Wednesday 20 February 2019

ആട്ടക്കാരി പോരാട്ടക്കാരി



ആട്ടക്കാരിയായും പോരാട്ടക്കാരിയായും സാംസ്‌കാരിക നഭസില്‍ തെളിഞ്ഞുവരുന്ന ഒരു നക്ഷത്രമേയുള്ളു- ചവറ പാറുക്കുട്ടി
ആക്ഷേപസ്വരത്തില്‍ വിളിക്കപ്പെട്ട ആട്ടക്കാരി എന്ന സംബോധനയില്‍ നിന്നാണ് അവര്‍ കഥകളി രംഗത്തെത്താന്‍ തീരുമാനിച്ചത്. സവര്‍ണ സംസ്‌കാരത്തിന്റെ വന്‍മതില്‍ ഭേദിക്കുവാനുള്ള പോരാട്ടമായി ആ തീരുമാനം മാറേണ്ടതായും വന്നു.

ജനലിനപ്പുറം നിന്ന് നൃത്തം കണ്ടുപഠിച്ച ഏകലവ്യയായിരുന്നു ചവറ പാറുക്കുട്ടി. ദ്രോണാചാര്യരായ കെ പി തോമസ് ഭാഗവതര്‍ ഗുരുദക്ഷിണയായി വിരല്‍ ചോദിച്ചില്ല. പകരം അമ്പരപ്പിച്ച ഈ ശിഷ്യയുടെ അപ്പനെ കണ്ട് നൃത്തം പഠിക്കാന്‍ വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

കഥകളിയരങ്ങില്‍ സവര്‍ണതയുടെ പതാക എക്കാലത്തും ഉണ്ടായിരുന്നു. തമ്പുരാനില്‍ തുടങ്ങി അടുത്തു നില്‍ക്കാവുന്ന സേവകന്‍മാരാല്‍ വികസിച്ച കലാരൂപം. കലകള്‍ക്ക് ജാതിയോ മതമോ ഇല്ല എന്ന തിരിച്ചറിവോടെ കളരിയിലെത്തിയ ഹൈദരാലി അടക്കമുള്ളവര്‍ക്ക് ദുരനുഭവങ്ങള്‍ ധാരാളമുണ്ടായി. സദനം റഷീദും വേട്ടയാടപ്പെട്ടു. സവര്‍ണതയുടെ തിരുമുറ്റത്തായതിനാല്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്ന സ്ഥിരം ബോര്‍ഡും അരങ്ങില്‍ ഉറപ്പിച്ചിരുന്നു. അവിടേയ്ക്കാണ് അവര്‍ണയായ ചവറ പാറുക്കുട്ടി എന്ന പെണ്‍കുട്ടി കടന്നുചെന്നത്.

തട്ടാത്തി വേഷമിടുന്നെങ്കില്‍ ഞങ്ങള്‍ വേഷമിടില്ല എന്നു പറഞ്ഞ് കിരീടത്തിനു പുറംതിരിഞ്ഞുനിന്ന സവര്‍ണ പുരുഷത്വം ചവറ പാറുക്കുട്ടിയില്‍ കലയോടുള്ള മനുഷ്യസഹജമായ പ്രതിപത്തി വാശിയോടെ വളര്‍ത്തിയെടുത്തു. പ്രസിദ്ധനായ ഒരു കഥകളിയാശാന്റെ വീട്ടില്‍ ക്ഷണപ്രകാരം ചെന്ന പാറുക്കുട്ടിക്ക് നിലത്തിരുത്തി ചാണകം കോരുന്ന ഓട്ടുപാത്രത്തില്‍ കഞ്ഞികൊടുത്തതും അവര്‍ ഊര്‍ജമാക്കുകയായിരുന്നു. കുട്ടിവേഷക്കാര്‍ വരെ കഥകളിയുമായി വിദേശരാജ്യങ്ങളില്‍ കറങ്ങി നടന്നപ്പോള്‍ ചവറ പാറുക്കുട്ടിക്ക് അങ്ങനെയൊരു സന്ദര്‍ഭമേ ലഭിച്ചില്ല. പത്മശ്രീ പോലെയുള്ള ദേശീയ ബഹുമതികളൊന്നും അഷ്ടമുടിക്കായലിന്റെ ഈ വീരപുത്രിയെ തേടി ചെന്നില്ല.

