നാഗരികത വസന്തമാകുമ്പോൾ
--------------------------------------------------------------------------
പുസ്തകപ്രകാശനത്തിനു വേണ്ടിവരുന്ന ചെലവുകൾ ഇക്കാലത്ത് വളരെ കൂടുതലാണ്. പുസ്തകം അച്ചടിക്കുന്നതിനു മുൻപുതന്നെ കവർ പ്രകാശനം എന്നൊരു രീതി കോവിഡ് കാലത്ത് ആരംഭിച്ചിട്ടുണ്ട്. ഓൺ ലൈനിലൂടെയാണ് അധികം കവർ പ്രകാശനവും നടക്കാറുള്ളത്. അങ്ങനെയല്ലാതെയും കവർ പ്രകാശനങ്ങൾ നടക്കുന്നുണ്ട്. കവർ പ്രകാശനം കഴിഞ്ഞ ചില പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടാതെയും വന്നിട്ടുണ്ട്. പുസ്തകപ്രസാധനം തന്നെ ഇക്കാലത്ത് വളരെ ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. ഈ രംഗത്തുള്ള ചൂഷണം വളരെ വലുതാണ്. അതിനാൽ നേരെചൊവ്വേ പ്രസാധനം നടത്തുന്നവർ പോലും തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. പ്രിന്റ് ഓൺ ഡിമാന്റ് എന്നൊരു രീതി പാവപ്പെട്ട എഴുത്തുകാർക്ക് അവലംബിക്കാവുന്നതാണ്. അതിന്റെ വിതരണം മിക്കവാറും എഴുത്തുകാർ തന്നെ ഏറ്റെടുക്കേണ്ടിവരും. പുസ്തകപ്രസാധകർക്ക്, പുസ്തകവില്പന ഇപ്പോൾ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ, പുസ്തകമേള നടത്തുമ്പോൾത്തന്നെ ഗ്രാന്റും നൽകുന്നതിനാൽ വിപണനം എളുപ്പമാണ്. പുതിയ പുസ്തകങ്ങളാണ് ലൈബ്രറികൾക്ക് വേണ്ടത്. ആയിരത്തിലധികം കോപ്പികൾ പതിനാലുജില്ലകളിലുമായി വിറ്റുപോകാൻ സാധ്യതയുണ്ട്. ഇതിൽ കിട്ടുന്ന ലാഭം പ്രസാധകന്റെ കീശയിലാണ് എത്തുന്നത്. വള്ളത്തോളിനെയും കുമാരൻ ആശാനെയും പോലെ സ്വയം പ്രസിദ്ധീകരിച്ച് വിൽപ്പന നടത്തുന്ന രീതിയാണ് ചൂഷണത്തിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗം.
പുസ്തകം പ്രസിദ്ധീകരിച്ചു എന്നകാര്യം വായനക്കാരെയും മറ്റും അറിയിക്കാനുള്ള ഒരു പ്രധാനമാർഗ്ഗം പുസ്തകപ്രകാശനമാണ്. അതിനു കുറെ പണം കണ്ടെത്തേണ്ടിവരും. കടം വാങ്ങിയും മറ്റും പ്രസാധനധനം കണ്ടെത്തുന്നവർക്ക് ഇതിനും കൂടി പണം കണ്ടെത്തുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പ്രകാശകൻ അടക്കമുള്ള അതിഥികൾക്ക് വേണ്ടി കുറെ പണം കരുതേണ്ടിവരും. വണ്ടിക്കൂലിക്കും മറ്റുമായി. ദൂരെനിന്നും വരേണ്ട ഒരു പ്രകാശകനെ ഒഴിവാക്കുകയാണ് നല്ലത്. ബുദ്ധിമുട്ടില്ലാതെ കിട്ടുന്ന ഒരു വിഭാഗം നമ്മുടെ മന്ത്രിമാരാണ്. അവർക്ക് ആയിരം തിരക്കുകൾ ഉള്ളതിനാൽ അവരെയും ആ വഴിക്കു വിടുകയാവും നല്ലത്. അടുത്ത സുഹൃത്തുക്കൾ, അക്ഷരം പറഞ്ഞുതന്ന അദ്ധ്യാപകർ തുടങ്ങിയവരെ ഈ ചുമതല ഏൽപ്പിക്കുന്നത് നന്നായിരിക്കും.
