Thursday, 31 October 2013

അരിയുണ്ടെന്നാലങ്ങോര്‍ അന്തരിക്കുകില്ലല്ലൊ


 
മരണാനന്തരം മൃതദേഹത്തെ മുന്‍നിര്‍ത്തി എന്തെല്ലാം കോപ്രായങ്ങളാണ് മനുഷ്യര്‍ കാട്ടിക്കൂട്ടുന്നത്. ഈ മതാചാര മനുഷ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍, സ്‌നേഹമോ ദയയോ തൊട്ടുതീണ്ടിയിട്ടേയില്ല.


അടുത്തകാലം വരെ ഉണ്ടായിരുന്ന ഒരു ദുരാചാരം ശവത്തെ ഉടുപ്പിച്ചിട്ടുള്ള മുണ്ടിന്റെ കോന്തലയില്‍ ഒരു നാണയം കെട്ടിവയ്ക്കുകയെന്നതായിരുന്നു. പരലോകത്തെ വൈതരണി നദി കടക്കുവാനുള്ള കടത്തുകൂലിയായിട്ടാണ് ഈ നാണയം നശിപ്പിച്ചിരുന്നത്. പുതിയകാലത്ത്, വൈതരണിക്കു കുറുകെ പാലം വന്നതുകൊണ്ടാകാം ഈ ദുരാചാരം ഇപ്പോള്‍ വ്യാപകമല്ല. ഇരുപത്തഞ്ചു പൈസ അടക്കമുള്ള നിരവധി നാണയങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റ് പിന്‍വലിച്ചിട്ടുണ്ട്. ഇതെല്ലാം പരലോകത്തും ബാധകമാണ്. എടുക്കാത്ത നാണയങ്ങള്‍ കോന്തലയില്‍ കെട്ടാറില്ല.


കോടിയിലാണ് മറ്റൊരു ദുരാചാരം. മരണപ്പെട്ട ആളിന്റെ ബന്ധുക്കള്‍ ഒരു പുത്തന്‍ തുണി വാങ്ങിക്കൊണ്ടു വന്ന് ശവത്തെ പുതപ്പിക്കുന്നു. ഒരാള്‍ ബന്ധുകുടുംബങ്ങളുടെ പേരുകള്‍ വിളിച്ചു പറയുന്നു. ഓരോ കുടുംബവും കോടി പുതപ്പിക്കണമെന്നാണ് അലിഖിതനിയമം. കോടിയില്ലെങ്കിലോ? പുതപ്പിച്ച കോടിയുടെ തലവശവും കാല്‍വശവും ഒന്നു ചലിപ്പിക്കും. അതോടെ പുതിയ കോടിയിട്ടതായി കണക്കാക്കും. പഴുതില്ലാതെന്തു പരലോകം.


മുണ്ടിന്റെ കോന്തലയില്‍ നാണയം കെട്ടിവയ്ക്കുന്നവരും കോടിവസ്ത്രം പുതപ്പിക്കുന്നവരും കഥാപുരുഷന്‍ കഥാവശേഷനാകുന്നതിന് മുമ്പ് ഒരു തുണ്ടു തുണിയോ ചില്ലിക്കാശോ നല്‍കി സഹായിച്ചിട്ടുള്ളവര്‍ ആയിരിക്കില്ല. ചാവിന്നു ബന്ധുത്വമേറുമല്ലൊ/ചാവാതിരിക്കുമ്പൊഴെന്തുമാട്ടെ എന്ന് കടമ്മനിട്ട ചൊല്ലിയതുപോലെയാണിത്.


മറ്റൊരസംബന്ധം വായ്ക്കരിയിടലാണ്. ശവത്തിന്റെ വായിലേക്ക് ഉണക്കലരി കുത്തിക്കയറ്റുക, പാവം ശവം ഇന്നേവരെ, ഇത്തരം അതിക്രമങ്ങളോടൊന്നും പ്രതികരിച്ചിട്ടില്ല. 


കട്ടിലില്‍ നിന്നും നിലത്തിറക്കിക്കിടത്തിയ മൃതദേഹത്തിന് ചുറ്റും ഉണക്കലരി വിതറുന്നതാണ് മറ്റൊരു കോപ്രായം. ഈ അന്ധവിശ്വാസത്തിനെതിരേയുള്ള ഗംഭീരമായൊരു താക്കീതാണ് അരിയില്ലാഞ്ഞിട്ട് എന്ന വൈലോപ്പിള്ളിക്കവിത.


