Tuesday 2 March 2021

വിശ്വകവിതയ്ക്കു മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച കവി


സാഷ്ടാംഗ പ്രണാമം ഒരു പ്രാചീന വൈദിക നമസ്ക്കാര രീതിയാണ്.കൈകള്‍, കാല്‍മുട്ടുകള്‍, തോളുകള്‍, നെഞ്ച്,  നെറ്റി ഇവയെട്ടും മണ്ണില്‍ മുട്ടിക്കുന്നതാണ് ഈ നമസ്ക്കാരരീതി.  വൈദികതയുടെ സങ്കല്‍പ്പഭാഷയില്‍ പറഞ്ഞാല്‍ പാദം, ജാനു, കരം, മാറിടം, ശിരസ്സ്,മനസ്സ്, നേത്രം, വാക്ക്  ഇവയെ ശ്രദ്ധാപൂര്‍ണ്ണമാക്കി ഒരു ദണ്ഡു പോലെ ഭൂതലത്തില്‍ വീണു നമസ്ക്കരിക്കുന്നതാണ് സാഷ്ടാംഗ പ്രണാമം.

ലോകകവിതയ്ക്കു മുന്നില്‍ ഇങ്ങനെ സാഷ്ടാംഗം നമസ്ക്കരിച്ച കവിയായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരി. സംസ്കൃതം, ഇംഗ്ലീഷ്, റഷ്യന്‍ ഭാഷകളടക്കം എല്ലാ ഭാഷയിലെയും കവികളെയും കാവ്യ സംസ്ക്കാരത്തെയും അദ്ദേഹം ഹൃദയത്തില്‍ കൊണ്ടുനടന്നു.മരവും കിളിയും കടലും ആകാശവും കൂടി ഉണ്ടെങ്കില്‍ മാത്രമേ മനുഷ്യരാശിക്ക് അസ്തിത്വമുള്ളൂ എന്നദ്ദേഹം കരുതി. നിരവധി മരക്കിടാങ്ങളെ വിഷ്ണുകവി സ്വന്തം കൈകൊണ്ടു നട്ടു.

പാങ്ങോട് പബ്ലിക്ക് ലൈബ്രറിക്ക് മുന്നില്‍   അദ്ദേഹം നട്ട ഒരു നീലമരുതുണ്ട്. പൂമരുത്, മണിമരുത്, നീര്‍മരുത് എന്നൊക്കെ അറിയപ്പെടുന്ന ഈ പൂമരം എല്ലാ ഋതുക്കളെയും പ്രതിഫലിപ്പിക്കുന്നതാണ് അതിപ്പോള്‍ പൂത്തിരിക്കുന്നു. ആ പൂമരുതിന്‍റെ തണലിലായിരുന്നു അദ്ദേഹത്തിന്റെ  
കവിതകള്‍ ആലപിച്ചുകൊണ്ടുള്ള ഓര്‍മ്മയോഗം.പൂമരുത് കൃതജ്ഞതയോടെ കവിയെ ഓര്‍മ്മിച്ചിട്ടുണ്ടാകാം  
കാളിദാസന്‍റെ ഋതുസംഹാരം ഉരുവിട്ടുനടന്നു മലയാളപ്പെടുത്തിയ 
കവിയെ നീലമരുത് മനസ്സുകൊണ്ട്‌ പ്രണമിച്ചിട്ടുണ്ടാകാം.
വൃക്ഷങ്ങളെ പ്രണമിക്കുവാന്‍ കവികള്‍ക്ക് ഒരു മടിയുമില്ലല്ലോ.

  
ഒരു കമ്മ്യൂണിസ്റ്റുകാരന്‍റെ മൃതശരീരത്തിനു മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന വിഷ്ണുനാരായണന്‍ നമ്പൂതിരിയെ    വിസ്മയത്തോടെ 
ഞാന്‍ നോക്കിനിന്നിട്ടുണ്ട്. പ്രകൃതിസ്നേഹിയും ഹിമാലയസഞ്ചാരം നടത്തിയ കമ്മ്യൂണിസ്റ്റും, ലോക്സഭയിലും   
നിയമസഭയിലുമൊക്കെ അംഗവുമായിരുന്ന കെ.വി. സുരേന്ദ്രനാഥിന്റെ മൃതശരീരത്തിന്‍റെ കാല്‍ക്കലാണ് കവി സാഷ്ടാംഗം പ്രണമിച്ചത്.

