അടുത്തകാലത്ത് ഓര്‍മ്മയിലേക്ക് ഓടിക്കയറിയ രണ്ടു പഴയ സിനിമകളാണ് പഞ്ചവടിപ്പാലവും സ്ഥാനാര്‍ത്ഥി സാറാമ്മയും.പാലാരിവട്ടം പാലമാണ് പഞ്ചവടിപ്പാലത്തെ ഓര്‍മ്മയിലെത്തിച്ചതെങ്കില്‍ സ്ഥാനാര്‍ത്ഥി സാറാമ്മയെ പ്രകാശിപ്പിച്ചത് തെരഞ്ഞെടുപ്പാണ്.
സാറാമ്മയും എതിര്‍ സ്ഥാനാര്‍ഥിയും വാഗ്ദാനപ്പെരുമഴ പെയ്യിക്കുന്നത് ഒരു കാഥികനിലൂടെയാണ്.ഇപ്പോള്‍ ഒരേ പ്രസ്സില്‍ വിവിധ മുന്നണികളുടെ പ്രകടനപത്രിക അച്ചടിച്ച് ഇറക്കുന്നതുപോലെ. അല്ലെങ്കില്‍ ഒരേ ആര്‍ട്ടിസ്റ്റ് കീരിപ്പാര്‍ട്ടിയുടെയും പാമ്പുപാര്‍ട്ടിയുടെയും പോസ്റ്റര്‍ തയ്യാറാക്കുന്നതുപോലെ. തികച്ചും യാന്ത്രികമായ ഒരു പ്രക്രിയയാണത്. ആര്‍ട്ടിസ്റ്റിന്‍റെ വോട്ടിനെ ഇത് ബാധിക്കുകയേയില്ല.
അശരണര്‍ക്കുള്ള അറുനൂറു രൂപ പെന്‍ഷന്‍ പോലും നല്കാതിരുന്ന മുന്നണി ലേലത്തുക ഉയര്‍ത്തുന്നതു പോലെ പ്രകടന പത്രികയിലെ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ചു കണ്ടപ്പോള്‍ അടൂര്‍ഭാസി അവതരിപ്പിച്ച ആ കാഥികനെയാണ് ഓര്‍മ്മവന്നത്.
അന്ന് ഇന്നത്തെപ്പോലെ വോട്ടിങ് യന്ത്രമില്ല. ഓരോ സ്ഥാനാര്‍ഥിയുടെയും ചിഹ്നം പതിച്ച പെട്ടികള്‍ ബൂത്തിലുണ്ടാകും.ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തി അതാത് പെട്ടികളില്‍ നിക്ഷേപിക്കണം.
സാറാമ്മയുടെ പെട്ടി കുരുവിപ്പെട്ടി. എതിര്‍ സ്ഥാനാര്‍ഥിയുടെ പെട്ടി കടുവപ്പെട്ടി. കുരുവിയും കടുവയും തമ്മിലാണ് മത്സരം.വാഗ്ദാനങ്ങള്‍ അവതരിപ്പിക്കുന്ന കാഥികന്‍ ഇരുവേദികളിലും മാറി മാറി പ്രത്യക്ഷപ്പെടും.കൃഷിക്കാര്‍ക്ക് കൃഷിഭൂമിയും പണക്കാര്‍ക്ക് മരുഭൂമിയും പ്രകടനപത്രികയിലുണ്ടാകും. ആകര്‍ഷകമായി പാടിയാണ് വാഗ്ദാനങ്ങളുടെ അവതരണം. കഥാപാത്രത്തെ അവതരിപ്പിച്ച അടൂര്‍ഭാസിതന്നെയാണ് ചപ്ലാക്കട്ട കൊട്ടി പാട്ടും. പാടിയത്.
പാലങ്ങളും വിളക്കുമരങ്ങളും പാടങ്ങള്‍ക്ക് കലുങ്കുകളും റോഡുകളും നിര്‍മ്മിച്ചു പഞ്ചായത്ത് പറുദീസയാക്കും.നാടാകെ അരിയുടെ കുന്നുകള്‍ സൃഷ്ടിക്കും.. നികുതിവകുപ്പുതന്നെ പിരിച്ചുവിടും.ആര്‍ക്കുവേണമെകിലും വനം പതിച്ചു കൊടുക്കും.
എന്‍.ജി.ഓ മാര്‍ക്കെല്ലാം ശമ്പളം നാലിരട്ടിയായി വര്‍ദ്ധിപ്പിക്കും.
