നരബലിക്കാരോട് ചോദിച്ചിട്ടു വേണോ ?
------------------------------
ദുർമന്ത്രവാദവും മറ്റ് ആഭിചാരക്രിയകളും നിരോധിച്ചുകൊണ്ടുള്ള നിയമം പാസ്സാക്കി നടപ്പിലാക്കണമെന്നത് കേരളത്തിലെ പുരോഗമനവാദികളുടെ ദീർഘകാലമായുള്ള ആവശ്യമാണ്. നരഹത്യവരെ നടന്നുകഴിഞ്ഞ കേരളത്തിൽ അങ്ങനെയൊരു നിയമം വേണോ എന്നകാര്യത്തിൽ സർക്കാരിന് ഇപ്പോഴും സംശയമാണ്. വി.എസ്.ഗവണ്മെന്റിന്റെ കാലത്ത് യു.കലാനാഥന്റെയും മറ്റും നേതൃത്വത്തിൽ ബില്ലുതന്നെ തയ്യാറാക്കി നൽകിയിരുന്നു. ഒരോ മന്ത്രിസഭയും മാറി മാറി വന്നപ്പോഴൊക്കെ ഇങ്ങനെയൊരു നിയമത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയിരുന്നു. ഒരിക്കൽ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല, ഈ നിയമം സഭയിലെത്തിച്ച് നടപ്പിലാക്കുമെന്നു തിരുവനന്തപുരം വൈ എം സി എ യിൽ ചേർന്ന ശാസ്ത്ര വിശ്വാസികളുടെ യോഗത്തിലെത്തി ഉറപ്പു പറഞ്ഞതുമാണ്. അടുത്തകാലത്ത് ജസ്റ്റീസ് കെ.ടി.തോമസ് അദ്ധ്യക്ഷനായ നിയമപരിഷ്ക്കരണ കമ്മീഷൻ, കേരള പ്രിവൻഷൻ ആന്റ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്റ്റീസസ് ], സോർസെറി ആന്റ് ബ്ലാക്ക് മാജിക് ബിൽ 2022 എന്നൊരു നിയമം സംബന്ധിച്ച നിർദ്ദേശം വച്ചിരുന്നു. ഇത് ഫ്രീഡ്ജിൽ ആയതിനെ തുടർന്നു കേരള യുക്തിവാദി സംഘം ബഹു. കേരള ഹൈക്കോടതിയിൽ എത്തിയിരുന്നു. തുടർന്നുണ്ടായ കോടതി നടപടികളുടെ ഭാഗമായി സർക്കാർ കോടതിയിൽ നൽകിയ മറുപടിയിൽ, 2023 ജൂലായിൽ ചേർന്ന മന്ത്രിസഭായോഗം നിയമനിർമ്മാണ നടപടികളുമായി മുന്നോട്ടു പോകേണ്ടതില്ലെന്നു തീരുമാനിച്ചതായി അറിയിച്ചിരുന്നു. ഈ മറുപടി മുഖവിലയ്ക്കെടുത്ത കോടതി, മന്ത്രവാദവും ആഭിചാരവും അംഗീകരിക്കുന്നുണ്ടോയെന്നു ചോദിക്കുകയായിരുന്നു..
ഇതിനെ സംബന്ധിച്ച് ഒരു ടി വി ചാനലിനു ബൈറ്റ് നൽകിയ നിയമമന്ത്രി പറഞ്ഞത്, ബിൽ നിയമമാക്കുന്ന കാര്യം മന്ത്രിസഭയുടെ സജീവപരിഗണനയിൽ ഉണ്ടെന്നും. ബിൽ തയ്യാറാക്കി എല്ലാവരുമായും ആലോചിച്ചു തുടർ നടപടികൾ സ്വീകരിക്കുമെന്നുമാണ്. ആരാണ് ഈ നിയമത്തെ എതിർക്കുന്നത്? നരഹത്യനടത്തിയവരും രക്താഭിഷേകക്കാരും ജിന്നുപിടുത്തക്കാരും അത്ഭുത രോഗശാന്തിക്കാരുമല്ലാതെ ആരുംതന്നെ ഈ നിയമനിമ്മാണത്തെ എതിർക്കുകയില്ല. അവരുമായി ആലോചിച്ചാൽ, അത്ഭുതകരമായ ഒരു മതസൗഹാർദ്ദം ഇക്കാര്യത്തിൽ രൂപപ്പെടുകയും, സൈമൺ ബ്രിട്ടോയുടെ ബില്ലുപോലെ ഇതും നിയമസഭയുടെ ബർമുഡ ട്രയാംഗിളിൽ വീഴുകയും ചെയ്യും. വിചിത്രമായ ഈ മതസൗഹാർദ്ദം വിമോചനസമരകാലത്തും മതമില്ലാത്ത ജീവൻ എന്ന പാഠത്തിന് എതിരെയുള്ള സമരകാലത്തും നമ്മൾ കണ്ടതാണ്.
