കാല്‍നൂറ്റാണ്ടിലധികമായി ആലപ്പുഴ ജില്ലയിലെ നൂറനാട്ടു നിന്നും
പ്രസിദ്ധീകരിച്ചുവരുന്ന ചെറുമാസികയാണ് ഉണ്മ. മുന്‍നിര എഴുത്തുകാര്‍ക്കും
നവാഗതര്‍ക്കും ഇടമുള്ള ഒരു മാസിക. ഈ മാസികയുടെ മുഖക്കുറിപ്പുകള്‍ ശ്രദ്ധേയമാണ്.
വാക്കേറ് എന്ന പേരാണ് മുഖമൊഴിക്കു നല്‍കിയിട്ടുള്ളത്. പത്രാധിപര്‍ നൂറനാട് മോഹന്‍
എഴുതുന്ന ഈ മുഖക്കുറിപ്പുകള്‍ വാക്കേറ് എന്ന പേരില്‍ത്തന്നെ
സമാഹരിച്ചിട്ടുണ്ട്.
മാസികയുടെ പ്രഭവസ്ഥാനമായ നൂറനാടിന്റെ പ്രശ്‌നങ്ങള്‍ക്കു ഉണ്മ വളരെ പ്രാധാന്യം
നല്‍കാറുണ്ട്. ഇക്കുറി വളരെ പ്രധാനപ്പെട്ടതും കേരളത്തിന്റെയും
കേന്ദ്രസര്‍ക്കാരിന്റെയും ശ്രദ്ധയില്‍ പെടേണ്ടതുമായ ഒരു വിഷയമാണ് ഉണ്മ മുന്നോട്ടു
വച്ചിട്ടുള്ളത്.
ഒരു നൂറനാട്ടുകാരനും ആവശ്യപ്പെടാതെ നൂറനാട് ഒരു പട്ടാളക്യാമ്പ് ആരംഭിക്കുന്നു.
ആരും ആവശ്യപ്പെടാതെ ഭക്ഷണശാലയോ കായിക പരിശീലനവേദിയോ ആതുരാലയമോ, കലാലയമോ ഉണ്ടായാല്‍
അത് എല്ലാവരുടെയും ഇഷ്ടമായി മാറും. എന്നാല്‍ പട്ടാള ക്യാമ്പ് ആരുടെയും ഇഷ്ടത്തില്‍
സുഗന്ധം പൂശുന്നില്ല.
നൂറനാട് ലെപ്രസി സാനിട്ടോറിയത്തിന്റെ നൂറ്റിമുപ്പതേക്കര്‍ സ്ഥലത്താണ് ഇന്‍ഡോ
ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സുകാരെ കുടിയിരുത്തുന്നത്.
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സ് നൂറനാട്ടേക്കു വരുന്നു എന്നുകേട്ടാല്‍
ടിബറ്റ് കായംകുളത്തോ അടൂരോ മറ്റോ ആണോ എന്നു നമ്മള്‍ക്കു സംശയം തോന്നാം.
നമ്മുടെ ഭരണ കര്‍ത്താക്കളുടെ വിചിത്രബുദ്ധി അങ്ങനെയൊക്കെയാണ്. ശബരിമലയില്‍
ഭക്തവിനോദസഞ്ചാരികള്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ കയ്യടക്കിയ വനഭൂമിക്കു പകരം
കൊടുത്തത് താഴെ കുട്ടനാട്ടിലെ കൃഷിഭൂമി ആയിരുന്നല്ലൊ. ഗാന്ധിവനമെന്ന് ഓമനപ്പേരിട്ട്
കൃഷി നിരോധിച്ച ആ വയലേലകളില്‍ വിഷപ്പാമ്പുകളും നീര്‍നായകളും താമസമുറപ്പിച്ചത്
ചരിത്രം.
കുഷ്ഠരോഗം ബാധിച്ച് വിഷമിക്കുന്നവരെ പുനരധിവസിപ്പിക്കാനായി നൂറനാട് ഒരു
സാനിട്ടോറിയം തുടങ്ങിയതിനു പിന്നില്‍ വലിയൊരു കഥയുണ്ട്.
കുഷ്ഠരോഗ ബാധിതരെ കുറ്റവാളികളായി കണ്ടിരുന്ന കാലത്ത് ആരംഭിച്ചതാണ് ഈ പുനരധിവാസ
കേന്ദ്രം. എഴുപത്തഞ്ചു വര്‍ഷം മുമ്പ്.
ഫലപ്രദമായ മരുന്നുകള്‍ ഇല്ല. ഊളമ്പാറയിലാണ് ആ
നിരപരാധികളെ പാര്‍പ്പിച്ചിരുന്നത്. അന്നത്തെ തിരുവിതാംകൂര്‍ ഭരണകൂടം നൂറനാട് സ്ഥലം
കണ്ടെത്തി രോഗികളെ എത്തിച്ചു. ആയിരത്തഞ്ഞൂറിലധികം രോഗികള്‍ നൂറനാട്ടെത്തിയപ്പോള്‍
ഭയന്നുപോയ ജനങ്ങള്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് സാനിട്ടോറിയത്തിനു മതില്‍പോലും
കെട്ടിയത്. മതില്‍ക്കെട്ടിനുള്ളില്‍ ഔഷധശാലയും ചികിത്സാലയവും വാസസ്ഥലവും മാത്രമല്ല,
ചലച്ചിത്രപ്രദര്‍ശന ശാലയും ഗ്രന്ഥശാലയും കലാസമിതിയുമുണ്ടായി.
നൂറനാടിന്റെ സമീപപ്രദേശമായ വള്ളിക്കുന്നംകാരന്‍ തോപ്പില്‍ ഭാസിയെ കേരളം
കാണുന്നത് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിലൂടെ രാഷ്ട്രീയ ചരിത്രം
തിരുത്തിക്കുറിച്ച എഴുത്ത് കാരന്‍ എന്ന നിലയിലാണ്. എന്നാല്‍ അദ്ദേഹത്തിന്റെ
അശ്വമേധം, ശരശയ്യ എന്നീ നാടകങ്ങള്‍ കുഷ്ഠരോഗികളോടുള്ള സമൂഹത്തിന്റെ സമീപനം
മാറുവാന്‍ കാരണമായി. രോഗം ഒരു കുറ്റമാണോ എന്ന ചോദ്യം സമൂഹത്തിനു നേരെ
തൊടുത്തുവിട്ടത് തോപ്പില്‍ ഭാസിയാണ്.
ആരോഗ്യരംഗവും മാറി. ഫലപ്രദമായ ഔഷധങ്ങള്‍ കണ്ടുപിടിക്കപ്പെട്ടു. രോഗികള്‍
കുറഞ്ഞു സാനട്ടോറിയം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ വിജയം നേടി
വിജനതയിലെത്തി.
അവിടേക്കാണ് പട്ടാളം വരുന്നത്. പട്ടാളത്തോടൊപ്പം കഠിനമൗനവും ആയുധങ്ങളും വരും.
പട്ടാളത്തെ തീപിടിപ്പിക്കാന്‍ ഭരണകൂടം നല്‍കുന്ന കുതിരചാരായം പാങ്ങോട്ടെപ്പോലെ
പരിസര പ്രദേശങ്ങളിലേക്കു പ്രവഹിക്കും. സൈന്യത്തിന്റെ വ്യഭിചാര കഥകള്‍ മറ്റൊരു നാടക
കൃത്തായ എന്‍ എന്‍ പിള്ള രേഖപ്പെടുത്തിയിട്ടുണ്ട്. നൂറനാടെന്ന പാവം ഗ്രാമം
അര്‍ഹതപ്പെടാത്ത പാപത്തിന്റെ പതാക പുതച്ചു നിശ്ചലം കിടക്കും.
പട്ടാള ക്യാമ്പിനുപകരം, അന്തരീക്ഷത്തിലെ നിരാലംബ ശയ്യയില്‍ ഉണരാന്‍ തുടങ്ങുന്ന
മലയാള സര്‍വകലാശാല മുതല്‍ വൈദ്യപഠന കേന്ദ്രം വരെ ആലോചിക്കാവുന്നതേയുള്ളു. ജനങ്ങളുടെ
ഇടയില്‍ ഒരു ഹിതപരിശോധന നടത്തിയാല്‍ പട്ടാളം ടിബറ്റിനടുത്തുള്ള നഥുലാപാസില്‍
ലെഫ്റ്റ് റൈറ്റ് ചവിട്ടേണ്ടിവരും.
ഉണ്മ എന്ന ചെറുമാസിക, നൂറനാടിന്റെ മനസിനെ കേരളത്തിനു മുന്നില്‍
തുറന്നുവച്ചിരിക്കുകയാണ്.
|
Monday, 17 December 2012
ഔഷധത്തിനുപകരം തോക്കും ചാരായവും
Monday, 12 November 2012
ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന പ്രഭുവിന്റെ മക്കള്‍
എന്താണ് സിനിമ? നമ്മളെ ആഹ്ലാദിപ്പിച്ചും ചിലപ്പോള്‍ കരയിച്ചും
കടന്നുപോകുന്നതുമാത്രമാണോ? സിനിമയില്‍ സംവാദത്തിനു സാധ്യതയുണ്ടോ? ഉണ്ടെന്നാണ് ലോക സിനിമ പറയുന്നത്. എന്നാല്‍ സംവാദ സിനിമകള്‍ പലപ്പോഴും പരമ ബോറായിട്ടാണ് അനുഭവപ്പെടുക.
കഥയുടെ നൂല്‍ബന്ധമില്ലാത്തതും കഠിന ഭാഷയില്‍ സൈദ്ധാന്തിക ചര്‍ച്ച
നടത്തുന്നതുമായ സിനിമകളാണ് ഏതു ബുദ്ധിജീവിയെയും തിയേറ്ററില്‍ നിന്ന് പുറത്തേയ്ക്ക്
പായിക്കുന്നത്.
മലയാളത്തില്‍ കഥയും ചര്‍ച്ചയും ഒന്നിപ്പിച്ചുകൊണ്ട്
കണ്ടിരിക്കാവുന്ന ഒരു സിനിമ ഉണ്ടായിരിക്കുന്നു. നിറയെ ചോദ്യങ്ങളും യുക്തിഭദ്രമായ
ഉത്തരങ്ങളും നിറയ്ക്കുന്ന ഒരു ചലച്ചിത്രം. പ്രഭുവിന്റെ മക്കള്‍.
ഇക്കാലത്താണെങ്കില്‍ നിര്‍മ്മാല്യം പോലൊരു സിനിമ എടുക്കാമോ എന്നു പലരും
വെല്ലുവിളിക്കാറുണ്ട്. ഈ വെല്ലുവിളിക്ക് രണ്ടു ചലച്ചിത്ര ഭാഷകളില്‍
തട്ടുമ്പൊറത്തപ്പനും ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്കും മറുപടി പറഞ്ഞിട്ടുണ്ട്.
ശ്രീനിവാസന്റെ ചില ചിത്രങ്ങളും ആ വഴിയേ സഞ്ചരിച്ചിട്ടുണ്ട്.
പ്രഭുവിന്റെ മക്കളിലാണെങ്കില്‍ തുറന്നുപറയുന്ന ഒരു രീതിയാണ് സംവിധായകനായ
സജീവന്‍ അന്തിക്കാട് സ്വീകരിച്ചിട്ടുള്ളത്.
പ്രഭുവിന്റെ രണ്ടുമക്കളിലൊരാള്‍ യുക്തിവാദിയാണ്. രണ്ടാമന്‍ ഭക്തിവാദിയും.
ഭക്തിവാദിയായ സിദ്ധാര്‍ഥനാണെങ്കില്‍ ഒരു കാമുകിയുമുണ്ട്. എന്നാല്‍ സിദ്ധാര്‍ഥന്‍,
അച്ഛനെയും സഹോദരനെയും പ്രണയിനിയെയും ഉപേക്ഷിച്ച് ആത്മീയാന്വേഷണത്തിനിറങ്ങുന്നു.
ഹരിദ്വാറിലും ഋഷികേശിലും ഗംഗയുടെ മറ്റു സമീപപ്രദേശങ്ങളിലും ഗുരുവിനെ തേടിയലയുന്ന
സിദ്ധുവിന് ഗുരുവിനെ ലഭിക്കുക തന്നെ ചെയ്തു. ധ്യാനവും യോഗയുമടങ്ങിയ കഠിന
ജീവിതപദ്ധതി.
അപ്രതീക്ഷിതമായാണ് ബ്രഹ്മചര്യമഹത്വം പാടാറുള്ള ഗുരുവും ആശ്രമ സന്യാസിനിയും
തമ്മിലുള്ള കിടപ്പറ ദൃശ്യം അയാള്‍ കാണുന്നത്. വെള്ളത്തിനടിയില്‍ ലോഹപ്പാളി വിരിച്ച്
ഹഠയോഗി വെള്ളത്തിനു മുകളിലൂടെ നടക്കുന്നതും ഈ യുവാവ് കണ്ടെത്തുന്നു. വാസ്തവത്തിന്റെ
ബോധോദയമുണ്ടായതിലൂടെ തികഞ്ഞ നാസ്തികനായി മാറിയ സിദ്ധാര്‍ഥന്‍ നാട്ടിലെത്തി
കാത്തിരുന്ന കണ്മണിയെ കല്യാണവും കഴിച്ച് തികഞ്ഞ യുക്തിവാദിയായി ജീവിക്കുന്നു.
ഇനിയാണ് സിനിമയില്‍ ഹരിപഞ്ചാനന ബാബ വരുന്നത്. ബാബയ്ക്ക് മള്‍ട്ടി
സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുവാന്‍ അറുപതേക്കര്‍ പുരയിടം ഇഷ്ടദാനമായി
നല്‍കുന്ന പ്രഭു, ബാബയുടെ അത്ഭുതങ്ങള്‍ തട്ടിപ്പാണെന്ന് ബോധ്യപ്പെടുന്നതിനെ
തുടര്‍ന്ന് ആ കരാറില്‍ നിന്നും പിന്‍മാറുന്നു. അന്തരീക്ഷത്തില്‍ നിന്നും ഭസ്മവും
ചെറുശിവലിംഗവും ചെറിയ സ്വര്‍ണമാലയുമൊക്കെ എടുക്കുക തുടങ്ങിയ ചെറുകിട മാജിക്കുകളാണ്
ബാബ അത്ഭുതമായി കാട്ടിയിരുന്നത്. കരാറില്‍ നിന്നും പിന്‍മാറിയ പ്രഭു, ബാബയുടെ
ഗൂഢാലോചനയില്‍ നിന്നുണ്ടായ ഒരു റോഡപകടത്തില്‍ കൊല്ലപ്പെടുന്നു. മക്കളുടെ
അന്വേഷണത്തിനൊടുവില്‍ ബാബ അറസ്റ്റു ചെയ്യപ്പെടുന്നു.
ആത്മീയത ഉപേക്ഷിച്ച് വാസ്തവ ചിന്തയിലെത്തിയ സിദ്ധാര്‍ഥനും സംഘവും ദിവ്യാത്ഭുത
അനാവരണത്തിനായി കേരളത്തിലും ലോകത്തിന്റെ പലഭാഗങ്ങളിലും സഞ്ചരിക്കുന്നു.
അഹം ദ്രവ്യാസ്മി തുടങ്ങിയ പരിഹാസ മുദ്രാവാക്യങ്ങളും ഇതിനായി ഉപയോഗിക്കുന്നു.
ജാതി, മതം, ദൈവം, മറ്റ് അന്ധവിശ്വാസങ്ങള്‍ ഇവയാണ് ഈ സിനിമയില്‍ അനാവരണത്തിനു
വിധേയമാക്കുന്നത്. ശരിയായ മതരഹിത ജീവിതത്തിന്റെ സാധ്യതകളും മുദ്രകളും ഈ സിനിമ
മുന്നോട്ടുവയ്ക്കുന്നു. സിനിമയിലുടനീളം യുക്തിവാദം പ്രധാന കഥാപാത്രമാകുന്നു.
കാല്‍പനിക ഗാനങ്ങള്‍ ആരെഴുതിയാലും മഹാകവി ചങ്ങമ്പുഴയ്ക്കപ്പുറം
പോവുകയില്ലെന്നറിഞ്ഞതിനാലാകാം ആ രാവില്‍ നിന്നോടു ഞാനോതിയ രഹസ്യങ്ങള്‍ എന്ന കവിത
പ്രണയരംഗത്തിന് വസന്തം ചാര്‍ത്താന്‍ ഉപയോഗിച്ചിട്ടുണ്ട്. ചങ്ങമ്പുഴയും ഒരു
അവിശ്വാസിയായിരുന്നതിനാല്‍ ആ തെരഞ്ഞെടുപ്പ് ഉചിതമായി.
വിഷയത്തിന്റെ വിപുലീകരണം ഈ ചിത്രത്തിന്റെ കേന്ദ്രപ്രമേയത്തില്‍ നിന്നും
വ്യതിചലിക്കാന്‍ കാരണമാകുന്നുണ്ട്. അടിയന്തരാവസ്ഥക്കാലം മറ്റൊരു ചിത്രത്തിനായി
മാറ്റിവയ്ക്കാമായിരുന്നു.
പ്രഭുവിന്റെ മക്കള്‍, തിയേറ്ററുകളില്‍ നിന്നും മാറ്റി, ഓഡിറ്റോറിയങ്ങള്‍
ബുക്ക് ചെയ്ത് ആളുകളെ ക്ഷണിച്ചു പ്രദര്‍ശിപ്പിക്കുന്നതാവും നല്ലത്. തിയേറ്റര്‍
പ്രേക്ഷകരുടെ ശീലങ്ങള്‍ക്ക് ഈ ചിത്രം തൃപ്തി നല്‍കാന്‍ സാധ്യതയില്ല.
പ്രേമാനന്ദിന്റെയും ദയാനന്ദിന്റെയും അവരുടെ പിതാവിന്റെയും
നരേന്ദ്രനായിക്കിന്റെയും മറ്റും ജീവിതമറിയുന്നവര്‍ക്ക് ഈ ചിത്രം ആദരവോടെയും
ആവേശത്തോടെയും കാണാന്‍ കഴിയും. മറ്റുള്ളവര്‍ക്ക് ചിന്തയുടെ വലിയ ആകാശം പ്രഭുവിന്റെ
മക്കള്‍ തുറന്നുതരും.
|
Friday, 9 November 2012
സ്വര്‍ണച്ചേനയും നാഗമാണിക്യവും
ചാത്തന്നൂര്‍ സ്വദേശിയായ ആശാജി എന്ന ചിത്രകാരന്‍ എഴുതിയ സൂത്രം എന്ന നോവലില്‍
ഒരു ആള്‍ദൈവത്തെ അവതരിപ്പിക്കുന്നുണ്ട്. ആള്‍ദൈവം തന്റെ ആസ്ഥാനമൊരുക്കുന്നത് ആളുകളെ
അദ്ഭുതപ്പെടുത്തുന്ന ഒരു വിദ്യയിലൂടെയാണ്. ഒരു ചെറിയ കുഴിയെടുത്ത് അതില്‍ ഒരു ചെറിയ
ഓട്ടുരുളി വയ്ക്കുന്നു. ഉരുളിയില്‍ മണ്ണിട്ടുനിറച്ച് ചേനവിത്തുനടുന്നു.
ചേനമുളച്ചുവളര്‍ന്ന് പാകമാകുന്ന കാലത്ത് ഒരാളെ വിളിച്ച് ചേന കിളച്ചെടുക്കുന്നു.
കിളയ്ക്കുമ്പോള്‍ മണ്‍വെട്ടി ഓട്ടുരുളിയില്‍ തട്ടുന്നു. ചേനച്ചോട്ടില്‍ ഉരുളി കണ്ട്
പണിക്കാരന്‍ അദ്ഭുതപ്പെടുന്നു. ഉരുളികാണാന്‍ ജനങ്ങളെത്തുന്നു. മണ്ണില്‍ ഉരുളി
വിളഞ്ഞിടത്ത് ആള്‍ദൈവം ആസ്ഥാനമുണ്ടാക്കുന്നു.
