Tuesday, 20 May 2025

പട്ടാളം ശമ്പളം കിട്ടും, പക്‌ഷേ....

പട്ടാളം ശമ്പളം കിട്ടും, പക്‌ഷേ....
-----------------------------------------
കൗമാരകാലത്തുതന്നെ മനസ്സിൽ പതിഞ്ഞ രണ്ടുവരികളാണ് പട്ടാളം ശമ്പളം കിട്ടും, പക്‌ഷേ പട്ടിണിയാണതിൽ ഭേദം എന്നുള്ളത്. മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള 1944 ലെഴുതിയ ഒരു പുലപ്പെണ്ണിന്റെ പാട്ട് എന്ന കവിതയിലാണ് വാസ്തവത്തിന്റെ താരശോഭയുള്ള ഈ വരികളുള്ളത്.

രണ്ടാം ലോകയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം. മുസ്സോളിനിയും ഹിറ്റ്ലറും രാക്ഷസച്ചിരിയുമായി ലോകത്തെ നടുക്കിയിരുന്നകാലം. കേരളത്തിലെ ഒരു കർഷകത്തൊഴിലാളി യുവതിയുടെ ഭർത്താവ് പട്ടാളത്തിൽ ചേർന്ന് പടവെട്ടാൻ പോയിട്ട് നാലുവർഷം കഴിഞ്ഞിരിക്കുന്നു. ഇവിടെ കാലത്തിന്റെ യാത്ര കുറിക്കുവാൻ കുമാരനാശാന്റെ അഞ്ചുവട്ടമിഹ പൂത്തുകാനനം എന്ന കാവ്യതന്ത്രമാണ് ചങ്ങമ്പുഴയും ഉപയോഗിക്കുന്നത്. നാലുവർഷം കഴിഞ്ഞു എന്നതിനു പകരം നാലോണക്കാലം കഴിഞ്ഞുവെന്നും അഞ്ചാമത്തെ ഓണവും വന്നു എന്നുമാണ്. കലണ്ടർ വ്യാപകമല്ലാതിരുന്ന അക്കാലത്ത് ഓണവും വിഷുവും വെള്ളപ്പൊക്കവും പെരുന്നാളുകളും ഒക്കെയായിരുന്നല്ലോ കാലഗണനയുടെ കല്ലുകൾ.  

ചങ്ങമ്പുഴയുടെ കവിതകളിൽ സാധാരണയായി കാണപ്പെടുന്ന പ്രത്യക്ഷ
വികാരതീവ്രത ഈ കവിതയിലില്ല. പുറമേ ശാന്തവും അകമേ അതിതീവ്രവുമാണ് ഈ കവിത. ഓണം വരുന്നു. പ്രകൃതിയിൽ സന്തോഷത്തിന്റെ അടയാളങ്ങൾ തെളിയുകയാണ്.തമ്പ്രാക്കന്മാർക്ക് ഉണ്ണാനുള്ള  നെല്ല് വിളഞ്ഞിരിക്കുന്നു. പൊൻവെയിൽ പരന്നു തുടങ്ങുന്നു.
തുമ്പിയും പൂമ്പാറ്റകളും വന്നിരിക്കുന്നു. പരിസരം ഉല്ലാസകരമാണ്.എന്നാൽ ഈ കർഷകത്തൊഴിലാളി യുവതിയുടെ മനസ്സിൽ നിന്നും കരിങ്കാറ് ഒഴിയുന്നതേയില്ല. കർഷകത്തൊഴിലാളി യുവതി എന്നതിന് പകരം പുലപ്പെണ്ണ് എന്നാണു കവിതയുടെ ശീർഷകത്തിൽ  ഉപയോഗിച്ചിട്ടുള്ളത്. വർഗ്ഗവ്യത്യാസത്തെ കുറിച്ചുള്ള ധാരണയുണ്ടാകുന്നതിനു മുൻപ്  കർഷകത്തൊഴിലാളി എന്ന വാക്കില്ല. കർഷകനും കൃഷിക്കാരനും കൃഷീവലനും മറ്റുമാണ്  ഉണ്ടായിരുന്നത്. പുലയർ ഒരു ജാതിപ്പേര് മാത്രമായിരുന്നില്ല. കർഷകത്തൊഴിലാളി എന്ന പറയപ്പെടാത്ത അർഥം കൂടിയുണ്ടായിരുന്നു. പുലമെന്നാൽ വയലാണല്ലോ.