ലാളിത്യത്തിന്‍റെ ഗോപുരമായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരി. മഹാകവി വൈലോപ്പിള്ളിയെ പോലെ  സൈക്കിളില്‍ സഞ്ചരിച്ചിരുന്ന കവി. മഹാകവി ഇടശ്ശേരിയെ പോലെ  ഖദര്‍ ജൂബയും ഖദര്‍ മുണ്ടും വേഷമാക്കിയിരുന്ന കവി. 
യുവകവികളോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന   കവി. നിരവധി കവികളെ കുറിച്ചു കവിതയെഴുതിയ ഏകകവി, 

മറ്റു കവികളുടെ നിരവധി കവിതകളെ കുറിച്ചു കാവ്യപ്രതികരണം നടത്തിയ കവിയും വിഷ്ണുനാരായണന്‍ നമ്പൂതിരിയാണ്.ഇതില്‍ ഓ.എന്‍.വി, കടവനാട് കുട്ടികൃഷ്ണന്‍, എം.എന്‍. പാലൂര്, വി.കെ.ഗോവിന്ദന്‍ നായര്‍, ഏറ്റുമാന്നൂര്‍ സോമദാസന്‍  തുടങ്ങിയവരുടെയൊക്കെ കവിതകളോടുള്ള സന്തോഷപ്രകടനമുണ്ട്. 

മറവി രോഗം ബാധിക്കുന്നതുവരെ അത്ഭുതകരമായ ഓര്‍മ്മശക്തിയുണ്ടായിരുന്ന കവി. ഒരു സഞ്ചാരവേളയില്‍ മഹാകവി വൈലോപ്പിള്ളിയുടെ കുടിയൊഴിക്കല്‍ പൂര്‍ണ്ണമായും ഹൃദയത്തില്‍ നോക്കി വായിക്കുന്നത് വിസ്മയത്തോടെ ഞാന്‍ കേട്ടിരുന്നിട്ടുണ്ട്.  

അദ്ദേഹത്തിന്‍റെ ആദവും ദൈവവുമെന്ന കവിത പഠിപ്പിക്കരുതെന്നു പറഞ്ഞു ക്രിസ്ത്യാനികള്‍ ബഹളമുണ്ടാക്കി.ഏതു മതവും ഭയപ്പെടുന്നതു പാഠ പുസ്തകങ്ങളെയാണല്ലോ. അറിവുണ്ടായാല്‍ വേദപുസ്തകം അപ്രസക്തമാകുമെന്നതാണതിനു കാരണം.

വയലാറിന്‍റെ കവിതയില്‍ ധൂമില ദിങ്മുഖ ദേവാലയാങ്കണ-
പ്പൂമുഖത്തെത്തിയ യഹോവ വിഷണ്ണതയോടെ പശ്ചാത്തപിക്കുന്നുണ്ടല്ലോ. പറുദീസയില്‍ നിന്നു  മനുഷ്യനെ തച്ചിറക്കേണ്ടായിരുന്നു എന്നാണ് ദൈവം ചിന്തിക്കുന്നത്. വിഷ്ണു  നാരായണന്‍ നമ്പൂതിരിയുടെ ആദവും ദൈവവുമെന്ന കവിതയില്‍ ദൈവം ആദാമിനെ കാണാനായി ഏദന്‍ വിട്ടു വരുകയും ആദാമിനെ  തിരിച്ചു വിളിക്കുകയുമാണ്. ഹവ്വയില്ലാതെ എങ്ങോട്ടുമില്ലെന്ന് ആദം തറപ്പിച്ചു പറയുന്നു. 
ഹവ്വയെയും കൂട്ടിക്കൊള്ളാന്‍ ദൈവം അനുവദിക്കുകയും  ചെയ്യുന്നു. പക്ഷേ, ഈ മനോഹരമായ ഭൂമിവിട്ടുപോകാന്‍ ആദം കൂട്ടാക്കുന്നില്ല. അറിവിന്‍റെ മധുരക്കനി  തിന്നവരാണ് ആദവും 
ഹവ്വയുമെങ്കില്‍, ആ കനിയുടെ  കയ്പ്പുള്ള പുറന്തൊലി തിന്നുകയാണ് താനെന്നു ദൈവം പരിതപിക്കുന്നു. മനുഷ്യപക്ഷത്തുനിന്നുള്ള മഹത്തായ ഒരു രചനയ്ക്കാണ് മത തീവ്രവാദത്തിന്‍റെ വേട്ടയാടലിനു വിധേയയമാകേണ്ടിവന്നത്.
ദൈവത്തിനു  മുന്നിലല്ല, മാനവികതയ്ക്കു മുന്നിലാണ്  അദ്ദേഹത്തിന്റെ  സാഷ്ടാംഗ പ്രണാമം.

