Tuesday, 29 July 2025

നേത്രാവതീതീരത്തെ അസ്ഥിരൂപികൾ

നേത്രാവതീതീരത്തെ അസ്ഥിരൂപികൾ   
------------------------------------------------
കേരളത്തിന്റെ അതിർത്തിയിൽ നിന്നും അധികദൂരമൊന്നുമില്ലാത്ത തെക്കൻ കർണ്ണാടകത്തിലെ ധർമ്മസ്ഥലയിൽ, മഞ്ജുനാഥ ക്ഷേത്ര പരിസരത്തുണ്ടായ  കൂട്ടക്കൊല നടത്തിയത് ആരെന്നുള്ള വിവരങ്ങൾ കോടതിയെ അറിയിച്ചിട്ടുണ്ടെന്നുള്ള പുതിയ വെളിപ്പെടുത്തൽ, സാക്ഷിയുടെ അഭിഭാഷകൻ കെ,വി.ധനഞ്ജയ് നടത്തിയിരിക്കുന്നു. സാക്ഷിയെ മുഖംമൂടി ധരിപ്പിച്ച്, ശവശരീരങ്ങൾ കുഴിച്ചിട്ട സ്ഥലങ്ങളിൽ  പോലീസ് എത്തിച്ചു കഴിഞ്ഞു. മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലമാണ് മണ്ണുനീക്കി പരിശോധിക്കേണ്ടത്. കുഴിച്ചിട്ട സ്ഥലത്തുനിന്നും എടുത്ത ഒരു തലയോട്ടി കോടതി മുൻപാകെ ഹാജരാക്കപ്പെട്ടിട്ടുണ്ട്. നൂറിലധികം സ്ത്രീകളുടെ മൃതദേഹങ്ങൾ കുഴിച്ചിടാൻ നിർബ്ബന്ധിതനായ ഒരു ശുചീകരണ തൊഴിലാളിയാണ് അസഹ്യമായ മാനസിക സമ്മർദ്ദം മൂലം ഈ കുറ്റകൃത്യങ്ങൾ തുറന്നു പറഞ്ഞിട്ടുള്ളത്. 1988  മുതൽ 2014 വരേയുള്ള കാലത്താണ് ഈ കൊലപാതകങ്ങൾ നടന്നിട്ടുള്ളത്. അതിവേഗം അന്വേഷണം മുന്നോട്ടുപോകുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ എത്തിക്കുമെന്നും നമുക്ക് കരുതാം.  

കേരളത്തിൽ നിന്നും ധാരാളം ആളുകൾ, കാണാനും പ്രാർത്ഥിക്കാനും പോകുന്ന സ്ഥലമാണ് ധർമ്മസ്ഥല. നാനൂറ് ഏക്കറിലധികം പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന ഒരു സമാന്തര സാമ്രാജ്യമാണത്. ശക്തമായ നിരീക്ഷണവും പ്രത്യേക ചിട്ടവട്ടങ്ങളുമുള്ള ഒരു സാമ്രാജ്യം. അവിടെ ചെല്ലുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും സൗജന്യമാണ്.
കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ താൽപ്പര്യമനുസരിച്ച് രാജ്യസഭയിലെ ത്തിയിട്ടുള്ള വീരേന്ദ്ര ഹെഗ്ഡെയാണ് ഈ സാമ്രാജ്യത്തിന്റെ അധിപൻ. അദ്ദേഹമാകട്ടെ ഹിംസയെ പൂർണ്ണമായും എതിർക്കുന്ന ജൈനമതസ്ഥനുമാണ്   അവിടത്തെ പ്രധാന ആകർഷണം മഞ്ജുനാഥ ക്ഷേത്രമാണ്. ബാഹുബലി പ്രതിമയും ആകർഷകമാണ്. ഈ മാനേജ്മെന്റിന് സ്വന്തമായി മെഡിക്കൽ കോളജും യക്ഷഗാനത്തെ പ്രോത്സാഹിപ്പിക്കാനുള്ള സംഘവുമൊക്കെയുണ്ട്. എണ്ണൂറു വർഷത്തിലധികം പഴക്കം അവകാശപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ശിവനാണ്. തീർത്ഥങ്കരൻ ചന്ദ്രപ്രഭ, കാലരാഹു തുടങ്ങിയ ജൈന ദൈവങ്ങളുമുണ്ട്. ദൈവത്തിന്റെ മറയുണ്ടെങ്കിൽ എന്തു  കുറ്റകൃത്യവും നടത്താമല്ലൊ. ദൈവങ്ങൾ പോലും ഹിംസയുടെ വക്താക്കളാണ്. നരബലിയിലും മൃഗബലിയിലുമൊക്കെ പ്രീതിപ്പെടുന്ന ദൈവങ്ങളെയാണല്ലൊ ആദിമനൂഷ്യർ രൂപപ്പെടുത്തിയത്. മഞ്ജുനാഥ ശിവനോ ജൈനദൈവങ്ങളോ ഒന്നും ഇരകളാകേണ്ടിവന്ന ഈ പാവം ഭാരതപുത്രിമാരെ രക്ഷിച്ചില്ല. ബലാൽഭോഗം ചെയ്തു കൊന്ന സ്ക്കൂൾവിദ്യാർത്ഥിനിയുടെ, അടിയുടുപ്പില്ലാത്ത മൃതദേഹം വരെ മറവുചെയ്യേണ്ടി വന്നു എന്നാണ് മൊഴി നൽകിയിട്ടുള്ളത്. വിശ്വാസങ്ങളിലെ സംരക്ഷകൻ ആകുന്നതിനു പകരം നിരപരാധികളെ ശിക്ഷിക്കാനും അപരാധികളെ സംരക്ഷിക്കാനും കൂട്ടുനിൽക്കുന്ന മഞ്ജുനാഥ ദൈവത്തെയാണ് നമ്മൾ ഇവിടെ കാണുന്നത്.
 
