Wednesday, 29 January 2025

മൈക്കും പേനയും വാഹനപൂജയും

മൈക്കും പേനയും വാഹനപൂജയും
-------------------------------------------
ശ്രീനാരായണ ധർമ്മസംഘം അധ്യക്ഷൻ സ്വാമി സച്ചിദാനന്ദയും കേരള മുഖ്യമന്ത്രിയും, അന്ധവിശ്വാസങ്ങളെ സംബന്ധിച്ച് നടത്തിയ അഭിപ്രായപ്രകടനങ്ങൾ പുതിയ ചില ചിന്തകളിലേക്കും വഴിതെളിക്കുന്നതാണ്. ക്ഷേത്രങ്ങളിൽ പ്രവേശിക്കുവാൻ ഷർട്ടൂരണമോ വേണ്ടയോ എന്നുള്ള ചർച്ച ഇപ്പോഴും നടക്കുന്നു എന്നുള്ളതുതന്നെ കേരളീയ സമൂഹത്തിനു അപമാനകരമാണ്. ഈ നിബന്ധനകളൊക്കെ ഹിന്ദു സമുദായക്കാരോട് മാത്രമേയുള്ളോ എന്ന നായർ സംഘടനാ നേതാവിന്റെ ചോദ്യം മതാന്ധതയുള്ള ചിലരുടെ കയ്യടി നേടാൻ വേണ്ടി മാത്രമുള്ളതാണ്. പുതിയ അന്ധവിശ്വാസങ്ങൾ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നതിൽ എല്ലാ മതകേന്ദ്രങ്ങളും മത്സരിക്കുകയാണ്.

വാഹനപൂജയാണ് അത്രപഴക്കമൊന്നുമില്ലാത്ത ഒരു അനാചാരം. സൈക്കിൾ മുതൽ ബസ്സ് വരെയുള്ള വാഹനങ്ങൾ കേരളത്തിൽ സാർവത്രികമായതോടെയാണ്, റോഡപകടം എന്ന അനിഷ്ടത്തെ മുൻനിർത്തി ചില പൂജാവിധികൾ ആവിഷ്‌കരിച്ച് കാശുണ്ടാക്കാമെന്ന ആശയം ഉടലെടുക്കുന്നത്. സ്‌കൂട്ടറും കാറും ബസ്സുമൊക്കെ പൂജിക്കുന്നതിനു പ്രത്യേകം പ്രത്യേകം നിരക്കുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നാരായണഗുരുതന്നെ സ്ഥാപിച്ചതും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ് നടത്തുന്നതുമായ ആലുവ അദ്വൈതാശ്രമത്തിലുള്ള വിവിധ വഴിപാടുകളിലൊന്നാണ് വാഹനപൂജ. മുന്നൂറു രൂപയാണ് ഈ ആധുനിക വഴിപാടിന് ഈടാക്കുന്നത്. ചെമ്പഴന്തിയിലെ ഗുരുഗൃഹത്തിലാണെങ്കിൽ വാഹനപൂജയ്ക്ക് നൂറ്റൊന്നു രൂപയും ഇരുചക്രവാഹനപൂജയ്ക്ക് അമ്പത്തൊന്നു രൂപയും കൂടാതെ താക്കോൽ പൂജയ്ക്ക് പ്രത്യേകം പണവും ഈടാക്കുന്നുണ്ട്.  വാഹനം  പൂജിച്ച് വീലുകൾക്കടിയിൽ നാരങ്ങാവച്ച് പൊട്ടിച്ചുകഴിഞ്ഞാൽ അന്ധവിശ്വാസമുള്ളവർക്ക് ആശ്വാസവും അമ്പലക്കമ്മിറ്റിക്ക് കാശും ലഭിക്കും. പൂജിച്ച് പുറത്തേക്കെടുത്ത വാഹനം തന്നെ അപകടത്തിൽ പെട്ട നിരവധി സംഭവങ്ങൾ പല ക്ഷേത്രപരിസരങ്ങളിലും  ഉണ്ടായിട്ടുണ്ട്.

മറ്റൊരു പുതിയ അന്ധവിശ്വാസം പരീക്ഷയ്ക്ക് പോകുന്ന കുട്ടികളുടെ പേനപൂജയാണ്.
എല്ലാ മതക്കാരും കേരളത്തിൽ പേനയെ അനുഗ്രഹിക്കുന്നുണ്ടെങ്കിലും വിജയശതമാനം ഉയർന്നു നിൽക്കുന്നത് മോഡറേഷൻ എന്ന റേഷൻ സംവിധാനം ഉള്ളതുകൊണ്ടാണ്.

സ്‌പെഷ്യൽ പൂജകളാണ് മറ്റൊരു തമാശ. വെജിറ്റേറിയൻ ഹോട്ടലുകളിൽ മസാലദോശയും സ്‌പെഷ്യൽ മസാലദോശയുമുള്ളതുപോലെ പുഷ്പ്പാഞ്ജലിയും സ്‌പെഷ്യൽ പുഷ്പ്പാഞ്ജലിയുമുണ്ട്. റേറ്റിൽ വ്യത്യാസമുണ്ടെന്നുമാത്രം. ഇത് കൂടാതെയാണ് പണ്ടേയുള്ള രക്തപുഷ്പ്പാഞ്ജലി. ഇതിനു രക്തസാക്ഷികളുമായി  ബന്ധമൊന്നുമില്ല. കാശ് ലേശം  കൂടുതലായിരിക്കും. ആലുവ അദ്വൈതാശ്രമത്തിൽ എൺപതു രൂപയുടെ ഗുരുപൂജയും ആയിരം രൂപയുടെ സ്‌പെഷ്യൽ ഗുരുപൂജയുമുണ്ട്. ചതയദിന പൂജയെന്ന അത്രപഴക്കമൊന്നുമില്ലാത്ത
വഴിപാടിന് പതിനായിരം രൂപയാണ് ഈടാക്കുന്നത്.  ചെമ്പഴന്തിയിലാണെങ്കിൽ ചതയപൂജയ്ക്ക് ഇരുപതിനായിരം രൂപയാണ് ഈടാക്കുന്നത്. മഹാഗുരുപൂജയ്ക്ക് പതിനായിരവും. തുലാഭാരം, ഗണപതിക്ക് ജലധാര തുടങ്ങിയ ദുരാചാരങ്ങളും പണം ഈടാക്കിക്കൊണ്ട് ഇവിടെ നടത്തുന്നുണ്ട്. ഇതിലും വലിയ തുകയ്ക്കുള്ള വഴിപാടുകൾ കേരളത്തിലെ മറ്റുപല ക്ഷേത്രങ്ങളിലുമുണ്ട്.