പിന്നെ ആള്‍ദൈവത്തിന് ആരാധനയുടെ കൊയ്ത്തുകാലമാണ്. കണക്കില്ലാത്ത പണം
ഒഴുകിയെത്തുന്നു. ആരാധകരുടെ സുരക്ഷിത വലയത്തിനുള്ളില്‍ ആള്‍ദൈവം ലൈംഗിക
ചൂഷണമടക്കമുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
സന്തോഷ് മാധവന്‍
പിടിക്കപ്പെടുന്നതിന് വളരെക്കാലം മുന്‍പാണ് ഈ നോവല്‍ രചിക്കപ്പെടുന്നത്.
ഉരുളിച്ചേനയെ മുന്‍നിര്‍ത്തി കുബേരനായ ആളാണ് ഈ കഥാപാത്രമെങ്കില്‍
ആള്‍ദൈവമൊന്നും ആകാതെ തന്നെ സ്വര്‍ണച്ചേന വ്യവസായം നടത്തുന്നവരുമുണ്ട് കേരളത്തില്‍.
സ്വര്‍ണച്ചേന ചതിയില്‍ പലതവണ ആളുകള്‍ പെട്ടിട്ടുണ്ട്. വിശ്വാസത്തിന്റെയും
ആത്മീയതയുടെയും ആവരണമിട്ടു നടത്തുന്ന ഈ തട്ടിപ്പിനെക്കുറിച്ച് മലയാളത്തിലെ പ്രമുഖ
പത്രങ്ങള്‍ യഥാസമയം ജനങ്ങളെ അറിയിച്ചിട്ടുമുണ്ട്. ഇതില്‍ നിന്നൊന്നും മലയാളി ഒരു
പാഠവും പഠിച്ചില്ല. വീണ്ടും തട്ടിപ്പുകള്‍ക്ക് വിധേയരാവുകയാണ്.
ഒടുവിലത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ചേര്‍ത്തലയില്‍
നിന്നാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യയും വിവേകവും നല്‍കുന്ന സ്ഥലമാണ്
ചേര്‍ത്തലയെന്നോര്‍ക്കണം.
സ്വര്‍ണച്ചേന നല്‍കാമെന്ന് മോഹിപ്പിച്ച് ഒന്നരക്കോടിയോളം രൂപയുടെ
സ്വര്‍ണാഭരണങ്ങളാണ് തട്ടിയെടുക്കപ്പെട്ടിട്ടുള്ളത്.
ഒരു അമ്മയും മക്കളുമടക്കമുള്ള
തട്ടിപ്പു സംഘം അവരുടെ വീട്ടിനടുത്തുള്ള കാവില്‍ നിന്നും സ്വര്‍ണച്ചേന ലഭിച്ചെന്നും
അതുമുറിച്ചു നല്‍കണമെങ്കില്‍ മുറിക്കുന്ന അളവിനു തുല്യമായ സ്വര്‍ണം മുന്‍കൂട്ടി
ചേനയില്‍ വയ്ക്കണമെന്നും അവര്‍ പറഞ്ഞത്രെ. അതായത് കാല്‍ കിലോ സ്വര്‍ണച്ചേന
ആവശ്യമുണ്ടെങ്കില്‍ കാല്‍ കിലോ ചേനയല്ലാത്ത സ്വര്‍ണം ചേനപ്പുറത്തുവയ്ക്കണം.
മോഹവലയില്‍ കുടുങ്ങിയവര്‍ മകളുടെ വിവാഹത്തിനായി വാങ്ങി സൂക്ഷിച്ചിരുന്ന
മുപ്പത്തഞ്ചു പവന്റെ ആഭരണങ്ങളും നാല്‍പത്തൊന്ന് സ്വര്‍ണനാണയങ്ങളും
ചേനപ്പുറത്തുവയ്ക്കാന്‍ നല്‍കിയത്രെ. ഈ സ്വര്‍ണമാണ് തട്ടിപ്പുകാര്‍
സ്വന്തമാക്കിയത്.
വാസ്തവത്തില്‍ ഒരു ചേനച്ചെടിയുടെ മൂട്ടിലും സ്വര്‍ണം ഉണ്ടാവുകയില്ല. സ്വര്‍ണ
അയിരിന് മഞ്ഞനിറംപോലുമില്ല. ആത്മീയതയുടെയും അന്ധവിശ്വാസത്തിന്റെയും കാവുകളില്‍
മാത്രമേ സ്വര്‍ണച്ചേനയും സ്വര്‍ണച്ചേമ്പും സ്വര്‍ണക്കിഴങ്ങുമൊക്കെ വിളയുകയുള്ളൂ.
അവിടെ സ്വര്‍ണക്കപ്പയോ സ്വര്‍ണ ഇഞ്ചിയോ ഒക്കെ വിളഞ്ഞാലും അദ്ഭുതപ്പെടാനില്ല.
വിദ്യാഭ്യാസമുള്ള കേരളീയര്‍ അന്ധവിശ്വാസങ്ങളില്‍ നിന്നും ആത്മീയ തട്ടിപ്പുകളില്‍
നിന്നും മാറി നിന്നെങ്കില്‍ മാത്രമേ ഇത്തരം കബളിപ്പിക്കലുകള്‍ അവസാനിപ്പിക്കാന്‍
കഴിയുകയുള്ളൂ.
കാവില്‍ നിന്നാണ് സ്വര്‍ണച്ചേനകിട്ടിയത് എന്നാണല്ലോ തട്ടിപ്പുസംഘം പറഞ്ഞത്.
എന്തുകൊണ്ടാണ് പള്ളിക്കൂടങ്ങളില്‍ നിന്നോ കൃഷിഭൂമിയില്‍ നിന്നോ
കിട്ടിയെന്നുപറയാത്തത്? കാവുകള്‍ പരിസ്ഥിതിയുടെ അവിഭാജ്യഘടകമാണ് എന്ന വാസ്തവത്തെ
വിസ്മരിച്ചുകൊണ്ട് ദൈവത്തിന്റെയും ആത്മീയതയുടെയും ആവാസസ്ഥലം എന്നു കരുതുന്നിടത്താണ്
സ്വര്‍ണച്ചേന വിശ്വസിക്കാവുന്ന ഒരു പദാര്‍ഥമാകുന്നത്. തട്ടിപ്പിന്റെ ഒന്നാം പാഠം
അവിടെ ആരംഭിക്കുന്നു.
കാവുകളെ കേന്ദ്രീകരിച്ചാണ് നാഗമാണിക്യവും ഉദ്ഭവിക്കുന്നത്. വിശിഷ്ടനാഗത്തില്‍
നിന്നും ലഭിക്കുന്നത് എന്നു പറഞ്ഞ് കച്ചവടം ചെയ്യപ്പെടുന്ന നാഗമാണിക്യ വ്യവസായവും
സ്വര്‍ണച്ചേന വ്യവസായവും രഹസ്യക്കമ്പോളത്തിലാണ് പുഷ്പ്പിക്കാറുള്ളത്. ദൈവികവും
സത്യസന്ധവുമാണെങ്കില്‍ പരസ്യമായി ഈ കച്ചവടം നടത്തിക്കൂടെ? ദൈവീക പരിവേഷമുണ്ടാക്കി
നടത്തുന്ന ഈ തട്ടിപ്പുകളില്‍ നമ്മുടെ മതദൈവങ്ങളുടെ നിലപാടെന്താണ്. എല്ലാം
ദൈവനിശ്ചയമനുസരിച്ചാണെങ്കില്‍ ഈ തട്ടിപ്പും ദൈവനിശ്ചയമാണോ? ദൈവം പോലും ഒരു
മെഗാതട്ടിപ്പാണെന്നിരിക്കെ ഇത്തരം മൈനര്‍ത്തട്ടിപ്പുകള്‍ക്ക് ദൈവാനുഗ്രഹം
ഉണ്ടാകുന്നതില്‍ അദ്ഭുതമില്ല.
മലയാളി, വിവേകത്തിന്റെയും ശാസ്ത്രീയതയുടെയും യുക്തിയുടെയും
സൂര്യപ്രകാശത്തിലേക്ക് മാറിനില്‍ക്കേണ്ടതുണ്ട്.
|
Friday, 26 October 2012
ഖസാക്ക് ബാലവേദിയുടെ കൊയ്ത്തുത്സവം
മുതിര്‍ന്നവര്‍ കൃഷി ഉപേക്ഷിക്കുമ്പോള്‍ കുട്ടികള്‍ കൃഷിക്കാരാവുന്ന അത്ഭുതം
കേരളത്തില്‍ സംഭവിക്കുകയാണ്. കൃഷിക്കിറങ്ങിയ വിദ്യാര്‍ഥികളെ ചെളിയില്‍ നിന്നും പിടിച്ചുകയറ്റി പ്രവേശന പരീക്ഷാ പരിശീലനത്തിനു പറഞ്ഞയച്ച് മുതിര്‍ന്നവര്‍ ഈ അത്ഭുതത്തിനു തരിശ്ശീലയിട്ടേക്കാം. അതുവരെയെങ്കിലും വിദ്യാലയ പരിസരത്തെ കൃഷി അവര്‍ തുടരും. പച്ചക്കറി കൃഷിയൊന്നുമല്ല സാക്ഷാല്‍ നെല്‍കൃഷി.
ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം കൃഷിപാഠങ്ങളും കുട്ടികള്‍ പഠിക്കുന്നു.
കൃഷിപാഠത്തിന്റെ ഭാഗമായി കൃഷിപ്പാട്ടുകളും പഠിക്കുന്നു. കൃഷിമറന്നാലും കൃഷിപ്പാട്ടു
മനസ്സില്‍ നില്‍ക്കുന്നു.
കേരളത്തില്‍ അല്‍പമെങ്കിലും കൃഷി വിപുലമായ രീതിയില്‍ തുടരുന്നത് ആലപ്പുഴയിലും
പാലക്കാട്ടുമാണ്. കുട്ടനാട് എന്നുപറയാന്‍ കഴിയില്ല. അപ്പര്‍ കുട്ടനാട് കൃഷിയോട്
ഏതാണ്ട് വിടപറഞ്ഞു കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് തകഴിശിവശങ്കരപ്പിള്ള കൃഷിനടത്തിയ
താഴേക്കുട്ടനാട്.
പാലക്കാട് ജില്ലയിലെ മമ്പറത്തെ തരിശിട്ടിരുന്ന മുപ്പത്തിയഞ്ചു സെന്റ് സ്ഥലമാണ്
ബാലവേദി ഏറ്റെടുത്തത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹായസഹകരണങ്ങളും
കുട്ടികള്‍ക്കു ലഭിച്ചു.
പുല്ലു വളര്‍ന്നു നിന്ന പാടം ഉഴുതു മറിച്ചു. കട്ട തല്ലിയുടച്ച്
പുല്ലുപെറുക്കിക്കളഞ്ഞു. പാടത്തുവെള്ളം കയറ്റി ചളിയാക്കി. അയലത്തെ കര്‍ഷകസുഹൃത്ത്
നല്‍കിയ സുജാതഞാറ് വരിപിടിച്ചു നട്ടു. ഞാറ് തികയുകില്ലെന്ന സംശയത്താല്‍ കുറച്ചു
വിത്ത് മാറ്റി വിതച്ചു. അങ്ങനെ പായ ഞാറ്റടി സജ്ജീകരിക്കുന്നതും കുട്ടികള്‍
പഠിച്ചു.
പിന്നെ വളപ്രയോഗമായിരുന്നു. കമ്പോസ്റ്റും വേപ്പിന്‍ പിണ്ണാക്കും വളം. പുതു
ചാണകം വെള്ളത്തില്‍ കലക്കി ഒഴിച്ചു. രാസവളപ്രയോഗം കുട്ടികള്‍ നിരോധിച്ചു.
ഇനി വളര്‍ന്ന് നിറയെ നെന്മണികള്‍ കാഴ്ചവച്ച് കുഞ്ഞുങ്ങളെയും സംരക്ഷകരെയും
ആഹ്ലാദിപ്പിക്കേണ്ട ചുമതല നെല്‍ചെടികള്‍ക്കുള്ളതാണ്. അവരതു ഭംഗിയായി നിര്‍വഹിച്ചു.
വയലാകെ, പ്രായപൂര്‍ത്തിയായ സുജാതച്ചെടികള്‍ കനത്ത കതിര്‍ക്കുലകളുമായി ശിരസ്സു
നമിച്ചു നിന്നു. ചില ചെടിസംഘങ്ങള്‍ ആടിക്കുഴഞ്ഞ നടിമാരോ ചെടി കൂടിപ്പുണര്‍ന്നു
കിടപ്പായിയെന്ന ഇടശ്ശേരി കാഴ്ചയെ ഓര്‍മ്മിപ്പിച്ചു.
ഇനി കൊയ്ത്താണ്. കൊയ്ത്തുത്സവം സെപ്തംബറിലെ അവസാന ഞായറാഴ്ച രാവിലെത്തന്നെ
കുട്ടികളും കൂട്ടുകാരെപ്പോലെ പെരുമാറുന്ന മാതാപിതാക്കളും വയല്‍വരമ്പില്‍ ഒത്തുകൂടി.
പുതിയ വയല്‍പ്പാട്ട് നീട്ടിപ്പാടി. കുഞ്ഞുകൈകള്‍ വിത്തെറിഞ്ഞു.... കരിമണ്ണിന്‍
വിരിമാറില്‍.....
അരിവാളുകളുമായി പരിചയ സമ്പന്നരായ ചില കര്‍ഷകത്തൊഴിലാളി അമ്മമാരും
സഹായിക്കാനെത്തി. എല്ലാരും ചേര്‍ത്ത് ഉത്സാഹത്തിമിര്‍പ്പോടെ കൊയത്തുത്സവം കൊണ്ടാടി.
അറുപതു പാലക്കാടന്‍ നിറപറ നെല്ല്. മുത്തുപോലെ, മാണിക്യം പോലെ, കണ്ണുപോലെ,
മഴത്തുള്ളിപോലെ.
സര്‍ക്കാരിന്റെയോ മറ്റ് സ്ഥാപനങ്ങളുടെയോ ഒരു സഹായവും ഈ കുഞ്ഞുകര്‍ഷകര്‍ക്കു
കിട്ടിയിട്ടില്ല. കുട്ടികള്‍ സംതൃപ്തരാണ്. അടുത്ത കൃഷിയിറക്കാനുള്ള
തയ്യാറെടുപ്പിലുമാണ്.
അങ്ങനെ, കൃഷി കുരിശായതുകാരണം തരിശിട്ട നിലം വീണ്ടും ജീവിതത്തിന്റെ
പച്ചപ്പണിഞ്ഞു. വിണ്ടുകീറിയ നിലത്തില്‍ വെള്ളം കെട്ടിക്കിടന്നു. പാലക്കാടന്‍
കാറ്റ്, കുട്ടികള്‍ വളര്‍ത്തിയ നെല്‍ച്ചെടികളെ മുത്തമിട്ടു പറന്നു. പൂമ്പാറ്റകളും
തുമ്പികളും വയലുകാണാനെത്തി. നെല്ലിന്റെ മണം രണ്ടുകിലോ മീറ്റര്‍ അപ്പുറമുള്ള
തസ്രാക്കിലേയ്ക്ക് വായുവിമാനം കയറിപ്പോയി. തസ്രാക്ക് വീണ്ടും ഖസാക്ക് ആയി.
|
Thursday, 18 October 2012
കീഴാളൻ
കുറ്റികരിച്ചു കിളച്ച് മറിച്ചതും
വിത്തുവിതച്ചതും വേള പറിച്ചതും
ഞാനേ കീഴാളൻ
കന്നിമണ്ണിന്‍റെ ചേലാളൻ.
തേവിനനച്ചതും കൊയ്തുമെതിച്ചതും
മോതിരക്കറ്റ മുഖപ്പുറം വെച്ചിട്ട്
കാടി കുടിച്ചു വരമ്പായ് കിടന്നതും
ഞാനേ കീഴാളൻ
പുതുനെല്ലിന്റെ കൂട്ടാളൻ.
ചേറു ചവിട്ടിക്കുഴച്ചു ചതുരത്തിൽ
സൂര്യനെ കാണിച്ചുണക്കിയടുക്കി
തീ കൂട്ടിച്ചുട്ടതും ഇഷ്ടികക്കൂമ്പാരം
തോളിലെടുത്തു നടന്നുതളര്‍ന്നതും
ചാന്തും കരണ്ടിയും തൂക്കും മുഴക്കോലും
ചന്തവും ചാലിച്ചു വീടു പണിഞ്ഞിട്ട്
ആകാശക്കൂരയിലന്തിയെരിച്ചതും
ഞാനേ കീഴാളൻ
നെടുന്തൂണിന്റെ കാലാളൻ.
കട്ടമരത്തില്‍ കടലിന്‍ കഴുത്തേറി
കഷ്ടകാലത്തിന്റെ കൊല്ലിവല വീശി
പൂവാലന്‍ ചെമ്മീനും മത്തിയും മക്കളും
തീരത്തു നേദിച്ചു നേരമിരുണ്ടപ്പോള്‍
പൂളക്കിഴങ്ങ് വിഴുങ്ങിത്തുലയ്ക്കുവാന്‍
ചാളക്കറിയ്ക്കു കൊതിച്ചു കയര്‍ത്തതും
ഞാനേ കീഴാളന്‍
കൊടുംകാറ്റിന്റെ തേരാളന്‍.
കണ്‍തടം കുത്തി കുരുപ്പരുത്തി നട്ട്
പഞ്ഞിക്കാ പൊട്ടിച്ചു തക്ലി കൊരുത്തിട്ട്
ആദിത്യരശ്മിപോലംബരനൂലിട്ട്
രാപ്പകലില്ലാതെ ഓമല്‍ തറിയോട്
മല്ലിട്ടു തുല്ലിട്ടുടയാട നെയ്തതും
നെഞ്ചുമറയ്ക്കാതെ ശീതത്തീ തിന്നതും
ഞാനേ കീഴാളന്‍
ഉടുമുണ്ടിന്റെ നെയ്ത്താളന്‍.
ചന്ദനം കണ്ടതും കൊത്തി മണത്തതും
വെട്ടി മറിച്ചു പുറത്തോടു ചെത്തീട്ട്
ആനയും വ്യാളിയും സര്‍പ്പവും സിംഹവും
പത്തവതാരവും കൊത്തിപ്പൊലിപ്പിച്ച്
കട്ടില്‍ കടഞ്ഞതും
തൊങ്ങലു വെച്ചതും
കല്യാണത്തമ്പ്രാനും തമ്പ്രാട്ടിക്കുഞ്ഞിനും
കന്നി രാവത്തു ചിരിച്ചു കളിക്കുവാന്‍
കാണിക്കവെച്ചിട്ട്
മാടത്തിന്‍ മുറ്റത്ത് പൂഴിക്കിടക്കയില്‍
ഓല വിരിപ്പിന്മേല്‍
നക്ഷത്രം നോക്കി നശിച്ചു കിടന്നതും
ഞാനേ കീഴാളന്‍
മുള്‍മരത്തിന്റെ വേരാളന്‍.
കായൽക്കയങ്ങളില്‍ മാലുകൊരുത്തിട്ട്
തൊണ്ടു കുതിര്‍ത്തതും പോളയിരിഞ്ഞതും
റാട്ടു കറക്കീട്ട് പൊന്‍താരു നൂത്തതും
ചില്ലിക്കു വിറ്റ് ചെലവിനും പോരാഞ്ഞ്
ചെല്ലക്കയറിൽ കുരുക്കിട്ടൊടുങ്ങിയോന്‍
ഞാനേ കീഴാളൻ
കരിമണ്ണിന്റെയൂരാളൻ.
