Tuesday, 27 January 2026
ശബരിമലയിലെ ബ്രാഹ്മണകുടുംബ വാഴ്ച
ശബരിമലയിലെ ബ്രാഹ്മണകുടുംബ വാഴ്ച
-----------------------------------------------------
നവോത്ഥാന പരിശ്രമങ്ങൾക്ക് നടവഴിയായ കേരളത്തിൽ ഇന്നും ജാതിവ്യവസ്ഥയുടെ ആധിപത്യവും അയിത്തം അടക്കമുള്ള കാര്യങ്ങളും നിലനിൽക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ക്ഷേത്രശ്രീകോവിലുകളിൽ നിലനിൽക്കുന്ന ബ്രാഹ്മണാധിപത്യം.
തന്ത്രവിധികൾ പുതിയകാലത്ത് ആർക്കും ഹൃദിസ്ഥമാക്കാവുന്നതെയുള്ളു. അങ്ങനെ പഠിച്ച് പരീക്ഷയും പാസ്സായി ചെല്ലുന്ന അബ്രാഹ്മണരെ തടയുന്ന കാട്ടുനീതിക്കും കേരളം സാക്ഷിയായിട്ടുണ്ട്. നമ്പൂതിരി മനുഷ്യനാകണമെങ്കിൽ ശാന്തിപ്പണി ഉപേക്ഷിക്കണം എന്ന സന്ദേശം കൂടി വി.ടി.ഭട്ടതിരിപ്പാടിന്റെ ജീവിതം നൽകുന്നുണ്ട്.
ശബരിമലയിൽ ശാന്തിപ്പണി ചെയ്യാനുള്ള അവകാശം താഴമൺ കുടുംബം ഐതിഹ്യങ്ങളുടെ ബലത്തിലാണല്ലോ ഏറ്റെടുത്തിട്ടുള്ളത്. അവരെ കേരളത്തിലേക്ക് എഴുന്നള്ളിച്ചത് മഴുവെറിയൻ രാമൻ ആണെന്നാണ് ഒരു കള്ളക്കഥ. രാമൻ കോടാലി കറക്കിയെറിഞ്ഞ് സൃഷ്ടിച്ചതാണ് കേരളം എന്നത് ഒരു കെട്ടുകഥ മാത്രമാണ്. വയലാറിന്റെ സുപ്രസിദ്ധമായ, മഹാബലിയും പരശുരാമനും തമ്മിലൊരു യുദ്ധം എന്നകവിതയിൽ ഈ വിഷയത്തിന്റെ കുടിലത ചരിത്രവിദ്യാർഥികളെക്കൊണ്ട് പറയിക്കുന്നുണ്ട്. കെട്ടുകഥയുടെ മറവിൽ തന്ത്രപൂർവ്വം ഒപ്പിച്ചെടുത്ത ശാന്തിപ്പണിയാണത്. അധിനിവേശത്തിന്റെ അഴുക്കാണ് അതിലുള്ളത്. എ ശ്രീധരമേനോന്റെ പുസ്തകം വായിച്ചാൽ ഈ അധിനിവേശകഥയുടെ ആയുസ്സ് മനസ്സിലാക്കാവുന്നതേയുള്ളൂ. ബ്രാഹ്മണ്യത്തെ മുൻനിർത്തിയുള്ള ഈ പിടിച്ചടക്കലിനു പന്തളത്തെ പഴയ രാജാവിനെ കൂട്ടുപിടിക്കുന്നുമുണ്ട്. എന്നാൽ ആദിവാസികളായ മലയരയ സമുദായം, ഈ ക്ഷേത്രത്തിലെ പൂജാധികാരം അവകാശപ്പെടുന്നുണ്ട്. കാട്ടിലുള്ള ഒരു ക്ഷേത്രത്തിന്റെ മേൽനോട്ടവും പൂജാവകാശവും വനവാസികളായിട്ടുള്ളവർ അവകാശപ്പെട്ടാൽ അത് ന്യായവുമാണ്. അവരെ അത് ഏൽപ്പിക്കുകയെന്നത് ശരിയായ കാര്യവുമാണ്. എന്നാൽ ബ്രാഹ്മണ്യത്തെ വാഴ്ത്തുന്ന പ്രാകൃതമനസ്സ് നിലവിലുള്ള ഭരണകൂടങ്ങളും വ്യവസ്ഥകളും ചുമക്കുന്നതിനാൽ ന്യായം അപ്പാച്ചിമേട്ടിലെ അരിയുണ്ടയായിരിക്കുകയാണ്. ശബരിമലയ്ക്ക് രാമായണത്തിലെ ശബരിയുമായല്ല ബന്ധം, ചമരിമാനുകൾ ഏറെയുണ്ടായിരുന്ന സ്ഥലം എന്നതാണ് ശരിയായ അർത്ഥമെന്ന് ഗവേഷകർ സംഘകാലകൃതികളെ ചൂണ്ടിക്കാട്ടി പറയുന്നുണ്ട്.