സ്ഥാനാര്‍ഥിയുടെ സൌന്ദര്യം പോലും വര്‍ണ്ണിക്കും.തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ്ഗോപിക്കു വേണ്ടി നടത്തിയ അനൌന്സ്മെന്‍റില്‍ സ്ഥാനാര്‍ഥിയുടെ പേരിനുപകരം
കൊമ്പന്‍,മസ്തകം, കാടിറങ്ങി നാടിറങ്ങി മുടിചൂടാമന്നന്‍ തുടങ്ങിയ വിശേഷണങ്ങള്‍ കേട്ടപ്പോഴും കണ്ടാലഴകുള്ള സാറാമ്മ എന്ന പാട്ടാണ് ഓര്‍മ്മവന്നത്.
ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങളാണ് സ്ഥാനാര്‍ഥി സാറാമ്മയിലുള്ളത്. അന്നത്തെ പഞ്ചായത്തിന് സഫലീകരിക്കാന്‍ കഴിയാത്തത്. എന്നാല്‍ ഇതില്‍ ഒരു വാഗ്ദാനം ചക്ക വീണു മുയല്‍ ചത്തതുപോലെ കാലം കടന്നു പോയപ്പോള്‍ നടപ്പിലായി. എറണാകുളം ജില്ലയിലെ അത്താണിക്ക് കിഴക്ക് തോട്ടുങ്കര എന്നൊരു പ്രദേശമുണ്ടായിരുന്നു. അവിടെ ഈ പാട്ട് പാടി ചില്ലിക്കാശുകള്‍ ശേഖരിച്ചു ജീവിച്ച ഒരു നാടന്‍ കലാകാരനുമുണ്ടായിരുന്നു. തോട്ടുങ്കരയില്‍ വിമാനമിറങ്ങാന്‍ താവളമുണ്ടാക്കും എന്ന വാഗ്ദാനം ആളുകളെ വല്ലാതെ രസിപ്പിച്ചിരുന്നു. അവിടെയാണിപ്പോള്‍ നെടുമ്പാശ്ശേരി വിമാനത്താവളമുള്ളത്!
അടിയുറച്ച കമ്മ്യൂണിസ്റ്റ് ആയിരുന്ന വയലാര്‍ രാമവര്‍മ്മയാണ് മലയാളം കണ്ട ഏറ്റവും ഗംഭീരമായ ഈ സറ്റയര്‍ രൂപപ്പെടുത്തിയത്.പക്ഷേ ഈ സറ്റയറിനെ വെല്ലുന്ന പ്രലോഭനങ്ങളുമായിട്ടാണ് തമിഴ് നാട്ടിലെ മധുര സൌത്തില്‍ മത്സരിക്കുന്ന പ്രാദേശിക പത്രപ്രവര്‍ത്തകനായ തുലാം ശരവണന്‍ സ്ഥാനാര്‍ഥി ആയിട്ടുള്ളത്. .
തമിഴ് നാട്ടില്‍ സാരിയും ടി വിയും എല്ലാം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ആയിരുന്നല്ലോ. പാവപ്പെട്ട തമിഴ് ജനതയ്ക്ക് ഇതൊക്കെ വലിയ കാര്യവുമാണല്ലോ. തമിഴ് നാട്ടില്‍ സൌജന്യമായി കൊടുത്ത മുണ്ടുകള്‍ ശേഖരിച്ചു കേരളത്തില്‍ വിറ്റ കൌശലക്കാര്‍ പോലുമുണ്ട്.
ശരവണന്റെ വാഗ്ദാനങ്ങളിങ്ങനെ.... എല്ലാ വോട്ടര്‍മാര്‍ക്കും നീന്തല്‍ക്കുളം സഹിതം മൂന്നുനില വീട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയ വാഗ്ദാനത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ഓരോരുത്തരുടെയും ബാങ്ക് അക്കൌണ്ടില്‍ ഓരോ കോടി രൂപ.എല്ലാര്‍ക്കും കാറും ഹെലികോപ്റ്ററും. വീടുകളിലേക്ക് കനാല്‍ സൌകര്യമടക്കം ബോട്ട്.വീട്ടമ്മമാരെ സഹായിക്കാന്‍ റോബോട്ട്. വധുക്കള്‍ക്ക് നൂറു പവന്‍ സ്വര്‍ണ്ണം. ഭിന്നശേഷിക്കാര്‍ക്ക് ചന്ദ്രയാത്ര.
നിയോജകമണ്ഡലത്തിലെ കൊടും ചൂടിനെ നേരിടാന്‍ മുന്നൂറടി ഉയരമുള്ള മഞ്ഞുമല.കുപ്പത്തൊട്ടിയാണ് ശരവണന്റെ തെരഞ്ഞെടുപ്പ് ചിഹ്നം.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ പൊള്ളത്തരങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.
ReplyDeleteതെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ പൊള്ളത്തരങ്ങള്‍ അന്നും ഇന്നും ഇന്ത്യൻ ജനത തിരിച്ചറിഞ്ഞിട്ടില്ല ..!