Wednesday 31 October 2018

നാസ്തികരുടെയും ആസ്തികരുടെയും മീശ


സഹിഷ്ണുതയുള്ളത് ആര്‍ക്കാണ്? നാസ്തികര്‍ക്കോ ആസ്തികര്‍ക്കോ? സഹിഷ്ണുത തീരെയില്ലാത്തത് ആര്‍ക്കാണ്? ആസ്തികര്‍ക്കോ നാസ്തികര്‍ക്കോ. സഹിഷ്ണുത പാലിക്കാന്‍ കഴിയാത്തവര്‍ ആസ്തികരാണെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു.

ആസ്തികരില്‍ തന്നെ ആക്രമണോത്സുകരായ ആസ്തികരും സമാധാനപ്രിയരും ഉണ്ട്. സമാധാന പ്രിയരില്‍ നിന്ന് സമൂഹത്തിന് അപകടമൊന്നും ഉണ്ടാകുന്നില്ല. എന്നാല്‍ ഒരു ശരിയില്‍ മാത്രം വിശ്വസിക്കുന്ന മൃദു ആസ്തിക സമൂഹത്തില്‍ നിന്ന് കൊമ്പും കോമ്പല്ലുമുള്ള അക്രമാസക്തരിലേക്കുള്ള ദൂരം അത്ര വലുതൊന്നുമല്ല.

മലയാളത്തിലെ ശ്രദ്ധേയനായ കഥാകൃത്താണ് എസ് ഹരീഷ്. അദ്ദേഹത്തിന്റെ മീശ എന്ന നോവലിലെ ചില സങ്കല്‍പ വര്‍ത്തമാനങ്ങള്‍ അക്രമികളായ ഭക്തരില്‍ തീയാളി കത്തിച്ചു. സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹത്തെ തെറിമലയാളം കൊണ്ട് കുളിപ്പിച്ചു. വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത രീതിയില്‍ കയ്യേറ്റ ഭീഷണികളുണ്ടായി.

യഥാര്‍ഥ ഭക്തരെ സംബന്ധിച്ച് മീശയിലെ പരാമര്‍ശങ്ങള്‍ അവഗണിക്കാവുന്നതേയുള്ളു. രാവിലെ നടക്കാനിറങ്ങുന്ന രണ്ടു കഥാപാത്രങ്ങള്‍ ഭക്തകളെക്കുറിച്ച് സംസാരിക്കുന്നു. ഭക്തകള്‍ അണിഞ്ഞൊരുങ്ങി അമ്പലത്തില്‍ പോകുന്നതിനു പിന്നില്‍ തങ്ങള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തയാറാണെന്നുള്ള ബോധപൂര്‍വമല്ലാത്ത പ്രഖ്യാപനമാണത്രേ ഉള്ളത്. നാലോ അഞ്ചോ ദിവസം അമ്പലത്തില്‍ വരാത്തതിന്റെ കാരണം അസൗകര്യം അറിയിക്കാനാണത്രേ. ലൈംഗികതയുടെ കാര്യത്തില്‍ ആശാന്മാരായിരുന്ന പുരോഹിതന്മാരെയാണ് ഇവിടെ കഥാപാത്രം ലക്ഷ്യം വച്ചത്. ഒപ്പം സഞ്ചരിക്കുന്ന കഥാപാത്രം ഈ വ്യാഖ്യാനത്തെ മണ്ടത്തരം എന്നു പറഞ്ഞ് തള്ളിക്കളയുന്നു. വ്യാഖ്യാതാവ് അധികം വൈകാതെ ഹൃദയാഘാതം മൂലം മരിക്കുന്നു. എന്നാല്‍ വ്യാഖ്യാനങ്ങള്‍ ആസ്തികവേഷധാരികളെ പ്രകോപിപ്പിക്കുകയും സുപ്രിംകോടതി വരെ പോയി വാദിച്ച് തോറ്റ് നാണംകെടാന്‍ അവസരമൊരുക്കുകയും ചെയ്തു. പുസ്തകത്തിന്റെ കോപ്പികള്‍ കത്തിക്കപ്പെട്ടു. നോവല്‍ പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന് അത് തുടരാന്‍ കഴിയാതെയുമായി.

നാസ്തികതയെക്കുറിച്ച് വിശദമായ ചില പരാമര്‍ശങ്ങള്‍ ഈ നോവലിലുണ്ട്. ലോകത്തിലെ ഏറ്റവും അബദ്ധ ദര്‍ശനമാണ് യുക്തിവാദം എന്നും അത് തലയില്‍ കയറുന്നവന്റെ ഭാവനയും സഹജവികാരങ്ങളുമൊക്കെ നശിക്കുമെന്നും പരാമര്‍ശമുണ്ട്. ഒരു യുക്തിവാദി എങ്ങനെയാണ് കഥയും കവിതയും വായിക്കുക എന്നുവരെ ചോദിക്കുന്നുണ്ട്. ഭാര്യയോടൊപ്പം കിടക്കുമ്പോഴെങ്കിലും യുക്തിബോധം പ്രവര്‍ത്തിക്കാതിരിക്കട്ടെ എന്ന പ്രാര്‍ഥനയുമുണ്ട്. യുക്തിവാദിയും ഹിറ്റ്‌ലറും തമ്മില്‍ വ്യത്യാസമില്ലെന്നും തീരുമാനിക്കുന്നുണ്ട്.

