Saturday 20 December 2014

പൊതുവഴികളിലെ മത കമാനങ്ങള്‍



വഴി അടച്ചുളള വലിയ ആർച്ചുകൾ കാണുമ്പോഴൊക്കെ ഓർമവരുന്നത്‌ ജനയുഗം ദിനപത്രത്തിൽ യേശുദാസൻ പണ്ട്‌ വരച്ച ആർച്ചുബിഷപ്പ്‌ കാർട്ടൂൺ ആണ്‌. വഴിയുടെ ഇരുവശങ്ങളിലും കാലൂന്നി ആകാശത്തുവളഞ്ഞുനിൽക്കുന്ന ആർച്ചുബിഷപ്പ്‌.

അടുത്തകാലത്ത്‌ ഇത്തരം വഴിമുടക്കി കമാനത്തിന്റെ കീഴിലൂടെ ഭയന്നും സംഭ്രമിച്ചും പോകേണ്ടിവന്നതിനെക്കുറിച്ചുളള ഒരു സുഹൃത്തിന്റെ വിവരണം കൗതുകകരമായിത്തോന്നി. സൈനുദീൻ എന്ന സുഹൃത്തിനെ തേടിയുളള യാത്ര ആയിരുന്നു അത്‌. നാൽപ്പത്തേഴാം നാഷണൽ ഹൈവേയുടെ പടിഞ്ഞാറുവശത്തുളള ഒരു പഞ്ചായത്ത്‌ പൊതുവഴിയിലൂടെയാണ്‌ പോകേണ്ടിയിരുന്നത്‌. ആ വഴിയിൽ കാലകത്തി വളഞ്ഞുനിൽക്കുന്ന ഒരു പടുകൂറ്റൻ കമാനം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റേതാണ്‌. ആർച്ച്‌ സുബ്രഹ്മണ്യത്തിന്റെ ആകാശംമുട്ടിയുളള നിൽപ്പുകണ്ടാൽ ആർച്ചിനപ്പുറം ക്ഷേത്രവിശ്വാസികൾ മാത്രമേ ഉളളൂ എന്ന്‌ തോന്നിപ്പോകും.

വാസ്തവത്തിൽ ആ പഞ്ചായത്ത്‌ വഴിയിലൂടെ വളരെ ദൂരം സഞ്ചരിച്ചെങ്കിൽ മാത്രമേ ക്ഷേത്രത്തിലെത്തുകയുളളു. ആ വഴിയോരത്ത്‌ ക്ഷേത്രവിശ്വാസികളല്ലാത്തവരുടെ വീടുകളും ധാരാളമായിട്ടുണ്ട്‌. എന്നാൽ ക്ഷേത്രക്കമ്മിറ്റിക്കാർ സ്വേച്ഛാധിപതികളെപ്പോലെ എല്ലാവരുടെയും സ്വത്തായ പഞ്ചായത്ത്‌ വഴി തങ്ങളുടേതാണെന്ന പ്രതീതി ഉണ്ടാക്കിയിരിക്കുകയാണ്‌.

പഞ്ചായത്ത്‌ വഴിയിൽ വളഞ്ഞ കമാനങ്ങൾ സ്ഥിരമായി സ്ഥാപിക്കുന്നത്‌ നിയമാനുസൃതമാണോ? സെക്കുലർ ഇന്ത്യയുടെ പൊതുവികാരത്തെ ഇത്തരം കമാനനിർമിതികൾ അപമാനിക്കുകയല്ലേ ചെയ്യുന്നത്‌?