ദൈവപ്രീതിക്കായി നടത്തുന്ന മറ്റൊരു സാമൂഹ്യദ്രോഹം മൈക്കാണ്. ആറ്റുകാൽ പൊങ്കാലക്കാലത്ത് തലസ്ഥാനനഗരത്തിന്റെ മുക്കിലും മൂലയിലും ആഘോഷത്തോടെ ലൗഡ് സ്പീക്കർ ഒളിപ്പിച്ച കൂറ്റൻ പെട്ടികൾ സ്ഥാപിക്കുന്നു. പെട്ടിക്ക് ഹാരമണിയിച്ച് പൂജിച്ച് പകലും രാത്രിയിലും ഭീകരശബ്ദം പുറപ്പെടുവിക്കുന്നു. പെരുന്നാൾ കാലത്ത് ഇത്തരം പടുകൂറ്റൻ ശബ്ദപ്പെട്ടികൾ അഹൈന്ദവ ആരാധനാലയ പരിസരത്തും ഇപ്പോൾ സ്ഥാപിക്കുന്നുണ്ട്.
അടുത്തകാലത്ത് മുളച്ചുപൊന്തിയിട്ടുള്ള ശ്രീനാരായണക്ഷേത്രങ്ങളിലും ഉച്ചഭാഷിണികൾ സ്ഥാപിച്ചിട്ടുണ്ട്. വലിയ സാമൂഹ്യവിപ്ലവം നാരായണഗുരു നടത്തിയത് മൈക്ക് ഉപയോഗിക്കാതെയായിരുന്നു. ക്ഷേത്രങ്ങൾ സ്ഥാപിച്ചത് പാഴ്ചെലവായിപ്പോയിയെന്നു ഗുരു പറഞ്ഞിട്ടുമുണ്ട്. ആ ഗുരുവചനം അനുയായികൾ മായ്ചുകളഞ്ഞിരിക്കുന്നു.

കാര്യസിദ്ധിപൂജയും ശത്രുസംഹാര പൂജയുമാണ് കേരളത്തിൽ ശക്തിപ്രാപിച്ചുവരുന്ന മറ്റുരണ്ട്‍
പ്രബലമായ അന്ധവിശ്വാസങ്ങൾ.  ശത്രുസംഹാരപൂജയെന്നാൽ പാക്കിസ്ഥാനെതിരെയുള്ള പൂജയൊന്നുമല്ല. വ്യക്തിപരവും കുടുംബപരവുമായ ശത്രുക്കളെ സംഹരിക്കാനുള്ള പൂജയാണ്.
ശത്രു എന്ന ഒരു കാഴ്ചപ്പാടുതന്നെ തെറ്റാണെന്ന തിരിച്ചറിവ് ഉണ്ടായെങ്കിൽ മാത്രമേ ഈ അന്ധവിശ്വാസം ഇല്ലാതാക്കാൻ കഴിയൂ. കാര്യസിദ്ധിപൂജ മറ്റൊരു തട്ടിപ്പാണ്. ഉദ്ദേശിക്കുന്ന കാര്യങ്ങൾ സാധിച്ചു കിട്ടാൻ വേണ്ടിയാണ് ഈ പൂജ. ദൈവത്തിന്റെ കുളിയും ആഹാരവും ഉറക്കുപാട്ടും എല്ലാം മനുഷ്യർ നടത്തിക്കൊടുക്കുകയാണല്ലോ. ഒരു പരാശ്രയ സങ്കൽപ്പ ജീവിയായ ദൈവത്തിനു ആരുടെയും ഒരുകാര്യവും സാധിച്ചുകൊടുക്കാൻ കഴിയില്ലല്ലോ.
പക്ഷെ മലയാളികൾ ഈ കബളിപ്പിക്കലിനെല്ലാം നിന്നുകൊടുക്കുകയാണ്.

നവോഥാനപരിശ്രമങ്ങൾക്ക് തുടർച്ചയുണ്ടായെങ്കിൽ മാത്രമേ പ്രബുദ്ധകേരളം എന്ന ആശയം സാക്ഷാത്ക്കരിക്കാൻ കഴിയുകയുള്ളു. നാരായണഗുരുവിന്റെ അനുയായികൾ ഗുരുവിന്റെ അന്ത്യനാളുകളിലെ ബോധ്യങ്ങളിൽ നിന്നും മുന്നോട്ടു പോകേണ്ടതുണ്ട്. അതിനുള്ള മുന്നൊരുക്കമായി ഷർട്ടൂരാതെയുള്ള ക്ഷേത്രപ്രവേശനാഹ്വാനത്തെ കേരളം പ്രതീക്ഷിക്കുന്നുണ്ട്.

 

No comments:

Post a Comment