Tuesday 8 November 2022

പശയുള്ള വരമ്പിന് എഴുപതു വയസ്സ്

പശയുള്ള വരമ്പിന് എഴുപതു വയസ്സ്
-----------------------------------------------------------
കേരളത്തിലെ രാഷ്ട്രീയ സദസ്സുകളില്‍ നരബലിയെ ഗവര്‍ണ്ണര്‍ കടത്തിവെട്ടുന്നുണ്ടെങ്കിലും സാംസ്ക്കാരിക സദസ്സുകളില്‍ 
ഇലന്തൂരില്‍ നടന്ന നരബലിതന്നെയാണ് മുഖ്യപ്രഭാഷണ വിഷയം.
ഇലന്തൂരിലും പത്തനംതിട്ടയിലും മാത്രമല്ല, എല്ലാ ജില്ലകളിലും പ്രതിഷേധപ്രകടനങ്ങളും അന്ധവിശ്വാസ നിരോധന ബില്ലിനുവേണ്ടിയുള്ള ഉറച്ച ശബ്ദവും ഉണ്ടായിരിക്കയാണ്. ഈ അവസരത്തില്‍ ബില്ലു തങ്ങളുമായി ആലോചിച്ചേ രൂപപ്പെടുത്താവൂ എന്ന മന്ത്രവാദി സമൂഹത്തിന്റെ ആവശ്യം തള്ളിക്കളയുകയും ഇന്ത്യന്‍ നിയമനിര്‍മ്മാണ സഭയില്‍ സ്വകാര്യബില്ലായെങ്കിലും അവതരിപ്പിക്കാനുള്ള രാജ്യസഭാംഗം ബിനോയ് വിശ്വത്തിന്റെ നീക്കത്തെ അഭിനന്ദിക്കുകയും ചെയ്യേണ്ടതുണ്ട്.

മലയാളത്തിലെ നരബലിക്കവിതകള്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മയിലെത്തുക സ്വാഭാവികമാണ്. നരബലി മുഖ്യവിഷയമായി വരുന്ന ഒരു പിടി കവിതകള്‍ അമ്മമലയാളത്തിലുണ്ട്.

വയലാറിന്‍റെ പശയുള്ള വരമ്പ്, ഇടശ്ശേരിയുടെ കാവിലെ പാട്ട്, എന്‍.വി.കൃഷ്ണവാര്യരുടെ ഒരു പഴയ പാട്ട്, പുനലൂര്‍ ബാലന്‍റെ ഒരു കുരുതിയുടെ കഥ, ഓയെന്‍വിയുടെ അമ്മ കടമ്മനിട്ടയുടെ ഒരു പാട്ട്  എന്നീ കവിതകള്‍ ഈ വിഷയത്തില്‍ മുന്‍പേ ശ്രദ്ധിക്കപ്പെട്ടവയാണ്. ഞാന്‍ പിറന്ന നാട്ടില്‍ ഞാവല്‍ മരക്കാട്ടില്‍ എന്ന സിനിമാപ്പാട്ടും ജിതേഷ് കക്കിടിപ്പുറത്തിന്റെ പാലോം പാലോം നല്ല നടപ്പാലം എന്ന നാട്ടുശീലിലുള്ള പാട്ടും കേരളീയര്‍ നെഞ്ചേറ്റിയതാണ്.

കാവിലെ പാട്ടില്‍  പരദേവതയുടെ മുന്നില്‍ സ്വയം കഴുത്തറുക്കുന്ന മകനും ആ ചോരയുടെ ചുവപ്പിനു മുന്നില്‍ വിളറി വെളുത്തുപോയില്ലേ ദേവിയുടെ തെച്ചിമാല എന്നു ചോദിക്കുന്ന അമ്മയുമുണ്ട്. ചോരവീഴ്ത്തി കൊടുദാഹം പോക്കണമെന്നാണോ എന്നും അമ്മ ചോദിക്കുന്നുണ്ട്.