മതബോധത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നു എന്ന പുകമറ സൃഷ്ടിച്ചുകൊണ്ട്, കുറ്റവാളികളെ സംരക്ഷിക്കുന്ന ഒരു രാഷ്ട്രീയ സമീപനം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നമ്മൾ കണ്ടിട്ടുള്ളതാണ്. അധികാരവും അതിന്റെ സൗകര്യങ്ങളുടെ അനന്തസാധ്യതകളും രാഷ്ട്രീയ നേതൃത്വത്തെ ആകർഷിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സന്തോഷ് മാധവനടക്കം നിരവധി സന്യാസിവേഷങ്ങളെ കൽത്തുറുങ്കിലാക്കിയത് കേരളത്തിൽ മാത്രമാണ്. കാഞ്ചി കാമകോടി ശങ്കരാചാര്യരെ തുറുങ്കിലടയ്ക്കാനുള്ള ആർജ്ജവം ജയലളിതയും കാട്ടി. മറ്റു വൻമത്സ്യങ്ങളെ പിടികൂടാൻ പൊട്ടിയ വലകളാണ് ഉപയോഗിച്ചു കണ്ടിട്ടുള്ളത്.

ധർമ്മസ്ഥലം അധർമ്മസ്ഥലമാണോ എന്നാണ് അന്വേഷണത്തിൽ തെളിയേണ്ടത്. മനസ്സാക്ഷിക്കുത്തു കൊണ്ട് കോടതിയിലെത്തിയ ആ ശുചീകരണ തൊഴിലാളി പറയുന്നത് വാസ്തവമെന്നു തെളിഞ്ഞാൽ പിന്നെ അവശേഷിക്കുന്ന ചോദ്യം, ആ പൂച്ചയ്ക്ക് ആരു മണികെട്ടുമെന്നതാണ്. കാത്തിരുന്നു കാണാം.

- കുരീപ്പുഴ ശ്രീകുമാർ  

Tuesday, 15 July 2025

ഇന്ന് പാദപൂജ, നാളെ പെരുവിരൽ ദക്ഷിണ

ഇന്ന് പാദപൂജ, നാളെ പെരുവിരൽ ദക്ഷിണ

-----------------------------------------------------------------

ശ്രീനാരായണ ഗുരുവിനെ കാണുവാൻ മഹാത്മാഗാന്ധി ശിവഗിരിയിലെത്തിയ ദിവസം. ഗാന്ധിയെ കാണാൻ വലിയൊരു ജനക്കൂ ട്ടം എത്തിയിട്ടുണ്ട്. അവർ ഓരോരുത്തരായി ഗാന്ധിയുടെ പാദം തൊട്ടു നമസ്ക്കരിക്കുന്നു. ഗാന്ധി ഓരോരുത്തരെയും അനുഗ്രഹിക്കുന്നുമുണ്ട്. അപ്പോൾ ഗുരു അടുത്തുനിന്ന ആളോട് എന്തോ ശബ്ദം താഴ്ത്തിപ്പറഞ്ഞു. അദ്ദേഹം ഉറക്കെ ചിരിച്ചുപോയി. എന്താണ് ഗുരു പറഞ്ഞതെന്ന് ഗാന്ധി അടുത്തുനിന്ന ആളോട് ചോദിച്ചു. മറുപടി കേട്ട് ഗാന്ധിയും പൊട്ടിച്ചിരിച്ചു. ഇന്ന് ബുദ്ധിമുട്ടിൽ നിന്നും ഞാൻ രക്ഷപ്പെട്ടു എന്നായിരുന്നു ഗുരുവിന്റെ ഫലിതം.