ഹിന്ദുക്ഷേത്ര കമാനങ്ങൾ മാത്രമല്ല കേരളത്തിലുളളത്‌. ചില ജമാ അത്തുകളുടെ പച്ചക്കമാനങ്ങളും ഇടവകക്കമാനങ്ങളും കേരളത്തിലെ പൊതുവഴികൾ വിലങ്ങി നിൽക്കുന്നുണ്ട്‌. കൊല്ലം ജില്ലയിൽ ഒരു പാർട്ടി ഓഫീസിന്റെ പോലും പൊതുവഴിമുടക്കിക്കമാനം ഉണ്ട്‌. ഏതൊരു പൗരനും എല്ലാവരുടെയും വികാരങ്ങൾ മാനിക്കാനുളള ബാധ്യതയുണ്ട്‌. വിശ്വാസികളും അവിശ്വാസികളും ഇടകലർന്ന ഒരു സമൂഹമാണ്‌ നമ്മുടേത്‌. അതിനാൽ പൊതുവഴികൾ മത കമാനങ്ങൾകൊണ്ട്‌ വിലങ്ങിവയ്ക്കുന്നത്‌ ഭംഗിയുളള കാര്യമല്ല. റോഡിനുകുറുകെ ആർച്ചുകൾ കെട്ടുന്നത്‌ സർക്കാർ നിരോധിച്ചിട്ടുണ്ട്‌.

നിരോധനമൊക്കെ കടലാസിൽ മാത്രം ആണല്ലൊ. നിയമം നടപ്പിലാക്കേണ്ടവരും ഇത്തരം ആർച്ചുകൾക്ക്‌ കീഴിലൂടെയാണ്‌ സഞ്ചരിക്കുന്നത്‌. അധികൃതരുടെ മൗനാനുവാദം ഈ പൊതുവഴി കയ്യേറ്റങ്ങൾക്കുണ്ടെന്ന്‌ വ്യക്തം.

മതവും ഭക്തിയുമൊക്കെ സ്വകാര്യമായി സൂക്ഷിക്കുന്നതാണ്‌ ഒരു പൊതുസമൂഹത്തിന്റെ അന്തസിന്‌ നല്ലത്‌. പൊതുഇടങ്ങൾ അങ്ങനെതന്നെ സൂക്ഷിച്ച്‌ പുതുതലമുറയ്ക്ക്‌ കൈമാറാനുളള സാംസ്കാരിക ബാധ്യത നമുക്കുണ്ട്‌. പൊതുവഴികളിൽ നിർമിക്കുന്ന കൂറ്റൻകമാനങ്ങൾക്ക്‌ മുകളിൽ മേലുടുപ്പില്ലാത്ത ദൈവങ്ങളെ സ്ഥാപിക്കുന്നത്‌ അംഗീകരിക്കാവുന്ന ഒരു പ്രവണതയല്ല. അവയൊക്കെ കലാശിൽപ്പങ്ങളായി മാത്രം കാണാൻ കഴിയാത്തവർക്ക്‌ ചില മുറിവുകൾ ഹൃദയത്തിലുണ്ടായേക്കും. അശാസ്ത്രീയമായ മതബോധം വിതയ്ക്കുന്ന വിത്തുകൾ അവിടെ വിദ്വേഷ സസ്യങ്ങളായി പൊട്ടിമുളച്ചേക്കും.

2 comments:

  1. കമാന്നൊരക്ഷരം പറയരുത് കമാനങ്ങളെപ്പറ്റി. പൊട്ടാന്‍ വിമ്മിനില്‍ക്കുന്ന മതവികാരക്കുരുക്കളെ കണ്ടില്ലെന്നോ

    ReplyDelete
  2. നിരോധനമൊക്കെ കടലാസിൽ മാത്രം ആണല്ലൊ. നിയമം നടപ്പിലാക്കേണ്ടവരും ഇത്തരം ആർച്ചുകൾക്ക്‌ കീഴിലൂടെയാണ്‌ സഞ്ചരിക്കുന്നത്‌. അധികൃതരുടെ മൗനാനുവാദം ഈ പൊതുവഴി കയ്യേറ്റങ്ങൾക്കുണ്ടെന്ന്‌ വ്യക്തം.

    ReplyDelete