Wednesday 21 August 2019

കമ്മ്യൂണിസ്റ്റ് നാടുകളിലെ പള്ളികള്‍


കമ്മ്യൂണിസ്റ്റുകാരുടെ ഭരണകാലത്ത് ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുമോ? ഒരിക്കലുമില്ല. ജനങ്ങളില്‍ ഉണ്ടാകുന്ന സാംസ്‌കാരികമായ പുരോഗതിയും ബോധ്യങ്ങളും കൊണ്ട് ആരാധകരുടെ അംഗസംഖ്യ കുറയും. അതിനു കമ്മ്യൂണിസം തന്നെ വേണമെന്നില്ല. സ്‌കാന്റിനേവിയന്‍ രാജ്യങ്ങളാണ് ഉദാഹരണം.

സ്‌കാന്റിനേവിയന്‍ രാജ്യങ്ങളില്‍ പുതിയ പളളികളില്ല. പഴയ പളളികളില്‍ ആരാധകരുമില്ല. നോര്‍വെയിലും മറ്റും പള്ളിയില്‍ കയറാന്‍ ടിക്കറ്റ് എടുക്കുകയും വേണം. റഷ്യന്‍ വിപ്ലവത്തിന് മുന്‍പ് മോസ്‌ക്കോയില്‍ മാത്രം അനവധി പളളികള്‍ ഉണ്ടായിരുന്നു. അതില്‍ പുരാതനമായ പള്ളികളെ കണ്ണിലെ കൃഷ്ണമണി പോലെ അവര്‍ സംരക്ഷിച്ചു. പലതും മ്യൂസിയങ്ങളാക്കുക വഴി ലോകത്തുള്ള ചരിത്ര കുതുകികള്‍ക്കെല്ലാം പ്രവേശനവും കിട്ടി. രാജാക്കന്മാരുടെയും ബന്ധുക്കളുടെയും കല്ലറകളുള്ള സാര്‍ ചക്രവര്‍ത്തിമാരുടെ സ്വര്‍ണപ്പള്ളികള്‍ അങ്ങനെതന്നെ നിലനിര്‍ത്തിയിട്ടുണ്ട്. വിവിധ സഭകള്‍ മത്സരിച്ചു കെട്ടിപ്പൊക്കിയ പളളികള്‍ ധാന്യസംഭരണ ശാലകളും വാസസ്ഥലങ്ങളും ആക്കിയിരുന്നു. വിപ്ലവത്തിന് മുന്‍പേയുള്ള മുസ്‌ലിംപളളി കമ്മ്യൂണിസ്റ്റ് കാലത്ത് സംരക്ഷിച്ചു. ഇപ്പോഴും അത് മോസ്‌ക്കോയില്‍ തലയുയര്‍ത്തിനില്‍ക്കുന്നു.

കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുകയും രാഷ്ട്രം തന്നെ പിരിച്ചുവിടുകയും ചെയ്‌തെങ്കിലും മാര്‍ക്‌സിനോടും ലെനിനോടും റഷ്യന്‍ ജനതയ്ക്ക് ഇന്നും സ്‌നേഹവും ബഹുമാനവും ഉണ്ട്. മാര്‍ക്‌സിന്റെ ഒരു കൂറ്റന്‍ പ്രതിമയും മെട്രോ റയില്‍വേ സ്റ്റേഷനിലെ ലെനിന്റെ പ്രതിമകളും അരിവാളും ചുറ്റികയും ഒക്കെ അവിടെത്തന്നെയുണ്ട്. ലെനിന്‍ മുസോളിയത്തില്‍ ആ മഹാനായ രാഷ്ട്രശില്‍പ്പിയുടെ ശരീരം കാണാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്നവരോടൊപ്പം റഷ്യയിലെ പുതുതലമുറയും നിരനിരയായി നില്‍ക്കുന്നുണ്ട്.

