Tuesday 13 April 2021

കവിതയും സിനിമയും നൃത്തവും സഹിക്കാത്ത മതം.


ഇടയ്ക്കിടയ്ക്ക് പൊട്ടിപ്പഴുത്ത് ദുര്‍ഗ്ഗന്ധം പ്രസരിപ്പിക്കുന്ന വ്രണമാണ് മതം. ജാതിമത സ്വാധീനത്തെ  ഒഴിവാക്കിക്കൊണ്ടുള്ള മാനുഷികചിന്തകള്‍ ഔഷധമായി സ്വീകരിക്കാത്തിടത്തോളം കാലം മത വ്രണം അതിന്‍റെ സ്നേഹവിരുദ്ധ വികാരം   പ്രകടിപ്പിച്ചുകൊണ്ടിരിക്കും.

ഒരു ഭഗവദ് ഗീതയും കുറെ മുലകളും, ഈശ്വരന്‍ അറസ്റ്റില്‍ തുടങ്ങി ശീര്‍ഷകത്തില്‍ത്തന്നെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ കൊടികളുയര്‍ത്തിയ രചനകളെ ആഹ്ളാദത്തോടെ സ്വീകരിച്ച കേരളമാണ്. 
എം.ടി.വാസുദേവന്‍ നായരുടെ നിര്‍മ്മാല്യമെന്ന സിനിമയില്‍, 
ഭഗവതിയുടെ മുഖത്തു കാര്‍ക്കിച്ചു തുപ്പുന്ന വെളിച്ചപ്പാടായി അഭിനയിച്ച പി.ജെ.ആന്‍റണിയെ ഇന്ത്യയിലെ ഏറ്റവും നല്ല നടനാക്കാന്‍ ഒരുക്കിയെടുത്ത കേരളമാണ്. .

മദ്ധ്യപ്രദേശിലെ മന്ത്രി കോവിഡിനെതിരെ   വിമാനത്താവളത്തില്‍ മന്ത്രവാദം നടത്തിയപ്പോള്‍ ആശുപത്രി സജ്ജീകരിക്കാനും അന്നം കൊടുക്കാനുമായി ഓടിനടക്കുകയായിരുന്നു കേരളത്തിന്‍റെ മന്ത്രിമാര്‍. 

കേരളത്തിലെ വികലപക്ഷരാഷ്ട്രീയം അമ്മമാരുടെയും 
സഹോദരിമാരുടേയും പെണ്‍ മക്കളുടെയും ആര്‍ത്തവകാലത്തെ കുറിച്ചു ആലവാതിപ്പെട്ട് തീണ്ടാരിവിരുദ്ധസമരം നടത്തിയപ്പോള്‍ വിശുദ്ധകളായ അവരുടെ തൊഴില്‍ സാധ്യതകളെ കുറിച്ചും      ശാക്തീകരണത്തെ കുറിച്ചും  ചിന്തിക്കുകയായിരുന്നു ഹൃദയപക്ഷ രാഷ്ട്രീയം.  

ഇങ്ങനെയൊക്കെയാണെങ്കിലും മതരോഗത്തിനുള്ള. ചികിത്സ കേരളത്തില്‍ ഫലപ്രദമായില്ല. അതിനാല്‍ മതരാഷ്ട്രീയവും മതതീവ്രവാദവും
അതിന്‍റെ പോഷകശക്തികളായ അന്ധവിശ്വാസവും അനാചാരവും കേരളത്തില്‍ കുറഞ്ഞ തോതിലെങ്കിലും നിലനില്‍ക്കുന്നു.  .

ഇടയ്ക്കിടയ്ക്ക് അവ കോമ്പല്ലുകള്‍ പുറത്തുകാട്ടുന്നു. മനുഷ്യരക്തം ഒഴിച്ചു കുടിക്കാനുള്ള ചഷകങ്ങള്‍ തുടച്ചു വയ്ക്കുന്നു. രാത്രി സഞ്ചാരത്തോടൊപ്പം ഇടയ്ക്കിടയ്ക്ക് സായാഹ്നസവാരിയും പരീക്ഷിച്ചു നോക്കുന്നു.

ഇങ്ങനെ തലപൊക്കിയപ്പോഴാണ് കുമോചനസമരം ഉണ്ടായത്. .ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ് നിരോധിക്കേണ്ടിവന്നത്. മതമില്ലാത്ത ജീവന്‍ എന്ന പാഠം പിന്‍വലിക്കേണ്ടിവന്നത്.ഭഗവാന്‍ കാലുമാറുന്നു എന്ന നാടകത്തിനു ജനകീയ സംരക്ഷണം നല്‍കേണ്ടി വന്നത്.

