Thursday 10 August 2017

കലാം പ്രതിമയ്ക്ക് മുന്നിലെ മതഗ്രന്ഥങ്ങള്‍


മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ ജന്മദേശമായ രാമേശ്വരത്ത് കോടികള്‍ മുടക്കിയുള്ള സ്മാരകം സജ്ജമായിരിക്കുകയാണ്. സ്മാരകത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചുകഴിഞ്ഞു. സ്മാരകത്തില്‍ മുന്‍ രാഷ്ട്രത്തലവന്റെ ഒരു പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. സവിശേഷതയുള്ളതാണ് ആ പ്രതിമ. മറ്റ് നേതാക്കളുടെ പ്രതിമകളില്‍ നിന്നും വ്യത്യസ്തമായി ഡോ. അബ്ദുള്‍ കലാം ഇരുന്നുകൊണ്ട് വീണ മീട്ടുന്നതാണ് ശില്‍പം. ഈ ശില്‍പം കാണുമ്പോള്‍ പഴയ റോമാ ചക്രവര്‍ത്തിയെ, ഒരു കുബുദ്ധിയും ഓര്‍ക്കാതിരിക്കട്ടെ.

പ്രതിമയ്ക്ക് സമീപം വില്ലനായി ഭവിച്ചിരിക്കുന്നത് ഭഗവത്ഗീതയാണ്. വായനാപീഠത്തില്‍ വച്ചിരിക്കുന്ന രീതിയില്‍ തടിയില്‍ തീര്‍ത്തതാണ് ഈ ഗീത. പ്രതിമ അനാവരണം ചെയ്യുന്ന ചിത്രങ്ങളില്‍ ദൃശ്യമല്ലാത്ത ഈ ഗീത അധികം വൈകാതെ പ്രതിമയുടെ ഇടതുവശത്ത് കാണപ്പെട്ടു. അല്‍പസമയത്തിനുള്ളില്‍ പ്രതിമയുടെ മുന്നില്‍ത്തന്നെ ഇരുത്തപ്പെട്ടു.

വിവാദങ്ങളാരംഭിക്കുവാന്‍ അധികസമയം വേണ്ടി വന്നില്ല. ഒരു മുസ്‌ലിമായ അബ്ദുള്‍കലാമിന്റെ പ്രതിമയ്ക്ക് മുന്നില്‍ ഭഗവത്ഗീത വയ്ക്കുകയോ. മുറുമുറുപ്പ് ആരംഭിച്ചു. വിവാദങ്ങളൊഴിവാക്കാന്‍ വേണ്ടി ഡോ. കലാമിന്റെ പേരക്കുട്ടി സലീം ഖുറാന്റേയും ബൈബിളിന്റേയും ഓരോ കോപ്പികള്‍ സംഘടിപ്പിച്ച് പ്രതിമയ്ക്ക് മുന്നിലുള്ള ഭഗവദ്ഗീതയ്ക്ക് സമീപം വച്ചു.

മൂന്നു പുസ്തകങ്ങളും അവിടെ നിന്ന് മാറ്റി തിരുക്കുറള്‍ വയ്ക്കണം എന്ന ആവശ്യവുമായി തമിഴ് രാഷ്ട്രീയ നേതാവ് വൈക്കോ രംഗത്തെത്തി. അതുമല്ലെങ്കില്‍ സിക്ക്, സൗരാഷ്ട്ര മതങ്ങളുടേതടക്കമുള്ള പുസ്തകങ്ങള്‍ വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എന്തായാലും ദാരുനിര്‍മിതമല്ലാത്ത ഖുറാനും ബൈബിളും സ്മാരകത്തിലെ അലമാരയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഡോ. എസ് രാധാകൃഷ്ണനുശേഷം ഗുരുതുല്യനായ ഒരു രാഷ്ട്രപതിയെ നമുക്ക് ലഭിക്കുന്നത് ഡോ. അബ്ദുള്‍ കലാമിലൂടെയാണ്. ഡോ. രാധാകൃഷ്ണന്റെ പുസ്തകങ്ങള്‍ പണ്ഡിത സദസുകളില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഡോ. കലാമിന്റെ പുസ്തകങ്ങള്‍ എല്ലാ ജനങ്ങളും വായിക്കുന്നവയാണ്. അദ്ദേഹത്തിന്റെ അഗ്നിച്ചിറകുകള്‍ എല്ലാ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇന്ത്യയിലെ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട പുസ്തകമാണ് അഗ്നിച്ചിറകുകള്‍.