പാര്‍ട്ടിയാപ്പീസിന്റെ നെറ്റിയില്‍ കെട്ടുവാന്‍
രാത്രിയില്‍ ചോരക്കിനാക്കൊടി തുന്നിയും
നെഞ്ചോടു ചേര്‍ത്തു കരഞ്ഞും ഞെളിഞ്ഞും
സങ്കടത്തീക്കനല്‍ തൊണ്ടയില്‍ വച്ചിട്ട്
പിന്നില്‍ നടന്നതും
താണു ഞെരിഞ്ഞതും
പിന്നെ കിനാവിന്‍ കലപ്പ നാക്കായ് വന്നു
മണ്ണു തെളിച്ചു വിയര്‍ത്തു കിതച്ചതും
ഞാനേ കീഴാളന്‍
കൊടിക്കമ്പിന്റെ നാക്കാളന്‍.
കല്ലരിക്കഞ്ഞിയില്‍ വെണ്ണിലാവുപ്പിട്ട്
കണ്ണെത്താക്കാവിലെ കാലനെ ചാറ്റീട്ട്
വോട്ടു പത്തായക്കുരുക്കില്‍ കുനിഞ്ഞിരു -
ന്നാശക്കു വിത്തിട്ടു പോഴത്തമാക്കീട്ട്
പുട്ടിലും തട്ടിപ്പുറംതിരിഞ്ഞോടുന്ന
ചൊക്കന്റെ പിന്നാലെയാളും മനസ്സുമായ്
തീപിടിക്കുന്ന വിളഞ്ഞ പാടം പോലെ
നായ്‌ക്കുട്ടി തട്ടിയുടച്ച കുടം പോലെ
വീണേ കീഴാളന്‍
കണ്ണുനീരിന്റെ നേരാളന്‍.
എൻ വിയർപ്പില്ലാതെ ലോകമില്ല
എൻ ചോരയില്ലാതെ കാലമില്ല
എൻ വിരൽ തൊട്ടാൽ ചുവക്കുന്ന വൃക്ഷം
എൻ കണ്ണു വീണാൽ രതിക്കുന്നു പുഷ്പം
എൻ കാലനങ്ങി കിലുങ്ങും സമുദ്രം
എൻ തുടി കേട്ടാൽ തുടിയ്ക്കുന്നു മാനം
ഞാനേ കീഴാളൻ
കൊടും നോവിന്റെ നാക്കാളന്‍.
മേലാളക്കഴുമരമേറി
പിടഞ്ഞൊടുങ്ങുന്നേ
കറുത്ത സൂര്യൻമാർ.
കീഴാളത്തെരുവുകൾ തോറും
മുളച്ചുപൊന്തുന്നേ
കറുത്ത സൂര്യന്മാർ.
ഭൂലോകപ്പെരുമഴ തുള്ളും
തണുത്ത കൂരാപ്പില്‍
വിശന്ന സൂര്യന്മാർ.
ഈരാളുകള്‍ നൂറാളുകളായ്
പരന്നുകേറുന്നേ
വിശന്ന സൂര്യന്മാർ.
ഞാനെന്റെ ദുഃഖച്ചിന്തുകളും
താളവുമായി
പൂക്കൈത മറപറ്റുമ്പോഴേ
കൂടെ വരുന്നേ.
ആദിത്യൻ കതിരുണരുമ്പോഴേ
കൂടെ വരുന്നേ
അണ്ണാറക്കണ്ണനുമായിട്ടേ
കൂടെ വരുന്നേ.
വിത്തുവിതച്ചതും വേള പറിച്ചതും
ഞാനേ കീഴാളൻ
കന്നിമണ്ണിന്‍റെ ചേലാളൻ.
തേവിനനച്ചതും കൊയ്തുമെതിച്ചതും
മോതിരക്കറ്റ മുഖപ്പുറം വെച്ചിട്ട്
കാടി കുടിച്ചു വരമ്പായ് കിടന്നതും
ഞാനേ കീഴാളൻ
പുതുനെല്ലിന്റെ കൂട്ടാളൻ.
ചേറു ചവിട്ടിക്കുഴച്ചു ചതുരത്തിൽ
സൂര്യനെ കാണിച്ചുണക്കിയടുക്കി
തീ കൂട്ടിച്ചുട്ടതും ഇഷ്ടികക്കൂമ്പാരം
തോളിലെടുത്തു നടന്നുതളര്‍ന്നതും
ചാന്തും കരണ്ടിയും തൂക്കും മുഴക്കോലും
ചന്തവും ചാലിച്ചു വീടു പണിഞ്ഞിട്ട്
ആകാശക്കൂരയിലന്തിയെരിച്ചതും
ഞാനേ കീഴാളൻ
നെടുന്തൂണിന്റെ കാലാളൻ.
കട്ടമരത്തില്‍ കടലിന്‍ കഴുത്തേറി
കഷ്ടകാലത്തിന്റെ കൊല്ലിവല വീശി
പൂവാലന്‍ ചെമ്മീനും മത്തിയും മക്കളും
തീരത്തു നേദിച്ചു നേരമിരുണ്ടപ്പോള്‍
പൂളക്കിഴങ്ങ് വിഴുങ്ങിത്തുലയ്ക്കുവാന്‍
ചാളക്കറിയ്ക്കു കൊതിച്ചു കയര്‍ത്തതും
ഞാനേ കീഴാളന്‍
കൊടുംകാറ്റിന്റെ തേരാളന്‍.
കണ്‍തടം കുത്തി കുരുപ്പരുത്തി നട്ട്
പഞ്ഞിക്കാ പൊട്ടിച്ചു തക്ലി കൊരുത്തിട്ട്
ആദിത്യരശ്മിപോലംബരനൂലിട്ട്
രാപ്പകലില്ലാതെ ഓമല്‍ തറിയോട്
മല്ലിട്ടു തുല്ലിട്ടുടയാട നെയ്തതും
നെഞ്ചുമറയ്ക്കാതെ ശീതത്തീ തിന്നതും
ഞാനേ കീഴാളന്‍
ഉടുമുണ്ടിന്റെ നെയ്ത്താളന്‍.
ചന്ദനം കണ്ടതും കൊത്തി മണത്തതും
വെട്ടി മറിച്ചു പുറത്തോടു ചെത്തീട്ട്
ആനയും വ്യാളിയും സര്‍പ്പവും സിംഹവും
പത്തവതാരവും കൊത്തിപ്പൊലിപ്പിച്ച്
കട്ടില്‍ കടഞ്ഞതും
തൊങ്ങലു വെച്ചതും
കല്യാണത്തമ്പ്രാനും തമ്പ്രാട്ടിക്കുഞ്ഞിനും
കന്നി രാവത്തു ചിരിച്ചു കളിക്കുവാന്‍
കാണിക്കവെച്ചിട്ട്
മാടത്തിന്‍ മുറ്റത്ത് പൂഴിക്കിടക്കയില്‍
ഓല വിരിപ്പിന്മേല്‍
നക്ഷത്രം നോക്കി നശിച്ചു കിടന്നതും
ഞാനേ കീഴാളന്‍
മുള്‍മരത്തിന്റെ വേരാളന്‍.
കായൽക്കയങ്ങളില്‍ മാലുകൊരുത്തിട്ട്
തൊണ്ടു കുതിര്‍ത്തതും പോളയിരിഞ്ഞതും
റാട്ടു കറക്കീട്ട് പൊന്‍താരു നൂത്തതും
ചില്ലിക്കു വിറ്റ് ചെലവിനും പോരാഞ്ഞ്
ചെല്ലക്കയറിൽ കുരുക്കിട്ടൊടുങ്ങിയോന്‍
ഞാനേ കീഴാളൻ
കരിമണ്ണിന്റെയൂരാളൻ.
പാര്‍ട്ടിയാപ്പീസിന്റെ നെറ്റിയില്‍ കെട്ടുവാന്‍
രാത്രിയില്‍ ചോരക്കിനാക്കൊടി തുന്നിയും
നെഞ്ചോടു ചേര്‍ത്തു കരഞ്ഞും ഞെളിഞ്ഞും
സങ്കടത്തീക്കനല്‍ തൊണ്ടയില്‍ വച്ചിട്ട്
പിന്നില്‍ നടന്നതും
താണു ഞെരിഞ്ഞതും
പിന്നെ കിനാവിന്‍ കലപ്പ നാക്കായ് വന്നു
മണ്ണു തെളിച്ചു വിയര്‍ത്തു കിതച്ചതും
ഞാനേ കീഴാളന്‍
കൊടിക്കമ്പിന്റെ നാക്കാളന്‍.
കല്ലരിക്കഞ്ഞിയില്‍ വെണ്ണിലാവുപ്പിട്ട്
കണ്ണെത്താക്കാവിലെ കാലനെ ചാറ്റീട്ട്
വോട്ടു പത്തായക്കുരുക്കില്‍ കുനിഞ്ഞിരു -
ന്നാശക്കു വിത്തിട്ടു പോഴത്തമാക്കീട്ട്
പുട്ടിലും തട്ടിപ്പുറംതിരിഞ്ഞോടുന്ന
ചൊക്കന്റെ പിന്നാലെയാളും മനസ്സുമായ്
തീപിടിക്കുന്ന വിളഞ്ഞ പാടം പോലെ
നായ്‌ക്കുട്ടി തട്ടിയുടച്ച കുടം പോലെ
വീണേ കീഴാളന്‍
കണ്ണുനീരിന്റെ നേരാളന്‍.
എൻ വിയർപ്പില്ലാതെ ലോകമില്ല
എൻ ചോരയില്ലാതെ കാലമില്ല
എൻ വിരൽ തൊട്ടാൽ ചുവക്കുന്ന വൃക്ഷം
എൻ കണ്ണു വീണാൽ രതിക്കുന്നു പുഷ്പം
എൻ കാലനങ്ങി കിലുങ്ങും സമുദ്രം
എൻ തുടി കേട്ടാൽ തുടിയ്ക്കുന്നു മാനം
ഞാനേ കീഴാളൻ
കൊടും നോവിന്റെ നാക്കാളന്‍.
മേലാളക്കഴുമരമേറി
പിടഞ്ഞൊടുങ്ങുന്നേ
കറുത്ത സൂര്യൻമാർ.
കീഴാളത്തെരുവുകൾ തോറും
മുളച്ചുപൊന്തുന്നേ
കറുത്ത സൂര്യന്മാർ.
ഭൂലോകപ്പെരുമഴ തുള്ളും
തണുത്ത കൂരാപ്പില്‍
വിശന്ന സൂര്യന്മാർ.
ഈരാളുകള്‍ നൂറാളുകളായ്
പരന്നുകേറുന്നേ
വിശന്ന സൂര്യന്മാർ.
ഞാനെന്റെ ദുഃഖച്ചിന്തുകളും
താളവുമായി
പൂക്കൈത മറപറ്റുമ്പോഴേ
കൂടെ വരുന്നേ.
ആദിത്യൻ കതിരുണരുമ്പോഴേ
കൂടെ വരുന്നേ
അണ്ണാറക്കണ്ണനുമായിട്ടേ
കൂടെ വരുന്നേ.
Monday, 8 October 2012
നഗ്ന കവിതകള്‍
ചതയം
------------
ഗോകുലം ബാറിന്‍റെ
അടച്ചിട്ട ഗേറ്റില്‍ നിന്ന്
നാലുചെറുപ്പക്കാര്‍
നാരായണ ഗുരുവിനെ
തെറി പറയുന്നു.
തെറി ഏറ്റെന്നു തോന്നുന്നു
കാവല്‍ക്കാരന്‍
ഗുരുദാസ്
കിളിവാതില്‍ തുറക്കുന്നു.
*****
ഡ്യൂ പ്പ്
------------
സിനിമാ നടി
സംവിധായകനെ
സ്വന്തം പരാധീനത
അറിയിച്ചു.
ദോശ ചുടാനും
വെള്ളം കോരാനും
വസ്ത്രം കഴുകാനും
ഡ്യൂ പ്പ് വേണം.
*****
കിഴങ്ങത്തികള്‍
------------------------
കിഴങ്ങുകള്‍ക്ക്
പേരിട്ട ഗവേഷകരെ
സമ്മതിക്കണം.
ശ്രീകല
ശ്രീലത
ശ്രീധന്യ
ശ്രീകാര്ത്തിക.
ശ്രീകുമാര്‍ എന്ന്
ഒരു കിഴങ്ങിനുംപേരില്ല.
എല്ലാം കിഴങ്ങത്തികള്‍.
------------
ഗോകുലം ബാറിന്‍റെ
അടച്ചിട്ട ഗേറ്റില്‍ നിന്ന്
നാലുചെറുപ്പക്കാര്‍
നാരായണ ഗുരുവിനെ
തെറി പറയുന്നു.
തെറി ഏറ്റെന്നു തോന്നുന്നു
കാവല്‍ക്കാരന്‍
ഗുരുദാസ്
കിളിവാതില്‍ തുറക്കുന്നു.
*****
ഡ്യൂ പ്പ്
------------
സിനിമാ നടി
സംവിധായകനെ
സ്വന്തം പരാധീനത
അറിയിച്ചു.
ദോശ ചുടാനും
വെള്ളം കോരാനും
വസ്ത്രം കഴുകാനും
ഡ്യൂ പ്പ് വേണം.
*****
കിഴങ്ങത്തികള്‍
------------------------
കിഴങ്ങുകള്‍ക്ക്
പേരിട്ട ഗവേഷകരെ
സമ്മതിക്കണം.
ശ്രീകല
ശ്രീലത
ശ്രീധന്യ
ശ്രീകാര്ത്തിക.
ശ്രീകുമാര്‍ എന്ന്
ഒരു കിഴങ്ങിനുംപേരില്ല.
എല്ലാം കിഴങ്ങത്തികള്‍.
Monday, 1 October 2012
മഹാനടന്‍ തിലകന്‍ മതരഹിതന്‍
അഭിനയത്തിന്റെ ഗിരിശിഖരങ്ങള്‍ കീഴടക്കി മഹാനടനായി മാറിയ തിലകന്റെ നടനത്തുടക്കം
കൊല്ലത്തുനിന്നായിരുന്നു. ഒ മാധവനും വി സാംബശിവനും ഒ എന്‍ വി കുറുപ്പിനും പുതിയ
കിനാവുകളുടെ വെയില്‍ വഴികള്‍ ചൂണ്ടിക്കാണിച്ചുകൊടുത്ത കൊല്ലം ശ്രീനാരായണ കോളജില്‍
നിന്ന് പ്രൊഫ. എസ് ശിവപ്രസാദിന്റെ ആശ്ലേഷാനുഗ്രഹത്തോടെയായിരുന്നു അത്. തിലകന്റെ അഭിനയ മികവ് മലയാള സാംസ്‌ക്കാരിക ചരിത്രത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. വലിയൊരു പരമ്പരയുടെ ഭാഗമായാണ് അദ്ദേഹം തന്റെ അഭിനയ ജീവിതത്തില്‍ ഉറച്ചുനിന്നത്. അത് കാമ്പിശ്ശേരിയുടെയും പി ജെ ആന്റണിയുടെയും തോപ്പില്‍ ഭാസിയുടെയും എന്‍ എന്‍ പിള്ളയുടെയും പാരമ്പര്യമായിരുന്നു. ജാതിമതരഹിതജീവിതത്തിന്റെ സൂര്യശോഭയുള്ള പാരമ്പര്യം.
അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വര്‍ഗീയ ചിന്തകളുടെയും
പൊതുചന്തയായിട്ടാണ് പൊതുവേ നമ്മുടെ സിനിമാരംഗം വിലയിരുത്തപ്പെടുന്നത്. സിനിമയുമായി
യാതൊരു ബന്ധവുമില്ലാത്ത ജ്യോത്സ്യന്മാരും പൂജാരികളും തുടക്കത്തിലേ
താരങ്ങളാവുന്നു.
വിവിധ വര്‍ണങ്ങളിലുള്ള ചരടുകള്‍ കയ്യില്‍കെട്ടി പലനിറക്കുറികളുമണിഞ്ഞു
കാണപ്പെടുന്ന മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ
ദുര്‍മന്ത്രവാദിയെയും പ്രകടനത്തില്‍ പരാജയപ്പെടുത്തും. ഇവിടെയാണ്
തിലകനെപ്പോലെയുള്ളവര്‍ പ്രകാശഗോപുരങ്ങളായി നിന്നത്.
ഇരുപതുവയസ്സാകുന്നതിനുമുമ്പാണ് തിലകന്‍ കൊല്ലത്ത് എത്തിയത്. എസ് എന്‍ കോളജിലെ
വിദ്യാര്‍ഥിയാകാന്‍വേണ്ടി. ആദ്യ ദിവസം തന്നെ ആ യുവാവിന് കോളജ് അധികൃതരുമായി
വിയോജിക്കേണ്ടിവന്നു. കോളജ് പ്രവേശനത്തിനുള്ള അപേക്ഷയില്‍ ജാതിയും മതവും
രേഖപ്പെടുത്തണമെന്ന നിര്‍ബന്ധമാണ് ആ ചോരത്തിളപ്പിനെ നിഷേധിയാക്കിയത്.
ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള ഒരു കലാലയത്തില്‍ നിന്നും ജാതിമത നിബന്ധനകള്‍
ഉണ്ടായതുമായി പൊരുത്തപ്പെടാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഈ പൊരുത്തക്കേടിലേയ്ക്ക്
യുക്തിയുടെയും ചിന്തയുടെയും വളവും വെള്ളവും ചേര്‍ത്ത തിലകന്‍ അതുല്യാഭിനയത്തെ ഭൗതിക
പ്രഭയുടെ ഉറച്ച അടിത്തറയില്‍ ഉയര്‍ത്തുകയായിരുന്നു.
പരസ്യമായ പ്രാര്‍ഥന, നമ്മുടെ നാട്ടിലെ പൊതുചടങ്ങുകളുടെ ഒരു അഭംഗിയാണ്. അത്
വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുകയും വ്യത്യസ്ത മതവിശ്വാസത്തിന്റെ പ്രാര്‍ഥനാ
രീതികള്‍ക്കു പോറലേല്‍പ്പിക്കുകയും ചെയ്യുന്നതാണ്. സ്‌കൂള്‍ മുറ്റത്തു
പ്രാര്‍ഥിച്ചു കൊണ്ടുനില്‍ക്കുന്ന കുട്ടികള്‍ കുഴഞ്ഞുവീഴുന്നതില്‍ നിന്നെങ്കിലും
പരസ്യപ്രാര്‍ഥനയുടെ അര്‍ഥശൂന്യത നമ്മള്‍ പഠിക്കേണ്ടതാണ്.
പ്രാര്‍ഥിക്കണമെന്നുള്ളവര്‍ വീട്ടില്‍ വച്ചോ ആരാധനാലയങ്ങളില്‍ വച്ചോ അതു ഭംഗിയായി
നിര്‍വഹിച്ചിട്ട് യോഗത്തിനു പോകുന്നതാണ് ഉചിതം. പൊതുചടങ്ങുകളിലെ പ്രാര്‍ഥനാവേളയില്‍
സ്വന്തം ഇരിപ്പിടത്തില്‍ ഉറച്ചിരുന്ന ചലച്ചിത്ര നടനായിരുന്നു പെരുന്തച്ചന്റെ പെരുമ
മലയാളിയെ ബോധ്യപ്പെടുത്തിയ തിലകന്‍.
പ്രാര്‍ഥിക്കാതിരുന്ന അവസ്ഥയെ ഭയത്തോടെ നോക്കിക്കാണുന്ന സിനിമാ
പ്രവര്‍ത്തകരുടെ ഇടയില്‍ ഇഛാശക്തിയുടെയും യുക്തിബോധത്തിന്റെയും പ്രതീകമായി തിലകന്‍
പ്രവര്‍ത്തിച്ചു. ജാതിയെയും മതത്തിനെയും അന്ധവിശ്വാസങ്ങളെയും ജീവിതത്തില്‍ നിന്നും
ആട്ടിപ്പായിച്ചിട്ടുള്ളവര്‍ക്കു മാത്രമേ ഇക്കാര്യത്തില്‍ തിലകനെ അഭിവാദ്യം
ചെയ്യാന്‍ കഴിയുകയുള്ളു.
