ഉത്സവം കഴിഞ്ഞുള്ള അമ്പലപ്പറമ്പ് ഒരു കാഴ്ച തന്നെയാണ്. വെടിക്കെട്ടിന്‍റെ അവശിഷ്ടങ്ങളായ കടലാസ്സു കഷണങ്ങള്‍ ഉത്സവപ്പറമ്പില്‍ ഒരു പരവതാനിതന്നെ വിരിച്ചിരിക്കും. അമിട്ടുകുറ്റികള്‍ സ്ഥാപിച്ചിരുന്ന കുഴികള്‍. ചിതറിക്കിടക്കുന്ന സമൃദ്ധമായ പനയോലക്കഷണങ്ങള്‍. ആകാശസഞ്ചാരം കഴിഞ്ഞു വന്ന കടലാസ്സുകുടകള്‍.പൊട്ടിപ്പോയ ബലൂണുകള്‍.ഒഴിഞ്ഞ ഐസ് ക്രീം കപ്പുകള്‍.വളപ്പൊട്ടുകള്‍. ഒറ്റയായിപ്പോയ കുട്ടിച്ചെരിപ്പുകള്‍. ഒഴിഞ്ഞ കടലക്കൂടുകള്‍.
പഴസത്ത് ഒഴിഞ്ഞ വര്‍ണക്കൂടുകള്‍.പൊട്ടാത്ത പടക്കങ്ങള്‍....ഉത്സവം പോലെതന്നെ ഉത്സവപ്പിറ്റേന്നും ഒരു കാഴ്ചതന്നെയാണ്. ഒട്ടും ആഹ്ലാദിപ്പിക്കാത്ത കാഴ്ച.
പൊതു തെരഞ്ഞെടുപ്പുകാലത്ത് വോട്ടെടുപ്പിനുള്ള ബൂത്തായി ഉപയോഗിയ്ക്കുന്ന സ്ക്കൂളുകളുടെയും സ്ഥിതിയിതാണ്. സ്ക്കൂളിലെ കാഴ്ചകള്‍ കുഞ്ഞുമക്കളെ വല്ലാതെ വേദനിപ്പിക്കും.
പി.ടി.എ മീറ്റിങ്ങിനു പോലും സ്ക്കൂളില്‍ കയറാത്ത എല്ലാ രക്ഷകര്‍ത്താക്കളും വോട്ടെടുപ്പ് ദിവസം സ്ക്കൂളിലെത്തും.പോളിംഗ് ഉദ്യോഗസ്ഥരും പോലീസുകാരും പോളിംഗ് ഏജന്റുമാരും ഇടയ്ക്കെത്തുന്ന ഉന്നത ഉദ്യോഗസ്ഥരും സന്ദര്‍ശകരാവുന്ന സ്ഥാനാര്‍ഥികളും സ്ക്കൂള്‍ പരിസരത്തു
തമ്പടിക്കുന്ന രാഷ്ട്രീയക്കാരും..... ശബ്ദരഹിതമായ ഒരു ഉത്സവമാണ് അന്ന് അരങ്ങേറുന്നത്. ചില ബൂത്തുകളില്‍ വെട്ടിക്കെട്ടും ആരവങ്ങളും തുടര്‍ന്ന് നിരോധനാജ്ഞയും ഒക്കെ ഉണ്ടാകും.
ഞാനടക്കമുള്ള നമ്മുടെ പ്രബുദ്ധ ജനതയ്ക്ക് ഇപ്പോഴും വോട്ടര്‍ പട്ടികയിലെ ക്രമ നമ്പരും തണ്ടപ്പേരും ഒന്നും ഓര്‍മ്മ നില്‍ക്കാത്തതിനാല്‍ പാര്‍ട്ടിക്കാര്‍ തരുന്ന ചിഹ്നസഹിതമുള്ള
ചിറ്റുകളുമായാണ് ബൂത്ത് പ്രവേശനം. ഉദ്യോഗസ്ഥര്‍ക്കും അതെളുപ്പം. സ്ലിപ്പ് നോക്കി വോട്ടു ചെയ്യിച്ചു കഴിഞ്ഞാല്‍ ഈ സ്ലീപ്പുകള്‍ ഉദ്യോഗസ്ഥരുടെ ഇരിപ്പിടത്തിനടുത്ത് നിക്ഷേപിക്കപ്പെടും. ഇങ്ങനെ കാര്‍ഡ് ബോര്‍ഡ് പെട്ടിയോ ബക്കറ്റോ കവിഞ്ഞു വീഴുന്ന സ്ലിപ്പുകള്‍ ഇലക്ഷന്‍ മാലിന്യമാണ്.
