Monday 11 September 2017

വാമനപക്ഷവും മാവേലിപക്ഷവും



ഓണക്കാലത്തെ സാംസ്‌കാരിക സദസുകളില്‍ പ്രധാനമായും ഉയര്‍ന്ന ചോദ്യം നിങ്ങള്‍ വാമനപക്ഷത്തോ മാവേലിപക്ഷത്തോ എന്നതായിരുന്നു. മാവേലിയെ മനസില്‍ വച്ചോമനിക്കുന്ന മലയാളിയുടെ മുന്നിലേയ്ക്ക് ഇങ്ങനെയൊരു ചോദ്യമുന്നയിക്കുവാന്‍ പ്രതിലോമകാരികള്‍ക്കു കഴിഞ്ഞു. മാവേലി അഹങ്കാരിയാണെന്നും വാമനന്‍ വന്നാണ് മര്യാദ പഠിപ്പിച്ചതെന്നും പറഞ്ഞ് മലയാളിയുടെ ഓമന സ്വപ്‌നത്തെ അപഹസിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

മാവേലിയുടെ കഥ ഇന്ത്യയിലെ പല ഭാഷകളിലും ഉണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് കാസര്‍കോട്ടെ തുളു സംസാരിക്കുന്നവര്‍ സൂക്ഷിച്ചിട്ടുള്ള ബലീന്ദ്രന്‍ പാട്ടാണ്. ചിരസ്മരണ മലയാളത്തിന് മൊഴി മാറ്റിത്തന്ന സി രാഘവന്‍ മാഷാണ് ബലീന്ദ്രന്‍ പാട്ടിലെ കഥയും കേരളത്തോട് പറഞ്ഞത്.

ബലീന്ദ്രന്‍ എന്നാല്‍ മഹാബലി. ഓണത്തിനു പകരം ദീപാവലിക്കാണ് തുളുനാട്ടില്‍ മഹാബലി അവതരിക്കുന്നത്. തുളുവരുടെ കഥയനുസരിച്ച് മഹാബലിയെ വാമനന്‍ ഭൂമിപുത്രാ എന്നാണ് വിളിക്കുന്നത്.
ഓണക്കാലത്ത് പരോളനുവദിക്കാം എന്ന് ഔദാര്യപ്പെടുന്നതിനു പകരം ബലീന്ദ്രന്‍ പാട്ടില്‍, തട്ടിയെടുക്കപ്പെട്ട ഭൂമി തന്നെ തിരിച്ചുതരാം എന്നാണ് വാമനന്റെ വാഗ്ദാനം. എന്നാണ് തരിച്ചുതരുന്നത് എന്ന മഹാബലിയുടെ ചോദ്യത്തിന് വിചിത്രമായ ചില ഉത്തരങ്ങളാണ് വാമനന്‍ നല്‍കുന്നത്. കല്ല് കായാവുന്ന കാലത്ത്, ഉപ്പ് കര്‍പ്പൂരമാകുന്ന കാലത്ത്, ഉഴുന്നു മദ്ദളമാകുന്ന കാലത്ത്, കുന്നിക്കുരുവിന്റെ കറുത്ത കല മായുന്ന കാലത്ത്, മോരിലെ വെണ്ണ മുങ്ങുന്ന കാലത്ത്, മരംകൊത്തി സ്വന്തം തലപ്പൂവ് താഴെയിറക്കുന്ന കാലത്ത്, ഭൂമിപുത്രാ, ബലീന്ദ്രാ നിനക്കു തിരിച്ചുവന്ന് നാടുഭരിക്കാം – ഇതായിരുന്നു വാമനന്റെ ഉദാര വാഗ്ദാനം.

