Friday 20 June 2014

കേരളാ സലൂണിലെ കണ്ണാടികൾ


മുന്നിൽ പിന്നിൽ 
കണ്ണാടികളുടെ ശ്രദ്ധ 
വില്ലുപുതച്ചതു പോലെയിരുന്ന്
ഞാനും കണ്ടു 
ദൂരേക്കങ്ങനെ
ഒപ്പിയെടുത്തോരെന്നെ .

ആളുകൾ കേറിയിറങ്ങും 
ബാർബർഷോപ്പിലെ
അന്തിച്ചായ് വിൽ
എണ്ണ പുരട്ടിക്കോതിയ മുടിയും
എള്ളുകറുപ്പും വെണ്ണച്ചിരിയും
ജിൽജിൽ ജിൽജിൽ കൈത്താളവുമായ്
തൊട്ടുതൊടാതെ ദാസൻ.

കേരളചരിതം
വായ്പ്പായിട്ടുരുവിട്ടൊടുവിൽ
പട്ടവും ഇ .എം .എസ്സും കാണായ്
മുണ്ടശ്ശേരിപ്പെരുമകൾ കേൾക്കായ്
ക്രിസ്റഫർമാരുടെ പള്ളിപ്പടയും
ഫ്ളോറിയെന്നൊരു ഗർഭിണിയും വരവായി
വയ്യിനിയൊരു തലവെട്ടിൻ കഥ കേൾക്കാൻ.

ഭിത്തിയിലേക്കെൻ
ഗൗനപ്പല്ലി ചലിക്കുന്നു
പിരിയൻകുഴലിൽ ചീറ്റാൻ നോക്കി
കുപ്പിയിലൊട്ടിയിരിക്കും വെള്ളം
കത്രിക ചീർപ്പ് കലണ്ടർ
കത്തികൾ
മുടിയുടെ കുന്ന്
നര മൂടിയ സോപ്പ് .

ബെൽറ്റുമൊരീർക്കിൽ ചൂലും മൂലയിൽ
പത്രം ,പൈങ്കിളിവാരിക സ്റ്റൂ ളിൽ
കവടിപ്പാത്രം ചീനക്കല്ല്
ഒപ്പുതുണി ,ബ്രഷ് , പൌഡർക്കുറ്റി
അല്പമുടുത്തൊരു
ശൃംഗാരക്കിളി സിനിമക്കുട്ടി
മിഴികളിറുക്കി

കല്പനയേറിക്കാട്ടിൽക്കേറി
ദിക്കും മുക്കും തിരിയാതോടി -
ത്തെറ്റിപ്പോകെ
പൊട്ടിച്ചിതറീ
കണ്ണാടികളും കാഴ്ചകളും .

ചില്ലുകൾ തപ്പിയെടുക്കുന്നു ഞാൻ
പറ്റിയിരിപ്പൂ നാട്ടറിവിന്റെ
ചരിത്രച്ചോര .

8 comments:

  1. കാഴ്ച്ചകളൊപ്പിയെടുത്തൊരു ചിത്രം പോലെയീ കവിത!

    (ഫ്ലോറിയെ ഒക്കെ ഇന്നത്തെ ആരെങ്കിലും ഓര്‍ക്കുന്നുണ്ടാവുമോ എന്തോ!)

    ReplyDelete
    Replies
    1. അന്നത്തെ മുടിമുറിക്കുന്ന തൊഴിലാളിക്ക് ഇതെല്ലാം ഓര്‍മ്മയുണ്ടായിരുന്നു!!!

      Delete
  2. ചിത്രം മനോഹരം

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ഓർമ്മകളുടെ നേരെ തിരിച്ചുവെച്ചയീ കണ്ണാടി എന്റെ വായനശാലയായിരുന്നു, മനോരമയും മാതൃഭൂമിയും കൗമുദിയും വായിക്കാൻ മൂന്ന് ബാർബർ ഷാപ്പുകളിൽ നേരം ചിലവിട്ട ആ കാലം മനസ്സിലേക്കൊടിയെത്തി. നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരികുന്നവയുടെ ആർക്കൈവ്സിലേക്ക് വരവു വെക്കപ്പെടേണ്ട കവിത!

    ReplyDelete
  5. കേരളചരിതം
    വായ്പ്പായിട്ടുരുവിട്ടൊടുവിൽ
    പട്ടവും ഇ .എം .എസ്സും കാണായ്
    മുണ്ടശ്ശേരിപ്പെരുമകൾ കേൾക്കായ്
    ക്രിസ്റഫർമാരുടെ പള്ളിപ്പടയും
    ഫ്ളോറിയെന്നൊരു ഗർഭിണിയും വരവായി
    വയ്യിനിയൊരു തലവെട്ടിൻ കഥ കേൾക്കാൻ.

    ReplyDelete