Wednesday 10 April 2024

പന്ന്യന്‍ പ്രിയപ്പെട്ട പന്ന്യന്‍

 പന്ന്യന്‍ പ്രിയപ്പെട്ട പന്ന്യന്‍ 

-------------------------------------------
കേരളതലസ്ഥാനം നിരവധി പ്രഗല്‍ഭരെ ലോക്സഭയിലെത്തിച്ചിട്ടുണ്ട്. അതില്‍ ഈശ്വരയ്യരും വി കേ കൃഷ്ണമേനോനും എം എന്‍ ഗോവിന്ദന്‍ നായരും പി.കേ.വാസുദേവന്‍ നായരും പെടും. എന്നാല്‍ ഇവരില്‍ നിന്നൊക്കെ വ്യത്യസ്തനായ ഒരാളെ തിരുവനന്തപുരത്തെ നല്ലവരായ ജനങ്ങള്‍ പാര്‍ലമെന്‍റിലേക്ക് സ്വന്തം പ്രതിനിധിയായി അയച്ചിരുന്നു.

പൊല്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ട ഹിമവല്‍ശൈലാഗ്രശ്രുംഗത്തിലെത്തി സങ്കല്‍പ്പഹംസങ്ങള്‍ നീന്തിക്കളിക്കുന്ന മാനസസരസ്സില്‍ മുഖം നോക്കിയ ഒരു സാധാരണക്കാരനായിരുന്നു അത്. തലസ്ഥാനത്തെ ആള്‍ത്തിരക്കുള്ള നഗരവീഥികളിലൂടെ ഔദ്യോഗിക വാഹനങ്ങള്‍ അലറിപ്പാഞ്ഞു പോയ വൈകുന്നേരങ്ങളില്‍ കടലകൊറിച്ചുകൊണ്ടു നടന്നു പോയിരുന്ന ഒരു സഖാവ്. ആരുടേയും സങ്കടങ്ങള്‍ ശ്രദ്ധാപൂര്‍വം കേട്ടു പരിഹാരം നിര്‍ദ്ദേ ശിച്ചിരുന്ന ജനങ്ങളുടെ സ്വന്തം സഖാവ്. തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍ കിട്ടാത്ത പുസ്തകങ്ങള്‍ പുളിമൂട്ടിലെ മോഡേണ്‍ ബുക്ക് സെന്‍ററില്‍ നിന്നോ ഹിഗിന്‍ ബോതംസില്‍ നിന്നോ വാങ്ങി വായിക്കുന്ന അത്ഭുതവായനക്കാരന്‍. ആ അസാധാരണനായ സാധാരണക്കാരനെയാണ് തിരുവനന്തപുരത്തെ മീന്‍പിടുത്തക്കാര്‍ അടക്കമുള്ള നല്ല മനുഷ്യര്‍ പാര്‍ലമെന്റിലേക്ക് അയച്ചത്.

അദ്ദേഹം ഒരിക്കല്‍ സിറ്റിയില്‍ നിന്നും നെടുമങ്ങാട്ടേക്ക് കേ എസ് ആര്‍ ടി സി ബസ്സില്‍ സഞ്ചരിക്കുകയായിരുന്നു. ടിക്കറ്റെടുക്കാന്‍ നോക്കിയപ്പോള്‍ പണം ആരോ പോക്കറ്റടിച്ചിരിക്കുന്നു. നെടുമങ്ങാട് ഡിപ്പോയിലെത്തുമ്പോള്‍ വാങ്ങിത്തരാമെന്ന് കണ്ടക്ടറോട് കടംപറയുന്നു. അവിടെച്ചെന്ന് സഖാക്കളായ ജീവനക്കാരില്‍ നിന്നും പണം വാങ്ങി ടിക്കറ്റ് കാശു കൊടുക്കുന്നു.
പോക്കറ്റടിക്കാരനെ പിടിക്കണമല്ലോ. എല്ലാ പോക്കറ്റടിക്കാരെയും പോലീസിനറിയാം. അദ്ദേഹം പറഞ്ഞു. വേണ്ട, ആ പോക്കറ്റടിക്കാരന്‍ കുഞ്ഞിനു മരുന്ന് വാങ്ങാന്‍ വേണ്ടിയാണെങ്കിലോ പണമെടുത്തത്. സാരമില്ല. ഇങ്ങനെയും മനുഷ്യരുണ്ടോ! ഉണ്ടായിരുന്നു. ആ പാര്‍ലമെന്‍റ് അംഗത്തിന്‍റെ പേര് കേ വി സുരേന്ദ്രനാഥ്. 
പന്ന്യന്‍ താങ്കള്‍ ആ ആശാന്റെ ശിഷ്യനാണ്. എ കേ ജി യെ അഭിമാനത്തോടെ ചൂണ്ടിക്കാട്ടിത്തന്ന 
അമ്മയുടെ ഓമനമകന്‍. എപ്പോഴും അമ്മയെ ഓര്‍മ്മിക്കുന്ന അസാധാരണമനുഷ്യന്‍. 

