മൂകാഭിനയത്തെ ഭയക്കുന്നവർ
------------------------------
മൂകാഭിനയത്തെ ഭയക്കുന്നവർ ശരിയായ നാടകം കണ്ടാൽ ഭയന്നു മുള്ളുമല്ലോ. കാസർകോട്ടെ കുമ്പള ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലാണ് കലോത്സവവേദിയിൽ കുട്ടികളുടെ മൂകാഭിനയം കണ്ട് അദ്ധ്യാപകർ ഭയന്നു കർട്ടനിട്ടത്. ഭാരതാംബയ്ക്കെന്തെങ്കിലും ഏനക്കേടുണ്ടാകുമോ എന്ന ഭയമാണോ അവരെ ഭരിച്ചത്? എന്തായാലും കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി ഇക്കാര്യത്തിൽ ഇടപെടുകയും കുട്ടികളുടെ മൂകാഭിനയം വീണ്ടും അരങ്ങിലെത്തിക്കുകയും ചെയ്തു.
സ്ക്കൂൾ കലോത്സവവേദികൾ എക്കാലത്തും മതേതരത്വത്തിന്റെയും മനുഷ്യത്വത്തിന്റെയും കേളീരംഗമായിട്ടുണ്ട്. മുതിർന്നവരുടെ സമൂഹം ക്രിസ്ത്യാനികൾക്ക് സംവരണം ചെയ്തിരുന്ന മാർഗ്ഗം കളിയും മുസ്ലീങ്ങൾക്കായി ഒതുക്കി നിർത്തിയിരുന്ന ഒപ്പനയും ഹിന്ദുക്കൾക്കായി പരിമിതപ്പെടുത്തിയിരുന്ന തിരുവാതിരയും വിവിധ മത വിശ്വാസികളുടെ വീട്ടിൽ നിന്നും വരുന്നകുട്ടികൾ ഒന്നിച്ച് അവതരിപ്പിച്ച് മതത്തിന്റെ വിലക്കുകൾ പൊട്ടിച്ചെറിഞ്ഞത് സ്കൂൾ കലോത്സവ വേദികളിലാണ്. നെറ്റി ചുളിയാതെ മുഴുവൻ കുട്ടികളെയും വേദിയിലെത്തി കെട്ടിപ്പുണരാൻ സമൂഹത്തിനു സന്ദർഭം ഒരുക്കിയത് ആ കുഞ്ഞുമക്കളാണ്. അവർ കുമ്പളസ്കൂളിൽ പുതിയൊരദ്ധ്യായം രചിച്ചിരിക്കുന്നു.
കുമ്പള സ്കൂളിൽ അവതരിപ്പിച്ച മൈമിന്റെ വിഷയം പലസ്തീൻ ആയിരുന്നു. അവിടെ ഗാസയിൽ ആഹാരത്തിനായി അമ്മമാരും കുഞ്ഞുങ്ങളും പുരുഷന്മാരും അനുഭവിക്കുന്ന ദുരിതം. അവരുടെ മേൽ ബോംബ് വർഷിക്കുന്ന മനുഷ്യത്വവിരുദ്ധത. നരഹത്യ കഴുകൻചിറകു വിരിച്ചിടത്തുനിന്നും ബോംബാക്രമണത്തിൽ കൊലചെയ്യപ്പെട്ട കുഞ്ഞിനെ ഉയർത്തിക്കാട്ടുന്ന അമ്മ. ഒരു വാക്കുപോലും ഉരിയാടാതെ അതിഭംഗിയായി ഈ ആശയം വേദിയിൽ അവതരിപ്പിക്കപ്പെട്ടു. അപ്പോഴാണ് രണ്ടു മാഷന്മാർക്ക് രാജ്യാഭിമാനം അണപൊട്ടിയത്. ഇന്ത്യ ആരോടൊപ്പമാണ്? ഘാതകരോടൊപ്പമോ ഇരകൾക്കൊപ്പമോ? അവരെ പിന്തുണയ്ക്കാൻ പുറത്ത് കയ്യിൽ ചരടുകെട്ടിയ ഒരു സംഘവും ഉണ്ടായിരുന്നു. അവർ മൈം ആകാം പലസ്തീൻ ആകരുതെന്ന് അട്ടഹസിച്ചു. ഗാസയിലെ കാര്യം അവതരിപ്പിക്കുന്നിടത്ത് പലസ്തീനെന്തുകാര്യം എന്നവർ ആക്രോശിച്ചു. പലസ്തീനിലുള്ളതല്ല ഗാസ യെന്ന യഹൂദ ഭീകരതയാണ് ആ ആൾക്കൂട്ടത്തെ അപ്പോൾ നയിച്ചത്. മൈം മുഴുമിപ്പിക്കുന്നതിനു മുൻപ് കർട്ടനിട്ടു. യുവജനോത്സവം പാതിവഴിയിൽ അവസാനിപ്പിച്ചു. മൂന്നു പെൺകുട്ടികളും മൂന്നു ആൺകുട്ടികളും അടങ്ങുന്ന കലാസംഘം തങ്ങൾ ചെയ്ത തെറ്റ് എന്തെന്നറിയാതെ വിഷമിച്ചു. വന്നുകണ്ട മാധ്യമപ്രവർത്തകരോട്, യുദ്ധത്തിനെതിരെയും മനുഷ്യത്വത്തിനും വേണ്ടിയുമാണ് ഈ വിഷയം മൈമിനായി തെരഞ്ഞെടുത്തതെന്ന് കുട്ടികൾ വേദനയോടെ പറഞ്ഞു. കുട്ടികളെ വേദനിപ്പിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് മനുഷ്യത്വവാദികളും കലാസ്നേഹികളും രംഗത്തുവന്നു. പി.