Monday, 30 December 2024

ഡോ.നന്ദിയോട് രാമചന്ദ്രന്റെ നിശബ്ദപ്രവർത്തനങ്ങൾ

ഡോ.നന്ദിയോട് രാമചന്ദ്രന്റെ നിശബ്ദപ്രവർത്തനങ്ങൾ
--------------------------------------------------------------------
ചെയ്തത് കുന്നിമണിയോളം. പ്രചാരണം കുന്നോളം. ഈ രീതിയിലായിട്ടുണ്ട് ഇന്നത്തെ മനുഷ്യന്റെ പൊതുജീവിതശൈലി. അതിൽ നിന്നും. വ്യത്യസ്തമായി ജീവിച്ചു കടന്നുപോയ
അപൂർവം പേരെങ്കിലുമുണ്ട്. അവർ പ്രശസ്തി ആഗ്രഹിച്ചില്ല.സ്വയം ഊതിപ്പെരുപ്പിക്കുന്ന
ഫേസ്‌ബുക്ക് രീതി അവർക്ക് അപരിചിതമായിരുന്നു. അവരുടെ പ്രവർത്തനങ്ങൾ വരും തലമുറയ്ക്ക് ജ്ഞാനത്തിന്റെ രജതപാഠങ്ങൾ നൽകി. പുരസ്‌കാരങ്ങൾക്ക് അപ്പുറമായിരുന്നു അവരുടെ മേച്ചിൽ സ്ഥലം. അങ്ങനെ ജീവിച്ചു കടന്നുപോയവരിൽ ഒരാളാണ് ഡോ.നന്ദിയോട് രാമചന്ദ്രൻ.

വിവിധ ശ്രീനാരായണകോളജുകളിൽ ഹിന്ദി അധ്യാപനായി പ്രവർത്തിച്ച അദ്ദേഹം, പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഭാഷ, അറിവിന്റെ ചക്രവാളം വികസിപ്പിക്കാൻ ഉപയോഗിച്ചു. പഞ്ചാബിൽ പോയി ഭഗത് സിംഗിന്റെ ബന്ധുക്കളുമായി അടുപ്പം സ്ഥാപിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സമാന്തര ക്ഷീരപഥത്തിലെ നക്ഷത്രങ്ങളെ ഡോ.നന്ദിയോട് രാമചന്ദ്രൻ നിരീക്ഷിച്ചു പഠിക്കുകയും മലയാളികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. അങ്ങനെയാണ് അജിത് സിംഗിന്റെ ആത്മകഥ മലയാളികൾക്ക് കിട്ടിയത്. മന്മഥനാഥ ഗുപ്തയുടെ ഗാന്ധിയും കാലവും എന്ന കൃതിയും അങ്ങനെയാണ് കിട്ടിയത്.