ഇങ്ങനെയൊക്കെയുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മുന്‍നിര്‍ത്തി മീശ സംരക്ഷിക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ കേരളത്തിലെ നിരീശ്വവാദികള്‍ മുന്‍പന്തിയിലുണ്ടായിരുന്നു. എഴുത്തിലും വായനയിലും വിശാലമായി സഞ്ചരിച്ച കുറ്റിപ്പുഴ കൃഷ്ണപിള്ള. ഡോ. പി വി വേലായുധന്‍ പിള്ള. ചങ്ങമ്പുഴ, തിരുനെല്ലൂര്‍, വയലാര്‍, പൊന്‍കുന്നം വര്‍ക്കി, കേശവദേവ്, പവനന്‍, തോപ്പില്‍ ഭാസി എന്നിവരെയൊക്കെ മനസില്‍ വച്ചുകൊണ്ടുതന്നെയാണ് കേരളത്തിലെ നാസ്തികസമൂഹം എഴുത്തുകാരനൊപ്പം നിലകൊണ്ടത്. അവര്‍ ഒരു അക്രമത്തിനും പോയില്ല. ഈശ്വരവിശ്വാസിയല്ലാത്ത നാടകകൃത്ത് എന്‍ എന്‍ പിള്ളയെ ഈ നോവല്‍ പ്രകാശിപ്പിച്ചുനിര്‍ത്തുന്നു എന്നതുകൊണ്ടുമല്ല, ആവിഷ്‌കാരസ്വാതന്ത്ര്യത്തിലും അക്രമരാഹിത്യത്തിലും അവര്‍ വിശ്വസിക്കുന്നതുകൊണ്ടാണ്.

വാസ്തവത്തില്‍ ഭക്തരെ പ്രകോപിപ്പിച്ചത് നോവലിലെ രതിപരാമര്‍ശമേ അല്ല. ദളിതരായ പവിയാന്റെയും ചെല്ലയുടെയും മകന്‍ വാവച്ചന്‍ മീശവച്ചതുതന്നെയാണ് പ്രശ്‌നം. തെറിയഭിഷേകം നടത്തിയവരും കേസിനു പോയവരുമൊന്നും ദളിതരായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഒരു നാടിന്റെ ചരിത്രവും ഭൂമിശാസ്ത്രവും നന്നായി പഠിച്ചെഴുതിയ മനുഷ്യപക്ഷ രചനയാണ് മീശ എന്ന നോവല്‍. ആക്രമണകാരികളേയും സമാധാന പ്രിയരേയും ആസ്തികരെന്നും നാസ്തികരെന്നും അടയാളപ്പെടുത്തുന്നതിലും ഈ നോവല്‍ പ്രസാധനം സഹായിച്ചു.

1 comment:

  1. ഇങ്ങനെയൊക്കെയുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മുന്‍നിര്‍ത്തി മീശ സംരക്ഷിക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ കേരളത്തിലെ നിരീശ്വവാദികള്‍ മുന്‍പന്തിയിലുണ്ടായിരുന്നു. എഴുത്തിലും വായനയിലും വിശാലമായി സഞ്ചരിച്ച കുറ്റിപ്പുഴ കൃഷ്ണപിള്ള. ഡോ. പി വി വേലായുധന്‍ പിള്ള. ചങ്ങമ്പുഴ, തിരുനെല്ലൂര്‍, വയലാര്‍, പൊന്‍കുന്നം വര്‍ക്കി, കേശവദേവ്, പവനന്‍, തോപ്പില്‍ ഭാസി എന്നിവരെയൊക്കെ മനസില്‍ വച്ചുകൊണ്ടുതന്നെയാണ് കേരളത്തിലെ നാസ്തികസമൂഹം എഴുത്തുകാരനൊപ്പം നിലകൊണ്ടത്. അവര്‍ ഒരു അക്രമത്തിനും പോയില്ല. ഈശ്വരവിശ്വാസിയല്ലാത്ത നാടകകൃത്ത് എന്‍ എന്‍ പിള്ളയെ ഈ നോവല്‍ പ്രകാശിപ്പിച്ചുനിര്‍ത്തുന്നു എന്നതുകൊണ്ടുമല്ല, ആവിഷ്‌കാരസ്വാതന്ത്ര്യത്തിലും അക്രമരാഹിത്യത്തിലും അവര്‍ വിശ്വസിക്കുന്നതുകൊണ്ടാണ്.

    ReplyDelete