അരിവാളരയില്‍ തിരുകിയിറങ്ങിയ ചെറുമിപ്പെണ്ണാളേ...--
--------------------------------------------------------------------------------------------
പി എം ആന്‍റണിയുടെ ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ് എന്ന നാടകം ഒരു മലയാളിയെയും കാണിക്കരുതെന്ന നിര്‍ബ്ബന്ധബുദ്ധിയോടെ ക്രൈസ്തവതീവ്രവാദികള്‍ തെരുവിലിറങ്ങിയ കാലം.ആ നാടകം കണ്ടിട്ടില്ലാത്ത പുരോഹിതന്മാരും കന്യാസ്ത്രീകളും വിദ്യാര്‍ഥി സമൂഹമടങ്ങുന്ന പാവം വിശ്വാസികളുമായി തെരുവു നിറഞ്ഞാടി. നാടകകൃത്തും നടീനടന്മാരും കയ്യില്‍ വിലങ്ങണിഞ്ഞ് ആലപ്പുഴ നഗരത്തിലൂടെ, നാടകം കളിയ്ക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി പ്രതിഷേധയാത്ര നടത്തി. ആവിഷ്ക്കാര സ്വാതന്ത്ര്യം ഒരു വിഷയമായി കേരളത്തിലെവിടെയും ചര്ച്ച ചെയ്യപ്പെട്ടു. തെലുങ്കു വിപ്ലവകവി ഗദ്ദര്‍ അടക്കമുള്ളവര്‍ പങ്കെടുത്ത വലിയ സമ്മേളനങ്ങള്‍. അക്കൂട്ടത്തില്‍ കോട്ടയത്തു നടന്ന ഒരു സമ്മേളനത്തില്‍ വച്ചാണ് കരുമാടി നൃത്തം എന്ന കവിത ഞാനാദ്യം കേട്ടത്.
കൊടുമ്പാറ പിളര്‍ക്കുന്ന കടമ്മനിട്ടക്കുരലല്ല. സൂചിപോലെ മസൃണവും തുളഞ്ഞു കയറുന്നതുമായ വയല്‍പ്പാട്ടിന്‍റെ നാദം..ഉള്ളില്‍ കത്തിപ്പടരുന്ന പോരാട്ടവീര്യം.അരിവാളരയില്‍ തിരുകിയിറങ്ങിയ ചെറുമിപ്പെണ്ണാളേ... കാളിക്കലി കൊണ്ടാടി വാ..കറുത്ത കുട്ടികളേ കരിമ്പുലികളേ ചെമ്പുലികളേ സിംഹക്കുട്ടികളേ ഏങ്ങടെ ചോരക്ക് നിങ്ങടെ ചോര എന്ന് അലറിവിളിച്ചു വാ എന്നായിരുന്നു ആഹ്വാനം. കെ കെ എസ് കവിത ചൊല്ലി നിറയുമ്പോള്‍ ആവേശത്തിന്‍റെ വന്‍കടല്‍ തിരയടിച്ചുയരുമായിരുന്നു.
ചാത്തന്‍ തറ എന്ന ഗ്രാമം ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണകാലത്തുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെല്‍ ഭരണം എന്നപേരില്‍ വിമോചനസമരക്കാരും പിന്നീടുവന്ന വലതുപക്ഷഭരണക്കാരും ഹിറ്റ്ലിസ്റ്റില്‍ പെടുത്തിയിരുന്ന ഗ്രാമം. അവിടെയാണ് കെ കെ എസ് ദാസ് ജനിച്ചു വളര്‍ന്നത്. മാര്‍ക്സിസമായിരുന്നു ആദ്യം സിരകളിലോടിയത്. ആ പ്രചോദനം അവസാനകാലം വരെ തുടര്‍ന്നു. കമ്മ്യൂണിസത്തില്‍ നിലയുറപ്പിച്ചുകൊണ്ട് സന്ധിയില്ലാത്ത യുക്തിവാദത്തിലേക്കും അംബേദ്ക്കറിസത്തിലേക്കും അദ്ദേഹം സഞ്ചരിച്ചു. ചരിത്രത്തിലെ ഇരുണ്ട ഇടനാഴികളില്‍ നിന്നും പണിയെടുക്കുന്നവരുടെ നിലവിളികള്‍ അദ്ദേഹം ഒപ്പിയെടുത്തു.