മുപ്പത്തേഴു വർഷം മാത്രം  ജീവിച്ചിരുന്ന പഞ്ചാബി കവിയാണ് പാഷ് എന്ന അവതാർ സിംഗ് സന്ധു. പഞ്ചാബിലെ സിഖ്‌മതതീവ്രവാദികൾക്കെതിരെയുള്ള ബോധവൽക്കരണ ശ്രമങ്ങളിൽ സത്യപാൽ ഡാങ്ങിന്റെ പാതസ്വീകരിച്ച പാഷ് തിരിച്ചറിവുകളുടെ വിത്തുകൾ വിതച്ച പഞ്ചാബി കവിയായിരുന്നു. ചകിതരായ ജനങ്ങളുടെ വാതിലിനപ്പുറത്ത് പിന്നെയും കേൾക്കുന്ന കുറ്റവാളിയുടെ ചുമയാണ് ഏറ്റവും ആപൽക്കരമെന്നു സമൂഹത്തോട് വിളിച്ചുപറഞ്ഞ പാഷിനെ
സിഖ് മതഭീകരവാദികൾ വെടിവച്ചു കൊല്ലുകയായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും ആപൽക്കരമായത് എന്ന കവിത ഉയർത്തിക്കാട്ടിക്കൊണ്ട്, മതതീവ്രവാദത്തിനെതിരെയുള്ള സാംസ്ക്കാരിക നിലപാടുകളെ ഡോ.നന്ദിയോട് രാമചന്ദ്രൻ കേരളയുവതയോട് വിശദീകരിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യസമരമെന്നത് ഒരു വടക്കൻ വീരഗാഥയാണെന്ന് കരുതുന്നവരുടെ മുന്നിലേക്ക് വക്കം ഖാദറിനെയും ചെമ്പകരാമൻപിള്ളയെയും നീക്കിനിറുത്തി ഡോ.നന്ദിയോട് രാമചന്ദ്രൻ പ്രതിരോധിച്ചു. ട്രിവാൻഡ്രം ഹോട്ടലിലും. മറ്റും യുവാക്കളുടെ യോഗങ്ങൾ വിളിച്ചുകൂട്ടി തിരുവനന്തപുരത്തുകാരനായ ചെമ്പകരാമൻപിള്ളയുടെ സാഹസിക ജീവിതവും അവിശ്വസനീയമായ മരണവും വിശദീകരിച്ചു. ജർമ്മൻ മുങ്ങിക്കപ്പലായ യമണ്ടനെ       പുതിയതലമുറയ്ക്ക് പരിചയപ്പെടുത്തി. വളരെ വലുതെന്നു അർത്ഥത്തിൽ ഉപയോഗിക്കുന്ന എമണ്ടൻ എന്ന വാക്കിന്റെ ഉത്ഭവചരിത്രം കൂടി അങ്ങനെ പുതുതലമുറയ്ക്ക്   ബോധ്യമായി.

അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന പ്രവർത്തനം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തിന്റെ വിവിധ വശങ്ങൾ കേരളീയർക്ക് പരിചയപ്പെടുത്തിയതാണ്. നേതാജി ജന്മവാര്ഷിക ആചാരണ സമിതിയുടെ അധ്യക്ഷനായി പ്രവർത്തിച്ച ഡോ. നന്ദിയോട് രാമചന്ദ്രൻ, ഇന്ത്യൻ ഭരണകൂടം എപ്പോഴൊക്കെയോ മറച്ചുപിടിക്കാൻ ശ്രമിച്ച ആ പ്രതിഭയെ കൂടുതൽ വെളിച്ചത്തിലേക്ക് നീക്കിനിറുത്തി. പണ്ഡിറ്റ് റാം പ്രസാദ് ബിസ്മിലിനെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിയതും ഡോ.നന്ദിയോട് രാമചന്ദ്രനാണ്. കവിയും വിപ്ലവകാരിയുമായിരുന്ന ബിസ്മിലിനെ നിരവധി ഗൂഡാലോചനകളിൽ പെടുത്തി ബ്രിട്ടീഷ് ഗവണ്മെന്റ് തൂക്കിക്കൊന്ന ചരിത്രം അതീവ ശാന്തമായും എന്നാൽ ചടുലമായ ചോരയോട്ടത്തോടെയും അദ്ദേഹം വിശദീകരിക്കുമായിരുന്നു. സൗമ്യതയ്ക്കുള്ളിൽ  ഇരമ്പുന്ന ദേശാഭിമാനബോധം ഡോ.നന്ദിയോട് രാമചന്ദ്രന്റെ സവിശേഷതയായിരുന്നു.

ആയിരക്കണക്കിന് ശിഷ്യന്മാർ ഡോ.നന്ദിയോട് രാമചന്ദ്രനുണ്ടായിരുന്നു. അവരോടെല്ലാം ഒരു ചെറുചിരിയോടെ അദ്ദേഹം പെരുമാറി. പുറമെ ശാന്തവും ഉള്ളിൽ ദേശാഭിമാന പ്രചോദിതമായ ക്ഷോഭങ്ങളും അദ്ദേഹം സൂക്ഷിച്ചു. വടക്കേ ഇന്ത്യൻ വിപ്ലവകാരികളുടെ അറിയപ്പെടാത്ത ജീവിതരംഗങ്ങൾ തേടിയുള്ള സഫലയാത്രകളാണ് അദ്ദേഹം നടത്തിയത്.  

