ഡോ. സുകുമാർ അഴീക്കോട് ഉണ്ടായിരുന്നെങ്കിൽ....
-----------------------------------------------------------------
ആയിരത്തിലധികം അംഗങ്ങളുള്ള, വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു ഫേസ്‌ബുക്ക് കൂട്ടായ്മയാണ് തത്ത്വമസി ഡോ.സുകുമാർ അഴീക്കോട് സാംസ്ക്കാരിക അക്കാദമി.സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ടി.ജി. വിജയകുമാർ, കവിയും അഭിനേത്രിയുമായ ഉമാദേവി തുരുത്തേരി, പി.എൻ.വിക്രമൻ തുടങ്ങിയവർ നേതൃത്വം നൽകുന്ന ഈ ഓൺ ലൈൻ സാംസ്ക്കാരിക പ്രസ്ഥാനം ഡോ. സുകുമാർ അഴീക്കോടിൻറെ ജന്മശതാബ്ദി, നിരവധി എഴുത്തുകാരെ ആദരിച്ചുകൊണ്ടാണ് ആഘോഷിച്ചത്. അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിലായിരുന്നു ഈ ഉചിതമായ പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടകനായ അമ്പലപ്പുഴയിലെ നിയമസഭാംഗം എച്ച്. സലാം അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഉടനീളം ഡോ സുകുമാർ അഴീക്കോടിനെ അനുസ്മരിക്കുകയായിരുന്നു. എന്തിനോടും അഡ്ജസ്റ് ചെയ്യുന്ന സാംസ്ക്കാരിക പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരുമാണ് ഇപ്പോൾ അധികമായും ഉള്ളതെന്നും ഡോ.അഴീക്കോട് ഇക്കാര്യത്തിൽ വ്യത്യസ്തനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സുകുമാർ അഴീക്കോട് കേരളത്തിൽ ഉണ്ടെന്ന് ഭരണപക്ഷം എപ്പോഴും ഓർത്തിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഡോ. സുകുമാർ അഴീക്കോട് മരിച്ചപ്പോൾ, ഒരു വീട്ടമ്മ പറഞ്ഞത് കേരളത്തിന്റെ പ്രതിപക്ഷം മരിച്ചു എന്നാണ്.ശരിയാണ്. പ്രതിപക്ഷമെന്നാൽ ഉറക്കത്തിൽ പോലും ഗവണ്മെന്റ് രാജിവയ്ക്കണമെന്നു പാടുന്ന ഒരു ഗായകസംഘമല്ലല്ലൊ. ഭരണസംഘത്തെ വിശകലനം ചെയ്യുന്നതുപോലെ പുറത്തുള്ള മതസംഘത്തെയും ധനസംഘത്തെയും പ്രതിപക്ഷത്തെത്തന്നെയും വിശകലനം ചെയ്യണമല്ലൊ. അത് ഇന്ന് സംഭവിക്കുന്നില്ല.
തൃശൂർ വിമലാ ആശുപത്രിയിൽ, രോഗബാധിതനായി കിടന്ന അഴീക്കോട് മാഷെ. പോയിക്കണ്ടത് ഓർക്കുന്നു. യുവകലാസാഹിതി പ്രവർത്തകൻ അനിയൻകുട്ടി കൂടെയുണ്ടായിരുന്നു. ആരും ഒന്നും മിണ്ടിയില്ല. അഴീക്കോട് എന്റെ വലംകൈ പിടിച്ച് തൊണ്ടയിൽ ചേർത്തുവച്ചു. ഒരു നിമിഷം അങ്ങനെ.
എന്തെല്ലാമായിരിക്കാം അപ്പോൾ ആ മനസ്സിലൂടെ കടന്നുപോയത്? ചുറ്റുപാടുകളോട് പ്രതികരിക്കണം എന്നു പറയുകയായിരുന്നുവോ? അറിയില്ല.
ഡോ. സുകുമാർ അഴീക്കോട് ഇപ്പോൾ നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കിൽ, ഉരുൾ പൊട്ടലിൽ സ്വപ്നവും ജീവിതവും നഷ്ടപ്പെട്ട വയനാട്ടിലെ സഹോദരങ്ങളെ സഹായിക്കാത്തതെന്തെന്ന് പ്രധാനമന്ത്രിയെ പേരെടുത്തു വിളിച്ചു പ്രസംഗിക്കുമായിരുന്നു. കേരളീയർ നികുതിയായി നൽകുന്ന പണം ഇന്ത്യൻ റിസർവ്വ് ബാങ്കിൽ കണക്കുള്ളതാണെന്നും അത് അറബിക്കടലിലെ കക്കയല്ലെന്നും സദസ്യരുടെ ആവേശത്തെ ഇളക്കിമറിച്ചുകൊണ്ട് അദ്ദേഹം പറയുമായിരുന്നു. ഗാസയിലെ കുഞ്ഞുങ്ങൾ കൊല്ലപ്പെടുമ്പോൾ ഇസ്രായേലിനൊപ്പം നിൽക്കാൻ നിങ്ങൾക്കെങ്ങനെ സാധിക്കുന്നുവെന്ന് ഗാന്ധിയൻ ചിന്തകൾ നിരത്തിക്കൊണ്ട് അദ്ദേഹം ചോദിക്കുമായിരുന്നു.
ധർമ്മസ്ഥല അധർമ്മസ്ഥലം ആയിപ്പോയല്ലോ എന്നോർത്ത് അദ്ദേഹം പരിതപിക്കുമായിരുന്നു. യൂണിവേഴ്സിറ്റികളിലെ ചാൻസലർ ഭരണത്തിന്റെ ഭീകരമുഖങ്ങൾ അദ്ദേഹം തുറന്നു കാട്ടുമായിരുന്നു. അർജന്റീനക്കാരെ വിളിക്കാൻ സ്പെയിനിൽ പോയതെന്തിനായിരുന്നുവെന്ന് അഴീക്കോട് ചോദിക്കുമായിരുന്നു. ശബരിമല അയ്യപ്പൻ പോലും നിശബ്ദനായിരിക്കെ, അയ്യപ്പഭക്തന്മാരുടെ അഖിലലോക സമ്മേളനം വിളിച്ചു കൂട്ടുന്നത് എന്തിനാണെന്നു കേരളത്തിലേ സെക്കുലർ സർക്കാരിനോട് അദ്ദേഹം ചോദിക്കുമായിരുന്നു. തെക്കോട്ടും വടക്കോട്ടും തട്ടിക്കളിക്കാനുള്ള ഫുട്ബോളാണോ ആശമാരെന്നു കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളോട് അദ്ദേഹം ചോദിക്കുമായിരുന്നു. വോട്ടർ പട്ടികയിൽ തിരിമറി നടത്തിയും പൂരം കലക്കിയും നേടിയ വിജയം ഒരു വിജയമല്ല, പരാജയമാണ് രാജാവേയെന്ന് യുധിഷ്ഠിരനോട് ചാർവാകൻ എന്നപോലെ അദ്ദേഹം പറയുമായിരുന്നു.
ഡോ. സുകുമാർ അഴീക്കോടിന്റെ അഭാവം ശക്തമായ ഒരു പ്രതിപക്ഷമില്ലായ്മയെ ചൂണ്ടിക്കാട്ടുന്നുണ്ട്.