ഗുരുവിനെ ബഹുമാനിക്കുന്നത് കാലുപിടിച്ചോ കാലിൽ വീണോ അല്ല, ഇങ്ങനെയൊന്നും ചെയ്യുന്നതിൽ അർത്ഥമില്ലെന്ന് പറഞ്ഞ സഹോദരൻ അയ്യപ്പനായിരുന്നു ഗുരുവിന്റെ ഇഷ്ട ശിഷ്യൻ.

കാലുപിടുത്തവും കാലുകഴുകിക്കലും എല്ലാം പഴയ ബ്രാഹ്മണാധിപത്യത്തിന്റെ ദുർമ്മുഖങ്ങളാണ്.എഴുത്തും വായനയും പഠിച്ച ആരും ആവർത്തിക്കാൻ പാടില്ലാത്തത്. എന്നാൽ പഴയ ദുഃശീലങ്ങളിൽ ആഹ്ലാദം കണ്ടെത്തുന്ന ചില പഴമനസ്സുകൾ, പുതുശരീരത്തിന്റെ കുപ്പായമിട്ട് ഇപ്പോഴും കേരളത്തിലുണ്ട്. അവരാണ് ഗുരുപൂജ എന്ന വ്യാജേന കുട്ടികളെക്കൊണ്ട് പാദപൂജ നടത്തിപ്പിച്ചത്. അധ്യാപകർ മാത്രമല്ല ഹിന്ദു വർഗീയ രാഷ്ട്രീയ പാർട്ടിയുടെ ഒരു നേതാവുതന്നെ ദുരാചാരം ആസ്വദിച്ചു കോൾമയിർ കൊണ്ടെന്നറിയുമ്പോഴാണ് കാര്യത്തിന്റെ ഗൗരവം മറനീക്കി പുറത്തുവരുന്നത്. ഇവർ വനബാലന്റെ പെരുവിരൽ അറുത്തുവാങ്ങിയ ക്രൂരന്മാരാണ്. മറ്റൊരു വത്സല ശിഷ്യന്റെ വ്യാജപ്രസ്താവനയിൽ അസ്തപ്രജ്ഞനായ ദ്രോഹപ്രവീണൻ ദ്രോണഗുരുവിന്റെ ദയനീയമായ അന്ത്യം മഹാഭാരതത്തിൽ വിശ്വമഹാകവി വേദവ്യാസൻ വരച്ചിട്ടിട്ടുണ്ട്.

ഗുരുവിന്റെ കാൽതൊട്ടു വന്ദിക്കുകയെന്ന അഭ്യാസപ്രകടനം ബഹുഭൂരിപക്ഷം വരുന്ന അദ്ധ്വാനിക്കുന്ന ജനസമൂഹത്തിലില്ല. യോഗയും പ്രമേഹവും ഇല്ലാത്ത സമൂഹത്തിൽ ഗുരുത്വം ഭൂമിയുടെ ഗുരുത്വാകര്ഷണം പോലെ പ്രധാനപ്പെട്ടതാണ്. അത് ഗുരുപാഠങ്ങളെ വികസിപ്പിച്ചെടുത്ത് പുതു പ്രപഞ്ചം സൃഷ്ടിക്കുന്ന രീതിയാണ്. പുതിയ കൃഷിമാർഗങ്ങൾ തേടിക്കൊണ്ടും പുതിയ വയൽക്കവിതകൾ സൃഷ്ടിച്ചുകൊണ്ടും അവർ മുന്നേറി. അവരുടെ മുന്നേറ്റത്തെ തടഞ്ഞത് പാദപൂജയിലും യോനീപൂജയിലും ലിംഗപൂജയിലും നാരീപൂജയിലും കന്യാപൂജയിലും നിർവൃതിയടഞ്ഞ സവർണ്ണ സമൂഹമാണ്.

