Thursday 15 February 2018

എറണാകുളത്തെ സവര്‍ണ ഫാസിസ്റ്റ് കോമരങ്ങള്‍


‘കോമര’മെന്നാല്‍ വെളിച്ചപ്പാട്. അത്ര വെളിച്ചമൊന്നും ഇല്ലാത്ത ഒരു കാലത്തെ ഓര്‍മിപ്പിക്കുന്ന ദൈവത്തിന്റെ ഉച്ചഭാഷിണികളാണ് വെളിച്ചപ്പാടുകള്‍. ഈയിടെയായി എറണാകുളം ജില്ലയിലാണ് ഈ ദൈവവക്താക്കളെ കണ്ടുവരുന്നത്.

‘അശാന്തന്‍’ എന്ന ചിത്രകാരന്‍ ഒന്നിലധികം തവണ പുരസ്‌കാരങ്ങള്‍ നേടിയ ആളാണ്. അദ്ദേഹം മരിച്ചപ്പോള്‍ എറണാകുളത്തെ ദര്‍ബാര്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാനായി അക്കാഡമിയുടെ മുന്‍കയ്യില്‍ തന്നെ ക്രമീകരണങ്ങള്‍ നടത്തി. അപ്പോഴാണ് വലതുപക്ഷ സംസ്‌കാരത്തിന്റെ വാളുകളുമായി വെളിച്ചപ്പാടുകള്‍ പ്രത്യക്ഷപ്പെട്ടത്. അവരുടെ ആവശ്യം അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കാന്‍ അനുവദിക്കരുത് എന്നായിരുന്നു. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.

അശാന്തനാകട്ടെ ഏതോ ഒരു ബോധോദയത്തിന്റെ ഭാഗമായി ദളിത ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച ആളായിരുന്നു. അദ്ദേഹം ഉപനയനം ചെയ്യുകയും പൂണൂല്‍ സ്വീകരിക്കുകയും ചെയ്തു. ഉപനിഷത്തുക്കള്‍ പഠിപ്പിക്കുവാന്‍ പാഠശാലയും ഏര്‍പ്പെടുത്തി. ഇതുകൊണ്ടൊന്നും അശാന്തന്റെ ദളിത് മുദ്ര മാറിക്കിട്ടിയില്ല. അതുകൊണ്ടു കൂടിയാണ് ആ ദളിത് മൃതദേഹം പിന്‍വാതിലിലൂടെ ചുമലേറ്റേണ്ടിവന്നത്.

എറണാകുളത്തപ്പന്റെ പേരില്‍ വലതുപക്ഷ സാംസ്‌കാരിക ബോധമുള്ളവര്‍ക്ക് കിട്ടിയ മേല്‍ക്കയ്യാണ് അതിനേക്കാള്‍ കുറച്ചുകൂടി വലതുബോധമുള്ളവര്‍ക്ക് വടയമ്പാടിയില്‍ തിളങ്ങുവാന്‍ അവസരം നല്‍കിയത്.

വടയമ്പാടി ഇന്ന് വെറും ഒരു ഗ്രാമത്തിന്റെ പേരല്ല. എറണാകുളം ജില്ലയിലെ പുത്തന്‍കുരിശിനടുത്തുള്ള ഈ പ്രദേശം ജാതിമതിലിന്റെ പേരിലാണ് ശ്രദ്ധിക്കപ്പെടുന്നത്. ജാതി മതിലിനെതിരെ അടിത്തട്ടുജാതിക്കാര്‍ നടത്തുന്ന സമരം അതിലേറെ ശ്രദ്ധേയം.

