുമോ?
മരണത്തിനു ജാതിയുണ്ടോ? ജാതിക്കല്ലാതെ ജാതിക്കാരനു മരണമില്ലെന്നുണ്ടോ? മരണത്തിലേക്ക് നയിക്കുന്ന രോഗങ്ങള്‍ക്ക് ജാതിയുണ്ടോ?
മരിച്ചു എന്നു കരുതിയ ജാതി, മോഹാലസ്യത്തിലായിരുന്നു എന്നും ഇപ്പോള്‍ സടകുടഞ്ഞെഴുന്നേല്‍ക്കുകയാണെന്നും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.
മരണവീട്ടിലെ വര്‍ഗീയക്കൊടി കാണുമ്പോള്‍ ചാക്കാലക്കുചെല്ലുന്നയാളിന്റെ മനോഗതി എന്തായിരിക്കും? തൊഴില്‍ വിലങ്ങും അയിത്തവും നിലനിന്നിരുന്ന കാലത്തേക്ക് കാലുകുത്തുന്നു എന്ന തോന്നലുണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ല.
മുന്നോട്ടു നടന്ന മലയാളി പിന്നോട്ടു നടക്കുകയാണ്. പോരാട്ട വീരഗാഥകള്‍ നമ്മള്‍ മറക്കുന്നു. ജാതിക്കെതിരെയുള്ള പോരാട്ടമാണ് കേരളം കണ്ട പോരാട്ടങ്ങളില്‍ ഏറ്റവും പ്രധാനം. ആ പോരാട്ടത്തില്‍ പീഡിപ്പിക്കപ്പെട്ടവര്‍ നിരവധി. അപമാനിക്കപ്പെട്ടവര്‍ അനവധി. ബദല്‍ ക്ഷേത്ര പ്രതിഷ്ഠകള്‍, അയിത്തപ്പലക പിഴുതെടുത്തുകൊണ്ടുള്ള മുന്നേറ്റങ്ങള്‍, മുക്കാലിയില്‍ കെട്ടിയിട്ട് ഏറ്റുവാങ്ങിയ ചാട്ടവാറടികള്‍, ഛേദിച്ചു നിവേദിച്ച മുലകള്‍..... അങ്ങനെ എത്രയോ ചിത്രങ്ങളാണ് ജാതീയതയ്‌ക്കെതിരെയുള്ള സമരഭിത്തിയിലുള്ളത്. ഇതെല്ലാം മറന്നുകൊണ്ടാണ് മരിച്ചവര്‍ക്കും ജാതിയുണ്ടെന്ന് മലയാളി പ്രഖ്യാപിക്കുന്നത്.
ഓരോ ജാതിക്കും പ്രത്യേകം പ്രത്യേകം പരലോകങ്ങളുണ്ടോ? ജാതി സര്‍ട്ടിഫിക്കറ്റ് കൂടി നോക്കിയാണോ പരലോകത്തെ വാസസ്ഥലം നിശ്ചയിക്കുന്നത്? ഇത്തരം നിരവധി സംശയങ്ങള്‍ ജനിപ്പിക്കാന്‍ മരണവീട്ടിലെ ജാതിക്കൊടികള്‍ക്ക് സാധിക്കും.
കരിങ്കൊടിക്കമ്പില്‍ ചെങ്കൊടി കെട്ടിയിട്ടുള്ള മരണവീടുകളില്‍ ജാതിക്കൊടി കാണാറില്ല. അത്രയുമെങ്കിലും മനുഷ്യഗൃഹങ്ങള്‍ കേരളത്തിലുണ്ടല്ലൊ.
|
Subscribe to:
Posts (Atom)