Thursday 24 January 2019

പ്രാര്‍ഥനയ്ക്കു പകരം സിനിമാപ്പാട്ട്


ആലപ്പുഴയിലെ ജനജാഗൃതി എന്ന പ്രസ്ഥാനത്തിനും ഓറ മാസികയ്ക്കും നേതൃത്വം നല്‍കിയ ഫാ. അലോഷ്യസ് ഫെര്‍ണാണ്ടസിന്റെ ജീവിതം മാതൃകാപരമായിരുന്നു. അനുക്രമമായ വികാസങ്ങളിലൂടെ ക്രിസ്തു വിശ്വാസത്തില്‍ നിന്നും മനുഷ്യവിശ്വാസത്തിലേക്ക് മാറ്റിയെഴുതപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

ബാല്യകാലത്ത് അടിയുറച്ച മതവിശ്വാസിയും ക്രിസ്തുഭക്തനുമായ അദ്ദേഹം വൈദികനാകുകയും വിവിധ ഇടവകകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. അക്കാലത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ അദ്ദേഹം പുരോഹിതന്‍ എന്നതിലുപരി ജനങ്ങളുടെ സഖാവായി മാറുകയായിരുന്നു. ക്രമേണ വിമോചന ദൈവശാസ്ത്രത്തിന്റെ വെളിച്ചത്തിലേക്ക് ഈ പുരോഹിതന്‍ ആകര്‍ഷിക്കപ്പെട്ടു.

ക്രിസ്തുവിനെ തള്ളിപ്പറയാതെതന്നെ ക്രൈസ്തവ ചിന്തയെ തൊഴിലാളികളുടെയും അശരണരുടെയും മോചനത്തിനായി ഉപയോഗപ്പെടുത്തുകയായിരുന്നു വിമോചന ദൈവശാസ്ത്രം ചെയ്തത്.

വിമോചന ദൈവശാസ്ത്രത്തില്‍ ആകൃഷ്ടരായ നിരവധി പുരോഹിതന്മാരും കന്യാസ്ത്രീകളും കേരളത്തിലുണ്ടായി. അവരില്‍ ചിലര്‍ അസംഘടിതരായിരുന്ന മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ ദുരിതപൂര്‍ണമായ ജീവിതത്തെ സന്തോഷഭരിതമാക്കുവാന്‍ ക്രിസ്തുമാര്‍ഗം മാത്രം പോരെന്ന് അവര്‍ തിരിച്ചറിഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിന്റെ ആധാരം മത്സ്യങ്ങളാകയാല്‍ ആ ജലസമ്പത്തിന്റെ സംരക്ഷണത്തിനായും അവര്‍ പോരാട്ടങ്ങള്‍ നടത്തി. പുരോഹിതന്മാരും കന്യാസ്ത്രീകളും ജില്ലാ കേന്ദ്രങ്ങളില്‍ നിരാഹാരസമരം നടത്തി. കന്യാസ്ത്രീകള്‍ തീവണ്ടി തടയുന്ന സമരഘട്ടം വരെ രൂപംകൊണ്ടു. ഇതിന്റെ ഫലമായി മത്സ്യസമ്പത്തിന്റെ രക്ഷയ്ക്കായി പ്രജനനകാലത്ത് ട്രോളിങ് നിരോധിക്കപ്പെട്ടു.

മത്സ്യത്തൊഴിലാളികളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അലോഷ്യസ് ഫെര്‍ണാണ്ടസിന്റെ ജീവിത ദൗത്യം. പുന്നപ്ര വയലാര്‍ സമരത്തിലെ അറിയപ്പെടാതെ പോയ ധീരസഖാക്കളുടെ ജീവിതം അദ്ദേഹം രേഖപ്പെടുത്തി. വിവിധ ഘട്ടങ്ങളിലുള്ള സ്ത്രീ മുന്നേറ്റങ്ങളെ അടയാളപ്പെടുത്തി. ഓറ മാസികയിലൂടെ മലയാള കവിതയിലേയ്ക്ക് പുതുമുഖങ്ങളുടെ ഒരു നിരതന്നെ അവതരിപ്പിച്ചു. ജനജാഗ്രതിയില്‍ സാഹിത്യ-സാംസ്‌ക്കാരിക കൂട്ടായ്മകള്‍ സംഘടിപ്പിച്ച് ദിശാബോധം നല്‍കി.