സിഗരറ്റു കുറ്റികള്‍, മുറുക്കിത്തുപ്പലുകള്‍ അര്‍ദ്ധരാതിയില്‍ ഒന്നു മിനുങ്ങിയിട്ടു വലിച്ചെറിയുന്ന ചെറിയ കുപ്പികള്‍.... എല്ലാം കൂടി ശേഖരിച്ചാല്‍ ഒരു മലയോളം മാലിന്യം. ഇതൊക്കെ ശുദ്ധീകരിക്കാന്‍ നമ്മുടെ വിദ്യാലയങ്ങളില്‍ ജീവനക്കാരുമുണ്ട്.
എന്നാല്‍ ചില നിയമങ്ങള്‍ കരുതലില്ലാതെ നടപ്പാക്കുന്നത് മൂലം
സ്ക്കൂള്‍ തുറന്നു വരുമ്പോള്‍ കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന വലിയ വിഷമങ്ങള്‍ നമ്മള്‍ കണക്കാക്കാറില്ല.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടുന്ന നിര്‍ദേശം അനുസരിച്ചു ഒരു സ്ഥാനാര്‍ഥിയുടെയും ചിഹ്നങ്ങള്‍ ചുമരുകളിലെങ്ങും വരച്ചു വയ്ക്കരുത്. ബൂത്തിന് പുറത്തെ ഭിത്തിയില്‍ പേരും ചിഹ്നവും എഴുതി ഒട്ടിക്കുകയാണ് വേണ്ടത്. ചിഹ്നം കാണുന്നത് വോട്ടിങ്
മെഷീനില്‍ മാത്രം. ഈ നിര്‍ദേശം പാലിക്കാനായി ഉദ്യോഗസ്ഥര്‍ സ്കൂള്‍ ചുമരുകളില്‍ വരച്ചു വച്ചിട്ടുള്ള കൈതച്ചക്കയും സൈക്കിളും ആനയും എല്ലാം തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ അലങ്കോലപ്പെടുത്തും.
ഏറ്റവും വേദന കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് അവര്‍ ക്ലാസ്സ് മുറിയില്‍ വരച്ചൊട്ടിച്ചിരുന്ന ചിത്രങ്ങള്‍ കീറിക്കളയുന്നതാണ്.
ഇത് കീറാതെ സൂക്ഷിച്ചു ഇളക്കി മാറ്റുകയോ മറയ്ക്കുകയോ ചെയ്യാറില്ല. വോട്ടവകാശം കിട്ടിയിട്ടില്ലാത്ത പാവം കുഞ്ഞുങ്ങളുടെ കുരുന്നു വിരലുകള്‍ വരച്ചിട്ട ചിത്രങള്‍
നശിപ്പിച്ചാലും വേണ്ടില്ല, സ്വാധീനരഹിതമായ തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യം സംരക്ഷിക്കാനുള്ള വ്യഗ്രതയിലാണല്ലോ നമ്മള്‍.
