Monday 1 February 2016

രോഹിത്‌ വെമുലയ്ക്ക്‌ ഒരു കവിയുടെ കത്ത്‌


പ്രിയപ്പെട്ട രോഹിത്‌,

ഒരിക്കലും വായിക്കില്ല എന്നറിഞ്ഞുകൊണ്ടാണ്‌ ഈ കത്തെഴുതുന്നത്‌. ലാറ്റിനമേരിക്കൻ മൂപ്പന്റെ കത്തുപോലെ രോഹിതിന്റെ കത്തും ചരിത്രമാവുകയാണ്‌. ആദ്യമായെഴുതിയ അവസാനത്തെ കത്ത്‌.

എന്റെ ജന്മം തന്നെ ഒരു മാരക അത്യാഹിതം ആയിരുന്നു എന്ന രോഹിതിന്റെ വാചകം എന്നെ ഏറെ ചിന്തിപ്പിച്ചു. എന്തുകൊണ്ടാണ്‌ ഇന്ത്യയിലെ ഒരു ദളിത്‌ വിദ്യാർഥി ആത്മഹത്യാക്കുറിപ്പിൽ അങ്ങനെയൊരു വാചകം എഴുതിയത്‌.

മനുഷ്യജന്മം അത്ര നികൃഷ്ടമാണോ? മനുഷ്യജന്മം നികൃഷ്ടമാണ്‌ എന്ന്‌ ദളിതർക്ക്‌ തോന്നാൻ കൃത്യമായ കാരണങ്ങൾ ഉണ്ട്‌. തൊഴിലിന്‌ മാന്യത കൽപിക്കാത്ത ഇന്ത്യയിൽ കുലത്തൊഴിൽ എന്ന സമ്പ്രദായം അപമാനകരമായി.

എല്ലാവർക്കും മറ്റുളളവരുടെ മുടി മുറിക്കാൻ കഴിയുമോ? എല്ലാവർക്കും വസ്ത്രമുണ്ടാക്കാൻ കഴിയുമോ? എല്ലാവർക്കും കസേരയും മേശയും ഉണ്ടാക്കാൻ കഴിയുമോ? കഴിയുമല്ലോ. അൽപം പരിശീലനമുണ്ടെങ്കിൽ ആർക്കും ഇതൊക്കെ സാധിക്കും. എന്നാൽ ഹിന്ദുമതം മുന്നോട്ടുവച്ച കുലത്തൊഴിൽ സമ്പ്രദായം എല്ലാവർക്കും ഇതൊന്നും സാധിക്കില്ലെന്ന്‌ വിധിച്ചുകളഞ്ഞു. പ്രധാനപ്പെട്ട ജോലികൾ ചെയ്യുന്നവരെ അവർ അപമാനിച്ചു

മറ്റൊരാളുടെ മുടി മുറിക്കണമെങ്കിൽ കണക്കുകൂട്ടലും കലാബോധവും കൈകോർത്തു നിൽക്കണം. ആ പ്രവൃത്തി മഹനീയമായ പ്രവൃത്തിയാണ്‌. അദ്ദേഹത്തെ നമ്മൾ ആദരിക്കണം. എന്നാൽ ജാതീയഭാരതം അവരെ അപമാനിക്കുകയായിരുന്നു.

കുലത്തൊഴിൽ എന്ന്‌ പറഞ്ഞ്‌ അടിച്ചേൽപ്പിച്ച പ്രവൃത്തികൾ ചെയ്യുന്നവരെ അപമാനിച്ചു. കുലത്തൊഴിൽ വിധിക്കപ്പെട്ടവർ ലോകാവസാനം വരെ അതുതന്നെ ചെയ്യണം എന്ന്‌ അവർ വിധിച്ചു. ജാതീയ നാമങ്ങൾ തെറിവാക്കുകളായിപോലും ഉപയോഗിക്കപ്പെട്ടു. അതുകൊണ്ടാണ്‌ ജന്മം തന്നെ മാരകമായ അത്യാഹിതമായിരുന്നു എന്ന്‌ രോഹിതിന്‌ തോന്നിയത്‌.

ജാതീയമായ അധിക്ഷേപങ്ങൾ ഇന്ത്യയിലെ ദളിതരെ എത്രയും വേഗം അവർക്ക്‌ തുന്നിക്കൊടുത്ത ജാതിക്കുപ്പായം കുടഞ്ഞെറിയാൻ പ്രേരിപ്പിച്ചു. സവർണജാതിക്കാർ മാത്രമാണ്‌ ജാതിപ്പേരുകൾ ഉപയോഗിക്കുന്നത്‌. നോക്കൂ, മഞ്ജുവാര്യർ, നവ്യനായർ, രമ്യ നമ്പീശൻ, ശ്വേതാമേനോൻ, ലക്ഷ്മിശർമ്മ…… ദളിതരാരും അപമാനഭാരത്താൽ ജാതിപ്പേര്‌ വയ്ക്കാറില്ല.

പാർവതി എന്ന നടി പാർവതി മേനോൻ എന്ന ജാതിപ്പേര്‌ വിളിച്ചപ്പോൾ ക്ഷുഭിതയായത്‌ അപൂർവവും അഭിമാനകരവുമായ ഒരു സംഭവമായി കാണേണ്ടതാണ്‌.