പ്രകാശനത്തിന് ഒരു സ്ഥലം ഏർപ്പാടാക്കുന്നത് പോലും ഇക്കാലത്ത് കീശ കീറുന്ന കാര്യമാണ്. തലസ്ഥാനനഗരത്തിലാണെങ്കിൽ പ്രസ്സ് ക്ലബ്ബാണ് ഇക്കാര്യത്തിനായി കണ്ടെത്താറുള്ളത്. അവിടെ ഒന്നിലധികം ഹാളുകളുണ്ട്. വലിയ തുകയാണ് അവർ ഈടാക്കുന്നത്. അവിടത്തെ മൈക്ക് പലപ്പോഴും പിണങ്ങുന്ന അവസ്ഥയിലും ആയിരിക്കും. വൈ.എം.സി.എ, അയ്യങ്കാളി ഹാൾ, തിരുവനന്തപുരം പബ്ലിക് ലൈബ്രറി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, മ്യൂസിയം ഓഡിറ്റോറിയം തുടങ്ങിയ ഇടങ്ങളിലും ധനപരമായ കാര്യങ്ങളാൽ പാവപ്പെട്ട എഴുത്തുകാർക്ക് എത്താൻ കഴിയില്ല. തായ്നാട് ഹാളാണ് പലരും തെരഞ്ഞെടുക്കുന്നത്. അസൗകര്യങ്ങൾ കൂടുതലുള്ള ഒരു ഹാളാണത്. പിന്നെയുള്ളത് ലെനിൻ ബാലവേദിയാണ്. വാടക വളരെ കുറവാണെങ്കിലും അവിടെ എത്താനുള്ള ബുദ്ധിമുട്ടുകാരണം പലരും അതൊഴിവാക്കുകയാണ് പതിവ്. സ്ഥലത്തിന് പണം നൽകേണ്ടതില്ലാത്ത മറ്റൊരിടം മാനവീയം വീഥിയാണ്. സ്ഥലം സൗജന്യം.എന്നാൽ അവിടെ, മൈക്ക്, ജനറേറ്റർ, കസേരകൾ ഇവ വേറെ കണ്ടെത്തണം.
പുസ്തകപ്രകാശനത്തിനും ചിത്രങ്ങളും ഫോട്ടോകളും ശില്പങ്ങളും മറ്റും പ്രദര്ശിപ്പിക്കുന്നതിനും ലഘുനാടകങ്ങൾ അവതരിപ്പിക്കുന്നതിനും വാടക ഈടാക്കാത്ത ഒരു ഇടം ആവശ്യമാണ്. വളരെക്കാലമായി തിരുവനന്തപുരത്തെ കലാ സാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ ആവശ്യമാണിത്. കനകക്കുന്നിലെ നിശാഗന്ധിയിൽ നടന്ന വികസനസദസ്സിൽ കവിയും സാംസ്ക്കാരിക പ്രവർത്തകനുമായ വിനോദ് വൈശാഖി ഈ വിഷയം അവതരിപ്പിച്ചു. മേയർ ആര്യാ രാജേന്ദ്രൻ ഈ വിഷയം പരിശോധിക്കുകയും നഗരസഭാ സമുച്ചയത്തിലെ ഇ.എം.എസ് ഹാൾ പുസ്തകപ്രകാശനങ്ങൾക്കും ഓപ്പൺ ഓഡിറ്റോറിയം ചിത്രപ്രദർശനത്തിനും സൗജന്യമായി നല്കുന്നതാണെന്ന് അറിയിച്ചിരിക്കുകയുമാണ്. പാവപ്പെട്ട എഴുത്തുകാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച തിരുവനന്തപുരം നഗരസഭയെ അനുമോദിക്കുന്നു. കൊല്ലം തുളസിയെ പോലുള്ള നടന്മാർ പണിയെടുത്ത ഇടമാണ് തിരുവനന്തപുരം നഗരസഭാകാര്യാലയം. അഭിനയകലയെ പ്രോത്സാഹിപ്പിക്കാനായി ലഘുനാടകങ്ങൾ, ഒന്നോ രണ്ടോ കവികൾ മാത്രം പങ്കെടുക്കുന്ന കവിയരങ്ങ്,ഒരു കഥാകൃത്ത് മാത്രം പങ്കെടുക്കുന്ന കഥയരങ്ങ്, ഫോട്ടോ പ്രദർശനത്തിനും ശിൽപ്പ പ്രദർശനത്തിനും ഗസൽ സന്ധ്യക്കും ഉള്ള സൗകര്യം ഇവയും നഗരസഭയ്ക്ക് ഒരുക്കാവുന്നതാണ്. സാംസ്ക്കാരിക കാര്യങ്ങളിൽ കൂടി ശ്രദ്ധകാട്ടുമ്പോഴാണ് ഒരു നഗരം സുന്ദരമാകുന്നത്. നാഗരികത വസന്തമാകുന്നത്.
No comments:
Post a Comment