വടയമ്പാടി ഭജനമഠത്തോട് ചേര്‍ന്ന് ഒരേക്കറോളം വരുന്ന ഭൂമി മതിലുകളില്ലാതെ തുറന്നു കിടക്കുകയായിരുന്നു. ജാതിമതഭേദം കൂടാതെ മനുഷ്യര്‍ ഈ തുറന്ന പ്രദേശത്ത് പെരുമാറിയിരുന്നു. അവിടുത്തെ ഭൂരിപക്ഷ ജനത ദളിതരാണ്. അതിനാല്‍ ദളിതര്‍ അവരുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഈ പ്രദേശം ഉപയോഗിച്ചിരുന്നു. തുറസായ ഈ സ്ഥലം തങ്ങളുടേതാണ് എന്ന് അവകാശപ്പെട്ട് പരമരഹസ്യമായി പട്ടയം നേടിയെടുത്ത നായര്‍ സര്‍വീസ് സൊസൈറ്റിക്കാര്‍ പില്‍ക്കാലത്ത് അവിടെ ഒരു പടുകൂറ്റന്‍ മതില്‍ കെട്ടി ഉയര്‍ത്തി. രണ്ടാള്‍ പൊക്കത്തിലുള്ള ഈ മതിലിനുള്ളില്‍ പുലയന്റെ നിഴല്‍ പോലും പതിക്കാതെയാക്കി. കഴിഞ്ഞ അംബേദ്കര്‍ ദിനത്തില്‍ ഭൂമിയുടെ യഥാര്‍ഥ അവകാശികളായ ദളിതര്‍ മതില്‍ പൊളിക്കുകയും മറ്റു സമര പരിപാടികള്‍ക്ക് രൂപം കൊടുക്കുകയും ചെയ്തു.

സമരത്തിന്റെ ഭാഗമായി വിവിധ ദളിത് സംഘടനകള്‍ വിളിച്ചു ചേര്‍ത്ത സമ്മേളനമായിരുന്നു ആത്മാഭിമാന കണ്‍വന്‍ഷന്‍. ഈ കണ്‍വന്‍ഷന്‍ ദിവസം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ ആളുകളെ സവര്‍ണഹിന്ദു ഫാസിസ്റ്റുകള്‍ തരംതാണ മുദ്രാവാക്യങ്ങളിലൂടെ എതിരേറ്റു. സമരക്കാരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും കണ്‍വന്‍ഷന്‍ നടത്തുവാന്‍ അനുവദിക്കാതെയിരിക്കുകയും ചെയ്തു. വെളിച്ചപ്പാടുകള്‍ അവിടേയും ജയിച്ചു.

കൊല്ലത്തെ റയില്‍വേ സ്റ്റേഷന്‍ മൈതാനം അടക്കം നിരവധി പൊതു ഇടങ്ങള്‍ ദൈവത്തിന്റെ പേരില്‍ വര്‍ഗീയവാദികള്‍ കൈക്കലാക്കിയിട്ടുണ്ട്. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ വിശാലമായ മൈതാനം ഫാദര്‍ വടക്കന്റെ കൂട്ട കുര്‍ബാനയെ ഓര്‍മിപ്പിച്ചുകൊണ്ട് അവിടെ നിലനില്‍ക്കുന്നത് സി അച്യുതമേനോന്‍ അടക്കമുള്ളവരുടെ ശ്രദ്ധകൊണ്ടാണ്. പൊതു ഇടങ്ങള്‍ നമുക്ക് വരും തലമുറയ്ക്കുവേണ്ടിയെങ്കിലും കരുതിവയ്‌ക്കേണ്ടതുണ്ട്

1 comment:

  1. കൊല്ലത്തെ റയില്‍വേ സ്റ്റേഷന്‍
    മൈതാനം അടക്കം നിരവധി പൊതു
    ഇടങ്ങള്‍ ദൈവത്തിന്റെ പേരില്‍ വര്‍ഗീയവാദികള്‍
    കൈക്കലാക്കിയിട്ടുണ്ട്. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ
    വിശാലമായ മൈതാനം ഫാദര്‍ വടക്കന്റെ കൂട്ട കുര്‍ബാനയെ
    ഓര്‍മിപ്പിച്ചുകൊണ്ട് അവിടെ നിലനില്‍ക്കുന്നത് സി അച്യുതമേനോന്‍ അടക്കമുള്ളവരുടെ ശ്രദ്ധകൊണ്ടാണ്...
    പൊതു ഇടങ്ങള്‍ നമുക്ക് വരും
    തലമുറയ്ക്കുവേണ്ടിയെങ്കിലും കരുതിവയ്‌ക്കേണ്ടതുണ്ട്...!

    ReplyDelete