Tuesday 11 October 2022

അസാധാരണമായ ഒരു ഒസ്യത്ത്

 അസാധാരണമായ ഒരു ഒസ്യത്ത് 

----------------------------------------------------
ഒസ്യത്തെന്നു കേള്‍ക്കുമ്പോള്‍, മരണാനന്തരം സ്വത്ത് വിഭജിക്കാനുള്ള കരാര്‍ എന്നാണല്ലോ നമുക്ക് ഓര്‍മ്മവരുന്നത്., മരണാനന്തരം സ്വന്തം നിശ്ചലശരീരം എന്തുചെയ്യണമെന്ന നിര്‍ദ്ദേ ശങ്ങളാണ് ഈ ഒസ്യത്തിലുള്ളത്.

അങ്ങനെയൊരാള്‍ക്ക് നിര്‍ദ്ദേശിക്കാമോ? നിര്‍ദ്ദേശിച്ചാല്‍ത്തന്നെ ആ നിര്‍ദ്ദേശം നടപ്പിലാക്കപ്പെടുമോ? ഒരു സംശവും വേണ്ട. ഒസ്യത്ത്  എഴുതിവയ്ക്കുന്നവരെ  മനസ്സിലാക്കുന്നവരാണ് കൂടെയുള്ളതെങ്കില്‍ തീര്‍ച്ചയായും നടപ്പിലാക്കപ്പെടും. 

മരണാനന്തരം സ്വന്തം ശരീരം എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നതിന് നിയമപ്രാബല്യം നല്‍കാന്‍ ഒരു നിമസഭാംഗം ശ്രമിച്ചതാണ്. സൈമണ്‍ ബ്രിട്ടോ. ആ സ്വകാര്യബില്ല് നിയമസഭയുടെ ബര്‍മുഡ ട്രയാംഗിളില്‍ പെട്ടുപോയി. ബില്ലു കൊണ്ടുവന്ന നിയംസഭാംഗം, തന്നെ മനസ്സിലാക്കുന്ന കുടുംബാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കിയിരുന്നതിനാല്‍ അദ്ദേഹം മരിച്ചപ്പോള്‍ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ പാഠപുസ്തകമായി.

ഇവിടെ പ്രമുഖനായ പരിസ്ഥിതിസംരക്ഷകന്‍ ഡോ.എ.അച്യു തനാണ് അസാധാരണമായ ഈ ഒസ്യത്ത് ഉണ്ടാക്കിയത്. 2018 ഡിസംബര്‍ 19 നു സ്വന്തം കൈപ്പടയില്‍ അദ്ദേഹം ഈ നിര്ദേശങ്ങള്‍ എഴുതിയുണ്ടാക്കി ബന്ധുക്കളെ ഏല്‍പ്പിച്ചു.2022 ഒക്ടോബര്‍ 10 നു അദ്ദേഹം മരിച്ചപ്പോള്‍ ഈ നേര്‍ദേശങ്ങള്‍ അദ്ദേഹത്തിന്‍റെ കുടുംബം അക്ഷരംപ്രതി പാലിച്ചു.

മരണശേഷം ശരീരം കഴിയും വേഗം കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജില്‍ കൊടുക്കണമെന്നും നിലത്തിറക്കല്‍,
കുളിപ്പിക്കല്‍,വിളക്ക് വയ്ക്കല്‍ എന്നിവ ചെയ്യരുതെന്നും കാനഡയിലുള്ള മകന്‍ വരുന്നതുവരെ കാത്തു വയ്ക്കരുതെന്നും അദ്ദേഹം എഴുതിവച്ചു. അച്ഛന്‍റെ ആരോഗ്യസ്ഥിതി മനസ്സിലാക്കിയ മകന്‍ നേരത്തെതന്നെ നാട്ടിലെത്തിയിരുന്നു.

വീട്ടുകാരെ ശല്യപ്പെടുത്താതിരിക്കാനും ഗതാഗതതടസ്സം ഒഴിവാക്കാനുമായി, വളരെ അടുപ്പമുള്ളവരല്ലാതെ ആരും വീട്ടില്‍ വരരുതെന്നും അദ്ദേഹം എഴുതിവച്ചു. ശരീരത്തില്‍ പുഷ്പചക്രം വയ്ക്കുകയോ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെന്നപേരില്‍ ശരീരം പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുത് എന്നും അദ്ദേഹം കുറിച്ചു വച്ചു. അദ്ദേഹത്തിന്‍റെ നിര്ദേശങ്ങള്‍ കുടുംബം ശിരസ്സാ വഹിച്ചു.

ആരായിരുന്നു ഡോ.എ.അച്യുതന്‍? ലളിതജീവിതത്തിന്റെയും മിതഭാഷിത്വത്തിന്റെയും ആള്‍രൂപം.കേരള ശാസ്ത്ര സാഹിത്യപരിഷത്തിന് ദിശാബോധം നല്കിയ അമരക്കാരന്‍. വിവിധ എഞ്ചിനീയറിങ് കോളജുകളിലെ അദ്ധ്യാപകന്‍. സൈലന്‍റ് വാലി, പ്ലാച്ചിമട, എന്‍ഡോസള്‍ഫാന്‍ സമരങ്ങളിലെ പോരാളി. അതെല്ലാം മറന്നാലും അദ്ദേഹം വികസിപ്പിച്ചെടുത്ത പുകയില്ലാത്ത അടുപ്പ് കേരളത്തിലെ വീട്ടമ്മമാര്‍ മറക്കുകയില്ല.

