Wednesday 20 March 2019

മായുന്ന കുറിയല്ല പോയ കാലം


കുറ്റവാളികള്‍ കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതുപോലെ കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങളെ മറച്ചുപിടിക്കുവാന്‍ ശ്രമിക്കുകയാണ് കുറ്റബോധമുള്ള കേന്ദ്ര ഭരണകൂടം.

ചരിത്രം സത്യമാണ്. മാലിന്യത്തൂവാലകൊണ്ട് തുടച്ചാല്‍ മാഞ്ഞുപോകുന്ന തിരുനെറ്റിയിലെ കുങ്കുമക്കുറിയല്ല ചരിത്രം. അത് രക്തസാക്ഷികളാല്‍ സ്പന്ദിക്കുന്നതാണ്. അവഹേളനങ്ങളാലും കഠിന വേദനകളാലും തീപിടിച്ചതാണ്.

ഇന്ന് എല്ലാ മലയാളികളും ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നുണ്ട്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പതിനായിരക്കണക്കിന് ഭോജനശാലകളുണ്ട്. അവിടെ ആരുടെയും ജാതി ചോദിക്കുന്നില്ല. നാവു വരണ്ടവര്‍ക്കെല്ലാം ദാഹനീരുണ്ട്. ഇതിലെന്തത്ഭുതമെന്ന് തോന്നണമെങ്കില്‍ ചരിത്രം അറിയാത്തൊരു തലമുറ വളര്‍ന്നു വരണം. ചരിത്രം അറിയാവുന്നവര്‍ക്ക് ഹോട്ടലുകളിലെ ഭക്ഷണപ്രിയനായ ഗണപതിയുടെ ചിത്രം മാറ്റി സഹോദരന്‍ അയ്യപ്പന്റെ ചിത്രം വയ്ക്കണമെന്ന് തോന്നും. കാരണം ഈ ഭോജനശാലകള്‍ ഉണ്ടായത് കുബേരന്റേയോ ഗണപതിയുടേയോ അനുഗ്രഹം കൊണ്ടല്ല, സഹോദരന്‍ അയ്യപ്പന്‍ ജീവിച്ചിരുന്നതുകൊണ്ടാണ്. അങ്ങനെ പറഞ്ഞാല്‍ പോരാ സഹോദരന്‍ അയ്യപ്പന്‍ കത്തിമുനയ്ക്കു മുന്നില്‍ നിന്ന് മിശ്രഭോജനത്തെക്കുറിച്ച് പ്രസംഗിച്ചതുകൊണ്ടു കൂടിയാണ്. അങ്ങനെയും പറഞ്ഞാല്‍ പോരല്ലോ; കീഴാള മേലാള വ്യത്യാസം കൂടാതെ അദ്ദേഹം ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചതുകൊണ്ടാണ്.

കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ഏജന്‍സിക്ക് ചരിത്രത്തിലെ ചോരപ്പാടുകള്‍ക്കു മുകളില്‍ കാവിത്തൂവാല വിരിക്കാനുള്ള നിയമസാധുതയൊന്നുമില്ല. കേരളത്തിലെ നവോത്ഥാന പരിശ്രമങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കുമ്പോള്‍ അവര്‍ ചെയ്യുന്നത് ചരിത്രത്തിലെ കുറ്റവാളികളെ രക്ഷിക്കാനുളള പാഴ്‌വേലയാണ്.