ജാതിമത ചിന്തകളും അന്ധവിശ്വാസങ്ങളും ഉപേക്ഷിച്ച് സമൂഹത്തിന് മാതൃകയാകുന്ന
വ്യക്തികള്‍ക്കു നല്‍കുന്ന രണ്ടുപുരസ്‌ക്കാരങ്ങള്‍ കേരളത്തിലുണ്ട്. ഡോ. എ ടി
കോവൂരിന്റെയും എം സി ജോസഫിന്റെയും ഓര്‍മ്മക്കായുള്ള ഈ പുരസ്‌ക്കാരങ്ങള്‍
സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്ന രണ്ടുപേര്‍ക്കു മാത്രമേ കിട്ടിയിട്ടുള്ളു.
കമല്‍ഹാസനും തിലകനും.
തിലകന്റെ മരണാനന്തര ചടങ്ങുകള്‍ ഹൈന്ദവാനുഷ്ഠാനമായി നടത്തുന്നതു കാണുമ്പോള്‍
വിഷമം തോന്നുന്നു. സഖാവ് ഇ കെ നായനാരുടെ ചിതാഭസ്മം സമുദ്രത്തില്‍ നിമഞ്ജനം
ചെയ്തപ്പോഴുണ്ടായ അതേ വിഷമം. മതരഹിതര്‍ക്ക് എന്ത് മരണാനന്തര മത ചടങ്ങ്!
|
Thursday, 27 September 2012
നഗ്നകവിത
നരകത്തിലേക്ക് ഒരു ടിക്കറ്റ്
-------------------------------------------
ഉസ്താദേ ഉസ്താദേ
ആരാണ് ഗാന്ധി?
നല്ലവന്‍
എല്ലാരെയും സ്നേഹിച്ചവന്‍
അന്യര്‍ക്ക് വേണ്ടി
ഒരു ഹിന്ദുവിനാല്‍
കൊല്ലപ്പെട്ടവന്‍.
ഗാന്ധി ഇപ്പോള്‍
സ്വര്‍ഗ്ഗത്താണല്ലേ.
അല്ല
അമുസ്ലിംങ്ങള്‍ക്ക്
സ്വര്‍ഗ്ഗത്തില്‍ പ്രവേശനമില്ല.
സ്വാമീ സ്വാമീ
ആരാണ് ഭഗത് സിംഗ്?
ധീരന്‍
വിപ്ലവകാരി
രാജ്യത്തിന് വേണ്ടി
രക്തസാക്ഷിയായവന്‍.
ഭഗത് സിംഗ് ഇപ്പോള്‍
സ്വര്‍ഗ്ഗത്താണല്ലേ?
അല്ല
അഹിന്ദുക്കള്‍ക്ക്
സ്വര്‍ഗ്ഗത്തില്‍ പ്രവേശനമില്ല.
അച്ചോ അച്ചോ
ആരാണ് ഗാഫര്‍ഖാന്‍?
അതിര്‍ത്തിഗാന്ധി
അഹിംസാവാദി
അയല്‍ക്കാരനെ
സ്നേഹിച്ച മഹാന്‍
ഗാഫര്‍ഖാന്‍ ഇപ്പോള്‍
സ്വര്‍ഗ്ഗത്താണല്ലേ?
ദൈവദോഷം പറയാതെ
അക്രൈസ്തവര്‍ക്ക്
സ്വര്‍ഗ്ഗത്തില്‍ പ്രവേശനമില്ല.
നല്ലവരെല്ലാം നരകത്തില്‍!
ഒരു ടിക്കറ്റ് തരൂ
നരകത്തിലേക്ക്.
Friday, 14 September 2012
''സെന്തില്‍ വടിവേലവനേ... ആറുമുഖന്‍ മുന്നില്‍ചെന്ന്''
മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രത്തില്‍ അനുകരണത്തിന് വലിയ
സ്ഥാനമാണുള്ളത്.
ആദ്യകാല ചിത്രങ്ങളിലെ പാട്ടുകള്‍ തമിഴ്-ഹിന്ദിപ്പാട്ടുകളുടെ സംഗീതപ്പാരഡികള്‍
ആയിരുന്നു. ഇന്നത്തെപ്പോലെ അന്നും ഈണത്തിനനുസരിച്ചായിരുന്നു പാട്ടെഴുത്ത്.
ഈണമെന്നാല്‍ ഒരു സംഗീതജ്ഞന്റെ ഹൃദയത്തില്‍ നിന്നും ഉത്ഭവിക്കുന്ന പുതിയ ഉറവകള്‍
എന്നല്ലായിരുന്നു അന്നത്തെ അര്‍ഥം. ഹിന്ദിപ്പാട്ടും തമിഴ്പാട്ടുമൊക്കെ കേട്ടിട്ട്
അതിന്റെ ഈണത്തിനൊപ്പിച്ച് വാക്കുകള്‍ നിരത്തുകയായിരുന്നു.
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കിരണ്‍രവീന്ദ്രന്റെ മലയാള
സിനിമാപിന്നണിഗാനചരിത്രം എന്ന പുസ്തകത്തിന് ആമുഖക്കുറിപ്പെഴുതിയ ഗാനഗന്ധര്‍വന്‍ കെ
ജെ യേശുദാസ് ഈ അനുകരണ വാസ്തവത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു ഹിന്ദി,
തമിഴ് തുടങ്ങി മറ്റുഭാഷാചിത്രങ്ങളിലെ അനുകരണമായിരുന്നു സത്യത്തില്‍ മലയാളം
പാട്ടുകളും സംഗീതവും തുടക്കത്തില്‍.
കഥയിതു കേള്‍ക്കാം സഹജരേ എന്ന ആദ്യകാല ചലച്ചിത്ര ഗാനം കെ എല്‍ സൈഗാളും
കനല്‍ദേവിയും ചേര്‍ന്ന് പാടിയ ഗുംഗുരുവാബാജേ എന്ന പാട്ടിന്റെ ഈണത്തില്‍ നിന്നും
മുളച്ചതാണ്.
വളരെ പ്രസിദ്ധമായ ആദ്യകാല മലയാള ചലച്ചിത്രഗാനം നീയെന്‍ ചന്ദ്രനെ ഞാന്‍ നിന്‍
ചന്ദ്രിക തൂ മേരെ ചാന്ദ്‌മേം തേരീ ചാന്ദ്‌നീ എന്ന ഹിന്ദിപ്പാട്ടിന്റെ
പകര്‍പ്പായിരുന്നു. അഴലേറും ജീവിതമെന്ന പഴയ സിനിമാപ്പാട്ട് അഫ്‌സായാലിഖ് രഹിഹൂം
എന്ന നൗഷാദ് സംഗീതം ചെയ്ത പാട്ടിന്റെ നിഴലാണ്. പരമേശ്വരി തായേ എന്ന പാട്ട് തമിഴ്
സിനിമയിലെ കന്നിയേമാമരി എന്ന പാട്ടിന്റെ പ്രേതമായിരുന്നു.
ഈ അനുകരണ പ്രേതബാധ ഒഴിപ്പിച്ച് ശുദ്ധമലയാള സംഗീതത്തിന്റെ കായല്‍ക്കരയിലേക്ക്
നമ്മുടെ സിനിമാപ്പാട്ടുകളെ വിരല്‍പിടിച്ചു നടത്തിയത് ചിദംബരനാഥും കെ രാഘവനും എം എസ്
ബാബുരാജും ജി ദേവരാജനും കെ വി ജോബും വി ദക്ഷിണാമൂര്‍ത്തിയും അടക്കമുള്ള
പ്രതിഭാശാലികളാണ്.
ജോ ബിത് ചുകിഹോ എന്ന പാട്ടിനൊപ്പിച്ച് മോഹനം മനോമോഹനം എന്നു പാടിക്കേട്ട്
ലജ്ജിച്ചു നിന്ന മലയാളം അല്ലിയാമ്പല്‍ക്കടവും കായലരികത്തു വലയെറിഞ്ഞപ്പോഴും
കൊതുമ്പുവള്ളം തുഴഞ്ഞുവരും കൊച്ചുപുലക്കള്ളിയും ഒക്കെ കേട്ട്
തലയുയര്‍ത്തിപ്പിടിച്ച് നടന്നു. എം കെ അര്‍ജ്ജുനനിലൂടെയും രവീന്ദ്രനിലൂടെയും എം
ജയചന്ദ്രനിലൂടെയും എം ജി രാധാകൃഷ്ണനിലൂടെയും ശരത്തിലൂടെയും മറ്റും മലയാള
ചലച്ചിത്രഗാനം മധുരിമയുടെ താഴ്‌വരയില്‍ ഉല്ലസിച്ചു സഞ്ചരിച്ചു.
ഇങ്ങനെയൊക്കെയാണെങ്കിലും അനുകരണ വൈറസ് പൂര്‍ണ്ണമായും ഒഴിഞ്ഞുപോയില്ല.
രാഗേന്ദുകിരണങ്ങളൊളിവീശിയില്ല എന്ന പ്രശസ്ത ഗാനത്തില്‍പ്പോലും ഈ വൈറസ്
സാന്നിധ്യമറിയിച്ചു.
അടുത്ത കാലത്തുകേട്ട അതിഗംഭീരമായ ഒരു സംഗീതപ്പാരഡി ലാല്‍ജോസിന്റെ മുല്ലയില്‍
റിമിടോമി പാടിയ ആറുമുഖന്‍ മുന്നില്‍ച്ചെന്ന് എന്ന പാട്ടാണ്. വിദ്യാസാഗറിന്റെ
പേരിലാണ് ഈ പാട്ടിന്റെ സംഗീതപ്പട്ടം ചാര്‍ത്തികൊടുത്തിട്ടുള്ളത്.
വിജയലക്ഷ്മീനവനീതകൃഷ്ണന്റെ സെന്തില്‍ വടിവേലവനേ എന്ന തമിഴ് ഗ്രാമപ്പാട്ടിന്റെ
വായ്ത്താരി വിടാതെയുള്ള കോപ്പിയടിയാണ് റിമിടോമി പാടിയ പാട്ട്.
ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറില്‍ വിജയലക്ഷ്മി പാടിയ ഈ മനോഹരഗാനം യൂ
ട്യൂബില്‍ കാണുകയും കേള്‍ക്കുകയും ചെയ്യാം. തമിഴില്‍ ഒന്നാം പടിയെടുത്ത്
എന്നാെണങ്കില്‍ മലയാളത്തില്‍ ഒന്നാം മുഖം തൊഴുവാന്‍ എന്നാണ്. മൂന്നു തവണ വീതം
ആവര്‍ത്തിക്കുന്ന സന്നിധി ഞാനിന്നു പൂകവേ എന്ന വരിക്കു പകരം തമിഴിലുള്ളത്
ചിത്തിരഗോപുരം കെട്ടവേ. അടിച്ചുമാറ്റിയതാണെങ്കിലും പാട്ട് ഹിറ്റായി. അതിനെ
തുടര്‍ന്ന് കാര്‍ബണ്‍ കോപ്പിയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ പോലെ
തുടര്‍പാട്ടുകളുണ്ടായി.
കാടാമ്പുഴ ഭഗവതിയെക്കുറിച്ചു കേള്‍ക്കുന്ന ഒരു ഭക്തിഗാനം മുല്ലയിലെ പാട്ടിന്റെ
പാരഡിയാണ്. സംഗീതമോഷണത്തെ കാടാമ്പുഴ ഭഗവതി പ്രോത്സാഹിപ്പിക്കുകയാണോ
ചെയ്തിട്ടുള്ളത്? പകര്‍പ്പിന്റെ പകര്‍പ്പിന്റെ പകര്‍പ്പാണെങ്കിലും എല്ലാ
ഖണ്ഡങ്ങളിലും വ്യത്യസ്തവാക്കുകള്‍ ചേര്‍ക്കയാല്‍ നാദിര്‍ഷായുടെ ഹാസ്യാനുകരണം തന്നെ
മികച്ചത്. ആറുമണി നേരമായാല്‍, കെടക്കപ്പായേന്നോടും, നേരെ ബാറിലേക്കു ഞാനോടും, അതു
തൊറക്കും മുന്‍പേ കേറും....
ബേണി ഇഗ്നേഷ്യസുമാര്‍ക്ക് മികച്ച ചലച്ചിത്ര സംഗീത സംവിധായകര്‍ക്കുള്ള അവാര്‍ഡ്
സംസ്ഥാന സര്‍ക്കാര്‍ കൊടുത്തപ്പോള്‍ അവരുടെ സംഗീതം ഒരു ഹിന്ദിപ്പാട്ടിന്റെ
മോഷണമാണെന്നും അവാര്‍ഡു നല്‍കി അംഗീകരിച്ചാല്‍ തന്നെപ്പോലുള്ളവരെ ജനങ്ങള്‍
തെറ്റിദ്ധരിക്കുമെന്നു പറഞ്ഞ് തനിക്കു കിട്ടിയ സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ പബ്ലിക്ക്
റിലേഷന്‍സ് വകുപ്പ് വഴി ജി ദേവരാജന്‍ മാസ്റ്റര്‍ തിരിച്ചു കൊടുത്തു. ഇന്നു
നമ്മള്‍ക്കിടയില്‍ ഒരു ദേവരാജന്‍ മാസ്റ്റര്‍ ഇല്ലല്ലോ.
|
പുഴുക്കുത്തേറ്റ പൂമൊട്ടുകള്‍ കരയുന്നു ചിരിക്കുന്നു
എന്‍മകജെ എന്ന നോവലിലൂടെ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ
ഭീകരചിത്രം വായനക്കാരെ ബോധ്യപ്പെടുത്തിയ അംബികാസുതന്‍ മാങ്ങാട്ടാണ് പെരിയയിലെ
മഹാത്മാ ബഡ്‌സ് സ്‌കൂളിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത്. എന്‍ഡോസള്‍ഫാന്‍
ഭീകരത്വത്തിന് ഇരയായ കുഞ്ഞുങ്ങള്‍ പകല്‍സമയം കഴിഞ്ഞുകൂടുന്നത് അവിടെയാണ്.
അമ്പതിലധികം കുട്ടികളെ പ്രവേശിപ്പിച്ച സ്‌കൂളാണത്. ആകസ്മികമായി ഞങ്ങള്‍
ചെന്നപ്പോള്‍ ഇരുപതിലധികം കുട്ടികള്‍ ഉണ്ടായിരുന്നു. അധ്യാപിക ദീപയും രണ്ട്
ആയമാരും.
ബഡ്‌സ് സ്‌കൂളിലെ കുട്ടികളെല്ലാവരും ജനിതക വൈകല്യം സംഭവിച്ചവരാണ്.
ബുദ്ധിവികസിക്കാത്തവര്‍, ശാരീരികവളര്‍ച്ച നേടാത്തവര്‍.
മസ്തിഷ്‌ക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ചെയ്യുന്നതെന്താണെന്ന് കുഞ്ഞുങ്ങള്‍ക്ക്
അറിയില്ല. ചിലര്‍ ദീപ ടീച്ചറെ ചുറ്റിപ്പിടിച്ച് കരയുന്നു. അടുത്ത നിമിഷം
പൊട്ടിച്ചിരിക്കുന്നു. പൊടുന്നനെ പൊട്ടിക്കരയുന്നു. എന്തെല്ലാം കഴിക്കാമെന്നുള്ള
തിരിച്ചറിവില്ലാത്ത കുഞ്ഞുങ്ങള്‍ കല്ലും മണ്ണും അരുതാത്തതെന്തും തിന്നുന്നവര്‍.
ഒറ്റനിമിഷം പോലും ശ്രദ്ധതിരിക്കാനാകാതെ പൂര്‍ണ്ണ ശുശ്രൂഷയില്‍ മുഴുകി നില്‍ക്കുന്ന
അധ്യാപികയും ആയമാരും.
ബുദ്ധി വികസിച്ചിട്ടില്ലാത്ത കുട്ടികള്‍ കേരളത്തിന്റെ ഏറ്റവും വലിയ
പ്രശ്‌നങ്ങളിലൊന്നാണ്. അവര്‍ക്കുവേണ്ടി നിരവധി സ്ഥാപനങ്ങളും നമ്മുടെ നാട്ടിലുണ്ട്.
എന്നാല്‍ കാസര്‍കോട്ടെ ബഡ്‌സ് സ്‌കൂളിലെത്തുന്ന ജനിതക വൈകല്യമുള്ള കുഞ്ഞുങ്ങള്‍
പറയാതെ പറയുന്നത് ഞങ്ങളെ നിങ്ങള്‍ മനപ്പൂര്‍വം ശിക്ഷിച്ചതല്ലേ എന്നാണ്.
ജനങ്ങളെ ഭരണകൂടം വിഷമഴ പെയ്യിച്ചു ശിക്ഷിച്ചതിന്റെ ബാക്കിപത്രങ്ങളാണ്
ഈ കുഞ്ഞുങ്ങള്‍. ഇവരാരും എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന കാലത്ത് ഉണ്ടായിരുന്നവരല്ല.
അവരുടെ മാതാപിതാക്കള്‍ വിഷം കുടിച്ചതിന്റെ ശിക്ഷയാണ് ഈ കുഞ്ഞുങ്ങള്‍
അനുഭവിക്കുന്നത്. പുഴുക്കുത്ത് ഏല്‍പ്പിക്കപ്പെട്ട പൂമൊട്ടുകള്‍.
ഈ നിരപരാധികളോട് എന്താണ് പറയുക. എന്തു പറഞ്ഞാലും അവര്‍ അങ്ങനെയല്ല
മനസ്സിലാക്കുന്നത്. ഞാന്‍ ഓരോരുത്തരെയും വേദനയോടെ ശ്രദ്ധിച്ചു. അവര്‍ക്ക് വേദനയും
സന്തോഷവുമൊന്നും അറിയില്ല. ഈ കുഞ്ഞുങ്ങളെ മുന്‍പരിചയമുണ്ടായിട്ടുപോലും അംബികാസുതന്‍
മാങ്ങാട്ടിന്റെ മുഖത്ത് മനസ്സിലെ വിഷമം നിഴലിച്ചിരുന്നു. പ്രകാശന്‍ മടിക്കൈ, ബിജു
കാഞ്ഞങ്ങാട്, സുഷമ എന്നിവരും എന്‍ഡോസള്‍ഫാന്‍ തളിച്ചതുമൂലമുണ്ടായ അനിഷ്ടതകള്‍
ഓര്‍ത്തുനില്‍ക്കുന്നു.
ഞാന്‍ വാവാവം എന്ന് താരാട്ട് പാടി. ബഹളം വയ്ക്കുന്ന
കുട്ടികളെ ഉറക്കത്തിലേക്ക് വീഴ്ത്താന്‍ പറ്റിയ നാടന്‍ താരാട്ടാണല്ലോ അത്. എന്നാല്‍
ബഡ്‌സ് സ്‌കൂളിലെ പല കുട്ടികളും ഈ പാട്ടിന്റെ ഈണം പോലും ശ്രദ്ധിച്ചില്ല. അവര്‍
അവരുടെ ലോകത്തു നിന്നും ഇറങ്ങി വന്നതേയില്ല.
ഇനിയും പിറക്കാനിരിക്കുന്ന തലമുറകളോട് പോലും ചെയ്ത കുറ്റകൃത്യമായിരുന്നു
എന്‍ഡോസള്‍ഫാന്‍ വിഷമഴ. കേരളത്തിന്റെ ഹിരോഷിമ കാസര്‍കോട്ടാണ്. ബഡ്‌സ് സ്‌കൂളിലെ
കുഞ്ഞുങ്ങള്‍ എന്തുതെറ്റാണ് ചെയ്തത്?
കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനിരയായ അമ്മമാര്‍ സമരത്തിലാണ്.