രാമന്‍ അയോധ്യ ഭരിച്ചിട്ടില്ല എന്നു പറയുന്നതുപോലെ മഹാബലി കേരളവും ഭരിച്ചിട്ടില്ല. രണ്ടും കെട്ടുകഥകളാണ്. കെട്ടുകഥകളില്‍ ചില മാതൃകകളുടെ അണുസാന്നിധ്യം ഉണ്ടാകാം എന്നല്ലാതെ സത്യം തീരെയില്ല. അത് കെട്ടിയുണ്ടാക്കിയ കഥയാണ്. സങ്കല്‍പ്പകഥ.

കെട്ടുകഥകളെ ചില ദര്‍ശനങ്ങളുടെ പ്രതീകങ്ങളായി വ്യാഖ്യാനിച്ചാല്‍ രാമന്‍ അധികാര ദുര്‍മോഹത്തിന്റേയും മഹാബലി ധാര്‍മ്മികതയുടേയും പ്രതീകമാണ്. ഇരക്കുന്നവന്റെ മുന്നില്‍ രാജ്യം സമര്‍പ്പിച്ച മഹാബലി ഒടുവില്‍ ശിരസും കുനിച്ചുകൊടുത്തു.

ശങ്കരകവിയുടെ ഭാവനയില്‍ വിടര്‍ന്ന മാവേലി നാടു വാണീടും കാലം സ്ഥിതിസമത്വത്തെ സംബന്ധിച്ച വസന്തസ്വപ്‌നമാണ് മലയാളിക്ക് നല്‍കിയത് അശ്വമേധം നടത്തി അന്യന്റെ ഭൂമി സ്വന്തമാക്കി രാമനും യാചനയ്ക്കു മുന്നില്‍ സ്വന്തം ഭൂമി നഷ്ടപ്പെടുത്തിയ മഹാബലിയും തമ്മില്‍ ഹിന്ദുക്കുഷ് പര്‍വതനിരകളും സഹ്യപര്‍വതനിരകളും തമ്മിലുള്ള വിദൂരതയുണ്ട്.

ത്യാഗത്തിന്റെ പ്രതീകമായ മഹാബലിയെ അഹങ്കാരിയായി ചിത്രീകരിക്കുന്നവര്‍ കൊല്ലുന്നതുപോലും മോക്ഷം നല്‍കാനാണ് എന്ന വ്യാജ ധാര്‍മ്മികതയുടെ വക്താക്കളാണ്.

പാതാളത്തില്‍ വച്ച് മഹാബലിയെ രാവണന്‍ സന്ദര്‍ശിക്കുന്നുണ്ട്. പാതാളത്തിലെ തടവറയില്‍ നിന്നും മോചിപ്പിക്കാം എന്ന് വാക്കുകൊടുക്കുന്നുമുണ്ട്. ഹിരണ്യകശിപുവിന്റെ തിളക്കമാര്‍ന്ന കുണ്ഡലങ്ങള്‍ പോലും എടുത്തു കൊടുക്കുന്നതില്‍ പരാജയപ്പെടുന്ന രാവണനെ ബദല്‍ പരിഷകളുടെ ബലം എന്തെന്ന് ബലി ബോധ്യപ്പെടുത്തുന്നുമുണ്ട്.

ആര്യനും ദ്രാവിഡനുമപ്പുറം സുരനും അസുരനുമപ്പുറം മനുഷ്യരെന്ന ഉദാത്തസങ്കല്‍പ്പം പുലരണമെങ്കില്‍ മാവേലിപക്ഷത്തിന്റെ മഹത്വം തിരിച്ചറിയേണ്ടതുണ്ട്.

1 comment:

  1. ആര്യനും ദ്രാവിഡനുമപ്പുറം
    സുരനും അസുരനുമപ്പുറം മനുഷ്യരെന്ന
    ഉദാത്തസങ്കല്‍പ്പം പുലരണമെങ്കില്‍ മാവേലി
    പക്ഷത്തിന്റെ മഹത്വം തിരിച്ചറിയേണ്ടതുണ്ട്.

    ReplyDelete