ഡോ.നന്ദിയോട് രാമചന്ദ്രന്റെ നിശബ്ദപ്രവർത്തനങ്ങൾ
------------------------------
ചെയ്തത് കുന്നിമണിയോളം. പ്രചാരണം കുന്നോളം. ഈ രീതിയിലായിട്ടുണ്ട് ഇന്നത്തെ മനുഷ്യന്റെ പൊതുജീവിതശൈലി. അതിൽ നിന്നും. വ്യത്യസ്തമായി ജീവിച്ചു കടന്നുപോയ
അപൂർവം പേരെങ്കിലുമുണ്ട്. അവർ പ്രശസ്തി ആഗ്രഹിച്ചില്ല.സ്വയം ഊതിപ്പെരുപ്പിക്കുന്ന
ഫേസ്‌ബുക്ക് രീതി അവർക്ക് അപരിചിതമായിരുന്നു. അവരുടെ പ്രവർത്തനങ്ങൾ വരും തലമുറയ്ക്ക് ജ്ഞാനത്തിന്റെ രജതപാഠങ്ങൾ നൽകി. പുരസ്‌കാരങ്ങൾക്ക് അപ്പുറമായിരുന്നു അവരുടെ മേച്ചിൽ സ്ഥലം. അങ്ങനെ ജീവിച്ചു കടന്നുപോയവരിൽ ഒരാളാണ് ഡോ.നന്ദിയോട് രാമചന്ദ്രൻ.
വിവിധ ശ്രീനാരായണകോളജുകളിൽ ഹിന്ദി അധ്യാപനായി പ്രവർത്തിച്ച അദ്ദേഹം, പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഭാഷ, അറിവിന്റെ ചക്രവാളം വികസിപ്പിക്കാൻ ഉപയോഗിച്ചു. പഞ്ചാബിൽ പോയി ഭഗത് സിംഗിന്റെ ബന്ധുക്കളുമായി അടുപ്പം സ്ഥാപിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സമാന്തര ക്ഷീരപഥത്തിലെ നക്ഷത്രങ്ങളെ ഡോ.നന്ദിയോട് രാമചന്ദ്രൻ നിരീക്ഷിച്ചു പഠിക്കുകയും മലയാളികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. അങ്ങനെയാണ് അജിത് സിംഗിന്റെ ആത്മകഥ മലയാളികൾക്ക് കിട്ടിയത്. മന്മഥനാഥ ഗുപ്തയുടെ ഗാന്ധിയും കാലവും എന്ന കൃതിയും അങ്ങനെയാണ് കിട്ടിയത്.
മുപ്പത്തേഴു വർഷം മാത്രം ജീവിച്ചിരുന്ന പഞ്ചാബി കവിയാണ് പാഷ് എന്ന അവതാർ സിംഗ് സന്ധു. പഞ്ചാബിലെ സിഖ്മതതീവ്രവാദികൾക്കെതിരെയുള്
സിഖ് മതഭീകരവാദികൾ വെടിവച്ചു കൊല്ലുകയായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും ആപൽക്കരമായത് എന്ന കവിത ഉയർത്തിക്കാട്ടിക്കൊണ്ട്, മതതീവ്രവാദത്തിനെതിരെയുള്ള സാംസ്ക്കാരിക നിലപാടുകളെ ഡോ.നന്ദിയോട് രാമചന്ദ്രൻ കേരളയുവതയോട് വിശദീകരിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യസമരമെന്നത് ഒരു വടക്കൻ വീരഗാഥയാണെന്ന് കരുതുന്നവരുടെ മുന്നിലേക്ക് വക്കം ഖാദറിനെയും ചെമ്പകരാമൻപിള്ളയെയും നീക്കിനിറുത്തി ഡോ.നന്ദിയോട് രാമചന്ദ്രൻ പ്രതിരോധിച്ചു. ട്രിവാൻഡ്രം ഹോട്ടലിലും. മറ്റും യുവാക്കളുടെ യോഗങ്ങൾ വിളിച്ചുകൂട്ടി തിരുവനന്തപുരത്തുകാരനായ ചെമ്പകരാമൻപിള്ളയുടെ സാഹസിക ജീവിതവും അവിശ്വസനീയമായ മരണവും വിശദീകരിച്ചു. ജർമ്മൻ മുങ്ങിക്കപ്പലായ യമണ്ടനെ പുതിയതലമുറയ്ക്ക് പരിചയപ്പെടുത്തി. വളരെ വലുതെന്നു അർത്ഥത്തിൽ ഉപയോഗിക്കുന്ന എമണ്ടൻ എന്ന വാക്കിന്റെ ഉത്ഭവചരിത്രം കൂടി അങ്ങനെ പുതുതലമുറയ്ക്ക് ബോധ്യമായി.
അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന പ്രവർത്തനം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തിന്റെ വിവിധ വശങ്ങൾ കേരളീയർക്ക് പരിചയപ്പെടുത്തിയതാണ്. നേതാജി ജന്മവാര്ഷിക ആചാരണ സമിതിയുടെ അധ്യക്ഷനായി പ്രവർത്തിച്ച ഡോ. നന്ദിയോട് രാമചന്ദ്രൻ, ഇന്ത്യൻ ഭരണകൂടം എപ്പോഴൊക്കെയോ മറച്ചുപിടിക്കാൻ ശ്രമിച്ച ആ പ്രതിഭയെ കൂടുതൽ വെളിച്ചത്തിലേക്ക് നീക്കിനിറുത്തി. പണ്ഡിറ്റ് റാം പ്രസാദ് ബിസ്മിലിനെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിയതും ഡോ.നന്ദിയോട് രാമചന്ദ്രനാണ്. കവിയും വിപ്ലവകാരിയുമായിരുന്ന ബിസ്മിലിനെ നിരവധി ഗൂഡാലോചനകളിൽ പെടുത്തി ബ്രിട്ടീഷ് ഗവണ്മെന്റ് തൂക്കിക്കൊന്ന ചരിത്രം അതീവ ശാന്തമായും എന്നാൽ ചടുലമായ ചോരയോട്ടത്തോടെയും അദ്ദേഹം വിശദീകരിക്കുമായിരുന്നു. സൗമ്യതയ്ക്കുള്ളിൽ ഇരമ്പുന്ന ദേശാഭിമാനബോധം ഡോ.നന്ദിയോട് രാമചന്ദ്രന്റെ സവിശേഷതയായിരുന്നു.
ആയിരക്കണക്കിന് ശിഷ്യന്മാർ ഡോ.നന്ദിയോട് രാമചന്ദ്രനുണ്ടായിരുന്നു. അവരോടെല്ലാം ഒരു ചെറുചിരിയോടെ അദ്ദേഹം പെരുമാറി. പുറമെ ശാന്തവും ഉള്ളിൽ ദേശാഭിമാന പ്രചോദിതമായ ക്ഷോഭങ്ങളും അദ്ദേഹം സൂക്ഷിച്ചു. വടക്കേ ഇന്ത്യൻ വിപ്ലവകാരികളുടെ അറിയപ്പെടാത്ത ജീവിതരംഗങ്ങൾ തേടിയുള്ള സഫലയാത്രകളാണ് അദ്ദേഹം നടത്തിയത്.
അഗസ്ത്യപർവ്വതത്തിന്റെ താഴ്‌വരയിലുള്ള നന്ദിയോട് സ്വാതന്ത്ര്യ സമരസേനാനികളുടെയും കമ്യുണിസ്റ് വിപ്ലവകാരികളുടെയും ഈറ്റില്ലമാണ്. അവിടെ ജനിച്ച ഡോ.നന്ദിയോട് രാമചന്ദ്രൻ പ്രവർത്തനമേഖലയായി തെരഞ്ഞെടുത്തത് തിരുവനന്തപുരം നഗരമായിരുന്നു. സിറ്റിയിലെ രാഷ്ട്രീയ സാംസ്ക്കാരിക മഹാപ്രകടനങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് തീർത്തും നിശബ്ദമായി വിസ്ഫോടനങ്ങൾ സൃഷ്ടിച്ച പ്രതിഭയായിരുന്നു ഡോ.നന്ദിയോട് രാമചന്ദ്രൻ. മൗനത്തിൽ പൊതിഞ്ഞ മഹാശബ്ദം. പുറമെ ശാന്തവും അകമേ അശാന്തവുമായ സാമൂഹ്യബോധസമുദ്രം.
Monday, 30 December 2024
ഡോ.നന്ദിയോട് രാമചന്ദ്രന്റെ നിശബ്ദപ്രവർത്തനങ്ങൾ
Subscribe to:
Post Comments (Atom)
No comments:
Post a Comment