പെട്ടെന്നാണ് അവിടെ ഒരു തൈമരക്കൊമ്പത്തിരിക്കുന്ന തത്തയെ യുവതി കാണുന്നത്. പലദേശങ്ങൾ കണ്ടിട്ടുള്ള ആ തത്തയോട് ഇറ്റലിയെന്നൊരു നാട്ടിൽ പോയിട്ടുണ്ടോയെന്നു യുവതി ചോദിക്കുന്നു. അവിടെയാണ് അവരുടെ പുരുഷൻ പോരാടാൻ പോയിട്ടുള്ളത്.യുദ്ധം അവസാനിക്കുന്നു എന്ന് കേൾക്കുന്നത് സത്യമാണോ എന്നും  ആ സൈനികനെ അവിടെയെങ്ങാനും കണ്ടോയെന്നും  നിഷ്ക്കളങ്കയായ  യുവതി  ചോദിക്കുന്നു. കണ്ടാലും നീയെങ്ങനെ അറിയാനാണ്. മുൻപ് ഇവിടെവച്ച് തത്ത അയാളെ കണ്ടിട്ടില്ലല്ലോ. അതിനാൽ യുവതി അടയാളങ്ങൾ പറയുന്നു.

വടക്കൻ പാട്ടുകളിലാണ് സാധാരണയായി പുരുഷവർണ്ണനയുള്ളത്. ചങ്ങമ്പുഴയും സ്ത്രീ വർണ്ണനയിൽ സമര്ഥനായിരുന്നല്ലോ.മനസ്വിനിയും മറ്റുമെഴുതിയ അവസാനകാലത്താണ് സ്ത്രീയുടെ ആന്തരിക സൗന്ദര്യം അദ്ദേഹം തിരിച്ചറിയുന്നത്. ഈ കവിതയിൽ പുരുഷനെ അടയാളപ്പെടുത്തുന്നത് ശ്രദ്ധേയമാണ്. പൊക്കമുള്ള ശരീരം.മാംസം തിക്കുന്ന കയ്യും കാലും. എണ്ണക്കറുപ്പ് നിറം.വർക്കത്തുള്ള മുഖം. അൽപ്പം വിക്കു തോന്നിക്കുന്ന ശബ്ദം. ചുരുണ്ട മുടി.തത്തയുടെ ചുണ്ടുപോലെ ലേശം വളഞ്ഞമൂക്ക്. ഇങ്ങനെ സ്വന്തം പുരുഷനെ അടയാളപ്പെടുത്തുന്നതിനിടയിലാണ് പട്ടാളപ്പണിയെ കുറിച്ചുള്ള സ്വന്തം അഭിപ്രായം അവർ പറയുന്നത്.  പട്ടാളം ശമ്പളം കിട്ടും, പക്‌ഷേ പട്ടിണിയാണതിൽ ഭേദം. ഇത് ലോകത്തുള്ള എല്ലാ സ്ത്രീകളുടെയും എക്കാലത്തെയും അഭിപ്രായമാണ്. യുദ്ധം അനാഥമാക്കുന്നത് പ്രധാനമായും സ്ത്രീകളെയും കുട്ടികളെയുമാണ്. അവരുടെ നിലവിളിയാണ് യുദ്ധകാലത്ത് ലോകത്തെവിടെയും ഉയർന്നു കേൾക്കുന്നത്.

യുദ്ധം എവിടെയും ഭരണകൂടത്തിന്റെ ആവശ്യമാണ്. അവരെ നിയന്ത്രിക്കുന്നത് അധികവും മതങ്ങളാണ്. യുദ്ധം ജനങ്ങളുടെ ആവശ്യമല്ല. ഭഗവദ് ഗീത വായിച്ചാൽ യുദ്ധം ചെയ്യും. മഹാഭാരതം മുഴുവൻ വായിച്ചാൽ യുദ്ധം ചെയ്യുകയുമില്ല. മഹാഭാരതത്തിൽ ഒളിപ്പിച്ചു വച്ച ഒരു കൊച്ചുപുസ്തകം മാത്രമാണ് ഗീത. വായിക്കേണ്ടത് പൂര്ണമഹാഭാരതമാണ്.

No comments:

Post a Comment