അഗസ്ത്യപർവ്വതത്തിന്റെ താഴ്‌വരയിലുള്ള നന്ദിയോട് സ്വാതന്ത്ര്യ സമരസേനാനികളുടെയും കമ്യുണിസ്റ് വിപ്ലവകാരികളുടെയും ഈറ്റില്ലമാണ്. അവിടെ ജനിച്ച ഡോ.നന്ദിയോട് രാമചന്ദ്രൻ പ്രവർത്തനമേഖലയായി തെരഞ്ഞെടുത്തത് തിരുവനന്തപുരം നഗരമായിരുന്നു. സിറ്റിയിലെ രാഷ്ട്രീയ സാംസ്ക്കാരിക മഹാപ്രകടനങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് തീർത്തും നിശബ്ദമായി വിസ്ഫോടനങ്ങൾ സൃഷ്ടിച്ച പ്രതിഭയായിരുന്നു ഡോ.നന്ദിയോട് രാമചന്ദ്രൻ.   മൗനത്തിൽ പൊതിഞ്ഞ മഹാശബ്ദം. പുറമെ ശാന്തവും അകമേ അശാന്തവുമായ സാമൂഹ്യബോധസമുദ്രം.

Tuesday, 17 December 2024

മതേതര കലണ്ടറും സയൻസ് കലണ്ടറും

മതേതര കലണ്ടറും സയൻസ് കലണ്ടറും
--------------------------------------------------
പുതുവർഷം പിറക്കാൻ ഇനി രണ്ടാഴ്ചപോലുമില്ല. രണ്ടുമാസം മുൻപേ കമ്പോളത്തിൽ കലണ്ടറുകൾ തൂങ്ങാൻ തുടങ്ങി. സർക്കാർ കലണ്ടർ കൂടാതെ പ്രമുഖ പത്രസ്ഥാപനങ്ങളും
വ്യവസായ സ്ഥാപനങ്ങളും ഇറക്കിയ കലണ്ടറുകളും വ്യക്തികൾ സമ്മാനിക്കാൻ പുറത്തിറക്കിയ കലണ്ടറുകളും രംഗത്തുണ്ട്. എല്ലാ കലണ്ടറുകളും മതാധിഷ്ഠിത വിശേഷങ്ങളും അനാചാര സൂചനകളും കൊണ്ട് സമൃദ്ധമാണ്. ഇറക്കുന്നവരുടെ പരസ്യമാധ്യമമാണ് കലണ്ടർ എന്നാലും പുറത്തുനിന്നും പരസ്യങ്ങൾ സ്വീകരിക്കുന്ന കലണ്ടറുകളും ഉണ്ട്. കാവ്യബോധമുള്ള ചിലർ പുറത്തിറക്കിയ കലണ്ടറിൽ വയലാറിന്റെയും ഇടശ്ശേരിയുടെയും മറ്റും ഈരടികളും ചേർത്തിട്ടുണ്ട്. ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് മതേതര കലണ്ടറും സയൻസ് കലണ്ടറും.

കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് സയൻസ് കലണ്ടർ പുറത്തിറക്കിയിട്ടുള്ളത്.യുക്തിരേഖ മതേതര കലണ്ടർ പ്രസിദ്ധീകരിച്ചത് കേരള യുക്തിവാദി സംഘവും. രണ്ടു കലണ്ടറുകളിലും രാഹുകാലമോ ഗുളിക കാലമോ ഇല്ല. നക്ഷത്രവും നിസ്‌ക്കാരസമയവും ഇല്ല. ഇതൊക്കെ ദൈവാനുഗ്രഹത്താൽ സ്വയം മനസ്സിലെത്തുന്നതിനു  പകരം കലണ്ടർ നോക്കിയേ സാധിക്കൂ എന്നുള്ളവർക്ക് ഈ കലണ്ടറുകൾ സഹായകമല്ല. പൊതു അവധിദിവസങ്ങൾ മനസ്സിലാക്കാൻ ഈ കലണ്ടർ ഉപകരിക്കും. അതുകൂടാതെ നിരവധി പ്രയോജനകരവും ജ്ഞാനദായകവുമായ കാര്യങ്ങൾ ഈ കലണ്ടറുകളിലുണ്ട്. കാലത്തിന്റെ, ചുമരിൽ തൂക്കിയിടാൻ കഴിയുന്ന ചെറുകണികയാണല്ലോ കലണ്ടർ.അതിനെ ജ്ഞാനചക്രവാളത്തിന്റെ വികാസത്തിന് കാരണമാക്കിയിരിക്കുന്നു. അറിവിന്റെ ജാലകങ്ങൾ തുറന്നിടുന്ന നിരവധി ചിത്രങ്ങൾ ഈ കലണ്ടറുകളിലുണ്ട്.

മതേതരകലണ്ടറിൽ നവോത്ഥാന നായകരുടെയും സാംസ്ക്കാരികജ്വാലകളുടെയും സയൻസ് കലണ്ടറിൽ ശാസ്ത്ര പ്രതിഭകളുടെയും ചിത്രങ്ങൾ ചേർത്തിരിക്കുന്നു. മതേതര കലണ്ടറിൽ ജനുവരി ഫെബ്രുവരി മാസങ്ങളടങ്ങുന്ന ആദ്യപേജിൽ സഹോദരൻ അയ്യപ്പൻ, ഗോവിന്ദ് പൻസാരെ, വി.ടി.ഭട്ടതിരിപ്പാട്,കുറ്റിപ്പുഴ കൃഷ്ണപിള്ള, ബർട്രൻഡ് റസ്സൽ എന്നിവരുടെ ചിത്രങ്ങളും വയലാറിന്റെ നാലുവരിക്കവിതയും ചേർത്തിട്ടുണ്ട്. ഇത് കൂടാതെ ജനുവരി ഫെബ്രുവരി മാസങ്ങളിൽ ലോകത്ത് നടന്ന പ്രധാനസംഭവങ്ങളും ലോകത്തെ നവീകരിച്ചവരുടെ ജനന മരണ തിയ്യതികളും ചേർത്തിരിക്കുന്നു. നെഹ്‌റു,അയ്യങ്കാളി,നരേന്ദ്ര ദബോൽക്കർ, ശ്രീനാരായണഗുരു,ഗൗരിലങ്കേഷ്, എം എം കൽബുർഗി,അംബേദ്ക്കർ, ഭഗത്സിങ്, ഇ.വി.ആർ
തുടങ്ങിയവരുടെ ചിത്രങ്ങളും വിശദവിവരങ്ങളും ഈ കലണ്ടറിലുണ്ട്. അവയവദാനം, ശരീരദാനം തുടങ്ങിയ കാര്യങ്ങൾ എങ്ങനെ നിർവഹിക്കണമെന്നും ഈ കലണ്ടറിലുണ്ട്. കൊല്ലവർഷ തീയതികളും ഈ കലണ്ടറിലുണ്ട്. ശകവർഷമോ ഹിജ്റാ വർഷമോ ഇല്ല.
 