ചണ്ഡാലഭിക്ഷുകിയിലെ പെൺകുട്ടി ബുദ്ധഭിക്ഷുവിനോട്‌ പറയുന്നത്‌ ദാഹജലം കൊടുത്താൽ പാപമുണ്ടാകും എന്നാണ്‌. ഇങ്ങനെ പറയിപ്പിക്കാൻ ചാമർ നായകന്റെ മകളെ പ്രേരിപ്പിച്ചത്‌ മനുഷ്യവിരുദ്ധമായ ഇന്ത്യൻ ജാതിവ്യവസ്ഥയാണ്‌. അതാണ്‌ ജന്മം തന്നെ ദാരുണമായ അത്യാഹിതമായിരുന്നുവെന്ന്‌ എഴുതാൻ രോഹിതിനെ പ്രേരിപ്പിച്ചത്‌.

ഇന്ത്യൻ ജാതിവ്യവസ്ഥ മനുഷ്യത്വത്തെ തച്ചുടച്ചതും അപമാനകരവുമായിരുന്നു. ജാതി ഇല്ലാതാക്കിയെങ്കിൽ മാത്രമേ മനുഷ്യാഭിമാനം ഉയർത്തെഴുന്നേൽക്കുകയുളളു. അങ്ങനെ മാത്രമേ സ്നേഹവും സൗഹൃദവും പുലരുകയുളളു.

രോഹിതിന്റെ കത്തിൽ ഹൈദരാബാദ്‌ യൂണിവേഴ്സിറ്റി ഫെലോഷിപ്പായി നൽകാനുളള ഒന്നേമുക്കാൽ ലക്ഷം രൂപയെക്കുറിച്ച്‌ പറയുന്നുണ്ട്‌. അത്‌ കിട്ടിയിരുന്നുവെങ്കിൽ രോഹിതിന്‌ പിടിച്ചുനിൽക്കാൻ കഴിയുമായിരുന്നു. സന്ദർഭ സമത്വം മാത്രമല്ല സാമ്പത്തിക സമത്വവും ഒരു ദളിതന്‌ അത്യാവശ്യമാണ്‌. അത്‌ ചെയ്തുകൊടുക്കാതിരുന്ന സർവകലാശാലാ അധികൃതരും ഇന്ത്യൻ ഭരണകൂടവും ക്ഷമിക്കാനാകാത്ത തെറ്റാണ്‌ ചെയ്തിരിക്കുന്നത്‌.

പ്രിയപ്പെട്ട രോഹിത്‌, ചോര കൊണ്ടെഴുതിയ ആ ആത്മഹത്യാക്കുറിപ്പ്‌ ഇന്ത്യൻ യുവത്വത്തിന്‌ എക്കാലവും ഊർജ്ജസ്രോതസായിരിക്കും.
കുരീപ്പുഴ ശ്രീകുമാർ
ജനയുഗം

5 comments:

  1. This comment has been removed by the author.

    ReplyDelete
  2. അതെ. ആ കത്തിലെ അക്ഷരങ്ങൾ മാനവഹൃദയങ്ങളിൽ വൻമാറ്റങ്ങൾ കൊണ്ടുവരും

    ReplyDelete
  3. കുലത്തൊഴിൽ എന്ന്‌ പറഞ്ഞ്‌ അടിച്ചേൽപ്പിച്ച പ്രവൃത്തികൾ ചെയ്യുന്നവരെ അപമാനിച്ചു. കുലത്തൊഴിൽ വിധിക്കപ്പെട്ടവർ ലോകാവസാനം വരെ അതുതന്നെ ചെയ്യണം എന്ന്‌ അവർ വിധിച്ചു. ജാതീയ നാമങ്ങൾ തെറിവാക്കുകളായിപോലും ഉപയോഗിക്കപ്പെട്ടു. അതുകൊണ്ടാണ്‌ ജന്മം തന്നെ മാരകമായ അത്യാഹിതമായിരുന്നു എന്ന്‌ രോഹിതിന്‌ തോന്നിയത്‌.

    ReplyDelete
  4. സര്‍വ്വം സഹിക്കാതെയെന്തുചെയ്‌വൂ
    കരിപുരണ്ടോര്‍മ്മയില്‍ ജീവിതങ്ങള്‍
    കുരുതികഴിക്കുവാനായീടുമോ;
    മണ്ണില്‍പ്പിറന്നുപോയെന്നതെറ്റില്‍?
    -അന്‍വര്‍ ഷാ ഉമയനല്ലൂര്‍-

    ReplyDelete
  5. ഇന്ത്യൻ ജാതിവ്യവസ്ഥ മനുഷ്യത്വത്തെ തച്ചുടച്ചതും അപമാനകരവുമായിരുന്നു. ജാതി ഇല്ലാതാക്കിയെങ്കിൽ മാത്രമേ മനുഷ്യാഭിമാനം ഉയർത്തെഴുന്നേൽക്കുകയുളളു. അങ്ങനെ മാത്രമേ സ്നേഹവും സൗഹൃദവും പുലരുകയുളളു.

    ReplyDelete