കാശും ഭൂമിയും സ്വന്തമായുള്ള എല്ലാ വർഗീയസംഘടനകൾക്കും യഥേഷ്ടം വിദ്യാലയങ്ങൾ നടത്താനുള്ള അനുമതി സർക്കാർ കൊടുത്തിട്ടുണ്ട്. അവിടെ അധ്യാപകരെ നിയമിക്കുന്നതും പഠ്യേതര ദുരാചാരങ്ങൾ നടപ്പിലാക്കുന്നതും വർഗീയസംഘടനകൾ തന്നെയാണ്. ശമ്പളവും മറ്റുകാര്യങ്ങളുമെല്ലാം സർക്കാർ നിർവഹിക്കും. ഒന്നാം കമ്യൂണിസ്റ്റു മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി പ്രൊഫ.ജോസഫ് മുണ്ടശ്ശേരിയുടെ വിഖ്യാതമായ വിദ്യാഭ്യാസ ബില്ലിൽ വെള്ളം ചേർത്തതുകൊണ്ട് ഉണ്ടായ ദുസ്ഥിതിയാണിത്. വെടക്കാക്കി തനിക്കാക്കിയ സൗകര്യങ്ങളെ തൊടാൻ പിന്നീടുവന്ന ഇടതുപക്ഷ സർക്കാരുകൾക്ക് കഴിഞ്ഞതുമില്ല. മത ജാതി സംഘടനകളുടെ കാര്യപരിപാടികളാണ് അവിടെ അരങ്ങേറുന്നത്. മതപരമായ ദുരാചാരങ്ങളെല്ലാം, സർക്കാരിന്റെ ഭാവനക്കപ്പുറത്തായി അവിടെ നടക്കുന്നു. ചങ്ങനാശ്ശേരി എസ്.ബി.കോളജിലുണ്ടായിരുന്ന ഇസ്താക്ക് മാഷാണ്, കാലിൽ തൊട്ടുവന്ദിക്കുന്ന വിദ്യാർത്ഥിയുടെ നെറുകയിൽ കൈ വച്ച് വ്യർത്ഥമായ അനുഗ്രഹപ്രകടനം നടത്തുന്നതിന് പകരം വിദ്യാർത്ഥിയുടെ പാദത്തിൽ തന്നെ സ്പർശിക്കുകയെന്ന ബദൽ ആശയം നടപ്പിലാക്കിയത്. ഞാനും രീതി അവലംബിക്കാറുണ്ട്.

ദൃശ്യമാധ്യമങ്ങൾ ഇപ്പോൾ മാത്രം പുറത്ത് കൊണ്ടുവന്നിട്ടുള്ള ഗുരുപൂജാഭാസം ഹിന്ദു വിദ്യാലയങ്ങളിൽ നേരത്തെതന്നെ നടക്കുന്നതാണ്. തനിക്കുണ്ടായ ഗുരുപൂജാ അനുഭവങ്ങളെ കുറിച്ച് കോളജ് അദ്ധ്യാപികയായിരുന്ന സാക്ഷരതാ മിഷൻ ഡയറക്റ്റർ .ജി ഒലീന വിവരിക്കാറുണ്ട്. അവർ ഒരു എൻ എസ് എസ് കോളജിൽ അധ്യാപികയായിരുന്നപ്പോൾ ഒരു വിഭാഗം വിദ്യാർത്ഥികൾ പൊടുന്നനെ ക്ലാസ്സുമുറിയിൽ കടന്നുവന്ന പാദപൂജ നടത്തുന്നതും അതേ വിനയവിശാരദർ തന്നെ പിന്നെ വളരെ മോശമായി പെരുമാറുകയും ചെയ്തകാര്യം അവർ പറയാറുണ്ട്. ഗുരുപൂജയൊന്നും വിദ്യാർത്ഥികൾ സ്വമനസ്സാലേ ചെയ്യുന്നതല്ല. ഹിന്ദു വർഗീയതയുടെ കുടില രാഷ്ട്രീയതന്ത്രം ഇതിന്റെ പിന്നിലുണ്ട്. അവർ പൂജിക്കാൻ പറയുമ്പോൾ കുട്ടികൾ പൂജിക്കാനും തെറിപറയാൻ ആഹ്വാനം ചെയ്യുമ്പോൾ തെറിപറയാനും വിദ്യാർത്ഥികൾ നിർബ്ബന്ധിതരാവുകയാണ്. മുജ്‌ജാതി വ്യവസ്ഥയിലെ ശൂദ്രരും അതിലെങ്ങും പെടാത്ത ശ്രീനാരായണ മാനേജ്‌മെന്റുകളും ദുരാചാരത്തിൽ മുൻപന്തിയിലാണെന്നത് അത്ഭുതകരമാണ്. പല ദുരാചാരങ്ങളുടെയും വാൽക്കിണ്ടികൾ ഇനിയും വലിച്ചെറിയേണ്ടതായിട്ടുണ്ട്. കുട്ടിക്കുരങ്ങിനെ കൊണ്ട് ചുടുചോറ് വാരിക്കുന്ന കുതന്ത്രം കേരളീയസമൂഹം തിരിച്ചറിയേണ്ടതായിട്ടുണ്ട്.