ടി.എ കൂടി. ബഹളം കണ്ടു പകച്ചുപോയ സ്‌കൂൾ മേധാവിടീച്ചർ പൊട്ടിക്കരഞ്ഞു. സഹാധ്യാപികമാർ കണ്ണീരു തുടച്ചു. അദ്ധ്യാപകർ ചെയ്തത് ശരിയല്ലെന്ന് പി.ടി.എ വിലയിരുത്തി. വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു. അടുത്തൊരു ദിവസം അതേ മൈം അവതരിപ്പിക്കപ്പെട്ടു.അദ്ധ്യാ
മൈമിനെതിരെ രംഗത്തുവന്നത് ഹിന്ദുമത തീവ്രവാദികളാണ്. അവർ പാലസ്തീനിലെ നരഹത്യയിൽ ആഹ്ലാദിക്കുന്നവരാണെന്നു തെളിഞ്ഞു. ഇതുവരെയുള്ള വാർത്തകൾ അനുസരിച്ച് മനുഷ്യപക്ഷം വിജയിച്ചിരിക്കയാണ്. വാസ്തവത്തിൽ കുമ്പളയിൽ അരങ്ങേറിയത് ഇന്ത്യൻ ഭരണകൂടത്തിന്റെ ഒരു ദുർമുഖം കൂടിയാണ്. ഇന്ത്യയുടെ ഇരട്ടത്താപ്പ്, ഇവിടെ വ്യക്തമായിരിക്കുന്നു. ഗാസയിലെ കുഞ്ഞുങ്ങളെ കൊന്നൊടുക്കാനുള്ള മാരകവസ്തുക്കൾ വാരിവിതറുന്ന ഡ്രോണുകൾ ഇന്ത്യാ ഗവണ്മെന്റിന്റെ അരുമയായ അദാനിയുടെ കമ്പനിയിൽ ഉൽപ്പാദിപ്പിക്കുന്നതാണെന്ന് ഒരു ഇടതുപക്ഷ പാർലമെന്റംഗം തുറന്നു പറഞ്ഞിരിക്കുന്നു. ഉന്നതതലത്തിൽ ഇസ്രായേലിനു മൗനസമ്മതം നൽകുന്നു. താഴെത്തലത്തിൽ അത് പച്ചയായി പ്രകടിപ്പിക്കപ്പെടുന്നു. ഇതിന്റെ ഒരു പതിപ്പാണ് കുമ്പളയിൽ നമ്മൾ കണ്ടത്.
ആ കുട്ടികൾക്ക് ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ഉണ്ടായാൽ പലസ്തീന്റെ വേദന കൂടുതൽ ശ്രദ്ധിക്കപ്പെടും. അതുവഴി കേരളം മനുഷ്യത്വത്തിന്റെ സ്നേഹപതാകകൾ ഉയർത്തിപ്പിടിക്കും. അരങ്ങത്തെത്തുന്ന കലാരൂപങ്ങൾക്കെതിരെ ആക്രമണങ്ങൾ ഉണ്ടാകുന്നത് കേരളത്തിൽ ആദ്യമല്ല. കണിയാപുരം രാമചന്ദ്രന്റെ ഭഗവാൻ കാലുമാറുന്നു, പി.എം.ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ്, റഫീക്ക് മംഗലശ്ശേരിയുടെ കിത്താബ് ഇവ അമിതമതവിശ്വാസികളാൽ ആക്രമിക്കപ്പെട്ട നാടകങ്ങളാണ്. കണിയാപുരത്തിന്റെ ഭഗവാൻ കാലുമാറുന്നു എന്ന നാടകം, ജനകീയ സന്നദ്ധഭടന്മാരുടെ സംരക്ഷണയിൽ കേരളത്തിലുടനീളം അവതരിപ്പിക്കാൻ കഴിഞ്ഞെങ്കിലും മറ്റു രണ്ടുനാടകങ്ങളും ഇരുട്ടിലേക്ക് എറിയപ്പെട്ടു. ഹിന്ദു ക്രിസ്ത്യൻ മുസ്ലിം അമിതമതവാദികളാണ് ഈ നാടകങ്ങളെ എതിർത്തത്. മറ്റുമതവാദികൾ ഈ നാടകങ്ങളെ അനുകൂലിച്ചതുമില്ല. എന്നാൽ കുമ്പളയിലെ കുട്ടികളുടെ കലാപ്രകടനത്തെ സംരക്ഷിക്കുന്നതിൽ ജനാധിപത്യപരമായ ഒരു യോജിപ്പ് കാണുന്നുവെന്നത് ശ്രദ്ധേയമാണ്.
No comments:
Post a Comment