ആദിയിൽ ജൈവതന്മാത്രകൾ ഉണ്ടായിയെന്ന ജനുവരിക്കുറിപ്പോടെയാണ് സയൻസ് കലണ്ടർ ആരംഭിക്കുന്നത്. ഓരോ മാസവും അതാതുമാസത്തെ ആകാശവിശേഷങ്ങൾ ഈ കലണ്ടറിലുണ്ട്. എല്ലാർക്കും ആവശ്യമുള്ള തിയ്യതികളും അവധിസൂചനകളും  കൂടാതെയാണ് ഈ വിശേഷങ്ങൾ. രാഹുകാലം ഗുളികകാലം ജ്യോതിഷനക്ഷത്രം നിസ്‌ക്കാരസമയം ഇതൊന്നും സയൻസ് കലണ്ടറിലില്ല. സ്റ്റാൻലി മില്ലർ,കൊളീൻ കവനോ.ലൈൻ മാർഗളിസ്. വില്യം റാഡ്ക്ലിഫ്,
വില്യം ഷിയർ,റിച്ചാർഡ് ഓവൻ തുടങ്ങിയ ശാസ്ത്രജ്ഞൻമാരുടെ ചിത്രങ്ങളും ലഘുവിവരണവും ഈ കലണ്ടറിലുണ്ട്. സ്‌കാൻ ചെയ്തു വിജ്ഞാന മേഖലയുടെ അനന്തതയിലേക്ക് പ്രവേശിക്കാനുള്ള സൗകര്യവുമുണ്ട്. കലണ്ടർ എന്നാൽ രാഹുകാലവും ഗുളികകാലവും നിസ്‌ക്കാരസമയവും ശകവർഷവും അറിയാനുള്ളതുമാത്രമല്ല, മനുഷ്യന്റെയും ഭൂമിയുടെയും പ്രപഞ്ചത്തിന്റെയും വിശേഷങ്ങൾ കൂടി അറിയാനുള്ളതാണെന്നു ഈ കലണ്ടറുകൾ കേരളത്തോട് പറയുന്നുണ്ട്.

സൂര്യന്റെയും ഭൂമിയുടേയുമൊക്കെ ഭ്രമണം കണക്കാക്കി നിർമ്മിച്ചെടുക്കുന്ന ഏതുകലണ്ടറും സയൻസാണ്. റോബിൻസൺ ക്രൂസോ ദ്വീപിൽ അകപ്പെട്ടപ്പോൾ മരത്തിൽ അടയാളങ്ങളുണ്ടാക്കി ദിവസങ്ങൾ കണക്കാക്കിയതും, കുഞ്ഞിന്റെ അരയിൽ ജനിച്ചിട്ടെത്ര ദിവസമായി എന്നുകണക്കാക്കാനായി ഇരുപത്തെട്ടാം ദിവസം ചരടിൽ കെട്ടിട്ട് ബന്ധിച്ചതും
ചന്ദ്രനെ ശ്രദ്ധിച്ച് അടയാളമിട്ടതുമെല്ലാം പഴയ മനുഷ്യർ അവലംബിച്ച കാലഗണനാരീതികളാണ്. ആ പഴമയിൽ നിന്നും കലണ്ടറുകൾ അസാധാരണമാം വിധം മാറിയിരിക്കുന്നു. ചരിത്രവും ശാസ്ത്രവുമെല്ലാം കലണ്ടറായി വീടുകളിൽ എത്തിയിരിക്കുന്നു. വീട് ഒരു വിദ്യാകേന്ദ്രം തന്നെയായിരിക്കുന്നു. മൊബൈൽ ഫോണിലും കലണ്ടർ ഉള്ളതിനാൽ കാലം ഇപ്പോൾ നമ്മുടെ കീശയിൽ സുരക്ഷിതമായിരുന്നു.

- കുരീപ്പുഴ ശ്രീകുമാർ   

Tuesday, 3 December 2024

കുട്ടികൾ പഠിക്കുന്നു, ശബ്ദമുണ്ടാക്കരുത്

കുട്ടികൾ പഠിക്കുന്നു, ശബ്ദമുണ്ടാക്കരുത്
----------------------------------------------------
കേരളത്തിലെ കുട്ടികൾ ക്രിസ്തുമസ് പരീക്ഷ അടക്കമുള്ള വിവിധ പരീക്ഷകൾക്ക്
തയ്യാറെടുക്കുന്ന സമയമാണിത്. പകലന്തിയോളം വലിയ ശബ്ദമുണ്ടാക്കി അവരുടെ പഠനം തടസ്സപ്പെടുത്തരുത്. കേരള സർക്കാർ ഇക്കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊണ്ട്  2023  നവംബർ 23  നു ആഭ്യന്തര വകുപ്പിലൂടെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