Tuesday, 1 July 2025

നരബലിക്കാരോട് ചോദിച്ചിട്ടു വേണോ ?

നരബലിക്കാരോട് ചോദിച്ചിട്ടു വേണോ ?

----------------------------------------------------------

ദുർമന്ത്രവാദവും മറ്റ് ആഭിചാരക്രിയകളും നിരോധിച്ചുകൊണ്ടുള്ള നിയമം പാസ്സാക്കി നടപ്പിലാക്കണമെന്നത് കേരളത്തിലെ പുരോഗമനവാദികളുടെ ദീർഘകാലമായുള്ള ആവശ്യമാണ്. നരഹത്യവരെ നടന്നുകഴിഞ്ഞ കേരളത്തിൽ അങ്ങനെയൊരു നിയമം വേണോ എന്നകാര്യത്തിൽ സർക്കാരിന് ഇപ്പോഴും സംശയമാണ്. വി.എസ്.ഗവണ്മെന്റിന്റെ കാലത്ത് യു.കലാനാഥന്റെയും മറ്റും നേതൃത്വത്തിൽ ബില്ലുതന്നെ തയ്യാറാക്കി നൽകിയിരുന്നു. ഒരോ മന്ത്രിസഭയും മാറി മാറി വന്നപ്പോഴൊക്കെ ഇങ്ങനെയൊരു നിയമത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയിരുന്നു. ഒരിക്കൽ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല, ഈ നിയമം സഭയിലെത്തിച്ച് നടപ്പിലാക്കുമെന്നു തിരുവനന്തപുരം വൈ എം സി എ യിൽ ചേർന്ന ശാസ്ത്ര വിശ്വാസികളുടെ യോഗത്തിലെത്തി ഉറപ്പു പറഞ്ഞതുമാണ്. അടുത്തകാലത്ത് ജസ്റ്റീസ് കെ.ടി.തോമസ് അദ്ധ്യക്ഷനായ നിയമപരിഷ്ക്കരണ കമ്മീഷൻ, കേരള പ്രിവൻഷൻ ആന്റ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്റ്റീസസ് ], സോർസെറി ആന്റ് ബ്ലാക്ക് മാജിക് ബിൽ 2022 എന്നൊരു നിയമം സംബന്ധിച്ച നിർദ്ദേശം വച്ചിരുന്നു. ഇത് ഫ്രീഡ്ജിൽ ആയതിനെ തുടർന്നു കേരള യുക്തിവാദി സംഘം ബഹു. കേരള ഹൈക്കോടതിയിൽ എത്തിയിരുന്നു. തുടർന്നുണ്ടായ കോടതി നടപടികളുടെ ഭാഗമായി സർക്കാർ കോടതിയിൽ നൽകിയ മറുപടിയിൽ, 2023 ജൂലായിൽ ചേർന്ന മന്ത്രിസഭായോഗം നിയമനിർമ്മാണ നടപടികളുമായി മുന്നോട്ടു പോകേണ്ടതില്ലെന്നു തീരുമാനിച്ചതായി അറിയിച്ചിരുന്നു. ഈ മറുപടി മുഖവിലയ്ക്കെടുത്ത കോടതി, മന്ത്രവാദവും ആഭിചാരവും അംഗീകരിക്കുന്നുണ്ടോയെന്നു ചോദിക്കുകയായിരുന്നു..