റഷ്യയുടെ പതാക മാറ്റിയെങ്കിലും നാവികസേനാ ദിനത്തില്‍ സെയിന്റ് പീറ്റേഴ്‌സ്ബര്‍ഗ്ഗില്‍ പാറിക്കളിക്കുന്നത് അരിവാളും ചുറ്റികയും നക്ഷത്രവും ഉള്ള വെണ്‍കൊടികള്‍.

മതാചാരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ള ഒരു പ്രഖ്യാപിത നാസ്തികരാഷ്ട്രമാണ് വിയറ്റ്‌നാം. അവിടെ ഹോചിമിന്‍ സിറ്റിയില്‍ തന്നെ ഒരു കൂറ്റന്‍ ക്രിസ്ത്യന്‍ പള്ളി തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. നിരവധി ബുദ്ധവിഹാരങ്ങളും ആരാധകരില്ലാത്തതിനാല്‍ ആചാരങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പ്രാധാന്യമില്ലാതെ അവിടെയുണ്ട്.

ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മതവിശ്വാസികള്‍ക്ക് അംഗത്വം നല്‍കില്ലെന്ന നിശ്ചയത്തില്‍ അയവുവരുത്തുകയും മാര്‍പ്പാപ്പമാര്‍ ക്യൂബ സന്ദര്‍ശിക്കുകയും ചെയ്തല്ലോ. സാധാരണഗതിയില്‍ പാര്‍ട്ടിയും മതവുമായി യോജിച്ചു പ്രവര്‍ത്തിച്ചാല്‍ ക്രമേണ മതം പുരോഗമന പ്രത്യയ ശാസ്ത്രത്തെ വിഴുങ്ങുന്നതായാണ് കാണാറുള്ളത്. എന്നാല്‍ ക്യൂബയിലെ ക്രിസ്തുമതം ഒന്നടങ്കം പുരോഗമന രാഷ്ട്രീയപക്ഷത്തു നില്‍ക്കുകയും ക്യൂബയോടുള്ള അമേരിക്കന്‍ നിലപാടിനെ എതിര്‍ക്കുകയും ചെയ്യുന്നതായാണ് കാണുന്നത്. ഈ നിലപാട് അമേരിക്കന്‍ ക്രൈസ്തവ സഭകളെപോലും സ്വാധീനിച്ചിരിക്കുന്നു. അവര്‍ അമേരിക്കയില്‍ ജീവിച്ചു കൊണ്ടുതന്നെ ക്യൂബയോടുള്ള അമേരിക്കന്‍ നിലപാടിനെ എതിര്‍ക്കുന്നു. കമ്മ്യൂണിസത്തോട് ചേര്‍ന്നാല്‍ ക്രിസ്തുമതവും ചിലയിടങ്ങളില്‍ നന്നാവും എന്നാണല്ലോ ഇത് പഠിപ്പിക്കുന്നത്.

പ്രഖ്യാപിത നാസ്തികരാജ്യമാണ് കമ്മ്യൂണിസ്റ്റ് ചൈന. എന്നാല്‍ അവിടെയും പുരാതന ആരാധനാലയങ്ങള്‍ തുടരുന്നുണ്ട്. വത്തിക്കാനുമായി ബന്ധമില്ലാത്ത ക്രിസ്ത്യന്‍ പള്ളിയും പുരാതന ബുദ്ധവിഹാരങ്ങളും ഉണ്ട്.
ഒരു പ്രത്യേക ഇസ്‌ലാംമത വിഭാഗത്തിന് മതപാഠശാലപോലും അനുവദിച്ചിട്ടുണ്ട്. ആരാധിക്കാന്‍ ആളില്ല എന്നൊരു വിഷയം ശാസ്ത്രീയ ബോധവല്‍ക്കരണം കൊണ്ട് ആ രാജ്യത്ത് സംഭവിച്ചിട്ടുണ്ട്.

