Saturday 16 December 2017

രക്ഷിച്ചത് കര്‍ത്താവോ സുല്‍ത്താനോ?



 നാടകം കഴിഞ്ഞു. യവനികയും വീണു. പിരിയുന്ന കാണികളില്‍ സ്വാഭാവികമായും ചില ചോദ്യങ്ങള്‍ അവശേഷിച്ചു. ഓടയില്‍ നിന്നിലെ അവസാനരംഗം പോലെ.

സംശയമിതാണ്. ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ ആരാണ്? ഒമാന്‍ ഭരണാധികാരിയാണോ കര്‍ത്താവാണോ? കര്‍ത്താവിന്റെ ശുപാര്‍ശ പ്രകാരം സുല്‍ത്താനോ സുല്‍ത്താന്റെ ശുപാര്‍ശ പ്രകാരം കര്‍ത്താവോ ഇക്കാര്യത്തില്‍ ഇടപെടാന്‍ സാധ്യതയില്ല. ഫാദര്‍ ടോം ഉഴുന്നാലില്‍ അഭിമുഖങ്ങളില്‍ പറയുന്നത് പതിനെട്ടുമാസം നീണ്ടുനിന്ന പ്രാര്‍ഥനയുടെ ഫലമായിട്ടാണ് അദ്ദേഹം മോചിതനായത് എന്നാണ്.

അദ്ദേഹത്തിന്റെ മുമ്പില്‍വച്ചായിരുന്നല്ലോ കര്‍ത്താവിന്റെ രണ്ട് മണവാട്ടികളെ മുസ്‌ലിം തീവ്രവാദികള്‍ വെടിവച്ചുകൊന്നത്. മറ്റ് മൂന്നുപേരെക്കൂടി കൊലപ്പെടുത്തുന്നത് അദ്ദേഹം കണ്ടു. രണ്ട് മണവാട്ടിമാരെ കൊല്ലുന്ന ശബ്ദവും അദ്ദേഹം കേട്ടു. ഈ സമയത്ത് ഹിഗ്വിറ്റയിലെ അച്ചനെപ്പോലെ പ്രവര്‍ത്തിക്കുന്നതിന് പകരം അദ്ദേഹം കടുകട്ടി പ്രാര്‍ഥനയിലായിരുന്നിരിക്കുമല്ലോ. മുട്ടുമടക്കാതെ നിന്ന് മുട്ടിപ്പായി പ്രാര്‍ഥിച്ചിട്ടും തീവ്രവാദികളുടെ തോക്ക് നിശബ്ദമാകാഞ്ഞതെന്തുകൊണ്ട്?

ക്രിസ്ത്യാനികള്‍ മാത്രമല്ല മറ്റ് മതസ്ഥരും അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിച്ചെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. മതവിശ്വാസമില്ലാത്തവരും ഒരു മാനുഷിക പ്രശ്‌നമെന്ന നിലയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ അദ്ദേഹത്തിനുവേണ്ടി എഴുതിയിരുന്നു.

കേരളത്തിലെ സാംസ്‌കാരിക സമ്മേളനങ്ങളില്‍, യെമനില്‍ സുവിശേഷ വേലയ്ക്കുപോയ, ദൈവം കൈവിട്ട ഈ പുരോഹിതനെ മോചിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകരും ഹൃദയപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരും പരസ്യമായി ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ട മണവാട്ടികളെ പ്രാര്‍ഥനയിലൂടെ ഉയിര്‍പ്പിക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണല്ലോ അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ എന്നെ രക്ഷിക്കണേ എന്ന് ഭരണാധികാരികളോടും ജനങ്ങളോടും കേണപേക്ഷിച്ചത്.

വിമോചിതനായ അദ്ദേഹം ഇന്ത്യയുടെ തലസ്ഥാനത്തുവന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയെ കാണുന്നതിനുപകരം ക്രൈസ്തവരുടെ ലോക തലസ്ഥാനമായ വത്തിക്കാനില്‍ പോയി മാര്‍പാപ്പയെ കാണുകയായിരുന്നല്ലോ. അദ്ദേഹത്തിന്റെ വര്‍ത്തമാനങ്ങള്‍ കൊലപാതകികളായ തീവ്രവാദികളുടെ കാരുണ്യത്തെ കുറിച്ചായിരുന്നു. ഇതിന്റെ യഥാര്‍ത്ഥ കാരണം ബുദ്ധിമാനായ കേന്ദ്രമന്ത്രി വെളിപ്പെടുത്തുകയും ചെയ്തു. അച്ചന്റെ ഈ തീവ്രവാദിസ്‌നേഹം ”നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക” എന്ന പ്രബോധനമനുസരിച്ചോ ”സ്‌നേഹിക്കയുണ്ണീ നീ ദ്രോഹിക്കുന്ന ജനത്തെയും” എന്ന കവിവാക്യം ഓര്‍മിച്ചോ അല്ല. അദ്ദേഹത്തിന്റെ ഈ മന:പരിവര്‍ത്തനത്തിന് കാരണം സ്റ്റോക്ക് ഹോം സിന്‍ഡ്രോം ആണത്രെ.

സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലെ ഒരു ബാങ്ക് കവര്‍ച്ചയെ തുടര്‍ന്നാണ് ഈ മനഃശാസ്ത്ര പ്രയോഗമുണ്ടായത്. കവര്‍ച്ച നടത്തിയവര്‍ സ്ത്രീകളേയും പുരുഷന്മാരെയും ഇരുട്ടറയില്‍ പൂട്ടിയിടുകയും ലൈംഗികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. പീഡനത്തിനിരയായവര്‍ പുറത്തുവന്നപ്പോള്‍ പ്രതികള്‍ക്കനുകൂലമായി സംസാരിച്ചു എന്ന് മാത്രമല്ല, കുറ്റവാളികളെ കേസില്‍ നിന്നും രക്ഷപ്പെടുത്താനായി പണം പിരിച്ചുകൊടുക്കുകകൂടി ചെയ്തു. ഇരകളിലുണ്ടായ ഈ മനംമാറ്റത്തിന് മാനസിക രോഗവിദഗ്ധനായ ഡോ. നില്‍സ് ബിജറോട്ട് നല്‍കിയ പേരാണ് സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം. ഇതിനൊരു മറുവശമുണ്ട്. ഇരകളോട് സഹതാപം തോന്നി അവരെ വിട്ടയക്കുന്ന രീതിയാണിത്. പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ നടന്ന ഒരു സംഭവമാണ് ഇതിന് കാരണമായത്. കുറ്റവാളികളിലെ ഈ മനഃപരിവര്‍ത്തനത്തിന് ലിമ സിന്‍ഡ്രോം എന്നുപറയുന്നു.

മനഃശാസ്ത്രത്തെക്കുറിച്ച് ദൈവശാസ്ത്രജ്ഞന് അറിയണമെന്നില്ല. കേന്ദ്രമന്ത്രിയുടെ ഈ കണ്ടുപിടിത്തത്തെ പിന്തുടരുകയേ മാര്‍ഗമുള്ളു. എന്നാല്‍ മതതീവ്രവാദത്തെയും അവരുടെ ദയാവായ്പിനേയും കര്‍ശനമായി നിരാകരിച്ചെങ്കില്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ കഴിയുകയുള്ളു. മതത്തിന്റെ മേലങ്കി അണിയുന്നതിനുപകരം സ്‌നേഹത്തിന്റെ പതാക പിടിച്ചെങ്കില്‍ മാത്രമേ എല്ലാ മതതീവ്രവാദത്തെയും നിരാകരിക്കാന്‍ കഴിയുകയുള്ളു. മതം മതതീവ്രവാദത്തിന്റെ വളക്കൂറുള്ള മണ്ണാണ്.

ഫാദര്‍ ഉഴുന്നാലില്‍ എന്തുപറഞ്ഞാലും നമ്മള്‍ തിരിച്ചറിയേണ്ടത് സ്വാധീനശക്തിയുള്ള മനുഷ്യരാരോ പ്രവര്‍ത്തിച്ചതുകൊണ്ടാണ് അദ്ദേഹത്തെ ജീവനോടെ നമുക്ക് കാണാന്‍ കഴിഞ്ഞത് എന്നാണ്.

1 comment:

  1. മനഃശാസ്ത്രത്തെക്കുറിച്ച്
    ദൈവശാസ്ത്രജ്ഞന് അറിയണമെന്നില്ല.
    കേന്ദ്രമന്ത്രിയുടെ ഈ കണ്ടുപിടിത്തത്തെ
    പിന്തുടരുകയേ മാര്‍ഗമുള്ളു. എന്നാല്‍ മതതീവ്രവാദത്തെയും
    അവരുടെ ദയാവായ്പിനേയും കര്‍ശനമായി നിരാകരിച്ചെങ്കില്‍
    മാത്രമേ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ കഴിയുകയുള്ളു. മതത്തിന്റെ
    മേലങ്കി അണിയുന്നതിനുപകരം സ്‌നേഹത്തിന്റെ പതാക പിടിച്ചെങ്കില്‍ മാത്രമേ എല്ലാ മതതീവ്രവാദത്തെയും നിരാകരിക്കാന്‍ കഴിയുകയുള്ളു. മതം മതതീവ്രവാദത്തിന്റെ വളക്കൂറുള്ള മണ്ണാണ്.

    ReplyDelete