കുട്ടികള്‍ക്ക് എളുപ്പം വരയ്ക്കാന്‍ കഴിയുന്ന ഫുട്ബോള്‍, ഐസ് ക്രീം, മൊബൈല്‍ ഫോണ്‍, ആന, ടോര്‍ച്ച്, താമരപ്പൂവ്, നക്ഷത്രം, ക്ലോക്ക്, പുസ്തകം പമ്പരം, മണി ബക്കറ്റ്, കാല്‍ക്കുലേറ്റര്‍ ആപ്പിള്‍,കപ്പ്, ബസ്സ്,സൈക്കിള്‍ ക്രിക്കറ്റ് ബാറ്റ്, രണ്ടില,കസേര, ചക്ക ബ്ലാക്ക് ബോര്‍ഡ് തുടങ്ങിയവയെല്ലാം നമ്മുടെ അനന്തമായ ചിഹ്നശേഖരത്തില്‍ പെടും.
ഇവയൊക്കെ വരച്ചു ക്ലാസ്സ് മുറിയില്‍ ഒട്ടിക്കുമ്പോള്‍ കുട്ടികള്‍ അനുഭവിക്കുന്ന സന്തോഷം കീറിക്കളയുന്നവരും അനുഭവിക്കുന്നുണ്ടാകുമോ?
എന്തായാലും ഈ അനഭിലഷണീയ പ്രവര്‍ത്തനത്തിനെതിരെ ഒരു
കൊച്ചു മിടുക്കി രംഗത്ത് വന്നിരിക്കുന്നു.കൊല്ലം ജില്ലയിലെ പരവൂര്‍ കൂനയില്‍ ഗവ. എല്‍.പി.സ്ക്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി ബി.എസ്.ഗൌരി, ഇതിനെതിരെ ബാലാവകാശ സംരക്ഷണ കമ്മീഷന് പരാതിയയച്ചു.
കമ്മീഷന്‍ പരാതി പരിഗണിച്ചു. ബൂത്തുകളായി ഉപയോഗിച്ച സ്ക്കൂളുകള്‍ക്കുണ്ടായ കേടുപാടുകള്‍ പരിഹരിക്കുന്നതിന്നുള്ള പണം ഇലക്ഷന്‍ കമ്മീഷന്‍ നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരിക്കയാണ്.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം കേടുപാടുകള്‍ വരുത്തിയെങ്കില്‍ അവരുടെ പക്കല്‍ നിന്നും പണം ഈടാക്കണമെന്നും ഉത്തരവിലുണ്ട്.
ഇതനുസരിച്ച് പൊതു വിദ്യാഭ്യാസ ഡയറക്റ്റര്‍, ബൂത്തായി പ്രവര്‍ത്തിച്ച സ്ക്കൂളുകളില്‍ പരിശോധന നടത്തണം. ഈടാക്കി കിട്ടുന്ന തുക ഉപയോഗിച്ച നശിപ്പിക്കപ്പെട്ട ചിത്രങ്ങള്‍ പുനരാവിഷ്ക്കരിക്കണം.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കരിങ്ങന്നൂര്‍ ഗവ. യൂ.പി സ്ക്കൂളിലെ ഒരു
വിദ്യാര്‍ഥി, രാഷ്ട്രപതി കെ.ആര്‍. നാരായണന് ഒരു കത്തയച്ചു. ക്യാന്‍സര്‍ ബാധിച്ചു മരിച്ച അവരുടെ പ്രിയപ്പെട്ട പാട്ടുടീച്ചര്‍ക്ക്
പകരം ഒരു ടീച്ചറെ നിയമിക്കണം എന്നായിരുന്നു ആവശ്യം. രാഷ്ട്രപതിഭവനില്‍ നിന്നും ആശാവഹമായ മറുപടിയും കിട്ടി.
ആവശ്യം കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് തുണമൂല്‍ തലത്തില്‍ തന്നെ അന്വേഷിച്ചു. പാട്ടു ടീച്ചറെ നിയമിക്കേണ്ടെന്നു തീരുമാനിച്ചു.
അന്ന് ബാലാവകാശ കമ്മീഷന്‍ ഇല്ലായിരുന്നു.ഇപ്പോഴിതാ കുട്ടി കള്‍ അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി വിജയസാധ്യതയുള്ള
പോരാട്ടങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.
No comments:
Post a Comment