എന്നാൽ ശബരിമലയിലെ തന്ത്രികൾ പാരമ്പര്യ മഹത്ത്വമൊക്കെ അവകാശപ്പെടുന്നുണ്ടെങ്കിലും സാദാചാരകാര്യങ്ങളിൽ പോലും നിഷ്ഠയുള്ളവർ അല്ലെന്ന് ശോഭാജോണിനൊപ്പം പിടിക്കപ്പെട്ട ഒരു കണ്ഠരര് തെളിയിച്ചിരുന്നല്ലൊ. ആ കണ്ഠരർക്ക് സംസ്കൃതമോ ഗായത്രീ മന്ത്രമോ ഗണപതിയുടെ നാളുപോലുമോ അറിയില്ലെന്ന് ബഹുമാനപ്പെട്ട ജസ്റ്റീസ് പരിപൂർണ്ണന്റെ മുന്നിൽ തുറന്നു പറയുകയും ചെയ്തിരുന്നല്ലൊ. ഈ പെരുമകളെല്ലാം വഹിക്കുന്നവരാണ് അയ്യപ്പപൂജക്ക് അർഹർ എന്നാണല്ലോ ഖ്യാതി. ഇപ്പോഴാണെങ്കിൽ സ്വർണ്ണപ്പാളി മോഷണവുമായി ബന്ധപ്പെട്ട് മറ്റൊരു
കണ്ഠരര് സർക്കാരിന്റെ ഭക്ഷണം കഴിച്ച് ജയലിലുമാണ്. ഇനിയെങ്കിലും ശബരിമലയിലെ ബ്രാഹ്മണ കുടുംബവാഴ്ച അവസാനിപ്പിക്കുവാൻ കഴിയേണ്ടതാണ്.കോടതിവിധിപ്രകാരം ബിന്ദു അമ്മിണിയും കനകദുർഗ്ഗയും ശബരിമലയിൽ പ്രവേശിച്ചപ്പോൾ ശുദ്ധികലശം നടത്തിയ ദൈവശിങ്കിടിയാണ് ഇപ്പോൾ ജയിലിലുള്ളത്. ഇനിയും ശുദ്ധികലശം അവിടെ നടത്തേണ്ടിവരും. കുടുംബവാഴ്ച അവസാനിപ്പിച്ചുകൊണ്ടുള്ള ശുദ്ധികലശം.
ശബരിമല ഒരു പൊതുവിഷയമാണ്. ഇന്ത്യാഗവണ്മെന്റിന്റെ പണമാണ് അവിടെ കുന്നുകൂടുന്നത്. പൊതുസ്വത്താണ് അവിടെയുള്ളത്. അതിനാൽ ഈ വിഷയത്തിൽ ജാതി മതവിശ്വാസി അവിശ്വാസി ഭേദമെന്യേ എല്ലാവർക്കും ആകാംക്ഷയുണ്ട്.
- കുരീപ്പുഴ ശ്രീകുമാർ
Subscribe to:
Post Comments (Atom)
No comments:
Post a Comment