വിചിത്രവും സരസവുമാണ് കേരളത്തിലെ അന്ധവിശ്വാസത്തില്‍ അധിഷ്ഠിതമായ അനുഷ്ഠാനങ്ങള്‍. ആനയോട്ടം, കുതിരയോട്ടം,അഗ്നിക്കാവടി, തെയ്യങ്ങളുടെ തീയില്‍ ചാട്ടം, മൃഗവേട്ട,മീനൂട്ട്, ഉറുമ്പൂട്ട്, മുതലയൂട്ട്,പ്രാവൂട്ട്,കാക്കയൂട്ട് ,കാളയൂട്ട് ആനവാലില്‍ തൂങ്ങല്‍, ഉരുള്‍,ഗരുഡന്‍ തൂക്കം തുടങ്ങി ദൈവപ്രീതിക്കുവേണ്ടി നടത്തുന്ന അപകടകരമായ അഭ്യാസങ്ങള്‍ ഏറെയാണ്. ആനവാല്‍ മോതിരം, പുലിപ്പല്ലുമാല തുടങ്ങി ആഭരണമായി അണിയുന്ന അന്ധവിശ്വാസങ്ങളും അനവധി.
കുംഭമേള തുടങ്ങിയ ഉത്തരേന്ത്യന്‍ ആള്‍ക്കൂട്ട സാധ്യതകളെ തടയാന്‍ അവിടെയുള്ള ഭരണാധികാരികളും അക്കൂട്ടത്തില്‍ പെട്ടവരാകയാല്‍ സാധിച്ചില്ല. ഗംഗാദേവിയുടെ അനുഗ്രഹമുള്ളതിനാല്‍ കുംഭമേളയില്‍ പങ്കെടുക്കുന്നവര്‍ക്ക്
കൊറോണ ബാധിക്കില്ലെന്ന് പറയാനും വേണ്ടി അജ്ഞാനമുള്ള
മന്ത്രിമാര്‍ പോലും അവിടെയുണ്ട്. മാസ്ക്ക് ധരിക്കേണ്ടത്
ജനനേന്ദ്രിയത്തിലല്ലെന്ന് പറഞ്ഞുകൊടുക്കാനുള്ള യുക്തിപോലും
ആ ഗോമൂത്രാരാധകര്‍ക്ക് ഉണ്ടായില്ല.ഫലമോ? ആയിരക്കണക്കിനു ആരാധകര്‍ കോവിഡ് ബാധിതരായി.
പശു ഉഛ്വസിക്കുന്നത് ഓക്സിജനാണെന്ന് കരുതുന്ന ഭരണാധികാരികളുള്ള ഉത്തരേന്ത്യയില്‍ പ്രാണവായു കിട്ടാതെയുള്ള മരണം സ്വാഭാവികം. ഇപ്പോഴുണ്ടായിരിക്കുന്ന കൂട്ടമരണങ്ങളില്‍ നിന്നു പോലും ഭരണാധികാരികള്‍ പഠിക്കുകയില്ല. കാരണം അവര്‍ക്കിത് രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയുള്ള തന്ത്രം മാത്രമാണ്.
ഒരു ജനതയെ നിരക്ഷരരും അന്ധവിശ്വാസികളുമാക്കി നിറുത്തേണ്ടത് സംഘ പരിവാറിന്റെ രാഷ്ട്രീയ ആവശ്യമാണ്. കോവിഡ് ബാധിച്ച ഒരു സംഘിനേതാവും ഓക്സിജന്‍ കിട്ടാതെ മരിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.
കേരളം ഇക്കാര്യത്തില്‍ ശാസ്ത്രീയ ബോധത്തോടെ മുന്നോട്ട് പോയി. കോവിഡ് പകര്‍ച്ചയെ പ്രതിരോധിക്കാനുള്ള പ്രധാന ആയുധം സാമൂഹ്യ അകലം പാലിക്കുക എന്നതാണു. ഉത്സവസ്ഥലത്ത് അത് അപ്രായോഗികം തന്നെ.
അതിനാല്‍ ഉത്സവങ്ങള്‍ മാറ്റി വയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തു. ഇരിങ്ങാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ ഉത്സവം പാവറട്ടി, എടത്വാ പള്ളികളിലെ പെരുന്നാള്‍ ആഘോഷങ്ങള്‍ തുടങ്ങി സുപ്രധാനമായ പല ആള്‍ക്കൂട്ട സാദ്ധ്യതകളും ഉപേക്ഷിച്ചു.അനുഷ്ഠാനങ്ങളില്‍ അല്‍പ്പം പോലും വെള്ളം ചേര്‍ക്കാന്‍ അനുവദിക്കാത്ത ഇസ്ലാം മത പ്രാര്‍ഥനാലയങ്ങളില്‍ പോലും ആള്‍ക്കൂട്ട നിയന്ത്രണമുണ്ടായി. നിസ്ക്കാരപ്പായ വീട്ടില്‍ നിന്നും കൊണ്ടുവരണമെന്നുവരെ നിബന്ധനയുണ്ടായി.
സന്യാസിമാരെയടക്കം കോവിഡ് പിടികൂടിയതിനാല്‍ കാഞ്ഞങ്ങാട്ടെ ആനന്ദാശ്രമത്തിന് താഴിട്ടു.