വീട്ടമ്മമാരുടെ അടുക്കളജീവിതം കടമ്മനിട്ട ശാന്തയെന്ന കവിതയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  നീറിപ്പുകയുന്ന പച്ചവിറകുകള്‍  കത്തിക്കാന്‍ അടുപ്പിന്നരുകില്‍  മുട്ടുകുത്തികിടന്നൂതിയൂതി നിന്റെ കണ്‍പോളകള്‍ വീര്‍ത്തിരിക്കുന്നതും പുക കുരുങ്ങിക്കലങ്ങിയ കണ്ണുകളില്‍
ചൂടുനീര്‍ നിറയുന്നതും പാറിപ്പറന്ന മുടിനാരുകളില്‍ ചാരത്തിന്റെ ചെതുമ്പലുകളും കൈപ്പടം കൊണ്ട് മൂക്കുതുടച്ചപ്പോള്‍ പുരണ്ട കരിയുടെ പാടും... ഇങ്ങനെയാണ് ആ കാവ്യഭാഗം. സ്ത്രീജീവിതത്തിലെ ഏറ്റവും ക്രൂരമായ ഈ എപ്പിസോഡാണ് പുകയില്ലാത്ത അടുപ്പ് വികസിപ്പിച്ചതോടെ ഡോ.എ.അച്യുതന്‍ അസ്ഥിരപ്പെടുത്തിയത്. ഒരടുപ്പിലെ ഇന്ധനം കൊണ്ട് ഒന്നിലധികം അടുപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുകയും എല്ലാ അടുപ്പുകളിലെയും പുക ഒറ്റക്കുഴലിലൂടെ അടുക്കളയ്ക്ക് മുകളിലുള്ള അന്തരീക്ഷത്തില്‍ എത്തിക്കുകയുമായിരുന്നു പുകയില്ലാത്ത അടുപ്പിന്റെ പ്രവര്‍ത്തനരീതി. അടുക്കളയില്‍ പുകയില്ലാതായി. അടുക്കളച്ചുമരുകളിലെ കറുപ്പ് ക്രമേണ അപ്രത്യക്ഷമായി. അമ്മമാരുടെ മുഖം പ്രസന്നമായി.

സ്വന്തം വീട്ടില്‍ ഈ സംവിധാനം പരീക്ഷിച്ചു നോക്കിയിട്ട്     മണ്ണുത്തി കാര്ഷിക കോളജില്‍ ഇത് പ്രദര്‍ശിപ്പിച്ചു പൊതുസമ്മതം നേടുകയായുയിരുന്നു. പരിശീലനം ലഭിച്ച പരിഷത്ത് പ്രവര്‍ത്തകര്‍ ധാരാളം വീടുകളിലെത്തി   ചുരുങ്ങിയ ചെലവില്‍ പുകയില്ലാത്ത അടുപ്പുകള്‍ സ്ഥാപിച്ചു. അങ്ങനെയൊരു അടുപ്പ് വിപ്ലവം തന്നെ കേരളത്തിലുണ്ടായി    

ഗ്രാമശാസ്ത്ര സമിതികളും ഗ്രാമപത്രങ്ങളും ഒക്കെ കേരളത്തിലുണ്ടായി. തികഞ്ഞ മതാതീതമനുഷ്യ വാദിയായിരുന്നു അച്യുതന്‍ മാഷ്. 2016 ല്‍   ഞങ്ങള്‍  പത്തുകൂട്ടുകാര്‍ ചേര്‍ന്നു  കേരളത്തില്‍ നടത്തിയ മതാതീത സാംസ്ക്കാരിക യാത്ര കോഴിക്കോട്ടെത്തിയപ്പോള്‍ അദ്ദേഹം അഭിവാദ്യം ചെയ്യാനെത്തിയത് ഓര്‍ക്കുന്നു. ടി.വി.ബാലനും കാഞ്ചനമാലയും മറ്റും സന്നിഹിതരായിരുന്ന ഒരു നല്ല മനുഷ്യ സംഗമമായിരുന്നു   അത്.

മനുഷ്യനില്‍ ശാസ്ത്രബോധം സൃഷ്ടിച്ചു   ജ്ഞാനസൂര്യനെ ഉദിപ്പിക്കുകയെന്ന മഹനീയകര്‍മ്മമാണ് അച്യുതന്‍ മാഷ് ചെയ്തത്. ശാസ്ത്രബോധത്തിന്‍റെ അഭാവം കൊണ്ടാണ്  കേരളത്തില്‍ സര്‍വമത ആഭിചാരക്രിയകളും   നരബലി പോലും നടക്കുന്നത്.
  

No comments:

Post a Comment