വാഗ്ദാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുമ്പോള്‍ സമരമല്ലാതെ മറ്റു
മാര്‍ഗ്ഗമില്ലല്ലൊ. എന്‍ഡോസള്‍ഫാന്‍ ലോകതലത്തില്‍ നിരോധിക്കപ്പെട്ടപ്പോഴെങ്കിലും
അപരാധം തിരിച്ചറിഞ്ഞ് ജനങ്ങളെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് ഭരണകൂടത്തിന്റെ
ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്.
പറങ്കിയണ്ടി സംരക്ഷിച്ച് സായിപ്പിനും മദാമ്മയ്ക്കും തിന്നാന്‍
കൊടുക്കുന്നതിനായിരുന്നല്ലോ മനുഷ്യന്റെ ശ്വാസകോശത്തിലും ജനിതക വ്യവസ്ഥകളിലും വിഷമഴ
പെയ്യിച്ചത്. ഇതിനു കാര്‍മ്മികത്വം വഹിച്ച പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കോടികളുടെ
ലാഭമുണ്ടാക്കിയല്ലോ. പ്രായശ്ചിത്തമായി കാസര്‍കോട്ടെ പാവം രോഗബാധിതരെ സഹായിക്കേണ്ട
ഉത്തരവാദിത്വം കോര്‍പ്പറേഷനുണ്ട്.
ബഡ്‌സ് സ്‌കൂള്‍ നടത്തിക്കൊണ്ടുപോകുന്നത് ദുഷ്‌കരമാണ്. തുച്ഛമായ ശമ്പളം.
അസൗകര്യങ്ങള്‍ മാത്രമുള്ള അന്തരീക്ഷം. മനുഷ്യ സ്‌നേഹം ഒന്നുകൊണ്ടുമാത്രമാണ്
അധ്യാപകരും ആയമാരും ഇവിടെ തുടരുന്നത്.
മഹാത്മാ ബഡ്‌സ് സ്‌കൂളില്‍ നിന്നിറങ്ങി പെരിയ നവോദയ സ്‌കൂളിലെത്തി. അച്ചടക്കം
ചൂഴ്ന്നു നില്‍ക്കുന്ന അന്തരീക്ഷത്തില്‍ കവിത ചൊല്ലുമ്പോഴും മനസ്സു നിറയെ
പൂമൊട്ടുകളായിരുന്നു. ജീവിതം നിരസിക്കപ്പെട്ട പൂമൊട്ടുകള്‍.
|
Thursday, 13 September 2012
സത്‌നാം സിങ്: കേരളം ലജ്ജിക്കുന്നു | |||
സിദ്ധാര്‍ഥ രാജകുമാരനെ ശ്രീബുദ്ധനാക്കിയ സ്ഥലമാണ് ബിഹാറിലെ ഗയ. തന്നെ നിരന്തരം
പ്രതിസന്ധിയിലാക്കിയ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടാനാണ് കപിലവാസ്തു വിട്ട്
സിദ്ധാര്‍ഥന്‍ ഗയയിലെത്തിയത്. അദ്ദേഹത്തെ പ്രതിസന്ധിയിലാക്കിയ
പ്രശ്‌നങ്ങളൊന്നുപോലും കുടുംബപരമായിരുന്നില്ല.
കുടുംബപരമല്ലാത്ത പ്രതിസന്ധികള്‍ക്ക് പരിഹാരം തേടിയാണ് സത്‌നാം സിങ് ഗയ വിട്ട്
കേരളത്തിലെത്തിയത്. ബുദ്ധന് ഗയ ബോധോദയമാണ് സമ്മാനിച്ചതെങ്കില്‍ സത്‌നാംസിങ്ങിന്
കേരളം അതിദാരുണമായ മരണമാണ് നല്‍കിയത്. സ്വാഭാവിക മരണമോ അപകടമരണമോ അല്ല. കൊടും
ക്രൂരമായ നരഹത്യ.
സത്‌നാംസിങ്ങിന്റെ മരണയാത്ര ആരംഭിക്കുന്നത് അമൃതാനന്ദമയി മഠത്തില്‍ നിന്നാണ്.
അമൃതാനന്ദമയിയുടെ വേദിയിലേക്ക് ബിസ്മില്ലാഹി റഹ്മാനി റഹിം എന്ന് ഉറക്കെ
പറഞ്ഞുകൊണ്ട് കടന്നുചെല്ലാന്‍ ശ്രമിച്ച സത്‌നാംസിങ്ങിനെ ജില്ലാജയിലും
ചിത്തരോഗാശുപത്രിയും കടന്ന് ശവക്കിടക്കയിലാണ് കാണുന്നത്.
അമൃതാനന്ദമയി മഠത്തെ
ഒഴിവാക്കിക്കൊണ്ടുള്ള അനേ്വഷണത്തില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ അതൃപ്തി
പ്രകടിപ്പിച്ചിട്ടുണ്ട്. അനേ്വഷണം നടക്കട്ടെ.
മറ്റു ചില കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. സുധാമണിയുടെ
അമൃതാനന്ദമയിയിലേക്കുള്ള യാത്രക്കിടയിലും ഇപ്പോഴും പ്രചാരത്തിലുള്ള ഒരു പ്രധാന
സംഗതിയുണ്ട്. അത് അവര്‍ ദൈവമാണെന്നതാണ്.
ദൈവത്തിന്റെ യോഗ്യതകളായി സമൂഹത്തെ പഠിപ്പിച്ചിട്ടുള്ളത് ദൈവം എല്ലാ
കാര്യങ്ങളും അറിയാവുന്ന ആളാണെന്നാണ്. അങ്ങനെയെങ്കില്‍ അമൃതാനന്ദമയിക്ക് ഇത് നേരത്തേ
അറിയാന്‍ കഴിയാഞ്ഞതെന്ത്?
ജാതിമത ഭേദമെന്യേ ആരാധിക്കുന്നവര്‍ക്കെല്ലാം
ആശ്ലേഷാനന്ദമയിയായിട്ടുള്ള ഈ ദൈവത്തിന് ബിസ്മില്ലാഹി റഹ്മാനി റഹിം എന്നു കേട്ടത്
നിര്‍മമതയോടെ സഹിക്കാന്‍ കഴിയാത്തതെന്ത്?
അമൃതാനന്ദമയി മഠത്തില്‍ ഹിന്ദു
ദൈവങ്ങളേയുള്ളൂ എന്നും അധികം ദൂരത്തല്ലാത്ത അന്‍വാര്‍ശ്ശേരിയില്‍ ഇസ്ലാം
ദൈവമേയുള്ളൂ എന്നും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. അമൃതാനന്ദമയി മുന്നോട്ട്
വയ്ക്കുന്ന എല്ലാ ആശയങ്ങളും ഹിന്ദുമത മാലിന്യം പുരണ്ടതാണ്. അവിടെ ബിസ്മില്ലാഹി
ദഹിക്കുകയില്ല. മതസ്ഥാപനങ്ങളെല്ലാം ചെയ്യുന്നത് സ്വന്തം മതമഹത്വം പഠിപ്പിക്കുകയും
അതുവഴി അന്യമത സ്പര്‍ദ്ധ ജനിപ്പിക്കുകയുമാണ്.
മറ്റൊരു പ്രധാന കാര്യം മഹത്തുക്കളുടെ മാപ്പുനല്‍കാനുള്ള സന്നദ്ധതയാണ്.
കുരിശില്‍ തറച്ചവര്‍ക്ക് മാപ്പുനല്‍കണമെന്നായിരുന്നല്ലോ യേശു ദൈവത്തോട് പറഞ്ഞത്.
സത്‌നാം സിങ്ങിനു മാപ്പുകൊടുക്കാനുള്ള മഹാമനസ്‌കത അമൃതാനന്ദമയിക്കില്ലാതെ
പോയതെന്തുകൊണ്ട്?
നഷ്ടപ്പെടാന്‍ സ്വത്തുള്ളവര്‍ക്കാണ് മാപ്പ് നല്‍കാന്‍ കഴിയാതെ
വരുന്നത്. ശതകോടീശ്വരിയായ അമൃതാനന്ദമയിക്ക് മാപ്പു നല്‍കുക എന്ന മഹനീയ ധര്‍മ്മം
അറിയാതെ പോയതില്‍ അത്ഭുതപ്പെടേണ്ടതില്ല.
അമൃതാനന്ദമയിയെക്കുറിച്ച് അവരുടെ ഭക്തന്മാര്‍ പ്രചരിപ്പിക്കുന്നത്
സ്‌നേഹമയിയും കരുണാമയിയുമായ അമ്മയെന്നാണ്.
ഒഴുകിയെത്തുന്ന സമ്പത്തുകൊണ്ട് ചെറു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന
അവര്‍ക്ക് ആ വകയിലെങ്കിലും അവകാശപ്പെടാമായിരുന്ന ഇത്തരം വിശേഷണങ്ങള്‍
സത്‌നാംസിങ്ങിന്റെ ദാരുണ മരണത്തോടെ അന്യമായി. കരുണാമയിയോ സ്‌നേഹമയിയോ
ആയിരുന്നെങ്കില്‍ മനോവിഭ്രാന്തി ബാധിച്ച സത്‌നാമിനെ കൊലയ്ക്കു കൊടുക്കാതെ
സംരക്ഷിക്കുമായിരുന്നു. കരുണാമയിയില്‍ നിന്നും ആലിംഗനാനന്ദമയിയിലേക്കുള്ള പതനമാണ്
ഇവിടെ സംഭവിച്ചത്.
അമൃതാനന്ദമയിയെ അവരുടെ അനുയായികള്‍ സംബോധന ചെയ്യുന്നത് അമ്മയെന്നാണ്. ആ
സംബോധനയ്ക്ക് അവര്‍ തീരെ അര്‍ഹയല്ലെന്ന് സത്‌നം സംഭവം തെളിയിച്ചു. മക്കളെ കൊലയ്ക്കു
കൊടുക്കാതിരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരാണല്ലോ അമ്മമാര്‍. മക്കളുടെ
തെറ്റുകള്‍ക്കു മാപ്പുകൊടുക്കുന്ന കോടതിയാണ് അമ്മയെന്നാണല്ലോ നമ്മള്‍
മനസ്സിലാക്കിയിട്ടുള്ളത്.
നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരായിരിക്കണം. അതിനാല്‍
സത്‌നാംസിങ്ങിന്റെ കാര്യത്തില്‍ അമൃതാനന്ദമയി മഠത്തില്‍ സംഭവിച്ചതെന്തെന്നും
അനേ്വഷിക്കേണ്ടതുണ്ട്.
അമൃതാനന്ദമയി മഠം ചികിത്സാ രംഗത്തും വിദ്യാഭ്യാസ മേഖലയിലും പണമിറക്കി പണം
കൊയ്യുന്ന ഒരു ഹിന്ദുമത സ്ഥാപനമാണ്. കാരുണ്യം, സ്‌നേഹം, ദയ തുടങ്ങിയവ ഇത്തരം
സ്ഥാപനങ്ങളില്‍ നിന്നും പ്രതീക്ഷിക്കാന്‍ പാടില്ലാത്തതാണ്.
സത്‌നാം, ഭ്രാന്താശുപത്രിയിലെ അടച്ചിട്ട മുറിയില്‍ ഇഴഞ്ഞു നീങ്ങി വെള്ളം തേടി
മരിക്കുന്ന ഒരു അനുജന്‍ എന്റെ മനസ്സിനെ കീറിമുറിക്കുന്നുണ്ട്. സത്‌നാം കേരളം
ദു:ഖിക്കുന്നു. ലജ്ജിക്കുന്നു.
|
Saturday, 1 September 2012
വാരഫലക്കാരുടെ വാചകമേളകള്‍
ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ ഒടുവില്‍ തിരുവനന്തപുരത്തുനിന്നും
പ്രസിദ്ധീകരിച്ചിരുന്ന ഒരു പ്രഭാത ദിനപ്പത്രമായിരുന്നു ജനതാമെയില്‍. എല്ലാ
ഞായറാഴ്ചകളിലും ആ പത്രത്തില്‍ ജാതകഫലം പ്രസിദ്ധീകരിക്കുമായിരുന്നു. അടുത്ത
ആഴ്ചയില്‍ സ്വന്തം ജീവിതത്തില്‍ എന്തു സംഭവിക്കുമെന്നറിയാന്‍ ആകാംക്ഷയുള്ള ആളുകള്‍
ജാതകഫലം കൃത്യമായി വായിക്കുമായിരുന്നു. ഇതറിയാവുന്ന പത്രാധിപര്‍ പത്രത്തിന്റെ
ഉടമസ്ഥാവകാശം ചേര്‍ക്കാന്‍ വിട്ടുപോയാലും ജാതകഫലം ചേര്‍ക്കാന്‍ മറക്കില്ലായിരുന്നു.
ആറ്റിങ്ങലുള്ള ഒരു ജ്യോത്സ്യനായിരുന്നു ശനിയാഴ്ച രാവിലെ ജാതകഫലം പത്രമോഫീസില്‍
എത്തിച്ചിരുന്നത്.
ജ്യോത്സ്യന്റെ ഗ്രഹനില തെറ്റിയതിനാലാകാം ഒരു ശനിയാഴ്ച ജാതകഫലം എത്തിയില്ല. ആകെ
കുഴങ്ങിയ പത്രാധിപര്‍, എഡിറ്റര്‍ ട്രെയ്‌നിയായി അവിടെയുണ്ടായിരുന്ന ഒരു യുവാവിനോട്
ജാതകഫലം തയ്യാറാക്കാന്‍ പറഞ്ഞു.
അമ്പരന്നുനിന്ന യുവാവിന് അദ്ദേഹം മാര്‍ഗനിര്‍ദേശവും നല്‍കി. ജ്യോതിഷം
പഠിക്കുകയോ കവിടി നിരത്തുകയോ ഒന്നുംവേണ്ട. പത്രത്തിന്റെ പഴയ ലക്കങ്ങള്‍ എടുത്ത് ഓരോ
നക്ഷത്രത്തിനോടൊപ്പവും ചേര്‍ത്തിട്ടുള്ള ഫലങ്ങള്‍ തിരിച്ചും മറിച്ചുമൊക്കെ
എഴുതുമ്പോള്‍ ഞായറാഴ്ച പ്രസിദ്ധീകരിക്കാനുള്ള ജാതകഫലമായി.
ആധികാരികത തീരെയില്ലാതെ പഴയ ഫലങ്ങള്‍ നക്ഷത്രങ്ങളുടെ നേര്‍ക്ക് മാറ്റിയെഴുതി
പ്രസിദ്ധീകരിച്ചത് ജനങ്ങള്‍ വായിക്കുന്നത് കണ്ടുകൊണ്ടാണ് ആ യുവാവ് അടുത്ത ദിവസം
നഗരത്തിലൂടെ നടന്നത്.
നമ്മുടെ ജീവിതത്തെ നിര്‍ണയിക്കുവാനോ നിര്‍മ്മിക്കുവാനോ ഒരു നക്ഷത്രഫലത്തിനും
കഴിയുകയില്ല. ഞായറാഴ്ചകളില്‍ ഓരോ പത്രങ്ങളിലും വരുന്ന പമ്പര വിഡ്ഢിത്തത്തെയാണ്
നമ്മള്‍ വാരഫലം എന്നുവിളിക്കുന്നത്.
മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന മൂന്ന് ദിനപ്പത്രങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ച
അച്ചടിച്ചുവന്ന ജാതകഫലങ്ങള്‍ ഒന്നിച്ചുവായിച്ചപ്പോഴാണ് ഒരാഴ്ച ചിരിക്കാനുള്ള വക
കിട്ടിയത്.
അശ്വതി മുതല്‍ രേവതി വരെയുള്ള ഓരോ നക്ഷത്രനാളിലും പിറന്നവര്‍ അടുത്ത ആഴ്ച
അനുഭവിക്കാന്‍ പോകുന്ന കാര്യമാണല്ലോ ഈ പ്രവാചകന്‍ രേഖപ്പെടുത്തുന്നത്.
കേരളകൗമുദിയിലെ പ്രവചനം അനുസരിച്ച് ഉത്രം നാളില്‍ പിറന്നവര്‍ക്കെല്ലാം ഈ
ആഴ്ചയില്‍ സന്താനഭാഗ്യം ഉണ്ടാകും. മലയാള മനോരമയിലെ പ്രവചനം അനുസരിച്ചാണെങ്കില്‍
ഉത്രം നക്ഷത്രത്തില്‍ പിറന്നവര്‍ക്ക് സന്താനഭാഗ്യത്തിനു പകരം ഉദരരോഗമാണ്
ഉണ്ടാകുന്നത്.
മാതൃഭൂമിയിലെ പ്രവചനം അനുസരിച്ചാണെങ്കില്‍ ഈ നാളില്‍ പിറന്നവര്‍ക്ക്
സന്താനഭാഗ്യവും ഉദരരോഗവും വരില്ലെങ്കിലും ഗൃഹസ്വസ്ഥത കുറയും. ഒരേനക്ഷത്രഫലം മൂന്ന്
ജ്യോത്സ്യന്മാര്‍ കണ്ടെത്തുമ്പോള്‍ മൂന്നുതരത്തിലാകുന്നത് എന്തുകൊണ്ടാണ്?
ആദ്യത്തെ നക്ഷത്രമായി കണക്കാക്കുന്നത് അശ്വതിയാണല്ലൊ. ഈ നാളില്‍
പിറന്നവര്‍ക്ക് അടുത്തയാഴ്ച സംഗീതാദികലകളില്‍ അംഗീകാരം ലഭിക്കുമത്രെ. പാട്ടുപാടാന്‍
കഴിയാത്തവര്‍ക്കോ? മറ്റൊരു പത്രം പറയുന്നത് ഉന്നത വിദ്യാഭ്യാസത്തിനു പ്രവേശനം
ലഭിക്കുമെന്നാണ്. പ്രാഥമിക വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്കോ? അടുത്ത പത്രം പറയുന്നത്
മനസമാധാനം ലഭിക്കുമെന്നാണ്. മനസമാധാനത്തിന് ഒരാഴ്ചത്തെ ഉറപ്പേ ഉള്ളോ?
ആദ്യം പ്രസന്നമായ കാര്യങ്ങള്‍ പറയുക. ഒടുവില്‍ ദോഷങ്ങള്‍ നിരത്തി വിരട്ടുക.
ഇത് ജ്യോത്സ്യന്മാരുടെ ഒരു തന്ത്രമാണ്. അതിനാല്‍ അശ്വതി നക്ഷത്രഫലം പ്രസന്നവും
രേവതിഫലം അപ്രസന്നവുമായിരിക്കും. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ഈ തന്ത്രവും തെറ്റും.
രേവതിക്കാര്‍ക്ക് വ്യാപാര വ്യവസായ പുരോഗതി മനോരമ വാഗ്ദാനം ചെയ്യുമ്പോള്‍ കേരളകൗമുദി
പിതാവിന്റെ ആരോഗ്യം മോശമാകുമെന്നും മാതൃഭൂമി പലതുകൊണ്ടും കാലം അനുകൂലമല്ലെന്നും
ഭീഷണിപ്പെടുത്തുന്നുണ്ട്.
ഓണക്കാലം അടുത്തതിനാല്‍ ബോണസും മറ്റും പ്രഖ്യാപിക്കപ്പെടുമെന്നറിയാവുന്ന ഒരു
നക്ഷത്രഫലക്കാരന്‍ ഭരണി നാളുകാര്‍ക്കെല്ലാം മുന്‍കാല പ്രാബല്യത്തോടുകൂടിയുള്ള ശമ്പള
വര്‍ധനവ് പ്രവചിച്ചിട്ടുണ്ട്. ജ്യോത്സ്യരുടെ കള്ളികള്‍ക്കപ്പുറം ഒരു നില്‍ക്കകള്ളിയും
വേണമല്ലൊ. ഗവണ്‍മെന്റ് ജോലിക്കാര്‍ക്ക് ഗുണകരമായ വാര്‍ത്തകള്‍ ശ്രവിക്കാമെന്ന്
മറ്റൊരു പത്ര ജ്യോത്സ്യന്‍ തട്ടിവിട്ടിട്ടുണ്ട്.