കുട്ടികൾ നന്നായി വായിച്ചും പഠിച്ചും വിജയിക്കേണ്ടവരാണ്. അവരിലാണ് കേരളത്തിന്റെ നല്ല ഭാവി കുടികൊള്ളുന്നത്. വളരെ ശ്രദ്ധയോടെ തയ്യാറാക്കിയിട്ടുള്ള ഈ ഉത്തരവ് സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ മജിസ്‌ട്രേറ്റുമാർക്കും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനും പരിസ്ഥിതിവകുപ്പിനും എല്ലാം  യഥാസമയം അയച്ചുകൊടുത്തിട്ടുമുണ്ട്. ദേശീയ ബാലാവകാശക്കമ്മീഷന്റെ കത്തും സംസ്ഥാന പോലീസ് മേധാവിയുടെ  കത്തുകളും സൂചിപ്പിച്ചിട്ടുള്ള ഈ ഉത്തരവിൽ വളരെ കൃത്യതയോടെ സമൂഹം പാലിക്കേണ്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സാമൂഹ്യവും മതപരവും രാഷ്ട്രീയവുമായുള്ള ചടങ്ങുകളിലും മറ്റു സന്ദർഭങ്ങളിലും  അമിത ശബ്ദത്തിൽ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നതിനാൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടുണ്ടാകുന്നു എന്ന് മാത്രമല്ല, പരീക്ഷകളിൽ നന്നായി കഴിവ് പ്രകടിപ്പിക്കാനും സാധിക്കുന്നില്ല.  രാവിലെ ആറുമണിക്കും രാത്രിയിൽ പത്തുമണിക്കും ഇടയിൽ വാദ്യോപകരണങ്ങൾ ഉപയോഗിച്ചുപോലും    വലിയ ശബ്ദമുണ്ടാക്കരുത്. അമിതമായ ശബ്ദം പഠനത്തെ മാത്രമല്ല കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. അവർക്ക് ഉറക്കക്കുറവുണ്ടാകും. മാനസികസമ്മർദ്ദം വർധിക്കും.നിരന്തരമായ തലവേദന അനുഭവപ്പെടും.ക്രമേണ കേൾവിനാശം ഉണ്ടാകും. മനസ്സ് അസ്വസ്ഥമാകുന്നതിനാൽ അപകടകരമായ അമിതാകാംക്ഷ വളരെ വർധിക്കും. ഓർമ്മക്കുറവുണ്ടാകും  . കുഞ്ഞുങ്ങൾക്ക്  സുരക്ഷിതത്വവും സ്വസ്ഥതയും നൽകുകയെന്നത് മുതിർന്ന തലമുറയുടെ ഉത്തരവാദിത്വമാണ്.

