നരി തിന്നാല്‍ നന്നോ മനുഷ്യന്മാരേ
---------------------------------------------------------
ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ കീര്‍ത്തിപ്പെട്ട ഒരു കവിതയാണ് ബുദ്ധനും ഞാനും നരിയും. ഒരു പാവം പുരുഷന്‍, റേഷനരി വാങ്ങിക്കൊണ്ട് വീട്ടിലേക്ക് പോവുകയാണ്. ഒരു കാട് കടന്നു വേണം വീട്ടിലെത്താന്‍. വീട്ടിലെ സ്ഥിതി പരമദയനീയമാണ്. മധുരപ്പാല്‍ വറ്റിയ മുലയില്‍നിന്ന്ജീവരക്തം വലിച്ചുകുടിക്കുന്ന കുഞ്ഞ്.ആ കുഞ്ഞിനെ നോക്കി കഠിനശാപങ്ങളെറിയുന്ന, മാറെല്ലുന്തിയ അമ്മ.
കുഞ്ഞിനെ, അമ്മയുടെ ദയനീയാവസ്ഥയില്‍, ദുരിതമെന്നാണ് കവി വിശേഷിപ്പിക്കുന്നത്. അവര്‍ക്ക് കഞ്ഞി വച്ച് കുടിക്കാനുള്ള റേഷനരിയുമായാണ് അയാള്‍ പോകുന്നത്. .കാട്ടുവഴിയില്‍ രണ്ടായിരം വര്‍ഷമായി ഇരിക്കുന്ന ഒരു ബുദ്ധപ്രതിമയുണ്ട്.
ഇരതേടുന്ന മാംസഭുക്കുകളായ പുലിയും കടുവയും സിംഹവുമൊക്കെ നഖത്തിനു മൂര്‍ച്ചകൂട്ടുന്നത് ഈ അഹിംസക്കാരന്‍റെ പ്രതിമയില്‍ ഉരസിയാണ്.
അവിടെയെത്തിയപ്പോള്‍ ഒരു നരി അയാളുടെ അടുത്തേക്ക് വന്നു. രണ്ടു കാതം വളഞ്ഞു പോയാല്‍ ഈ അപകടകരമായ എളുപ്പവഴി ഉപേക്ഷിക്കാവുന്നതേയുള്ളൂ. പക്ഷേ പെട്ടെന്നു വീട്ടിലെത്തി കുടുംബത്തിന്റെ പശി മാറ്റണമെന്ന വ്യഗ്രതയാല്‍ അയാള്‍ കാട്ടുവഴിത്തന്നെ സ്വീകരിച്ചതാണ്.
നരി തന്‍റെ നേര്‍ക്കുവരുകയും ജീവീതം അപകടത്തിലാവുകയും ചെയ്യുമെന്നു ബോദ്ധ്യമായപ്പോള്‍ ആ പുരുഷന്‍, ബുദ്ധപ്രതിമ തള്ളിയിട്ട് നരിയെ വകവരുത്തുന്നു. ഇവിടെയാണ് ഇടശ്ശേരി ഈ ചോദ്യമുന്നയിക്കുന്നത്.അരിയില്ല, തിരിയില്ല, ദുരിതമാണെന്നാലും നരി തിന്നാല്‍ നന്നോ മനുഷ്യന്മാരേ!
ബുദ്ധപ്രതിമ തള്ളിയിട്ട് നരിയില്‍ നിന്നും രക്ഷപ്പെട്ടാല്‍ ബുദ്ധകോപം ഉണ്ടാകുമോ? ഇല്ല. വിശുദ്ധ ഗ്രന്ഥങ്ങളുടെയും സ്ഥിതി അതാണ്. ഞാനൊരു രാത്രിയില്‍ മേല്‍പ്പത്തൂര്‍ ഭട്ടതിരിയുടെ തടിച്ച പുസ്തകമായ നാരായണീയം അടങ്ങിയ തോള്‍സഞ്ചി വീശി കടിക്കാന്‍ വന്ന തെരുവുപട്ടികളില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. ചില ഘട്ടങ്ങളില്‍ മനുഷ്യര്‍ക്ക് അങ്ങനെ ചെയ്യേണ്ടിവരും. അതൊരു തെറ്റല്ല. മത ഗ്രന്ഥങ്ങള്‍ മാത്രമല്ല വിശുദ്ധപുസ്തകങ്ങള്‍. മനുഷ്യനെ നേര്‍വഴിക്കു നയിക്കുന്ന ഏത് പുസ്തകവും വിശുദ്ധ പുസ്തകമാണ്. ഏക വിശ്വാസം മാത്രമാണ് ശരിയെന്ന് ഉദ്ഘോഷിക്കുന്ന പ്രാകൃത മതഗ്രന്ഥങ്ങള്‍ അത്ര പരിശുദ്ധമൊന്നുമല്ല. ഹിന്ദുക്കളുടെ ശരിയത്ത് നിയമമായ മനുസ്മൃതി പരസ്യമായി കത്തിച്ചത് സാക്ഷാല്‍ ഡോ.ബി ആര്‍ അംബേദ്ക്കര്‍ ആയിരുന്നല്ലോ. പുസ്തകം കത്തിച്ചതുകൊണ്ടോ കീറിക്കളഞ്ഞതുകൊണ്ടോ ഏതെങ്കിലും രീതിയില്‍ നശിപ്പിച്ചതുകൊണ്ടോ അതിലെ ആശയങ്ങളെ നശിപ്പിക്കാന്‍ സാധിക്കില്ല. മറ്റൊരു ആശയം കൊണ്ടുമാത്രമേ അവയെ നേരിടാന്‍ കഴിയുകയുള്ളൂ.