മലയാള സാഹിത്യത്തിനു കിട്ടിയ ചരിത്രസ്പര്‍ശമുള്ള സുവര്‍ണരേഖയാണ് സി കേശവന്റെ ആത്മകഥ. കുട്ടിയായിരുന്ന കാലത്ത് മൂന്നു തവണ വിവാഹം കഴിച്ച കഥ അദ്ദേഹം അതില്‍ പറയുന്നുണ്ട്. കൊടുങ്ങല്ലൂര്‍ ഭരണി കഴിഞ്ഞു വന്നിട്ട് വീട്ടിലിരുന്ന് ഭരണിപ്പാട്ടു പാടിയ കഥ ആ പുസ്തകത്തിലുണ്ട്. മേലുടുപ്പിട്ടതിന് അമ്മ മകളെ തല്ലിയ കഥ ആ പുസ്തകത്തിലുണ്ട്. സി കേശവന്റെ ആത്മകഥയെ തമസ്‌കരിക്കാന്‍ ശ്രമിക്കുമ്പോള്‍ സവര്‍ണ സംസ്‌കാരം നടത്തിയ കൊടുംകുറ്റങ്ങളെ മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്. കൊടുങ്ങല്ലൂരേയ്ക്കാരും പോകരുതേയെന്ന സഹോദരന്‍ അയ്യപ്പന്റെ കവിതയും സി കേശവന്റെ കൊടുങ്ങല്ലൂര്‍ യാത്രയും ചേര്‍ത്ത് വായിക്കുമ്പോഴാണ് തെക്കന്‍ കേരളത്തില്‍ നിന്നും പൂരപ്പാട്ടു കേള്‍ക്കാന്‍ ഇന്ന് ഫോക്ക്‌ലോര്‍ ഗവേഷകര്‍ മാത്രം പോകുന്നതിന്റെ കാര്യം തെളിഞ്ഞു വരുന്നത്.

ചാന്നാര്‍ ലഹളയും പെരിനാട് വിപ്ലവവും മറച്ചു വച്ചാല്‍ മലയാളി സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ പാടില്ലാത്ത കാലമുണ്ടായിരുന്നു എന്ന ചരിത്രം ഓര്‍മിക്കപ്പെടാതെ പോകും. മുലക്കരവും തലക്കരവും മീശക്കരവും പുലപ്പേടിയും മണ്ണാപ്പേടിയും പഴുക്കയേറും അറിയാതെ പോകും. അത് ചിലര്‍ക്ക് ഒരു സൗകര്യമാണ്. നവോത്ഥാന പരിശ്രമങ്ങളിലൂടെയല്ല, സ്വാഭാവികമായാണ് കേരളീയ സമൂഹത്തില്‍ മാറ്റങ്ങളുണ്ടായത് എന്ന് സമര്‍ഥിക്കാന്‍ അവര്‍ക്ക് കഴിയും. അത് അനുവദിച്ചു കൊടുക്കുന്നത് ചരിത്രത്തോടു ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ്.

കേരളീയര്‍ ക്ഷേത്രങ്ങളില്‍ പ്രവേശിച്ചതും പൊതു വഴിയേസഞ്ചരിച്ചതും സാക്ഷരരായതും മാങ്ങപഴുത്തു വീഴുന്നതുപോലെ സ്വാഭാവികമായി സംഭവിച്ചതല്ല. പോരാട്ടങ്ങളുടെ ആ ചരിത്രം വായിക്കപ്പെടേണ്ടതു തന്നെയാണ്.
(ജനയുഗം)

1 comment:

  1. ചാന്നാര്‍ ലഹളയും പെരിനാട് വിപ്ലവവും മറച്ചു വച്ചാല്‍ മലയാളി സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ പാടില്ലാത്ത കാലമുണ്ടായിരുന്നു എന്ന ചരിത്രം ഓര്‍മിക്കപ്പെടാതെ പോകും. മുലക്കരവും തലക്കരവും മീശക്കരവും പുലപ്പേടിയും മണ്ണാപ്പേടിയും പഴുക്കയേറും അറിയാതെ പോകും. അത് ചിലര്‍ക്ക് ഒരു സൗകര്യമാണ്. നവോത്ഥാന പരിശ്രമങ്ങളിലൂടെയല്ല, സ്വാഭാവികമായാണ് കേരളീയ സമൂഹത്തില്‍ മാറ്റങ്ങളുണ്ടായത് എന്ന് സമര്‍ഥിക്കാന്‍ അവര്‍ക്ക് കഴിയും. അത് അനുവദിച്ചു കൊടുക്കുന്നത് ചരിത്രത്തോടു ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ്...

    ReplyDelete