ഇപ്പൊഴും, മയങ്ങിക്കിടന്ന ആ പ്ലേഗ് തലപൊക്കിയിരിക്കുന്നു  പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്താണ് അടുത്തകാലത്ത് നാമത് കണ്ടത്. നീയാം തണല്‍ എന്ന സിനിമയുടെ ചിത്രീകരണം തടയപ്പെട്ടു. ഉപകരണങ്ങള്‍ നശിപ്പിച്ചു. ചിത്രീകരണസ്ഥലത്ത് സിനിമാകൌതുകവുമായി വന്ന എട്ടു വയസ്സുകാരിയുടെ കൈ തല്ലിയൊടിച്ചു. കാരണം, ഹിന്ദു മുസ്ലിം പ്രണയമാണ് സിനിമയുടെ പ്രമേയം എന്നതായിരുന്നു.

 ഹിന്ദു - മുസ്ലിം സ്നേഹകഥ മലയാളസിനിമയില്‍ 
പുതിയതൊന്നുമല്ല. ചെമ്മീന്‍,ആധാരം, ഹിസ് ഹൈനസ് അബ്ദുള്ള,ഉദയപുരം സുല്‍ത്താന്‍. തട്ടത്തിന്‍ മറയത്ത്, ദര്‍ബോണി, സൂഫിയും സുജാതയും പഞ്ചാഗ്നി, എന്നു സ്വന്തം മൊയ്തീന്‍.... അങ്ങനെയെത്ര സിനിമകള്‍! അപ്പോഴെങ്ങും ഉണ്ടാകാത്ത കലിപ്പ് ഇപ്പോഴുണ്ടാകാന്‍ കാരണമെന്താണ്. യാതൊരു സംശയവും വേണ്ട.
ഹിന്ദുമത തീവ്രവാദികള്‍ക്ക് കേന്ദ്ര രാഷ്ട്രീയ നേതൃത്വം നല്‍കുന്ന പിന്തുണയാണ്. .

സുപ്രീം കോടതിയെ ബഹുമാനിക്കാന്‍ ബാധ്യതയുള്ള പ്രധാനമന്ത്രി കേരളത്തില്‍ വന്നു സ്ത്രീപുരുഷ സമത്വമെന്ന ഭരണഘടനാ മൂല്യത്തിനെതിരേ തീണ്ടാരി സമരത്തിനു    പിന്തുണ പ്രഖ്യാപിച്ചുകൊണ്ടു, മുദ്രാവാക്യം വിളിക്കുന്ന ലാഘവത്തോടെ മീനമാസത്തില്‍ ശരണം വിളിച്ചാല്‍ തീവ്രവാദികളുടെ മതവ്രണം 
വികാരപ്പെടും. സമചിത്തതയുള്ള മലയാളിയെ അതു ബാധിക്കില്ലെങ്കില്‍ കൂടിയും. 

മത തീവ്രവാദം ഒരു മതത്തിന്‍റെ മാത്രം പ്രശ്നമല്ല. മൌലികവാദികളായ ഏതു മത വിശ്വാസിയും ഒരു പ്രത്യേക  സാഹചര്യത്തില്‍ മതതീവ്രവാദിയായി മാറാം. 

ജാനകി ഓം കുമാറും നവീന്‍ റസാക്കും നിഷ്ക്കളങ്കതയോടെ നൃത്തം ചെയ്തപ്പോള്‍ നീലമാനം  ഇടിഞ്ഞുവീണില്ലെങ്കിലും മതവാദികളുടെ ദുരഭിമാനം ഇടിഞ്ഞു വീണു.

ലോകത്തെവിടെയുമുള്ള വിമോചന പ്രസ്ഥാനമാണ് മാര്‍ക്സിസം. അതിനെ അഭിവാദ്യം ചെയ്തതിനാല്‍ ബാഗ്ദാദും.  കണ്ണടയും രേണുകയുമൊക്കെ മലയാളിക്ക് സമ്മാനിച്ച കവി മുരുകന്‍ കാട്ടാക്കടയ്ക്കെതിരെ  കൊലവിളി നടത്തിയ മതവാദിയെയും ഭരിക്കുന്നത് സ്നേഹവിരുദ്ധ വികാരമാണ്. അതെ മതതീവ്രവാദം പൂര്‍ണ്ണമായും സ്നേഹവിരുദ്ധമാണ്. പ്രണയ വിരുദ്ധവും മനുഷ്യവിരുദ്ധവുമാണ്.

ജാതിമതദൈവചിന്തകള്‍ക്ക് സ്വജീവിതത്തില്‍ ഒരു പ്രധാന്യവും കൊടുക്കാത്തവരായിരുന്നു നമുക്കേറെ പ്രിയപ്പെട്ട കെ.ടി മുഹമ്മദും വയലാറും ദേവരാജനും. അവരൊരുമിച്ചപ്പോള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ചലച്ചിത്രഗാനം ഉണ്ടായി. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു/മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു/ മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കു വെച്ചു, മനസ്സു പങ്കു വെച്ചു എന്ന എക്കാലത്തെയും മികച്ച ഗാനം. വല്ലപ്പോഴുമെങ്കിലും, അച്ഛനും ബാപ്പയുമെന്ന സിനിമയിലെ ആ  പാട്ടു നമ്മള്‍  കേള്‍ക്കുന്നതു നല്ലതാണ്.

No comments:

Post a Comment