മറ്റൊന്നുള്ളത് ആള്‍ക്കൂട്ടത്തിന്‍റെ സാന്നിധ്യമാണ്. ഏതെങ്കിലും ഒരു വിശ്വാസത്തെ അന്ധമായി അനുഗമിക്കുന്നവര്‍ വിശുദ്ധമെന്നു പറയപ്പെടുന്ന ഗ്രന്ഥങ്ങളെയോ വിഗ്രഹങ്ങളെയോ വിരുദ്ധാശയങ്ങളുമായി സമീപിച്ചാല്‍ ക്ഷുഭിതരാകും. മുസ്ലിം തീവ്രവാദികള്‍ അഫ്ഗാനിസ്ഥാനിലെ ബുദ്ധപ്രതിമകള്‍ തകര്‍ത്തപ്പോള്‍ കലാപം ഉണ്ടാകാതെയിരുന്നത് അവിടെയുള്ള ബുദ്ധമതക്കാര്‍ അഹിംസാശയക്കാര്‍ ആയതുകൊണ്ടല്ല. അവിടെ ബുദ്ധമതക്കാര്‍ ഇല്ലാത്തതു കൊണ്ടാണ്. ഇതേ സംഭവം ജപ്പാനിലോ ശ്രീലങ്കയിലോ ഉണ്ടായാല്‍ കലാപം ഉറപ്പായിരുന്നു. സാംസ്കാരികമായ ഈടുവെയ്പ്പുകള്‍ തകര്‍ക്കുന്നത് തെറ്റാണ്. അത് പുതുതലമുറയ്ക്ക് വേണ്ടി കരുതിവയ്ക്കേണ്ടതാണ്. കലാപം മറുമരുന്നുമല്ല.
വിശുദ്ധഗ്രന്ഥങ്ങള്‍ എന്നു പറയപ്പെടുന്ന പലപുസ്തകത്താളുകളും തെരുവില്‍ കടലപൊതിഞ്ഞുകൊടുക്കാന്‍ ഉപയോഗിക്കുന്നുണ്ട്.
ഇതിലൊന്നും ദൈവത്തിനൊരു പരാതിയുമില്ല.
ഈ ചിന്തകള്‍ക്ക് വഴിവച്ചത് പഞ്ചാബില്‍ കുറച്ചുദിവസം മുന്‍പുണ്ടായ ഒരു സംഭവമാണ്.പഞ്ചാബിലെ ഫിറോസ് പൂരിലെ ഒരു ഗുരുദ്വാരയില്‍ വച്ച്, മനോരോഗിയായ ബക്ഷിഷ് സിംഗ് എന്ന പത്തൊന്‍പതുകാരന്‍ ഗുരുഗ്രന്ഥസാഹിബിന്‍റെ ചിലപേജുകള്‍ വലിച്ചുകീറി. വിശ്വാസികള്‍ മനോരോഗിയായ ആ യുവാവിനെ പിടികൂടി അടിച്ചുകൊന്നു.യുവാവിന്റെ പിതാവ് ലഖ് വിന്ദര്‍ സിംഗ് പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. വേറൊരു പുസ്തകം വാങ്ങിവയ്ക്കുകയും ആ യുവാവിനെ ചികിത്സിക്കുകയുമല്ലേ വേണ്ടിയിരുന്നത് അമൃതാനന്ദമയിയുടെ മഠത്തില്‍ എത്തിയ സത്നാം സിങ്ങിനുണ്ടായ അനുഭവം ഓര്‍മ്മയില്‍ വരുന്നു. ആര്‍ക്കാണ് മനോരോഗം?
ആ യുവാവിനോ അയാളെ തച്ചുകൊന്ന ആള്‍ക്കൂട്ടത്തിനോ?
-
No comments:
Post a Comment