അഘോരികൾ അരങ്ങുതകർത്തിരുന്ന മഹാരാഷ്ട്രയിൽ നിരപരാധികളായ വിശ്വാസികളുടെ രക്ഷയ്ക്കു വേണ്ടിയാണ് ഡോ. നരേന്ദ്ര ധാബോൽക്കർ, ദുർമന്ത്രവാദ നിരോധന ബിൽ തയ്യാറാക്കിയത്. ഈ ഒറ്റക്കാരണത്താൽ ഹിന്ദുമത തീവ്രവാദികൾ അദ്ദേഹത്തെ റോഡിൽ വച്ചു കൊലപ്പെടുത്തുകയും ചെയ്തു. എന്നാൽ, കേരളം പോലെ സമ്പൂർണ്ണ സാക്ഷരതയുള്ള ഒരു സംസ്ഥാനമല്ല മഹാരാഷ്ട്രയെങ്കിലും അവിടത്തെ ഗവണ്മെന്റ് ദുർമന്ത്രവാദ നിരോധന നിയമം നടപ്പിലാക്കുകതന്നെ ചെയ്തു. അസം തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ നിയമമുണ്ടായി.
വാസ്തവത്തിൽ, സ്ത്രീധനനിരോധനം പോലെ, മതവിശ്വാസികളെ രക്ഷിക്കാൻ വേണ്ടിയാണ് ഈ നിയമം ഉണ്ടാക്കുന്നത്. വിശ്വാസികളും മനുഷ്യരാണ്. രക്ഷിക്കാനെന്ന പേരിൽ ദുർമന്ത്രവാദം നടത്തി അവരെ കൊലയ്ക്ക് കൊടുക്കാൻ അനുവദിക്കരുത്. കഴിഞ്ഞ പത്തുവർഷത്തിനിടയ്ക്ക് നരബലിയടക്കം നിരവധി കൊലപാതകങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. അത് ആവർത്തിക്കാതിരിക്കാൻ ഈ നിയമം ആവശ്യമാണ്. പോലീസ് സേന അടക്കമുള്ള നീതിപാലകരുടെ കൃത്യ നിർവഹണത്തെ ഈ നിയമം സഹായിക്കുകയും ചെയ്യും.
കേരളത്തിന്റെ സാംസ്ക്കാരിക സാമ്പത്തിക രംഗങ്ങളിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്തുന്ന ഇടതുപക്ഷ സർക്കാരിന് ദുർമന്ത്രവാദികളെ ഭയപ്പെടേണ്ടുന്ന കാര്യം തീരെയില്ല. കാരണം ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അടിത്തറ സയൻസാണ്. മതം മുന്നോട്ടുവയ്ക്കുന്ന അന്ധവിശ്വാസങ്ങളല്ല. ഒരു ജനാധിപത്യരാജ്യത്ത് എല്ലാ അഭിപ്രായങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട് എന്ന ആശയം മനുഷ്യപുരോഗതിക്ക് വിഘാതമാകാൻ പാടില്ല. ആരാധനാലയങ്ങളിൽ ചെന്നു തലകുമ്പിടാത്ത അര ഡസൻ മുഖ്യമന്ത്രിമാരെയെങ്കിലും കണ്ട നാടാണ് കേരളം. ഇങ്ങനെയൊരു ചരിത്രം മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനുമില്ല.
No comments:
Post a Comment