വിജ്ഞാനത്തിന്റെ മേശപ്പുറത്ത് ചൊവ്വാഗ്രഹം വന്നിരിക്കുന്ന ഇക്കാലത്ത് ഇത്തരം
പുട്ടുകച്ചവടങ്ങളെ അവഗണിക്കുകയാണ് വേണ്ടത്. ഞായറാഴ്ച പത്രങ്ങളില്‍ വരുന്ന
നക്ഷത്രവാരഫലങ്ങള്‍ അയുക്തിയും അശാസ്ത്രീയതയും അജ്ഞതയുമാണ് മുന്നോട്ടു
വയ്ക്കുന്നത്.
|
Sunday, 26 August 2012
'കള്ളനെ കണ്ടുവോ കുന്നലനാടിനെ കൊള്ളയടിച്ചൊരാ സംഘ നേതാവിനെ'
മലയാളികളുടെ മഹോത്സവമാണ് ഓണം. ഓണാഘോഷങ്ങള്‍ ഒഴിവാക്കി കേരളപ്പിറവി ദിവസമായ
നവംബര്‍ ഒന്ന് മലയാള മഹോത്സവദിനമാക്കി ആഘോഷിക്കാന്‍ പാകത്തില്‍ മലയാളി
വളര്‍ന്നിട്ടില്ല.
ഓണം ഹിന്ദുക്കളുടെ മാത്രം ആചാരമാക്കി അവര്‍ക്കു
ചാര്‍ത്തിക്കൊടുക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം മലയാളിയും
അതിനു ചെവി കൊടുത്തിട്ടില്ല. ഓണം അഡ്വാന്‍സും ബോണസുമൊക്കെ ജാതിമതഭേദം കൂടാതെ എല്ലാ
മലയാളികളും സ്വീകരിക്കാറുണ്ട്. ക്രിസ്തുമസ്, റംസാന്‍ ഓഫറുകളും ഇതുപോലെ തന്നെ.
കേരളത്തിലെ ഏറ്റവും പുരാതനമായ ആഘോഷമായതിനാല്‍ എഴുതപ്പെടാത്ത പാട്ടുകള്‍
ഓണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. അശകൊശലേ പെണ്ണുണ്ടോ എന്ന പാട്ടും
ആക്കയ്യിലിക്കയ്യിലോ മാണിക്യ ചെമ്പഴുക്ക എന്ന പാട്ടും ഒന്നുപെറ്റ-നാത്തൂനാരേ
മീന്‍കളികാണാന്‍ പോകാമെന്ന പാട്ടും ഓണക്കാലം മലയാളത്തിനു നല്‍കിയതാണ്. ഇവയൊക്കെ
ചന്തമുള്ള ചിന്തുകളാണെങ്കിലും ഏറ്റവും ആകര്‍ഷകമായി തോന്നിയിട്ടുള്ളത്
ഒരുങ്ങാതിരുന്നപ്പോള്‍ ഓണം വന്നതിനെക്കുറിച്ചുള്ള പാട്ടാണ്.
മുറ്റമടിച്ചില്ല, ചെത്തിപ്പറിച്ചില്ല എന്തെന്റെ മാവേലീ ഓണം വന്നു എന്ന
ചോദ്യവുമായി ആരംഭിക്കുന്ന പാട്ട് ചന്തയില്‍ പോകാനും മലക്കറി വാങ്ങാനും
കഴിയാത്തതിനെക്കുറിച്ച് പാടി വളരുന്നു. നെല്ലു പുഴുങ്ങീല തെല്ലു മുണങ്ങീല എന്തെന്റെ
മാവേലീ ഓണം വന്നു എന്നു ചോദിച്ച് പിന്നെയും വികസിച്ച് നങ്ങേലിപ്പെണ്ണിന്റെ
അങ്ങേരും വന്നില്ല എന്തെന്റെ മാവേലീ ഓണം വന്നൂ എന്നു പറഞ്ഞാണവസാനിക്കുന്നത്.
വൈക്കത്തു നിന്നും പുറത്തിറങ്ങിയ ഒരു നാടന്‍പാട്ടു ശബ്ദകത്തില്‍ ശോകത്താല്‍
ഇമ്പമാര്‍ന്ന വായ്ത്താരിയുടെ അകമ്പടിയോടെ ഈ പാട്ട് ചേര്‍ത്തു കേട്ടിട്ടുണ്ട്.
ഓണത്തിന്, മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മീന്‍കറി കൂട്ടുന്നതിനെക്കുറിച്ചും
നാട്ടുകവിതയുണ്ട്. ഹിന്ദുമതക്കാരുടെ വിശേഷ ദിവസങ്ങളിലെ സദ്യകളില്‍ സാധാരണ, മത്സ്യം
ഒരു വിഭവമാകാറില്ല. ബ്രാഹ്മണ്യത്തിന്റെ കണ്ണുരുട്ടല്‍ കൊണ്ടാകാമിതു സംഭവിച്ചത്.
കുഞ്ഞാഞ്ഞയെ അഭിസംബോധന ചെയ്യുന്ന ഈ പാട്ടില്‍ കൊടകരയാറ്റില്‍ കൂരിമീന്‍ സമൃദ്ധമായി
ഉണ്ടായതിനെക്കുറിച്ചു പറയുകയും കൂരിക്കറി കൂരിക്കറി തിരിയോണത്തിനു കൂരിക്കറിയെന്നു
കൊട്ടിപ്പാടുകയും ചെയ്യുന്നുണ്ട്. ദലിതര്‍ പാടുന്ന പാട്ടാകയാല്‍ തിരുവോണത്തിനു
തിരിയോണമെന്ന നാട്ടുമൊഴിയാണുപയോഗിച്ചിട്ടുള്ളത്. കേരളത്തിന്റെ പ്രിയപ്പെട്ട
നാടന്‍പാട്ടുകാരനായ സി ജെ കുട്ടപ്പന്‍ ഈ പാട്ട് അതീവ ഹൃദ്യമായി
അവതരിപ്പിക്കാറുണ്ട്.
സൗന്ദര്യത്തില്‍ അധിഷ്ഠിതമായ ഭൗതിക ബോധത്തോടെ ഓണത്തെ സമീപിച്ചത് മഹാകവി
വൈലോപ്പിള്ളിയാണ്. അരവയര്‍ പട്ടിണിപെട്ടവരും കീറിപ്പഴകിയ കൂറ പുതച്ചവരുമായ
ദരിദ്രജനതയോടൊപ്പം നിന്നാണ് മഹാകവി ഓണമെന്ന സുന്ദര സങ്കല്‍പത്തെ സമീപിക്കുന്നത്.
കേരളത്തില്‍ മാത്രമല്ല, ഗംഗാസമതലത്തിലും ഈജിപ്തിലും ഗ്രീസിലും ചൈനയിലും റഷ്യയിലും
ലാറ്റിന്‍ അമേരിക്കയിലും ഓണത്തിന്റെ വിവിധ സാന്നിധ്യം അദ്ദേഹം കണ്ടെത്തുന്നുണ്ട്.
പുരാതന കാലത്തുണ്ടായിരുന്ന ഒരു സുന്ദര സാമ്രാജ്യം. അവിടെ ഒത്തു പുലരുന്ന മനുഷ്യര്‍.
വീരന്മാരാണെങ്കിലും വിനയവും കരുണയുമുള്ള പുരുഷന്മാര്‍. പവിത്ര ചരിത്രകളായ
സ്ത്രീകള്‍. കുടിലത ഇല്ലാത്ത ധിഷണകള്‍. ദേവന്മാരെന്ന മേലാളന്മാര്‍ക്കു
അജ്ഞാതമായിരുന്ന ഒരു വന്‍കരയിലെ പൂര്‍ണതയുള്ള മനുഷ്യര്‍.
ഈ സാമ്രാജ്യത്തെ ഒരു
ഐതിഹ്യത്തിലവസാനിപ്പിക്കാന്‍ മഹാകവി തയ്യാറായില്ല. കരയെ വിഴുങ്ങിയ ഒരു വന്‍കടല്‍
ക്ഷോഭത്തിലാണ് അതിന്റെ തിരോധാനം. വാമനകഥയും മറ്റുചിലര്‍ പറയുന്നുണ്ട്. എന്തായാലും
അതിനുശേഷം ഭൂമിയുടെ ശിരസ്സില്‍ നരപോലെ ദേവപുരോഹിത ദുഷ്പ്രഭു വര്‍ഗത്തെ
കാണുന്നുണ്ട്. ഇത്തിരിവട്ടം കാണുന്നവരാലും ഇത്തിരി വട്ടം ചിന്തിക്കുന്നവരാലും ലോകം
നിറഞ്ഞു. യാഥാര്‍ഥ്യത്തെ സങ്കല്‍പവുമായും പ്രതീക്ഷയുമായും സമന്വയിപ്പിച്ച്
സൗന്ദര്യത്തിന്റെ ഉന്നത തലത്തില്‍ നിന്നുകൊണ്ട് ഓണത്തെ എതിരേല്‍ക്കുകയാണ് മഹാകവി.
അപ്പോള്‍ കാണുന്ന നിലാവിനെ ദേവന്മാരുടെ പരിഹാസമായി മഹാകവി
രേഖപ്പെടുത്തിയിട്ടുമുണ്ട്.
മഹാബലിയെ മുന്‍നിര്‍ത്തി ഹിന്ദുമിഥോളജിയെ ചോദ്യം ചെയ്തത് വയലാര്‍
രാമവര്‍മ്മയാണ്. മഹാബലിയും പരശുരാമനും തമ്മില്‍ ഒരു യുദ്ധമെന്ന കവിതയിലാണ്
അവതാരകഥകളിലെ അനൗചിത്യം വയലാര്‍ ചൂണ്ടിക്കാട്ടുന്നത്.
മഹാവിഷ്ണു എന്ന ഹിന്ദു ദൈവം
മീനായും ആമയായും പന്നിയായും മനുഷ്യ സിംഹമായും അവതരിച്ചതിനുശേഷം വാമനന്റെ
വേഷമെടുക്കുന്നു. അതിനു ശേഷമാണ് പരശുരാമാവതാരം. വാമനന്‍ അവതരിക്കുന്നത് കേരളം
ഭരിച്ചിരുന്ന മഹാബലിയെ പാതാളത്തിലേയ്ക്കു ചവിട്ടിത്താഴ്ത്തുന്നതിനുവേണ്ടിയാണല്ലൊ.
എന്നാല്‍ കേരളോല്‍പത്തിക്കഥയില്‍ പറയുന്നത് പരശുരാമന്‍ മഴുവെറിഞ്ഞു കേരളം
സൃഷ്ടിച്ചു എന്നാണ്. ഈ വൈരുദ്ധ്യമാണ് വലയാര്‍ പ്രമേയമാക്കിയത്.
അരൂരിനടുത്തുള്ള കായലോരത്ത് ആവണിവെട്ടം വീണപ്പോള്‍ അക്കരയ്ക്കു പോകാനായി
ചങ്ങാടം കാത്തുനില്‍ക്കുന്ന മഹാബലി, സൃഷ്ടിക്കഥയുരുവിട്ട് നടക്കുന്ന പരശുരാമനെ
ആകസ്മികമായി കാണുകയും ആ വൃദ്ധന്റെ സത്യനിഷേധങ്ങളെ നിരാകരിച്ചു കൊണ്ട്
താനാരാണെന്നറിയാന്‍ നിനക്കുമുമ്പുണ്ടായ വാമനനോട് ചോദിക്കാന്‍ പറയുകയും ചെയ്യുന്നു.
ദേവനോ ബ്രാഹ്മണനോ മഹര്‍ഷിയോ അല്ലെന്നും ഈ മണ്ണുപെറ്റ മനുഷ്യനാണ് താനെന്നും മഹാബലി
വ്യക്തമാക്കുന്നുണ്ട്. ബ്രാഹ്മണാധിനിവേശത്തെ സ്പഷ്ടമാക്കുന്ന ഈ കവിതയില്‍,
പരശുരാമനും മഹാബലിയും തമ്മില്‍ യുദ്ധം ചെയ്യുകയും പരശുരാമന്‍ തോല്‍ക്കുകയും
ചെയ്യുന്നു. അതുവഴി വന്ന ചരിത്ര വിദ്യാര്‍ഥികള്‍ പരശുരാമനെ ചൂണ്ടി കള്ളനെ കണ്ടുവോ
ക്കുന്നലനാടിനെ കൊള്ളയടിച്ച സംഘനേതാവിനെ എന്നും ഒന്നാമതായി പരദേശിവര്‍ഗത്തെ
ഇന്നാട്ടിലെത്തിച്ച ഭാര്‍ഗവരാമനെ എന്നും പറയുന്നുണ്ട്. കാടായ കാടൊക്കെ
വെട്ടിത്തെളിച്ചിട്ട കോടാലിയിന്നും കളഞ്ഞില്ല മൂപ്പില എന്നു
പരിഹസിക്കുന്നുമുണ്ട്.
ഓണത്തെ വാമന ജയന്തിയാക്കി ചുരുക്കാന്‍ ഉള്ള ശ്രമം പോലും നടക്കുന്ന കേരളത്തില്‍
വൈലോപ്പിള്ളിയുടെയും വയലാറിന്റെയും കവിതകള്‍ ചെറുത്തു നില്‍പിന്റെ ശോഭ
നല്‍കുന്നതാണ്.
|
Friday, 17 August 2012
ആരാധനാലയങ്ങളും ശബ്ദമലിനീകരണവും
കോളാമ്പികള്‍ വച്ച് അലറി സ്ഥിരമായി ശബ്ദശല്യമുണ്ടാക്കുന്നതിനെതിരെ കോടതി
കയറിയത് ആലപ്പുഴയിലെ പി പി സുമനന്‍ എന്ന മനുഷ്യസ്‌നേഹിയാണ്. അദ്ദേഹത്തിന്റെ
ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ശബ്ദമലിനീകരണം സംബന്ധിച്ച് ആരോഗ്യകരമായ
നിര്‍ദ്ദേശങ്ങള്‍ കോടതി നല്‍കുകയുണ്ടായി.
ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഉയര്‍ന്ന ശബ്ദം പുറപ്പെടുവിക്കുന്ന വലിയ
കോളാമ്പികള്‍ കേരളത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല പകരം
ചുറ്റുപാടുമുള്ളവരില്‍ അറിയിപ്പുകള്‍ എത്തിക്കാനുതകുന്ന ചെറിയ ബോക്‌സുകളാണ്
ഉപയോഗിക്കാവുന്നത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സംസ്ഥാനത്ത് ഇതൊന്നും
നടപ്പാക്കുന്നതേയില്ല. ഏറ്റവും വലിയ ശബ്ദമലിനീകരണം സ്ഥിരമായി സൃഷ്ടിക്കുന്നത്
ആരാധനാലയങ്ങളാണ്.
ആരാധനാലയങ്ങളില്‍ത്തന്നെ ഹിന്ദു ക്ഷേത്രങ്ങളാണ് ഈ അക്രമത്തിന്റെ മുന്‍നിരയില്‍
നില്‍ക്കുന്നത്.
ശബ്ദമലിനീകരണം താരതമേ്യന കുറച്ചുമാത്രം സൃഷ്ടിക്കുന്നത് ഇസ്ലാം
പ്രാര്‍ഥനാലയങ്ങളാണ്. വാങ്കു വിളിക്കുന്നതിനുവേണ്ടി ഒരു ദിവസം ഇരുപത്തിയഞ്ചു
മിനിട്ടുപോലും അവര്‍ ഉപയോഗിക്കുന്നില്ല. വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള
പ്രഭാഷണങ്ങള്‍ക്കാണെങ്കില്‍ പല പള്ളികളിലും ഉച്ചഭാഷിണി പുറത്തേക്ക്
വെച്ചിട്ടേയില്ല. വര്‍ഷത്തിലൊരിക്കല്‍ ഉണ്ടാകുന്ന മതപ്രസംഗങ്ങള്‍ക്ക് വലിയ
ബോക്‌സുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും ഏതാനും ദിവസങ്ങളില്‍ രാത്രികളിലെ ചില
മണിക്കൂറുകള്‍ക്കുള്ളിലേക്ക് ആ ഉയര്‍ന്ന ശബ്ദം ഒതുങ്ങാറുമുണ്ട്.
ശബ്ദമലിനീകരണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ക്രൈസ്തവ സഭകളാണ്.
വിശേഷിച്ചും പെന്തക്കോസ്ത് വിഭാഗങ്ങള്‍. സുവിശേഷ പ്രചരണത്തിന്റെ ഭാഗമായും സ്ഥിരമായ
ഞായര്‍ പ്രാര്‍ഥനയുടെ ഭാഗമായും അവര്‍ വലിയ ശബ്ദമലിനീകരണമാണ് നടത്തുന്നത്.
പ്രാര്‍ഥിക്കുന്നവരെ ഉദ്ദേശിച്ചാണെങ്കില്‍ ഇത്രയും വലിയ ശബ്ദം ആവശ്യമില്ല.
പ്രാര്‍ഥന പരലോകത്തു കേള്‍ക്കണമെന്ന ഉദ്ദേശമാണ് അവര്‍ക്കുള്ളതെന്ന്
തോന്നിപ്പോകും.
ശബ്ദമലിനീകരണം ഏറ്റവും കൂടുതല്‍ സൃഷ്ടിക്കുന്നത് ഹിന്ദു ആരാധനാലയങ്ങളാണ്.
ക്ഷേത്രാചാരങ്ങളില്‍ ഒരിടത്തുപോലും ഉച്ചഭാഷിണി ഉപയോഗിച്ചുള്ള
സംഗീതാര്‍ച്ചനയെക്കുറിച്ച് പറയുന്നില്ലെങ്കിലും അവര്‍ ഒരു നിയമവും അനുസരിക്കാതെ
അത്യുച്ചത്തില്‍ മൈക്ക്‌വച്ച് പാടിക്കുകയാണ്.
ഞായറാഴ്ച, വെള്ളിയാഴ്ച എന്ന
വ്യത്യാസമൊന്നും കൂടാതെ എല്ലാ ദിവസവുമാണ് ഹിന്ദു ആരാധനാലയങ്ങളില്‍ നിന്നുള്ള
സംഗീതാലര്‍ച്ച സംഭവിച്ചുകൊണ്ടിരിക്കുന്നത്. വെളുപ്പിന് അഞ്ചുമണിമുതല്‍ ഒന്‍പത് മണി
വരെയും വൈകിട്ട് അഞ്ചു മുതല്‍ രാത്രി പത്തുമണി വരെയുമാണ് ഈ ആരാധനാതിക്രമം
നടത്തുന്നത്.
പരിസരത്ത് പഠിക്കുന്ന കുട്ടികളുണ്ട് രോഗികളും വൃദ്ധരുമുണ്ട്
എന്നതൊന്നും അവര്‍ക്ക് ഒരു പ്രശ്‌നമല്ല. ജീവിത തിരക്കുകള്‍ക്കിടയില്‍ ആരെങ്കിലും
ഇത് കേള്‍ക്കുന്നുണ്ടോ എന്നതു പോലും അവര്‍ക്ക് പ്രശ്‌നമല്ല. ശബരിമല, രാമായണ
സീസണുകളില്‍ പതിനെട്ട് മണിക്കൂറിലധികമാണ് ഒരു നിയന്ത്രണവുമില്ലാതെ ഉച്ചഭാഷിണി
പ്രവര്‍ത്തിപ്പിക്കുന്നത്. പിന്നെ സഹസ്ര നാമാര്‍ച്ചന, ലക്ഷാര്‍ച്ചന, ഭാഗവത സപ്താഹം,
ഗീതായജ്ഞം തുടങ്ങിയ പേരുകളില്‍ ഇരുപത്തിനാല് മണിക്കൂറും ശബ്ദമുണ്ടാക്കുകയാണ്.