കേരളത്തിലാണെങ്കില്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ആരാധനാലയങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. എല്ലാ ക്ഷേത്രങ്ങളും ഉദ്ധാരണത്തിനു വിധേയമായി. താജ്മഹലിനെ ഓര്‍മ്മിപ്പിക്കുന്ന പള്ളികള്‍ തലങ്ങും വിലങ്ങും ഉയര്‍ന്നു. ക്രിസ്തുവിനു തിരിച്ചിറങ്ങാന്‍ കഴിയാത്തത്രയും കുരിശുകള്‍ ഉയര്‍ന്നു. അഖിലേന്ത്യാതലത്തില്‍ നോക്കിയാല്‍ ബാബറിപ്പള്ളി തകര്‍ത്തത് വിഭാഗീയതയും വര്‍ഗീയതയും മതസ്പര്‍ധയും ആയുധവല്‍ക്കരിച്ച തീവ്രവാദവും വളരാന്‍ ഇടയാക്കി.

കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെയും സ്‌കാന്റിനേവിയന്‍ രാജ്യങ്ങളെയും നിരീക്ഷിച്ചാല്‍ ചരിത്ര പ്രാധാന്യവും കലാമൂല്യവുമുള്ള മതനിര്‍മ്മിതികള്‍ സംരക്ഷിക്കുവാനും വേണമെന്നുള്ളവര്‍ക്ക് സുരക്ഷിതമായി പ്രാര്‍ഥിക്കാനും ഇന്ത്യയില്‍ ഇന്നുള്ള രാഷ്ട്രീയവ്യവസ്ഥ അപര്യാപ്തമെന്ന് വിലയിരുത്താം. പ്രാര്‍ത്ഥന കൊണ്ട് ഒരു കാര്യവുമില്ല എന്ന് കരുതുന്നവര്‍ക്ക് സുരക്ഷിതമായി ജീവിക്കാനും ഇന്ത്യന്‍ കാലാവസ്ഥ മാറേണ്ടിയിരിക്കുന്നു.

സെയിന്റ്പീറ്റേഴ്‌സ് ബര്‍ഗ്ഗിലെ സ്വര്‍ണ്ണപ്പള്ളികള്‍ കണ്ടുനടന്നപ്പോള്‍ സഹയാത്രികനായ ബഷീര്‍ പറഞ്ഞു. ”ഞാന്‍ കമ്മ്യൂണിസ്റ്റുകാരെ ബഹുമാനിക്കുന്നു. അവരിതു തകര്‍ത്തു കളയാതെ നമുക്ക് കാണാനായി കാത്തുവച്ചല്ലോ.” അതെ അഫ്ഗാനിസ്ഥാനിലെ ബുദ്ധശില്‍പ്പങ്ങളും ഇന്ത്യയിലെ ബാബറിപ്പള്ളിയും തകര്‍ത്തതു പോലെ കമ്മ്യൂണിസ്റ്റുകള്‍ അവയൊന്നും നശിപ്പിച്ചില്ലല്ലോ.

1 comment:

  1. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെയും സ്‌കാന്റിനേവിയന്‍ രാജ്യങ്ങളെയും നിരീക്ഷിച്ചാല്‍ ചരിത്ര പ്രാധാന്യവും കലാമൂല്യവുമുള്ള മതനിര്‍മ്മിതികള്‍ സംരക്ഷിക്കുവാനും വേണമെന്നുള്ളവര്‍ക്ക് സുരക്ഷിതമായി പ്രാര്‍ഥിക്കാനും ഇന്ത്യയില്‍ ഇന്നുള്ള രാഷ്ട്രീയവ്യവസ്ഥ അപര്യാപ്തമെന്ന് വിലയിരുത്താം. പ്രാര്‍ത്ഥന കൊണ്ട് ഒരു കാര്യവുമില്ല എന്ന് കരുതുന്നവര്‍ക്ക് സുരക്ഷിതമായി ജീവിക്കാനും ഇന്ത്യന്‍ കാലാവസ്ഥ മാറേണ്ടിയിരിക്കുന്നു.

    ReplyDelete