കെട്ടിപ്പിടിക്കുന്ന ആള്‍ദൈവം ആ അനുഗ്രഹം സ്വപ്നത്തിലേക്കുമാറ്റി.അത്ഭുത രോഗശാന്തി ശുശ്രൂഷകള്‍ റദ്ദാക്കി.
കേരളീയരുടെ ആഹ്ളാദോത്സവമാണ് തൃശൂര്‍ പൂരം. നീണ്ട വിവാദങ്ങള്‍ക്ക് ശേഷമാണെങ്കിലും ആള്‍പ്പൂരത്തെ നിയന്ത്രിക്കാന്‍ സാധിച്ചു.അന്ധവിശ്വാസത്തിന്‍റെ തല കൊയ്തു കൊണ്ടാണ് ശക്തന്‍ തമ്പുരാന്‍ പൂരപ്പറമ്പ് ഒരുക്കിയത്. അത് മനസ്സിലാകാതെ പോയവര്‍ അന്ധവിശ്വാസത്തില്‍ അധിഷ്ഠിതമായ ചടങ്ങുകള്‍ നടത്തണമെന്ന് വാശി പിടിച്ചു.
വിശ്വാസിയുടെ പക്ഷത്തുനിന്നു നോക്കിയാല്‍ വടക്കുംനാഥന്‍ ശക്തന്‍ തമ്പുരാന്റെ ഭാഗത്താണെന്ന് കാണാം. മരക്കൊമ്പ് മുറിഞ്ഞു വീണു ക്ഷേത്രഭാരവാഹികള്‍ ദാരുണമായി മരണമടഞ്ഞതും പൂജാരിക്ക്
കോവിഡ് വന്നു ക്ഷേത്രം പൂട്ടിയതുമൊക്കെ ദൈവാതൃപ്തിക്കു ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യും.
എന്നാല്‍ മനുഷ്യരെ സംബന്ധിച്ചിടത്തോളം ആ മരണങ്ങള്‍ ഈശ്വര ശിക്ഷയല്ല. പൂരം മാറ്റിവയ്ക്കാനുള്ള നിര്‍ദേശം അവഗണിച്ചതുകൊണ്ട് സംഭവിച്ചതാണ്. അവരുടെ കുടുംബങ്ങളെ സംരക്ഷിക്കാന്‍ ക്ഷേത്രക്കമ്മിറ്റി തയ്യാറാവണം
കാല്‍വിരലറ്റുപോയ പാവങ്ങളായ വാദ്യകലാകാരന്മാരെ തൊഴില്‍ സ്ഥലത്തു അപകടമുണ്ടായാല്‍ സഹായിക്കുന്നത്പോലെ സഹായിക്കണം. . ദൈവത്തെ ചുമന്നു നിന്ന ആനയ്ക്കുണ്ടായ മാനസിക വിഭ്രാന്തിക്ക് ആര് സമാധാനം പറയും?
പൂരം മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടവരില്‍ തൃശൂരില്‍ താമസക്കാരായ വൈശാഖന്‍, കെ.ജി.എസ്, പി.എന്‍.ഗോപീകൃഷ്ണന്‍ തുടങ്ങിയവരുണ്ടായിരുന്നു. ക്യൂബന്‍ വിപ്ലവാനാന്തരം കരിമ്പ് വിളവെടുപ്പ് നടത്തുന്നതിനായി ക്രിസ്തുമസ് മാറ്റിവച്ച മഹാനായ ഫിഡല്‍ കാസ്ട്രോ അവരെ സ്വാധീനിച്ചിട്ടുണ്ടാകാം.
എന്നാല്‍ അധികാരികളുടെ കണ്ണു വെട്ടിച്ച് ഒരു ആള്‍ക്കൂട്ടോത്സവം പാലക്കാട്ട് കൊണ്ടാടി. തത്തമംഗലത്തെ വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തിലെ അങ്ങാടിവേലയായിരുന്നു അത്. തമിഴ് വംശജരായ ഒരു പ്രത്യേക സമൂഹമാണ് അവിടെ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നേര്‍ച്ചയായി കുതിരയോട്ടം നടത്തുന്നത്. ജെല്ലിക്കെട്ട് മാതൃകയിലുള്ള അപകടങ്ങളും അവിടെ സാധാരണമാണ്.ഇത്തവണയും വന്നു അമ്പതിലധികം കുതിരകള്‍. കുതിര ആള്‍ക്കൂട്ടത്തിലേക്ക് ഇരച്ചുകയറി. പലര്‍ക്കും പരിക്കേറ്റു.
ആള്‍ക്കൂട്ടങ്ങളുണ്ടാകാതെ സൂക്ഷിക്കേണ്ടത് അധികാരികളുടെ മാത്രം ചുമതലയല്ല. ആളുകളുടെ കൂടി ചുമതലയാണ്.
തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ പല സ്ഥാനാര്‍ഥികള്‍ക്കും കിട്ടുന്ന വോട്ടിന്‍റെ എണ്ണം സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണത്തെക്കാളും കുറവായിരിക്കും. നമ്മള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.