നിശ്ചിത അളവിനപ്പുറമുള്ള ശബ്ദം സ്ഥിരമായി ശ്രവിക്കുന്നവരുടെ ശ്രവണ ശക്തിക്കു
കേടു സംഭവിക്കുമല്ലൊ. മനുഷ്യന്റെ മാനസിക സ്വസ്ഥതയും ഇതുമൂലം ഇല്ലാതാകും. അമ്പല
പരിസരത്ത് താമസിക്കുന്നവര്‍ക്ക് ഫോണ്‍ പോലും കേള്‍ക്കാന്‍ കഴിയാറില്ല.
ഇങ്ങനെ മറ്റുള്ളവരുടെ മാനസിക സ്വസ്ഥത തകര്‍ത്ത് മനുഷ്യാവകാശ ലംഘനം നടത്താനുള്ള
അനുവാദം ക്ഷേത്ര ഭരണസമിതികള്‍ക്കുണ്ടോ? ഇല്ല എന്നാണ് പി പി സുമനന്റെ കേസ്
തെളിയിക്കുന്നത്. പിന്നെന്തുകൊണ്ടാണ് ഈ അതിക്രമം നിര്‍ബ്ബാധം തുടരുന്നത്? ഈ ചോദ്യം
നീതിനിര്‍വഹണം നടത്തേണ്ടവരോടും നമ്മുടെ പൗരാവകാശ ബോധത്തോടുമാണ്
ചോദിക്കേണ്ടത്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ നേരിടേണ്ടിവരുന്ന ഒരു മറുചോദ്യമുണ്ട്.
രാഷ്ട്രീയക്കാര്‍ നടത്തുന്ന ശബ്ദമലിനീകരണമോ? മുന്നൂറ്റിയറുപത്തിയഞ്ച് ദിവസവും
രാവിലെ അഞ്ചു മണിമുതല്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്ന ഒരു
രാഷ്ട്രീയപ്പാര്‍ട്ടി ഓഫീസും കേരളത്തിലില്ല.
കലാരംഗത്തു പ്രവര്‍ത്തിക്കുന്നവരില്‍ ഗാനമേളക്കാരാണ് അസഹ്യമായ ശബ്ദം
സൃഷ്ടിച്ച് സംഗീതം ആസ്വാദകന് നല്‍കേണ്ട സന്തോഷവും സ്വസ്ഥതയും നശിപ്പിക്കുന്നത്.
ഇതും നിയന്ത്രിക്കേണ്ടതാണെങ്കിലും ആരാധനാലയങ്ങളിലെ പോലെ സ്ഥിരമല്ലല്ലോ എന്നൊരു
സമാധാനമുണ്ട്.
വിശ്വാസത്തിന്റെ പേരിലുള്ള ഭീകര ശബ്ദാക്രമണത്തില്‍ നിന്നും ജനതയെ
രക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ട്.
|
Monday, 23 July 2012
കാമ്പിശ്ശേരിയുടെ പത്ത് കല്പനകള്‍
പുതിയ പ്രതിഭകളെ കണ്ടെത്തുകയും ഭാവനാപൂര്‍ണമായ പ്രകാശപ്രദേശങ്ങളിലേക്ക്
പത്രപ്രവര്‍ത്തനത്തെ നയിക്കുകയും ചെയ്ത അപൂര്‍വവ്യക്തികളില്‍ പ്രഥമഗണനീയനാണ്
കാമ്പിശ്ശേരി കരുണാകരന്‍. കേസരി ബാലകൃഷ്ണപിള്ള, കെ ബാലകൃഷ്ണന്‍, എം ഗോവിന്ദന്‍
തുടങ്ങി ചുരുക്കം പേരുകളേ ആ ഗണത്തില്‍ ഓര്‍മ്മിക്കാനുള്ളൂ.
ജനയുഗത്തിന്റെ പത്രാധിപരായിരുന്ന കാമ്പിശ്ശേരി കേരളീയ സമൂഹത്തിന് യുക്തിയുടെ
നന്മകള്‍ കാട്ടിക്കൊടുത്തു. പരിഭാഷകള്‍ പ്രസിദ്ധീകരിച്ചു. വായനക്കാരെ അപരിചിത
മേഖലകളിലേക്ക് സഞ്ചരിപ്പിച്ചു. സ്ത്രീപക്ഷ ചിന്തകള്‍ കേരളത്തിന്റെ
മുമ്പിലവതരിപ്പിച്ചു.
എന്നാല്‍ പത്രാധിപര്‍ മാത്രമായിരുന്നില്ല കാമ്പിശ്ശേരി. സാഹസികനായ രാഷ്ട്രീയ
പ്രവര്‍ത്തകനും അന്ധവിശ്വാസങ്ങളെ കത്തിച്ചുകളഞ്ഞ നാസ്തികനും നര്‍മ്മത്തിന്റെ
മര്‍മ്മമറിഞ്ഞ എഴുത്തുകാരനും ഒക്കെയായിരുന്നു അദ്ദേഹം.
അതിനുമപ്പുറം
കാല്‍നൂറ്റാണ്ടിലേറെക്കാലം മലയാള നാടക ചലച്ചിത്ര രംഗത്ത് നിറഞ്ഞുനിന്ന
അഭിനേതാവുമായിരുന്നു കാമ്പിശ്ശേരി. ചരിത്രം മാറ്റിയെഴുതിയ നിങ്ങളെന്നെ
കമ്മ്യൂണിസ്റ്റാക്കിയിലെ പരമുപിള്ളയെ ജനഹൃദയങ്ങളിലെത്തിച്ചത്
കാമ്പിശ്ശേരിയായിരുന്നു.
അഭിനയത്തെ ജീവിതത്തിലേക്ക് മാറ്റിയ സന്ദര്‍ഭങ്ങളും
അദ്ദേഹത്തിനുണ്ടായിരുന്നു. മറ്റൊരാളില്‍ സന്നിവേശിക്കാനുള്ള കഴിവാണല്ലോ ഏതു നടനും
ആവശ്യമായിട്ടുള്ളത്.
ഈ കഴിവിനൊരു നല്ല ഉദാഹരണം തോപ്പില്‍ഭാസിയുമായി അദ്ദേഹം നടത്തിയ പന്തയമാണ്.
രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സര്‍ക്കാര്‍ കാമ്പിശ്ശേരിയെ
വീട്ടുതടങ്കലിലാക്കി. കാമ്പിശ്ശേരി വീട് നില്‍ക്കുന്ന കരവിട്ട് എങ്ങും പോകാന്‍
പാടില്ല. ഇത് നിരീക്ഷിക്കാന്‍ പൊലീസുകാരുമുണ്ടായിരുന്നു. പൊലീസുകാര്‍
കാവലിരിക്കുന്ന സ്ഥലത്ത്കൂടി അവരറിയാതെ കടന്നുപോകണമെന്നതായിരുന്നു പന്തയം.
കാമ്പിശ്ശേരി കപ്പടാ മീശയുപേക്ഷിച്ച് മുഖത്ത് ലേശം കരിയും പുരട്ടി മുഷിഞ്ഞ ചെറു
മുണ്ടുമുടുത്ത് ഒരു വെട്ടുകത്തിയില്‍ തേങ്ങ കൊത്തിയെടുത്ത് കടന്നുപോവുക മാത്രമല്ല,
പൊലീസുകാരെ ചെന്നുകണ്ട് വര്‍ത്തമാനം പറയുകയും ചെയ്തു.
ഈ സ്വയം പരിശീലനം നടത്തിയ
കാമ്പിശ്ശേരി ആയിരക്കണക്കിനു രാത്രികളാണ് നാടകാഭിനയത്തിനായി മാറ്റിവച്ചത്. ഇത്രയും
നാടക-സിനിമാഭിനയ പരിചയമുള്ള ഒറ്റ പത്രാധിപരും കേരളത്തിലുണ്ടായിട്ടില്ല.
അദ്ദേഹത്തിന്റെ പത്രാധിപത്യത്തിലുണ്ടായിരുന്ന സിനിരമ വൈക്കം മുഹമ്മദ്
ബഷീറിന്റേതടക്കം പ്രശംസ നേടിയിരുന്നല്ലോ.
അഭിനയ ചിന്തകള്‍ എന്ന പുസ്തകം കാമ്പിശ്ശേരിയില്‍ നിന്നും മലയാളത്തിനു കിട്ടിയ
വലിയ അനുഭവനിധിയും ദര്‍ശനവുമാണ്.
അഭിനയത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്കായി കാമ്പിശ്ശേരി പത്തുകല്‍പനകള്‍
രേഖപ്പെടുത്തിയിട്ടുണ്ട്.
ഒന്നാമത്തെ കല്‍പന, അഭിനയമെന്നത് ഒരു കൂട്ടുകച്ചവടമാണ്
എന്നാണ്. നടന്മാര്‍ അനേ്യാന്യം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ ഒന്നാം
കല്‍പനയിലുള്ളത്.
സംഭാഷണവും അഭിനയവും റിഹേഴ്‌സലിനേക്കാള്‍ കുറയുകയോ കൂടുകയോ ചെയ്യരുതെന്നാണ്
രണ്ടാം നിയമം.
മൂന്നാം നിയമം അനുകരണത്തിനെതിരെയും നാലാം നിയമം ഭാവിയെപ്പറ്റി അഭിനേതാവ്
അജ്ഞതഭാവിക്കണമെന്നുമാണ്. കഥാപാത്രത്തിന് ഇനിയെന്തു സംഭവിക്കുമെന്ന്
കാണികള്‍ക്കറിയില്ല. എന്നാല്‍ അഭിനേതാവിനറിയാമല്ലോ. ഈ അറിവ് മറക്കാതിരുന്നാല്‍
അഭിനേതാവിന്റെ പ്രകടനം പാളും.
അഞ്ചാം കല്പനയായി ഏതു നടനും ശബ്ദവിന്യാസത്തിലും അംഗചലനത്തിലും പരിശീലനം
നേടേണ്ടതിനെക്കുറിച്ച് സൂചിപ്പിക്കുന്നു.
അരങ്ങത്തെ നടപ്പുമാത്രമല്ല, നില്‍പ്പുകൂടി നടീനടന്മാര്‍ പരിശീലിക്കണമെന്നതാണ്
ആറാം കല്പന.
ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിക്കണമെന്നതാണ് ഏഴാം കല്പന. വീണയോ തബലയോ
തോക്കോ കൈകാര്യം ചെയ്യേണ്ട നടന്‍ അത് അഭ്യസിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവ കൈകാര്യം
ചെയ്യുന്നതായി അഭിനയിക്കാനെങ്കിലും അറിഞ്ഞിരിക്കണമെന്നു സാരം.
ചുറ്റുപാടില്‍ നിന്ന് പഠിക്കണമെന്നതാണ് എട്ടാം പാഠം.
ഒന്‍പതാം നിയമത്തില്‍ ശൂന്യനിമിഷങ്ങളെ അഭിനയിക്കാതിരുന്നു നേരിടുന്ന വിദ്യയാണ്
പറയുന്നത്.
അഭിനേതാവിന് വായനയിലും സഞ്ചാരത്തിലും താല്‍പ്പര്യമുണ്ടാകണമെന്നതാണ്
കാമ്പിശ്ശേരി നിര്‍ദ്ദേശിച്ചിട്ടുള്ള പത്താം നിയമം.
ഓരോ കല്പനയിലും വിശദമായി പഠിക്കുകയും പരിശീലിക്കുകയും ചെയ്യേണ്ടതാണ്.
അഭിനേതാവറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതുമാത്രമല്ല. എന്നാല്‍ ഇതറിയാതെ മുന്നോട്ട്
പോകാനും സാധ്യമല്ല.
മലയാള നാടകവേദിക്ക് കാമ്പിശ്ശേരി നല്‍കിയ ഏറ്റവും നല്ല പാഠപുസ്തകമാണ് ഈ പത്തു
കല്പനകള്‍.
|
Monday, 9 July 2012
അവഗണിക്കുമ്പോള്‍ അപമാനിക്കപ്പെടുന്നത്
സാഹിത്യ-കലാരംഗങ്ങളിലും മറ്റ് സാമൂഹ്യമേഖലകളിലും പ്രവര്‍ത്തിച്ച് ജീവിതം ധന്യമാക്കി മരണമടഞ്ഞവര്‍ക്ക് ഇഷ്ടികയും കമ്പിയും സിമന്റും ഉപയോഗിച്ചുള്ള സ്മാരകങ്ങള്‍ ആവശ്യമാണോ?
ജീവിച്ചിരിക്കുന്ന സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ആവശ്യമില്ലെന്നേ മറുപടി പറയൂ. എന്നാല്‍ മണ്‍മറഞ്ഞ പ്രതിഭകളെ സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ രൂപപ്പെടുത്തി സ്മരിക്കാന്‍ പിന്‍തലമുറ ശ്രമിക്കും. അങ്ങനെ സ്ഥാപിക്കപ്പെടുന്ന സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടാതെ അനാഥമായി കിടക്കുന്ന കാഴ്ച സങ്കടകരമാണ്. കൊല്ലം ജില്ലയില്‍ ഇതിനു നിരവധി ഉദാഹരണങ്ങളുണ്ട്.
ഏറ്റവും നല്ല സാക്ഷ്യം കൊല്ലം നഗരത്തിലെ ഇടപ്പള്ളി രാഘവന്‍പിള്ളയുടെ സ്മൃതിമണ്ഡപമാണ്. നിരന്തര പരിശ്രമങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ശേഷമാണ് ഇടപ്പള്ളി രാഘവന്‍പിള്ളയെ സംസ്‌ക്കരിച്ചിടത്ത് അതൊന്നു രേഖപ്പെടുത്തിവെയ്ക്കാന്‍ നഗരസഭ സന്നദ്ധമായത്. നഗരസഭയുടെ നിയന്ത്രണത്തില്‍, കാവല്‍ക്കാര്‍ സഹിതമുള്ള മുളങ്കാടകം ശ്മശാനത്തിലാണ് ഈ സ്മൃതികുടീരം. മേല്‍ക്കൂരയില്ലാതെയും ശ്രദ്ധിക്കാന്‍ ആളില്ലാതെയും അത് ജീര്‍ണാവസ്ഥയിലായി. ഇടപ്പള്ളി സ്മൃതിമണ്ഡപമെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് ദേശീയപാതയില്‍ വച്ചിരുന്ന ഫലകവും വീണു നശിച്ചുപോയി, രമണന്‍ എന്ന അനശ്വരകൃതിയുടെ കേന്ദ്ര ബിന്ദു എന്ന് കരുതപ്പെടുന്ന യുവകവി ഇടപ്പള്ളി രാഘവന്‍പിള്ളയുടെ സ്മൃതി കുടീരത്തിനാണ് ഈ ദുര്‍ഗതി.
തേന്‍പോലെ മധുരിക്കുന്നതും ശാന്തിതരുന്നതുമായ നിരവധി പാട്ടുകള്‍ നമ്മള്‍ക്കുതന്ന രവീന്ദ്രന്‍ മാഷിന്റെ സ്മാരകം നിര്‍മിക്കാന്‍ തീരുമാനിച്ചത് അദ്ദേഹത്തിന്റെ ജന്മനാടായ കുളത്തൂപ്പുഴയിലാണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ഇതിനായി ബജറ്റില്‍ തുകവകയിരുത്തുകയും പണിതുടങ്ങുകയും ചെയ്തു. രാജീവ് അഞ്ചലിന്റെ ഭാവനയില്‍ വിടര്‍ന്ന വയലിന്‍ സാന്നിധ്യമുള്ള മനോഹരമാതൃകയാണ് അംഗീകരിക്കപ്പെട്ടത്. ഇടതുപക്ഷത്തിന് അധികാരം നഷ്ടപ്പെട്ടതോടെ പണിമുടങ്ങി. കഴിഞ്ഞ ഒരുവര്‍ഷമായി ഒരു ഇഷ്ടികപോലും എടുത്തുവയ്ക്കാന്‍ കഴിയാതെ അപമാനിക്കലിന്റെ മുദ്രയായി നില്‍ക്കുകയാണ് ഹരിമുരളീരവ സ്മാരകം.
മലയാളത്തിലെ ആദ്യമഹാകാവ്യത്തിന്റെ രചയിതാവായ അഴകത്ത് പത്മനാഭക്കുറുപ്പിന്റെ ഓര്‍മ്മയ്ക്കായി മുങ്ങിയും മുടന്തിയും നടക്കുന്ന ഒരു വായനശാലയാണ് ചവറ തെക്കും ഭാഗത്തുള്ളത്. മഹാകവി കെ സി കേശവപിള്ളയുടെ പേരില്‍ സ്മാരക ശ്രമങ്ങള്‍ പരവൂരില്‍ നടന്നെങ്കിലും പൂര്‍ണമായില്ല.
പുനലൂര്‍ മുനിസിപ്പല്‍ ലൈബ്രറിക്ക് പുനലൂര്‍ ബാലന്‍ സ്മാരക ലൈബ്രറിയെന്ന് പേരുമാറ്റി അനുസ്മരിക്കുകയാണ് ചെയ്തത്.
സി എസ് സുബ്രഹ്മണ്യന്‍പോറ്റി, പന്നിശ്ശേരി നാണുപിള്ള, അഞ്ചല്‍ ആര്‍ വേലുപ്പിള്ള, അഞ്ചല്‍ ഭാസ്‌ക്കരപിള്ള, തേവാടി നാരായണക്കുറുപ്പ് ഇവരെയും വേണ്ടവിധം ഓര്‍മ്മിച്ച് ബഹുമാനിച്ചിട്ടില്ല. പരിശ്രമങ്ങള്‍ കാണുമ്പോള്‍ ഇതുമതിയോ എന്ന് നമ്മള്‍ ചോദിച്ചുപോകും.
കഥാകാരന്മാരില്‍ കാക്കനാടന്‍, പട്ടത്തുവിള, എ പി കളയ്ക്കാട്, നൂറനാട് ഹനീഫ്, തുളസി കുഴിതടത്തില്‍ തുടങ്ങിയവരും കൊല്ലത്തെ നെടുമ്പാതകളെ സ്‌നേഹിച്ചവരാണ്. ബന്ധുമിത്രാദികളുടെ താല്‍പര്യത്തോടെ ചിലശ്രമങ്ങള്‍ നടക്കുന്നതൊഴിച്ചാല്‍ സര്‍ക്കാരിന്റെ സാംസ്‌ക്കാരിക വകുപ്പിന് ശ്രദ്ധിക്കാന്‍ തോന്നിയിട്ടില്ല.
കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്തപേരാണ് മണലില്‍ ജി നാരായണപിള്ള. കൊല്ലം നഗരപരിധിയിലുള്ള ഒരു ചെറുവായനശാലയും സമ്മാനവും ഒഴിച്ചാല്‍ വലിയ സംരംഭങ്ങളൊന്നും തന്നെ ഇല്ല.
തൊഴിലാളിവര്‍ഗസൗന്ദര്യ ശാസ്ത്രത്തിന്റെ മഹാകവിയായ തിരുനല്ലൂരിനെ അനുസ്മരിക്കുന്നത് തിരുനല്ലൂര്‍ സ്മൃതികേന്ദ്രമാണ്. സര്‍ക്കാരിന്റെ ശ്രദ്ധ ലഭിക്കുന്നില്ല.
ലാലാലജ്പത്‌റായിക്കും, മഹാദേവ ദേശായിക്കും സ്മാരകമുള്ള നാടാണ് കൊല്ലം. എന്നാല്‍ കൊല്ലത്തുകാരായ പല മഹാപ്രതിഭകള്‍ക്കും സ്മൃതി കേന്ദ്രങ്ങളില്ല.
ലളിതാംബിക അന്തര്‍ജ്ജനം,ഒ മാധവന്‍, കടവൂര്‍ ചന്ദ്രന്‍പിള്ള,ഗീതാ ഹിരണ്യന്‍ , എന്‍ ബി ത്രിവിക്രമന്‍പിള്ള, സി എന്‍ ശ്രീകണ്ഠന്‍ നായര്‍ തുടങ്ങിയവരെയും ഉചിതമായ രീതിയില്‍ അനുസ്മരിക്കാന്‍ ദേശിംഗ നാട്ടുകാര്‍ക്കു കഴിയുന്നില്ല.