വിമോചന ദൈവശാസ്ത്രത്തില്‍ നിന്നുകൂടി അദ്ദേഹം പുറത്തുകടക്കുകയും മത രഹിതവും ദൈവം ചെകുത്താന്‍ തുടങ്ങിയ അന്ധവിശ്വാങ്ങളെ ഒഴിവാക്കി യുക്തിഭദ്രമായ ഒരു ചിന്തയിലേക്ക് സഞ്ചരിക്കുകയും ചെയ്തു. ഡോക്ടര്‍ ലവണത്തിന്റെ നേതൃത്വത്തില്‍ ആന്ധ്രാപ്രദേശില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ യുക്തിവാദ കേന്ദ്രത്തില്‍പ്പോയി പഠിക്കുകയും ജനജാഗ്രതിയെ അത്തരത്തിലുള്ള ഒരു സ്ഥാപനമാക്കി മാറ്റാന്‍ കൊതിക്കുകയും ചെയ്തു. ആന്ധ്രാപ്രദേശില്‍ നിന്നും മടങ്ങുന്നവഴി തീവണ്ടിയില്‍ വച്ച് അദ്ദേഹം മരണമടഞ്ഞു. ക്രൈസ്തവ പുരോഹിതനായിരുന്ന അലോഷ്യസ് ഫെര്‍ണാണ്ടസിന്റെ മൃതശരീരം ആലപ്പുഴ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടുകൊടുത്തു.

പാട്ടുകളെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ചരമവാര്‍ഷിക സമ്മേളനം ഒരു സിനിമാപ്പാട്ടോടുകൂടിയാണ് ഇത്തവണ ആരംഭിച്ചത്. നാസ്തികരായ വയലാര്‍ രാമവര്‍മ്മയും ജി ദേവരാജനും ചേര്‍ന്ന് രൂപപ്പെടുത്തി ആസ്തികനായ യേശുദാസ് പാടിയ മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന പാട്ട്. രാഷ്ട്രപതിയുടെ അംഗീകാരം നേടിയ ഈ മതാതീത സാംസ്‌കാരിക ഗാനം ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയെ അടയാളപ്പെടുത്തിയിട്ടുള്ളതാണ്. ദൈവവും മനുഷ്യനും തെരുവില്‍ മരിക്കുമ്പോള്‍ ചെകുത്താനും മതങ്ങളും തെരുവില്‍ ചിരിക്കുന്നതായി രേഖപ്പെടുത്തിയിട്ടുള്ള ഈ പാട്ട് മതപരമായി വിഭജിക്കപ്പെട്ടതിനാല്‍ കണ്ടാലറിയാതായ ജനതയെയും അടയാളപ്പെടുത്തുന്നു. നമ്മുടെ വിദ്യാലയങ്ങളില്‍ മതദൈവ പ്രാര്‍ഥനയ്ക്കു പകരം ഈ അനശ്വരഗാനം ആലപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.

1 comment:

  1. ദൈവവും മനുഷ്യനും തെരുവില്‍ മരിക്കുമ്പോള്‍ ചെകുത്താനും മതങ്ങളും തെരുവില്‍ ചിരിക്കുന്നതായി രേഖപ്പെടുത്തിയിട്ടുള്ള ഈ പാട്ട് മതപരമായി വിഭജിക്കപ്പെട്ടതിനാല്‍ കണ്ടാലറിയാതായ ജനതയെയും അടയാളപ്പെടുത്തുന്നു. നമ്മുടെ വിദ്യാലയങ്ങളില്‍ മതദൈവ പ്രാര്‍ഥനയ്ക്കു പകരം ഈ അനശ്വരഗാനം ആലപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്

    ReplyDelete