ധനികര്‍ തരുന്ന പാരിതോഷികങ്ങള്‍ കുപ്പായമായാലും കുടയായാലും  വാച്ചായാലും ഫോണായാലും സ്വീകരിക്കരുതെന്ന വെളിയം ഭാര്‍ഗവന്റെയും മറ്റും നിര്‍ദേശങ്ങള്‍ ഇപ്പൊഴും പാലിക്കുന്ന പന്ന്യന്‍ രവീന്ദ്രന്‍. കേരളീയ യുവത്വത്തിന്റെ രവിയേട്ടന്‍. കാസര്‍കോട്ടെ  രാധാകൃഷ്ണനും വയനാട്ടിലെ ബേബി കാസ്ട്രോയും തൃശൂരെ രാജനും മറ്റും രവിയേട്ടായെന്ന് ഹൃദയബന്ധത്തോടെ പറയുന്നതു കേട്ട് ഞാന്‍ വിസ്മയിച്ചിട്ടുണ്ട്. 

ഒരു ദിവസം തീവണ്ടിയില്‍, ഇരിക്കാന്‍ സീറ്റുണ്ടായിട്ടും പന്ന്യന്‍ വാതിലിന് സമീപം നില്‍ക്കുകയാണ്. പന്ന്യന് അനുവദിച്ചിട്ടുള്ള സീറ്റില്‍ അപരിചിതയായ ഒരമ്മ ഇരിപ്പുണ്ട്. പന്ന്യന്‍ നില്‍ക്കുന്നത് കണ്ട് ഞാനും ഒപ്പം കൂടി. ഇറങ്ങുന്നവരും കയറുന്നവരും വിവിധ സ്റ്റേഷനുകളില്‍ നില്‍ക്കുന്നവരുമെല്ലാം പന്ന്യനെ അഭിവാദ്യം ചെയ്യുന്നത് കണ്ണു നിറയെ ഞാന്‍ കണ്ടുനിന്നു. കൊയിലാണ്ടിയില്‍ വയലാര്‍ അനുസ്മരണത്തിന് പോയപ്പോള്‍ ചായപ്പീടികയില്‍ ഇരിക്കുന്നവരെ നോക്കി, നേരിട്ടൊരു പരിചയവും ഇല്ലെങ്കിലും നമ്മടെ ജനങ്ങള്‍ എന്നു പറഞ്ഞ പന്ന്യന്‍ പിന്നേയും എന്നെ വിസ്മയപ്പെടുത്തി. ലോകത്തുള്ള എല്ലാ സാധാരണ മനുഷ്യരും പന്ന്യന് സ്വന്തം ആള്‍ക്കാരാണ്! ഈ ബോധം കൊണ്ടാണ് സ്വന്തം ആളെന്ന നിലയില്‍ തിരുവനന്തപുരത്തെ ജനങ്ങള്‍ നിങ്ങളെ അവരുടെ പ്രതിനിധിയാക്കിയത്.