എഴുപതുവര്‍ഷം മുമ്പാണ് മഹാകവി ഈ കവിതയെഴുതിയത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്ലേഗുപോലെ തിരിച്ചു വരുന്ന ഇക്കാലത്ത് അരിയില്ലാഞ്ഞിട്ടെന്ന കവിതക്ക് കൂടുതല്‍ പ്രസക്തിയുണ്ടാകുന്നു.


പാവപ്പെട്ട ഒരു മനുഷ്യന്‍ അയാള്‍ ജീവിച്ചിരുന്നപ്പോള്‍ ഒരു സഹായവും ചെയ്തിട്ടില്ലാത്ത ബന്ധുക്കള്‍, മരിച്ചപ്പോള്‍ വീട്ടിലെത്തി അവര്‍ ശവം ദഹിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ്. ചിലര്‍ മാവുവെട്ടുന്നുണ്ട്. തെക്കേപ്പറമ്പിലെ ശ്മശാനത്തിലേക്ക് എളുപ്പവഴിയൊരുക്കാനായി ചിലര്‍ വേലിതട്ടി മാറ്റുന്നുണ്ട്. അയലത്തെ പണക്കാരന്റെ വീട്ടില്‍ നിന്നും ശവക്കച്ചക്കുള്ള കാശും കിട്ടി. എല്ലാ കാര്യങ്ങളും പൂര്‍ത്തിയായി. ഇനി ശവത്തിനു ചുറ്റും തൂവാന്‍ ഇത്തിരി ഉണക്കലരി വേണം. മരിച്ചുപോയ ആളിന്റെ ഭാര്യയോട് ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ അവര്‍ പറഞ്ഞ വാക്കുകളോടെയാണ് മഹാകവി കവിത അവസാനിപ്പിച്ചത്. 'അരിയുണ്ടെന്നാലങ്ങോര്‍, അന്തരിക്കുകില്ലല്ലൊ'.


പാവം വിധവയുടെ കനല്‍ നിറഞ്ഞ ഈ മറുപടിയില്‍ കണ്ണീരും ജീവിതവും തുടിച്ചു നില്‍ക്കുന്നു. ആരോരും സഹായിക്കാനില്ലാതെ, പട്ടിണി കിടന്നാണ് ആ മനുഷ്യന്‍ മരിച്ചത്. ആ മരണവീട്ടിലാണ് അന്ധവിശ്വാസത്തിന്റെ പദാനുപദനിര്‍വഹണം നടത്തുന്നത്. മരണത്തിന് ശേഷം ദുരാചാരം നടപ്പാക്കുകയല്ല ജീവിച്ചിരിക്കുമ്പോള്‍ മുന്നോട്ടു പോകാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് മഹാകവി വൈലോപ്പിള്ളി നമ്മളോട് പറയാതെ പറയുന്നു.


മഹാകവി വൈലോപ്പിള്ളി, അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും എതിര്‍പക്ഷത്തായിരുന്നു. യഥാര്‍ഥ കവികള്‍ക്ക് അങ്ങനെയേ ആകാന്‍ കഴിയൂ.
 

5 comments:

 1. തീര്ച്ചയായും യോജിക്കുന്നു വെളിച്ചം വീശട്ടെ ഇത്തരം വെള്ളിടികൾ അന്ധവിശ്വാസങ്ങൾക്ക് എതിരെ
  ജനങ്ങൾ യുക്തി വാദികൾ ആകാൻ വേണ്ടി എങ്കിലും കവികൾ ആകട്ടെ

  ReplyDelete
 2. 'അരിയുണ്ടെന്നാലങ്ങോര്‍, അന്തരിക്കുകില്ലല്ലൊ

  ReplyDelete
 3. യഥാര്‍ത്ഥകവികള്‍ക്ക് ഇങ്ങനെയേ എഴുതാനാവൂ. ഈ ലേഖനം പോലെതന്നെ അഗ്നിയുള്ള വാക്കുകള്‍

  ReplyDelete
 4. മനുഷ്യനുള്ളിടത്തോളം ജീവിക്കുന്ന ദുരാചാരങ്ങളും !!

  ReplyDelete