ശബ്ദമലിനീകരണ നിയന്ത്രണം സംബന്ധിച്ച് സമൂഹത്തിനു  പ്രയോജനപ്രദമായ രീതിയിൽ ഉണ്ടായിട്ടുള്ള കോടതി നിർദ്ദേശങ്ങളും  ഉത്തരവുകളുമെല്ലാം  നടപ്പിലാവാതെപോകുന്ന ദുരവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. മുന്നൂറ്ററുപത്തഞ്ചു ദിവസവും കൂടുതൽ സമയം ശബ്ദമലിനീകരണം സൃഷ്ടിക്കുന്നത് ഹിന്ദുമത സ്ഥാപനങ്ങളാണ്. അഞ്ചു നേരത്തെ നിസ്‌കാര അറിയിപ്പുമായി ഇസ്‌ലാം മതസ്ഥാപനങ്ങൾ ഉയർത്തുന്ന അമിതശബ്ദം ഒരു ദിവസം ആകെക്കൂടി ഇരുപതു മിനിറ്റിൽ കൂടുതൽ വരുന്നില്ല. മതപ്രസംഗങ്ങൾ നടക്കുന്ന ചില ദിവസങ്ങളിൽ  രാത്രികാലങ്ങളിൽ കുറേമണിക്കൂറുകൾ അമിത ശബ്ദത്തിൽ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കാറുണ്ട്. അടുത്തകാലത്ത് ചില പള്ളികളിൽ ഉച്ചയ്ക്കുള്ള പ്രസംഗത്തിനും
ഉച്ചഭാഷിണി പുറത്തേക്കുവച്ചു ഉപയോഗിക്കുന്നുണ്ട്. കിസ്തുമതത്തിലെ ചില വിഭാഗങ്ങൾ ഞായറാഴ്ചകളിൽ അതി കഠിനമായി ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നുണ്ട്. കോവിഡ് കാലത്ത് മുങ്ങിയതിനു ശേഷം ഇപ്പോൾ പൊങ്ങിവന്നിട്ടുള്ള ദൈവീക രോഗശുശ്രൂഷാ പരിപാടികളിലും അമിതമായ ശബ്ദം ഉണ്ടാകുന്നുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയുടെ ഓഫീസിലും നിത്യേന പാട്ടോ പ്രസംഗമോ മൈക്ക് വച്ച് കേൾപ്പിക്കുന്നില്ല. ഉയർന്ന തൂണുകളിലും മറ്റും ഉച്ചഭാഷിണി സ്ഥാപിച്ചിട്ടുള്ള ഒരു പാർട്ടിഓഫീസും കേരളത്തിലില്ല. സാംസ്ക്കാരിക സമ്മേളനങ്ങളെല്ലാം   അനുവദനീയമായ രീതിയിലുള്ള ശബ്ദമേ ഉപയോഗിക്കുന്നുള്ളൂ. മിക്ക സമ്മേളനങ്ങളും ഹാളുകൾക്കുള്ളിലാണ് നടക്കാറുള്ളത്. ഞാൻ ഒടുവിൽ പങ്കെടുത്ത സമ്മേളനം പുത്തൂരിൽ നടന്ന ഇപ്റ്റയുടെ സമ്മേളനമാണ്. തീർത്തും മാതൃകാപരമായാണ് അവിടെ ശബ്ദം വിന്യസിച്ചിരുന്നത്. കുഞ്ഞുങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് മതങ്ങളുടെയും ഉത്തരവാദിത്വമാണ്.

എന്തുകൊണ്ടാണ് ഇത്തരം നിയമങ്ങൾ നടപ്പിലാക്കുന്നതിൽ നമ്മൾ പരാജയപ്പെടുന്നത്? പ്രധാനമായും മതരാഷ്ട്രീയപ്പാർട്ടികളുടെ സമരഭീഷണിയാണ് തടസ്സം സൃഷ്ടിക്കുന്നത്. നമ്മുടെ പോലീസ് സേനയിലാണെങ്കിൽ  അഗ്രം മുതൽ അടിത്തട്ടുവരെ മതസംഘടനകളോട് വിധേയത്വമുള്ളവർ ഉണ്ട്. അവർ കണ്ണടയ്ക്കുന്നതും ഒരു കാരണമാണ്.  മതരാഷ്ട്രീയപാർട്ടിയുടെ സമരഭീഷണിക്ക് നല്ലൊരു ഉദാഹരണം കൊല്ലം ജില്ലയിലെ മൺട്രോതുരുത്തിൽ നടന്ന റോഡ് ഉപരോധമാണ്. ഭാരതീയ വെറുപ്പ് ഫാക്റ്ററിയാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചത്.

ഇന്ത്യയിലല്ലാതെ മറ്റൊരു രാജ്യത്തും ഇതുപോലെയുള്ള ശബ്ദമലിനീകരണമില്ല. ഇന്ത്യയിൽ തന്നെ കേരളത്തിന് പുറത്ത് ഉഗ്രശബ്ദത്തിലുള്ള പുരാണ പാരായണവുമില്ല. നമ്മളെന്നാണ്
പരദ്രോഹം കൂടാതെ ജീവിക്കുന്ന നല്ല ജനതയാകുന്നത്? നമ്മുടെ കുഞ്ഞുങ്ങൾക്ക് എന്നാണു സ്വസ്ഥതയോടെ പഠിച്ചു പരീക്ഷയ്ക്കിരിക്കാൻ സാധിക്കുന്നത്?