ഇതിനെ സംബന്ധിച്ച് ഒരു ടി വി ചാനലിനു ബൈറ്റ് നൽകിയ നിയമമന്ത്രി പറഞ്ഞത്, ബിൽ നിയമമാക്കുന്ന കാര്യം മന്ത്രിസഭയുടെ സജീവപരിഗണനയിൽ ഉണ്ടെന്നും. ബിൽ തയ്യാറാക്കി എല്ലാവരുമായും ആലോചിച്ചു തുടർ നടപടികൾ സ്വീകരിക്കുമെന്നുമാണ്. ആരാണ് ഈ നിയമത്തെ എതിർക്കുന്നത്? നരഹത്യനടത്തിയവരും രക്താഭിഷേകക്കാരും ജിന്നുപിടുത്തക്കാരും അത്ഭുത രോഗശാന്തിക്കാരുമല്ലാതെ ആരുംതന്നെ ഈ നിയമനിമ്മാണത്തെ എതിർക്കുകയില്ല. അവരുമായി ആലോചിച്ചാൽ, അത്ഭുതകരമായ ഒരു മതസൗഹാർദ്ദം ഇക്കാര്യത്തിൽ രൂപപ്പെടുകയും, സൈമൺ ബ്രിട്ടോയുടെ ബില്ലുപോലെ ഇതും നിയമസഭയുടെ ബർമുഡ ട്രയാംഗിളിൽ വീഴുകയും ചെയ്യും. വിചിത്രമായ ഈ മതസൗഹാർദ്ദം വിമോചനസമരകാലത്തും മതമില്ലാത്ത ജീവൻ എന്ന പാഠത്തിന് എതിരെയുള്ള സമരകാലത്തും നമ്മൾ കണ്ടതാണ്. 

അഘോരികൾ അരങ്ങുതകർത്തിരുന്ന മഹാരാഷ്ട്രയിൽ നിരപരാധികളായ വിശ്വാസികളുടെ രക്ഷയ്ക്കു വേണ്ടിയാണ് ഡോ. നരേന്ദ്ര ധാബോൽക്കർ, ദുർമന്ത്രവാദ നിരോധന ബിൽ തയ്യാറാക്കിയത്. ഈ ഒറ്റക്കാരണത്താൽ ഹിന്ദുമത തീവ്രവാദികൾ അദ്ദേഹത്തെ റോഡിൽ വച്ചു കൊലപ്പെടുത്തുകയും ചെയ്തു. എന്നാൽ, കേരളം പോലെ സമ്പൂർണ്ണ സാക്ഷരതയുള്ള ഒരു സംസ്ഥാനമല്ല മഹാരാഷ്ട്രയെങ്കിലും അവിടത്തെ ഗവണ്മെന്റ് ദുർമന്ത്രവാദ നിരോധന നിയമം നടപ്പിലാക്കുകതന്നെ ചെയ്തു. അസം തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ നിയമമുണ്ടായി.

വാസ്തവത്തിൽ, സ്ത്രീധനനിരോധനം പോലെ, മതവിശ്വാസികളെ രക്ഷിക്കാൻ വേണ്ടിയാണ് ഈ നിയമം ഉണ്ടാക്കുന്നത്. വിശ്വാസികളും മനുഷ്യരാണ്. രക്ഷിക്കാനെന്ന പേരിൽ ദുർമന്ത്രവാദം നടത്തി അവരെ കൊലയ്ക്ക് കൊടുക്കാൻ അനുവദിക്കരുത്. കഴിഞ്ഞ പത്തുവർഷത്തിനിടയ്ക്ക് നരബലിയടക്കം നിരവധി കൊലപാതകങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. അത് ആവർത്തിക്കാതിരിക്കാൻ ഈ നിയമം ആവശ്യമാണ്. പോലീസ് സേന അടക്കമുള്ള നീതിപാലകരുടെ കൃത്യ നിർവഹണത്തെ ഈ നിയമം സഹായിക്കുകയും ചെയ്യും.

കേരളത്തിന്റെ സാംസ്ക്കാരിക സാമ്പത്തിക രംഗങ്ങളിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്തുന്ന ഇടതുപക്ഷ സർക്കാരിന് ദുർമന്ത്രവാദികളെ ഭയപ്പെടേണ്ടുന്ന കാര്യം തീരെയില്ല. കാരണം ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അടിത്തറ സയൻസാണ്. മതം മുന്നോട്ടുവയ്ക്കുന്ന അന്ധവിശ്വാസങ്ങളല്ല. ഒരു ജനാധിപത്യരാജ്യത്ത് എല്ലാ അഭിപ്രായങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട് എന്ന ആശയം മനുഷ്യപുരോഗതിക്ക് വിഘാതമാകാൻ പാടില്ല. ആരാധനാലയങ്ങളിൽ ചെന്നു തലകുമ്പിടാത്ത അര ഡസൻ മുഖ്യമന്ത്രിമാരെയെങ്കിലും കണ്ട നാടാണ് കേരളം. ഇങ്ങനെയൊരു ചരിത്രം മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനുമില്ല.