യുക്തിബോധത്തിന്‍റെ പടവുകള്‍ കയറിയ കെ കെ എസ് ദാസ് കേരളയുക്തിവാദി സംഘത്തിന്‍റെ കോട്ടയം ജില്ലാ പ്രസിഡണ്ടായി
നേതൃത്വം നല്‍കി. നൈനാന്‍ കോണം ഭൂസമരത്തിന് വെളിച്ചം നല്കിയ ദാസ്, കഴുത്തില്‍ കുരുക്കിട്ടു മണ്ണെണ്ണപ്പാട്ടയുമായി മരത്തില്‍ കയറിയിരുന്ന ചെങ്ങറ സമരക്കാരോട്, ഇതൊന്നുമല്ല സമരമുറ എന്നുപറഞ്ഞു വിയോജിച്ചു.
പൊരുത്തക്കേടുകളുമായി ഏറ്റുമുട്ടിയപ്പോഴെല്ലാം ദാസിലെ വിപ്ലവകാരി പന്തംകൊളുത്തി സഞ്ചരിക്കുകയായിരുന്നു.
കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അംബേദ്ക്കര്‍ കൃതികള്‍ പുറത്തിറക്കാന്‍സഹായിച്ച ദാസ് ആ വഴിയിലൂടെ ബഹുദൂരം സഞ്ചരിച്ചു.സീഡിയന്‍ സര്‍വീസ് സൊസൈറ്റിയിലൂടെ വര്‍ഗ്ഗസമരവും ദളിത് ചിന്തയും യോജിപ്പിക്കേണ്ടതെങ്ങനെയെന്ന് ദാസ് ചൂണ്ടിക്കാണിച്ചു. വിയോജിപ്പുകളോടായിരുന്നു ദാസിന്‍റെ എല്ലാ സംവാദങ്ങളും.ജാതിവിരുദ്ധ മതേതര വേദിയിലൂടെ തന്‍റെ തനി മനുഷ്യസമൂഹം എന്ന ആശയത്തെ ആവി ഷക്കരിക്കാന്‍ ശ്രമിച്ചു.
മലനാടിന്‍റെ മാറ്റൊലി,അംബേദ്ക്കര്‍ വില്ലുവണ്ടി തുടങ്ങിയ കാവ്യ പരിശ്രമങ്ങള്‍ സമൂഹനന്‍മയെ ലക്ഷ്യമിട്ടു. വ്യക്തിചിന്ത ദാസിന് അപരിചിതമായിരുന്നു.ദേശീയ ദലിത് വിമോചന മുന്നണിയിലും ഭൂസമര മുന്നണിയിലും ജനകീയ സാംസ്ക്കാരിക വേദിയിലുമെല്ലാം ദാസ് തന്‍റെ ചിന്തകള്‍ അവതരിപ്പിച്ചു.
കരുമാടി നൃത്തം പെന്‍ഗ്വിന്‍ പ്രസിദ്ധീകരിക്കുകയും ഓക്സ്ഫഡ് സര്‍വകലാശാല സിലബസില്‍ പെടുകയും ചെയ്തിട്ടുണ്ട്. ദാസിനു കിട്ടിയ പുരസ്ക്കാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് കാഞ്ഞിരപ്പള്ളിയിലെ പുരോഗമന ചിന്താഗതിക്കാര്‍ നല്‍കിയ കാരവന്‍ അവാര്ഡ് ആണെന്നു തോന്നുന്നു. പുരസ്ക്കാരങ്ങളില്‍ തീരെ ആകൃഷ്ടനായിരുന്നില്ല ആ യഥാര്‍ത്ഥ സാംസ്ക്കാരിക പ്രവര്‍ത്തകന്‍.നിരവധി രാഷ്ട്രീയ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള ദാസ്, മാര്‍ക്സിയന്‍ ദര്‍ശനങ്ങളില്‍ നിന്നും ഒട്ടും വ്യതിചലിക്കാതെതന്നെ
കീഴാളജനതയുടെ മോചനസ്വപ്നങ്ങള്‍ അവതരിപ്പിച്ചു.
പത്തു വര്‍ഷത്തിലധികമായി പേസ്മേക്കറിന്റെ സഹായത്തില്‍ മുന്നോട്ടു പോയ ദാസ്, അവസാനദിവസവും അര്‍ദ്ധരാത്രിവരെ എഴുതിക്കൊണ്ടിരുന്നു. ഉറക്കത്തില്‍ ആ ഹൃദയം നിലച്ചു. കേരളം വേണ്ടരീതിയില്‍ ശ്രദ്ധിക്കാതെ പോയ ഒരു പ്രതിഭയായി കെ കെ എസ് ദാസ് ചെറുപുഞ്ചിരിയോടെ വായനക്കാരുടെ മനസ്സില്‍ നിലനില്‍ക്കും.