രാഷ്ട്രപതി കാലാവധി കഴിഞ്ഞാല്‍ മരണദിവസത്തെ അവധിയിലൂടെ മാത്രം ശ്രദ്ധയിലെത്തുന്ന മുന്‍ഗാമികള്‍ക്ക് പകരം ഡോ. കലാം ഇന്ത്യയിലാകെ ഓടിനടന്ന് വിദ്യാര്‍ഥികളുമായി അറിവ് പങ്കിട്ടു. ഷില്ലോങിലെ ഒരു പാഠ്യവേദിയിലേക്ക് കയറുമ്പോഴാണ് അദ്ദേഹം വീണുമരിച്ചത്. മരണത്തോടനുബന്ധിച്ച് അവധി സ്വീകരിക്കുന്നതിനുപകരം പണിയെടുക്കണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം ഇന്ത്യ നടപ്പിലാക്കി.

പ്രമുഖ സ്വാമികളുടെ ആത്മീയ ജീവിതത്തിലൊക്കെ ആകൃഷ്ടനായിരുന്നുവെങ്കിലും ഡോ. കലാമിനെ ഒരു സമ്പൂര്‍ണ ആത്മീയവാദിയായി കാണാന്‍ കഴിയില്ല. ആത്മീയവാദവും അധ്വാനവും തമ്മില്‍ ധനുഷ്‌കോടിയിലെ കടലിനെക്കാളും അകലമുണ്ട്.

മനുഷ്യനാശത്തിനുപകരിക്കുന്ന യുദ്ധോപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുവാന്‍ ശ്രമിച്ച ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ ഡോ. കലാമിന്റെ പ്രതിമയ്ക്ക് മുന്നില്‍ ഭഗവദ്ഗീത വയ്ക്കുന്നത് ഉചിതമായിരിക്കാം. പക്ഷേ എല്ലാ ഇന്ത്യാക്കാരുടേയും സ്‌നേഹത്തിന് പാത്രമായ ഭാരതരത്‌ന കലാമിന്റെ മുന്നില്‍ മതഗ്രന്ഥങ്ങള്‍ വയ്ക്കുന്നത് അനുചിതമാണ്. ഏതെങ്കിലും പുസ്തകം വയ്ക്കണം എന്നു നിര്‍ബന്ധമുണ്ടെങ്കില്‍ ശാസ്ത്രഗ്രന്ഥങ്ങളാണ് വയ്‌ക്കേണ്ടത്.

2 comments:

  1. ഒരു പുസ്തകവും വെക്കാതിരിക്കലാണ് നല്ലത്.

    ReplyDelete
  2. ഡോ. എസ് രാധാകൃഷ്ണനുശേഷം ഗുരുതുല്യനായ ഒരു രാഷ്ട്രപതിയെ നമുക്ക് ലഭിക്കുന്നത് ഡോ. അബ്ദുള്‍ കലാമിലൂടെയാണ്. ഡോ. രാധാകൃഷ്ണന്റെ പുസ്തകങ്ങള്‍ പണ്ഡിത സദസുകളില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഡോ. കലാമിന്റെ
    പുസ്തകങ്ങള്‍ എല്ലാ ജനങ്ങളും വായിക്കുന്നവയാണ്.
    അദ്ദേഹത്തിന്റെ അഗ്നിച്ചിറകുകള്‍ എല്ലാ ഭാഷകളിലേക്കും
    വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇന്ത്യയിലെ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട പുസ്തകമാണ് അഗ്നിച്ചിറകുകള്‍....!

    ReplyDelete