എന്‍.വി.കൃഷ്ണ വാര്യരുടെ ഒരു പഴയപാട്ടില്‍ പതിനാറു പൂക്കണി കാണാത്ത കാട്ടുപെണ്ണിനെ കാളീപ്രീതിക്കായി കൊല്ലുന്നതിന് തൊട്ടുമുന്‍പ്   കുതിച്ചെത്തി അവളെ രക്ഷിക്കുന്ന കരുത്തനായ ചെറുപ്പക്കാരനുണ്ട്. അയാള്‍ കാളീവിഗ്രഹത്തെ ചവിട്ടിമറി ക്കുന്നുണ്ട്. പിന്നെ പ്രളയമാണ് അടയാളപ്പെടുത്തുന്നത്. കുന്നെല്ലാം നിരപ്പായി സമനിരപ്പാവുമ്പോള്‍ സമജീവിതത്തിന്റെ കാട്ടാറ് ഒഴുകുമെന്നും എല്ലാ അന്ധവിശ്വാസങ്ങളെയും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുമെന്നുമുള്ള സമഗ്രവിപ്ലവസൂചനയും ഇവിടെയുണ്ട്. പാതാളവും ഒരു അന്ധവിശ്വാസമാണെങ്കിലും ഭാവനയുടെ മ്യൂസിയത്തില്‍ അതിനൊരു ഇരിപ്പിടമുണ്ട്. പരിസ്ഥിതിയെ സംബന്ധിച്ച എന്‍.വിയുടെ വീക്ഷണങ്ങള്‍ പിന്നീടാണ് വിപുലപ്പെട്ടുവരുന്നത്.

പുനലൂര്‍ ബാലന്‍റെ ഒരു കുരുതിയുടെ കഥ, ഒരു ഉത്സവത്തിന് ദേവീപ്രീതിക്കായി എടുപ്പുകുതിരയെ കെട്ടി കാട്ടുന്നതിലൂടെയാണ് വിടരുന്നത്. കോല്‍ക്കുതിരയുടെ കിളരക്കൂടുതല്‍ നോക്കിയാണ് അമ്മയുടെ പ്രീതി ഉത്ഭവിക്കുന്നത്.  അമ്പനാട്ട് കരക്കാരുടെ കുതിരതന്നെയാണ് ആകാശം മുട്ടുന്നത്. അതിനാല്‍ പ്രീതി അവര്‍ക്ക് അവകാശപ്പെട്ടതുമാണ്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി എതിര്‍കരക്കാര്‍ യഥാര്‍ത്ഥ കുതിരയുടെ കഴുത്തുവെട്ടി വാളില്‍ കുത്തി ഉയര്‍ത്തിക്കാട്ടി. മൃഗബലിയും ചോരയും കാണുമ്പോള്‍ ദേവീപ്രീതി അങ്ങോട്ട് ചായുമല്ലോ. പിന്നെ ഒരു പരിഹാരമേയുള്ളൂ. നരബലി. അമ്പനാട്ടുമൂപ്പന്‍ തന്റെ കഴുത്തുവെട്ടാന്‍ അനുയായികളിലെ ആണ്‍ പിറന്നവരോട് ആജ്ഞാപിക്കുന്നു. ഒരാള്‍ മൂപ്പന്റെ തലവെട്ടി ദേവീപ്രീതിക്കായി ഉയര്‍ത്തിക്കാട്ടുന്നു. 

ഓയെന്‍വിയുടെ അമ്മയില്‍  ഒന്‍പതുകല്‍പ്പണിക്കാരില്‍ ഏറ്റവും മൂത്ത തൊഴിലാളിയുടെ  പെണ്ണിനെ മതിലുറയ്ക്കാനായി കുരുതികഴിക്കുകയാണ്, പിഞ്ചു കുഞ്ഞിനെ പാലൂട്ടാനായി ഒരു മുലയെങ്കിലും പുറത്തുകാട്ടിയും ഒരു കയ്യെങ്കിലും പുറത്തുകാട്ടിയും വേണം തന്നെയും കൂടി ചേര്‍ത്ത് മതില്‍ പടുക്കാനെന്നായിരുന്നു വായനക്കാരില്‍ കണ്ണീര്‍ പൊടിയിച്ച അവളുടെ അന്ത്യാഭിലാഷം.