പന്ന്യന്‍റെ സ്വീകരണയോഗങ്ങള്‍ കാണാന്‍ അന്ന് ഒരു സ്ക്കൂട്ടറിന്റെ പിന്നിലിരുന്നു ഞാനും വളരെ ദൂരം സഞ്ചരിച്ചിരുന്നു. തിരുവനന്തപുരത്തുകാര്‍ക്ക് എന്തൊരാവേശമായിരുന്നു. ആ ആവേശമെല്ലാം വോട്ടായി മാറുകയായിരുന്നു.

കവിയരങ്ങിനു മുന്നില്‍ ശ്രദ്ധയോടെ ഇരുന്ന നേതാക്കളെ ഞാനോര്‍ക്കുകയാണ്. എ.ബി.ബര്‍ദാന്‍, സുധാകരറെഡ്ഡി, പി.കേ.വാസുദേവന്‍ നായര്‍, സി.കേ.ചന്ദ്രപ്പന്‍, വെളിയം ഭാര്‍ഗവന്‍, എം.എ ബേബി, കേ.എന്‍ രാമചന്ദ്രന്‍,ഡോ.വി.വേണുഗോപാല്‍, വരവരറെഡ്ഡി..... ഇക്കൂട്ടത്തില്‍ സ്ഥിര സാന്നിധ്യമായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍. ചായ തുടങ്ങിയ  കവിതകള്‍ മനസ്സില്‍ സൂക്ഷിച്ച് എന്റെ അസാന്നിധ്യത്തില്‍ സന്ദര്‍ഭോചിതമായി പന്ന്യന്‍ ഉപയോഗിച്ചിരുന്നു. പുസ്തകം വായിച്ചിട്ട് എനിക്കു കത്തെഴുതിയ ഏക ലോക്സഭാംഗം പന്ന്യന്‍ രവീന്ദ്രനാണ്. തിരുവനന്തപുരത്തിന്റെ സ്വന്തം കവി എ. അയ്യപ്പന്റെ രചനകളെ ആഴത്തില്‍ മനസ്സിലാക്കിയ ഏക മുന്‍നിരരാഷ്ട്രീയക്കാരനാണ് പന്ന്യന്‍ രവീന്ദ്രന്‍.

ബാലസംഘത്തിന്‍റെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ശേഷം ഒരിക്കല്‍ ഞാന്‍ പന്ന്യന്‍റെ വീട്ടില്‍ ചെന്നിരുന്നു. അന്ന് പന്ന്യന്‍  ഒരു അപകടത്തില്‍ കാലിനു പരിക്കേറ്റ് വിശ്രമിക്കുകയായിരുന്നു. അതുകൊണ്ടാണ് ഞാന്‍ ചെന്നത്. എത്ര ചെറിയ വീട്. എത്ര ലളിതമായ ജീവിതമാണ് ആ കുടുംബത്തിന്റേത്! തിരുവനന്തപുരത്തെ ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രനു താരതമ്യങ്ങളില്ല.

ഫിലിം ഫെസ്റ്റിവല്‍ മുടങ്ങാതെ കാണുന്ന പന്ന്യന്‍. ഫുട്ബോള്‍ പ്രേമിയും കളിയെക്കുറിച്ച് പുസ്തകമെഴുതിയ പഴയ ഫുട്ബോള്‍ താരവുമായ പന്ന്യന്‍. അവകാശസമരങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന പന്ന്യന്‍. പാവങ്ങളുടെ പടത്തലവനായ എ.കേ.ജിയുടെ സ്വന്തം അനുയായിയായ പന്ന്യന്‍.

പാവം പന്ന്യന്‍ രവീന്ദ്രന്‍. മൂവായിരം രൂപയും പോക്കറ്റിലിട്ടുകൊണ്ടാണ് കോടീശ്വരനും ശതകോടീശ്വരനും ഒപ്പം മത്സരിക്കുന്നത്. സഖാവ് പന്ന്യന്‍ രവീന്ദ്രന്‍റെ സമ്പത്തു തിരുവനന്തപുരത്തെ ജനങ്ങളാണ്. വിജയാശംസകള്‍.

No comments:

Post a Comment