ഇംഗ്ലീഷ് പ്രൊഫസറായി വിരമിച്ച അദ്ദേഹത്തിനു അമ്മയുടെ ആഗ്രഹ പ്രകാരം  തിരുവല്ലയിലെ പ്രസിദ്ധമായ ശ്രീവല്ലഭ ക്ഷേത്രത്തിലെ മേല്‍ശാന്തി പദം ഏറ്റെടുക്കേണ്ടിവന്നു. അദ്ദേഹത്തിന്‍റെ നമസ്ക്കാരശീലം അന്നും പ്രശ്നമായി. ക്ഷേത്രത്തിലെത്തിയ സുഗതകുമാരിയെ നമസ്ക്കരിച്ചതിന് അദ്ദേഹത്തിനു മറുപടി പറയേണ്ടതായി വന്നു. നമ്പൂതിരിയായ മേല്‍ശാന്തി നായര്‍സ്ത്രീയെ നമസ്ക്കരിച്ചതായിരുന്നു കുറ്റകൃത്യം. ഇംഗ്ലണ്ടില്‍ പോയി സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍ ചെയ്തതു പോലെയുള്ള വേദാഭിമാന പ്രഭാഷണം നടത്തിയതിനാല്‍ ബ്രാഹ്മണ വര്‍ഗീയ സംഘടനയായ യോഗക്ഷേമസഭ അദ്ദേഹത്തെ അശുദ്ധനാക്കുകയും ചെയ്തു.

സുഗതകുമാരിയെ നമസ്ക്കരിച്ചതിന് വേറെ ചില തൊടുന്യായങ്ങളൊക്കെ ചിലര്‍ കണ്ടെത്തുകയും പത്രങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് അപരിഷ്കൃതമായ നമ്പൂതിരി- നായര്‍ പ്രശ്നമായിത്തന്നെ കണ്ടുകൊണ്ട്  സുഗതകുമാരിയെഴുതിയ ലേഖനം വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക്  
ബോദ്ധ്യപ്പെടുകയും അദ്ദേഹത്തിന്‍റെ സമ്പൂര്‍ണ്ണ സമാഹാരത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ അന്യജാതിക്കാരോടൊപ്പമിരുന്നു ആഹാരം കഴിച്ചതിനും അദ്ദേഹത്തിനു മറുപടി പറയേണ്ടി വന്നിട്ടുണ്ട്. പൌരോഹിത്യപ്പട്ടു വിരിച്ച പീഠത്തില്‍ ഇരിക്കേണ്ടിവന്നപ്പോഴും അയിത്തം തുടങ്ങിയ ദുരാചാരങ്ങളെ അദ്ദേഹം ജീവിതത്തില്‍ നിന്നും ഒഴിവാക്കി. നവോത്ഥാന ശുദ്ധീകരണം കടന്നുവന്ന കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഒരു കവിക്ക് അയിത്തം തുടങ്ങിയ അനാചാരങ്ങളെ അംഗീകരിച്ചു കൊണ്ടു ജീവിക്കാന്‍ സാധിക്കില്ല. 

സഞ്ചാരിയായ കവിയായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരി. 
അത്ഭുതാദരങ്ങളോടെ ഹിമാലയത്തില്‍ കറങ്ങി നടന്ന കവി 
ഇംഗ്ലണ്ടിലും ഗ്രീസിലും  അമേരിക്കയിലും അട്ടപ്പാടിയിലും ഉജ്ജയിനിയിലുമൊക്കെ സഞ്ചരിച്ചു.. 

ജയപ്രകാശ് നാരായണന്റെ   ജീവിതശൈലിയെ അഭിവാദ്യം ചെയ്ത വിഷ്ണുനാരായണന്‍ നമ്പൂതിരി  ഇംഗ്ലണ്ടിലെത്തിയപ്പോള്‍ കാള്‍മാര്‍ക്സിനെ അഭിവാദ്യം ചെയ്യുന്നുണ്ട്. ചവിട്ടിയരക്കപ്പെടാതിരിക്കാനും , തലയുയര്‍ത്തി നില്‍ക്കാനും  തന്നെ    പ്രാപ്തനാക്കിയതിന്    കവി മാര്‍ക്സിനോട് നന്ദിയും പറയുന്നുണ്ട്.

ആത്യന്തികമായി പ്രകൃതി പശ്ചാത്തലമായുള്ള മനുഷ്യനെ പ്രണമിച്ച കവിയായിരുന്നു  വിഷ്ണുനാരായണന്‍ നമ്പൂതിരി.


1 comment:

  1. വിഷ്ണുനാരായണന്‍ നമ്പൂതിരി എന്ന കവി വല്ലഭന് അർപ്പിക്കുന്ന പ്രണാമം...

    ReplyDelete