കടമ്മനിട്ടയുടെ ഒരുപാട്ട് നാട്ടുപദങ്ങളാല്‍ സമൃദ്ധമാണ്. അരുതരുതീ തലവെട്ട് എന്നു ജന്‍മിത്തത്തോട് കവിപറയുന്നുണ്ട്.
നിണമണിഞ്ഞ കന്യയുടെ ഉടലുകണ്ടപ്പോള്‍ അടര്‍ന്ന് വീഴുന്ന മലയും തവിടുപൊടിയാവുന്ന കാവിലമ്മയും കവിതയിലുണ്ട്.

പശയുള്ള വരമ്പ് എഴുതുമ്പോള്‍ വയലാര്‍ രാമവര്‍മ്മയ്ക്ക് ഇരുപത്തിനാലു വയസ്സേ പ്രായമുള്ളൂ. ഇന്നേക്ക് എഴുപതു വര്ഷം മൂന്‍പായിരുന്നു ആ രചന.  കുട്ടനാട്ടിലെ വയലിലൊന്നില്‍ മടവീഴാതിരിക്കാന്‍ വരമ്പ് ബലപ്പെടുത്തി കെട്ടേണ്ടതുണ്ട്. ഉയര്‍ന്നു വരുന്ന വരമ്പുകളെല്ലാം പ്രണയസല്ലാപത്തിന് തടസ്സമാകുമെന്നുകണ്ട് കമിതാക്കളായ പുഴയും വയലും ചേര്‍ന്ന് ഉടച്ചുകളയുകയാണ്. അപ്പോഴാണ് സവര്‍ണജന്‍മിമാരുടെ ഉച്ചഭാഷിണിയായ വെളിച്ചപ്പാട് തുള്ളിവരുന്നത്. ചെറുമനെ കുരുതികൊടുക്കണം. കര്‍ഷകത്തൊഴിലാളിയുടെ ചോര  ചേര്‍ത്തു ചമച്ചാല്‍ മാത്രമേ വരമ്പ്  ഉറയ്ക്കുകയുള്ളൂ. ഭഗവതിയുടെ കല്‍പനയാണത്രേ. ഘോരമാണീ ഭഗവതിമാരുടെ കല്‍പ്പനകള്‍ എന്നാണ് കവി ഇവിടെ പ്രതികരിക്കുന്നത്. പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളെയും ഈ നീചമായ മനുഷ്യക്കുരുതി അനുസരിക്കണമെന്നാണല്ലോ അടി കൊടുത്തു പഠിപ്പിച്ചിട്ടുള്ളത്. അങ്ങനെയാണ് മനുഷ്യമാംസത്തിന്റെയും ചോരയുടെയും പശയുള്ള വരമ്പുകളുണ്ടായത്. 

ജിതേഷ് കക്കിടിപ്പുറത്തിന്റെ പാലോം പാലോം നല്ല നടപ്പാലം എന്ന പാട്ടില്‍ പാലത്തിന്റെ തൂണുറയ്ക്കാനായി തമ്പുരാന്‍റെ കല്‍പ്പനപ്രകാരം ഒരു പെറ്റമ്മയെ കരു നിര്‍ത്തുന്നതാണ് പ്രമേയം. കൊല്ലപ്പെട്ട ആ അമ്മയുടെ മകളും അപ്പനും തമ്മിലുള്ള സംഭാഷണത്തിന്റെ രീതിയിലാണ് ആ പാട്ട് രചിച്ചിട്ടുള്ളത്.

നരബലി വിഷയമാകുന്ന എല്ലാ സാഹിത്യരചനകളിലും ദൈവപ്രീതി ഒരു പ്രധാന ഘടകമാണ്. മനുഷ്യനെ കൊന്നു രക്തം  നിവേദിച്ചാല്‍ ദേവീ പ്രസാദം ഉണ്ടാകുമെന്നും ഉദ്ദേശിച്ച കാര്യമൊക്കെ നടക്കും എന്നുമുള്ള മൂഢവിശ്വാസമാണ് ഇത്തരം ബലികളുടെ കാരണം. ആ മൂഢവിശ്വാസത്തെ കേരളീയസമൂഹം എന്നെന്നേല്‍ക്കുമായി ഒഴിവാക്കേണ്ടിയിരിക്കുന്നു.

No comments:

Post a Comment