പുരുഷാധിപത്യത്തിന്റെ ജയില്‍ മുറിയായ ദാമ്പത്യത്തില്‍ നിന്നുപോലും ചവറ പാറുക്കുട്ടി രക്ഷപ്പെട്ടു. രണ്ടുവര്‍ഷം മാത്രം നീണ്ടുനിന്ന ദാമ്പത്യ ജീവിതകാലത്ത് ഒരിക്കല്‍ പോലും കളിവിളക്കിനു മുന്നിലെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല.

പൂതനാമോക്ഷത്തിലായിരുന്നു പാറുക്കുട്ടി തുടങ്ങിയത്. ഒരു പാവക്കുട്ടിയെ കയ്യില്‍ വച്ചുകൊണ്ട് അവര്‍ അരങ്ങില്‍ കാട്ടിയ അത്ഭുതം കുട്ടിക്കാലത്ത് കണ്ടത് ഞാനിപ്പോഴും ഓര്‍മിക്കുന്നു. ശകുന്തളയും സന്ധ്യാവലിയും കുന്തിയുമെല്ലാം അവരിലൂടെ അരങ്ങിലെത്തി. സ്ത്രീവേഷങ്ങള്‍ മാത്രമല്ല ഭീമനേയും പരശുരാമനേയുമൊക്കെ അവര്‍ മിഴിവുറ്റതാക്കി.

കഥകളി രംഗത്ത് ഔപചാരിക വിദ്യാഭ്യാസമുള്ളവര്‍ വളരെ കുറവാണ്. അരനൂറ്റാണ്ടിനു മുമ്പ് ധനതത്വശാസ്ത്രത്തില്‍ ബിരുദവുമായാണ് ചവറ പാറുക്കുട്ടി ആട്ടവിളക്കിനു മുന്നില്‍ നിറഞ്ഞാടിയത്.

ചവറ പാറുക്കുട്ടിയെ ആട്ടക്കാരിയായും പോരാട്ടക്കാരിയായും നിലനിര്‍ത്തുവാന്‍ സംരക്ഷണവലയം ഒരുക്കിക്കൊടുത്ത ഗുരുനാഥന്‍മാരുടെ പങ്കും വിസ്മരിക്കാവുന്നതല്ല. ഏതാനും ദിവസം മുമ്പ്, ഇടപ്പള്ളിയെ സംസ്‌കരിച്ച മുളങ്കാടകം ശ്മശാനത്തില്‍ ഔദേ്യാഗിക ബഹുമതികളോടെ ചവറ പാറുക്കുട്ടി എരിഞ്ഞടങ്ങിയപ്പോള്‍ ഒരധ്യായം അവസാനിക്കുകയായിരുന്നു.

1 comment:

  1. കഥകളി രംഗത്ത് ഔപചാരിക വിദ്യാഭ്യാസമുള്ളവര്‍ വളരെ കുറവാണ്. അരനൂറ്റാണ്ടിനു മുമ്പ് ധനതത്വശാസ്ത്രത്തില്‍ ബിരുദവുമായാണ് ചവറ പാറുക്കുട്ടി ആട്ടവിളക്കിനു മുന്നില്‍ നിറഞ്ഞാടിയത്.

    ചവറ പാറുക്കുട്ടിയെ ആട്ടക്കാരിയായും പോരാട്ടക്കാരിയായും നിലനിര്‍ത്തുവാന്‍ സംരക്ഷണവലയം ഒരുക്കിക്കൊടുത്ത ഗുരുനാഥന്‍മാരുടെ പങ്കും വിസ്മരിക്കാവുന്നതല്ല. ഏതാനും ദിവസം മുമ്പ്, ഇടപ്പള്ളിയെ സംസ്‌കരിച്ച മുളങ്കാടകം ശ്മശാനത്തില്‍ ഔദേ്യാഗിക ബഹുമതികളോടെ ചവറ പാറുക്കുട്ടി എരിഞ്ഞടങ്ങിയപ്പോള്‍ ഒരധ്യായം അവസാനിക്കുകയായിരുന്നു...

    ReplyDelete