ഡോ. ശൂരനാട് കുഞ്ഞന്‍പിള്ള, ഒ നാണു ഉപാധ്യായന്‍, കെ പി അപ്പന്‍, കല്ലട രാമചന്ദ്രന്‍, കണ്ടച്ചിറ ബാബു എന്നീ പ്രതിഭകളെയും ദേശിംഗ നാട്ടുകാര്‍ ശരിക്കു കണ്ടില്ല.
ടോള്‍സ്റ്റോയിയെയും ഷേക്‌സ്പിയറിനെയും ബിമല്‍ മിത്രയെയുമെല്ലാം ലളിത മലയാളത്തില്‍ പരിചയപ്പെടുത്തിയ കാഥികപ്രതിഭ വി സാംബശിവന്റെ പ്രതിമ നഗരത്തിലെവിടെയും നിലം തൊടാന്‍ അനുവദിച്ചില്ല. അദ്ദേഹത്തിന്റെ വീട്ടുവളപ്പില്‍ തന്നെ ഉറപ്പിക്കേണ്ടിവന്നു. ലജ്ജാകരമെന്നേ ഈ സ്ഥിതിയെക്കുറിച്ചു പറയാന്‍ കഴിയൂ.
കഥകളി രാവുകളെ ഹംസതൂലികയില്‍ ശയിപ്പിച്ച ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ളയാശാന്റെ സ്മാരക പ്രര്‍ത്തനവും മന്ദഗതിയിലാണ്. സ്ത്രീവേഷങ്ങളെ പൊലിപ്പിച്ച ചിറക്കര മാധവന്‍കുട്ടി എങ്ങോട്ടുപോയെന്ന് ആര്‍ക്കും അറിയുകയുമില്ല.
കാഥികരുടെ നാടായ ദേശിംഗ നാട് കടവൂര്‍ ബാലന്‍, കല്ലട വി വി കുട്ടി, ആര്‍ എം മംഗലശ്ശേരി, ബേബിതാമരശ്ശേരി തുടങ്ങിയവരെയും മറന്നു.
Friday, 8 June 2012
എന്റെ സ്വന്തം പേരിലും ഇങ്ങളുടെ ഓരോരുത്തരുടെയും.........
കേരളത്തിന്റെ സന്ധ്യകള്‍ സാംസ്‌ക്കാരിക സമ്മേളനങ്ങളോടെയാണ് ആരംഭിക്കുന്നത്. ഇതിനു വേനല്‍ക്കാലമെന്നോ മഴക്കാലമെന്നോ ഉള്ള വ്യത്യാസം ഇല്ല.
മഴക്കാലമാണെങ്കില്‍ പെരുമഴ ക്യാമ്പിനോട് ചേര്‍ന്നും വേനല്‍ക്കാലമോ ഓണക്കാലമോ ആണെങ്കില്‍ ഗ്രന്ഥശാലകളോടു ചേര്‍ന്നും സാംസ്‌ക്കാരിക സമ്മേളനവും കവിയരങ്ങുമൊക്കെ സംഘടിപ്പിക്കപ്പെടുന്നു.
ഇത്രയധികം സാംസ്‌ക്കാരിക സമ്മേളനങ്ങള്‍ നടത്തപ്പെടുന്ന മറ്റൊരു സംസ്ഥാനവും ഇന്ത്യയില്‍ ഇല്ല.
പശ്ചിമബംഗാളിലാണെങ്കില്‍ കൊല്‍ക്കത്ത കേന്ദ്രീകരിച്ച് ചില ഓഡിറ്റോറിയങ്ങളിലാണ് സാംസ്‌ക്കാരിക പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നത്. മറ്റ് പട്ടണങ്ങളിലോ ഗ്രാമങ്ങളിലോ സാംസ്‌ക്കാരിക സായാഹ്നങ്ങള്‍ സാധാരണമല്ല.
കേരളത്തിലാണെങ്കില്‍ സാംസ്‌ക്കാരിക സായാഹ്നങ്ങള്‍ ഒഴിഞ്ഞ ദിവസങ്ങളില്ല. കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ ഡോ. സുകുമാര്‍ അഴിക്കോട് പ്രസംഗിക്കാത്ത സന്ധ്യകള്‍ വിരളമായിരുന്നല്ലൊ.
കേരളത്തിലെ സാംസ്‌ക്കാരിക സായാഹ്നങ്ങളുടെ പ്രധാന വേദികള്‍ സമ്പന്നമായ ഗ്രന്ഥശാലാ ശൃംഖലയാണ്. അയ്യായിരത്തിലധികം ഗ്രന്ഥശാലകളാണ് കേരളത്തിലുള്ളത്. ഇതിലധികവും പ്രധാന നഗരങ്ങള്‍ക്ക് പുറത്തുമാണ്.
എല്ലാ ഗ്രന്ഥശാലകളും വാര്‍ഷികാഘോഷം നടത്താന്‍ തീരുമാനിച്ചാല്‍ കേരളത്തില്‍ അയ്യായിരത്തിലധികം സാംസ്‌ക്കാരിക യോഗങ്ങള്‍ ഉണ്ടാകുമല്ലൊ. പ്രസംഗകരെ കിട്ടാതെ വിഷമിക്കുക തന്നെ ചെയ്യും. പുസ്തകവായനയില്‍ മാന്ദ്യം സംഭവിച്ചതായി ഗ്രന്ഥശാലകളിലെ രജിസ്റ്ററുകള്‍ പറയുന്നുണ്ടെങ്കിലും അനുബന്ധ കലാസാംസ്‌ക്കാരിക പരിപാടികളില്‍ കുറവൊന്നും ഉണ്ടായിട്ടില്ല.
ഗ്രന്ഥശാലകളെ കൂടാതെ നൂറുകണക്കിനു കലാസാംസ്‌ക്കാരിക സംഘടനകളും കേരളത്തിലുണ്ട്. മണ്‍മറഞ്ഞുപോയ സാഹിത്യകാരന്മാരുടെ സ്മാരകങ്ങളും ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളജുകളും സ്‌കൂളുകളുമൊക്കെ സാംസ്‌ക്കാരിക സമ്മേളനങ്ങള്‍ക്ക് വേദികളാണല്ലൊ.
എല്ലാ ദിവസവും കേരളം സാക്ഷ്യം വഹിക്കുന്ന അസംഖ്യം സാംസ്‌ക്കാരിക സമ്മേളനങ്ങള്‍കൊണ്ട് എന്തെങ്കിലും ഗുണം നമ്മള്‍ക്ക് ഉണ്ടായിട്ടുണ്ടോ?
വര്‍ഗീയതയുടെ തോല്‍ക്കുപ്പായമണിഞ്ഞ് പരസ്പരം പോരാടുന്ന വേദിയായി കേരളം മാറാത്തതില്‍ മതേതരമായി സംഘടിപ്പിക്കപ്പെടുന്ന സാംസ്‌ക്കാരിക സംഗമങ്ങള്‍ക്ക് സുപ്രധാനമായ പങ്കുണ്ട്.
സാംസ്‌ക്കാരിക സമ്മേളനങ്ങളുടെ ശോഭ കെടുത്തുന്ന ഏര്‍പ്പാടുകളാണ് ദീര്‍ഘമായ സ്വാഗത പ്രസംഗവും നന്ദിപ്രകടനവും. അതിഥികളെക്കുറിച്ച് കാര്യമായ അറിവൊന്നും ഇല്ലാതെ പ്രമുഖ കവിയും വാഗ്മിയും പണ്ഡിതനും എന്നു തുടങ്ങി ഇരുട്ടുകൊണ്ടു ഓട്ടയടച്ചുള്ള സ്വാഗത പ്രസംഗങ്ങള്‍ ചിരിമരുന്നായാണ് പ്രവര്‍ത്തിക്കുന്നത്. അര്‍ഥശൂന്യമായ വിശേഷണങ്ങള്‍ വച്ചുകെട്ടി അതിഥികളെ അപമാനിച്ചതിനുശേഷം എന്റെ സ്വന്തം പേരിലും നിങ്ങളുടെ ഓരോരുത്തരുടെയും പേരിലും സ്വാഗതം ആശംസിക്കുന്നു എന്നു പറയുമ്പോള്‍, ആര്‍ക്കു നല്‍കണം പൂച്ചെണ്ട് എന്നറിയാതെ പെണ്‍കുട്ടികള്‍ പകച്ചു നില്‍ക്കുന്നത് സാംസ്‌ക്കാരിക സമ്മേളനവേദികളിലെ ഫലിതക്കാഴ്ചയാണ്.
തിരുനല്ലൂരിനെയും ഒ എന്‍വിയെയും സുഗതകുമാരിയെയും കടമ്മനിട്ടയെയും പദ്യത്തിലാക്കി സ്വാഗതം പറഞ്ഞ ഒരു വിദ്വാന്‍ ഒടുവിലത്തെ വരിയില്‍ 'ചെമ്മനം ചാക്കോ പോലും സ്വാഗതാര്‍ഹനാണത്രെ' എന്നു നിബന്ധിച്ച് കേകവൃത്തം ഭദ്രമാക്കിയ കഥ പ്രസിദ്ധമാണല്ലൊ.
അതിഥികളെ അറിയിക്കാനുള്ളതും അതിഥികളെക്കുറിച്ച് ആളുകളെ അറിയിക്കാനുള്ളതും എത്രയും ചുരുക്കിപ്പറയുന്ന ആമുഖവാക്കുകളാണ് സ്വാഗതപ്രസംഗ കസര്‍ത്തുകള്‍ക്കു പകരം വയ്‌ക്കേണ്ടത്. നന്ദി പ്രകടനം നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. നന്ദി, പ്രകടിപ്പിക്കുകയല്ല, അതിഥികള്‍ അവതരിപ്പിക്കുന്ന ആശയങ്ങള്‍ ഹൃദയത്തില്‍ വച്ച് ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്.
ആവശ്യക്കാരുടെ സ്വകാര്യതയാണ് പ്രാര്‍ഥന എന്നംഗീകരിച്ചുകൊണ്ട് പരസ്യ പ്രാര്‍ഥനകളും സാംസ്‌ക്കാരിക സംഗമങ്ങളില്‍ നിന്ന് ഒഴിവാക്കാവുന്നതാണ്.
പ്രസംഗകരുടെ എണ്ണം കുറയ്ക്കുക, പ്രസംഗകര്‍, നോട്ടീസിലച്ചടിച്ചിട്ടുള്ള മുഴുവന്‍ പേരുകളും ആവര്‍ത്തിച്ചു പറയാതിരിക്കുക, മികച്ച ശബ്ദ സംവിധാനം ഏര്‍പ്പെടുത്തുക, അതിഥികളുടെ കണ്ണുകലക്കുന്ന തീക്ഷ്ണ പ്രകാശമുള്ള വിളക്കുകള്‍ ഒഴിവാക്കി ജനങ്ങളെ കാണാനനുവദിക്കുക, ഉപഹാരങ്ങള്‍ ഉപേക്ഷിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കേണ്ടവയാണ്.
(ജനയുഗം-2012 ജൂണ്‍ 09)
Tuesday, 29 May 2012
ശകുനത്തെക്കുറിച്ച് ഒരു വൈലോപ്പിള്ളിക്കവിത
കാവ്യസൗന്ദര്യ സാഗരത്തില്‍ നീന്തിത്തുടിക്കുമ്പോഴും ശാസ്ത്രത്തിന്റെ കാന്തിക
ശക്തികളെ ഉള്ളം കയ്യിലൊതുക്കിവച്ച കവിയായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോന്‍.
അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അദ്ദേഹം കവിതകളിലൂടെ ചോദ്യം ചെയ്തു.
കണ്ണീര്‍പ്പാടത്തില്‍ സഹധര്‍മ്മിണിയെക്കൊണ്ട് ആസ്തികനല്ലേ താങ്കള്‍ എന്നു
ചോദിപ്പിക്കുകയും അല്ലെന്നുമാണെന്നും മൊഴിയുകയും ചെയ്യുന്ന കവി അധികം താമസിക്കാതെ
നാസ്തികനല്ലേ താങ്കള്‍ എന്ന ചോദ്യത്തിനെ മറുചോദ്യംകൊണ്ട് അംഗീകരിക്കുകയാണല്ലൊ
ചെയ്തിട്ടുള്ളത്. സഹ്യന്റെ മകന്റെ അവസാനത്തെ അലര്‍ച്ച മണിക്കോവിലില്‍ മയങ്ങുന്ന
മാനവരുടെ ദൈവം കേട്ടില്ലായെന്നകാര്യത്തില്‍ കവിക്ക് ഉറപ്പുണ്ടായതുകൊണ്ടാണല്ലോ,
സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തില്‍ അതുചെന്നു പ്രതിദ്ധ്വനിച്ചതായി
രേഖപ്പെടുത്തിയിട്ടുള്ളത്.
മഹാകവി വൈലോപ്പിള്ളി ആയിരത്തിത്തൊള്ളായിരത്തി അറുപത്താറില്‍ എഴുതിയ കവിതയാണ്
ശകുനം. നഗരത്തിലേയ്ക്കു പോകാന്‍വേണ്ടി വാതിലടച്ചു കവി ഇറങ്ങുകയാണ്. പാതവക്കില്‍
പാവപ്പെട്ട ഒരാള്‍ വിശപ്പുമൂലമോ രോഗം മൂലമോ മരിച്ചുകിടക്കുന്നു. നാഗരിക ചിത്തനായ
കവി അടുത്തെത്തിനോക്കിയപ്പോള്‍ വല്ലാത്ത അസ്വസ്ഥത അനുഭവപ്പെടുന്നു. അല്‍പം
പല്ലുന്തിയ ആ മുഖം നാടിന്റെ മുന്നേറ്റത്തെ പരസ്യമായി പുച്ഛിക്കുന്നതായി തോന്നി.
അപ്പോഴാണ് സംതൃപ്തിയുടെ തികട്ടലായ മൂളിപ്പാട്ടുമായി ഒരു സുഹൃത്തുവരുന്നത്. അയാള്‍
ശവത്തെ കണ്ടപ്പോള്‍ സന്തോഷത്തോടെ കവിയെ അഭിനന്ദിക്കുകയാണ്. ശവമല്ലേ, നിങ്ങളുടെ
ശകുനം നന്നായി. പോയകാര്യം കണ്ടേ പോരൂ എന്നായിരുന്നു അയാളുടെ പ്രതികരണം!
ഈ കവിതയിലെ ഒന്നാം വ്യക്തിയെ കവിയായി മാത്രം കാണേണ്ടതില്ല. വായനക്കാരനുമാകാം.
എന്നാല്‍ ഈ കവിതയുടെ പ്രമേയം അന്നത്തെ കേരളത്തിന്റെ വികൃതമുഖം ഉള്‍ക്കൊള്ളുന്നതാണ്.
ശകുനം എന്ന അന്ധവിശ്വാസം വ്യാപകമായിരുന്ന കേരളം. ഇന്നും സ്ഥിതി സമ്പൂര്‍ണമായി
മാറിയെന്നു പറയാന്‍ കഴിയുകയില്ലല്ലോ. യാഗങ്ങള്‍ തിരിച്ചുവരുന്നു എന്നതുമാത്രമല്ല,
കാര്യസിദ്ധിപൂജ, ശത്രുസംഹാരപൂജ, പൊങ്കാല, അക്ഷയതൃതീയ തുടങ്ങിയ കോമാളിത്തരങ്ങളും
കേരളത്തില്‍ പൂമൂടല്‍ ചടങ്ങു നടത്തുകയാണല്ലൊ.
എന്താണ് ശകുനം? ഒരാള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ എതിരെ
കാണപ്പെടുന്ന മനുഷ്യനെയോ മൃഗത്തെയോ വസ്തുക്കളെയോ അടിസ്ഥാനപ്പെടുത്തി യാത്രയുടെ
ഫലപ്രാപ്തി നിശ്ചയിക്കുന്ന വിഡ്ഢിത്തരമാണ് ശകുനം. എതുപ്പ്, നിമിത്തം എന്നീ
പേരുകളിലും ഈ അന്ധവിശ്വാസം കേരളത്തില്‍ അറിയപ്പെടുന്നുണ്ട്.
ശുഭലക്ഷണവും അശുഭലക്ഷണവും ഉണ്ടെന്നാണ് പ്രാകൃത സമൂഹം പഠിപ്പിച്ചത്. ഒരാള്‍
പുറത്തേക്കിറങ്ങുമ്പോള്‍ ആദ്യം കാണുന്നത് മദ്യവുമായി വരുന്ന ആളാണെങ്കില്‍
യാത്രോദ്ദേശ്യം സഫലമാകുമത്രെ. മദ്യം മാത്രമല്ല, പച്ചയിറച്ചി, മണ്ണ്, ശവം,
കത്തുന്നപന്തം, നെയ്യ്, ചന്ദനം, വെളുത്തപൂവ്, ഇരട്ട ബ്രാഹ്മണര്‍, വേശ്യ, തൈര്,
തേന്‍, കരിമ്പ്, ആന, കയറിട്ട കാള, പശു ഇവയൊക്കെ ശുഭലക്ഷണങ്ങളാണത്രേ.
അശുഭലക്ഷണങ്ങളാണെങ്കില്‍ ചാരം, വിറക്, എണ്ണ, കഴുത, ചൂല്, മുറം, ദര്‍ഭ, പോത്ത്,
വിധവ, ബലിപുഷ്പം തുടങ്ങിയവയാണ്.
ഇന്നു വായിക്കുമ്പോള്‍ തിരഞ്ഞെടുപ്പു ചിഹ്നങ്ങളുടെ
വിജ്ഞാപനംപോലെ തോന്നുമെങ്കിലും ഈ ദോഷത്തിന്റെ പേരില്‍ ആളുകള്‍ യാത്ര തുടരുകയോ
മുടക്കുകയോ ചെയ്യാറുണ്ടായിരുന്നു. മദ്യവും മദിരാക്ഷിയും നല്ല ലക്ഷണവും ചൂലും
വിധവയുമൊക്കെ ചീത്തലക്ഷണവും ആണെന്നു വിധിച്ചവരുടെ കല്‍പനാവൈഭവം അത്ഭുതകരം
തന്നെ!
ഇത്തരം അന്ധവിശ്വാസങ്ങളില്‍ നിന്നും കേരളം കൂറുമാറിയത് ദീര്‍ഘമായ
സാംസ്‌ക്കാരിക സമരങ്ങളുടെ ഫലമായിട്ടാണ്. എന്നാല്‍ പുരോഗമന ബോധമുള്ളവരെ
ഞെട്ടിച്ചുകൊണ്ട് അന്ധവിശ്വാസങ്ങള്‍ തിരിച്ചുവരികയാണ്. ജാഗ്രത പാലിക്കേണ്ട ഒരു
കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്നര്‍ഥം.
പ്രായോഗികമല്ലെങ്കില്‍ കൂടിയും
കഴിയുന്നത്ര ശകുനരീതികള്‍ പാലിക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്നും കേരളത്തിലുണ്ട്.
സാധാരണ ജനങ്ങളില്‍ മാത്രമല്ല, ജനങ്ങളെ ഉല്‍ബുദ്ധരാക്കാന്‍ ഇറങ്ങിത്തിരിച്ചിട്ടുള്ള
ചില സാംസ്‌ക്കാരിക നായകരുടെ മനസ്സില്‍പോലും ശകുന സിദ്ധാന്തം പൂത്തുലഞ്ഞു
നില്‍ക്കുന്നുണ്ട്.
|
Saturday, 12 May 2012
ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍
കാസര്‍കോട് ജില്ലയിലെ ദേവലോകത്ത് പതിനെട്ടുവര്‍ഷം മുന്‍പാണ് നാടിനെ നടുക്കിയ
ഇരട്ടക്കൊലപാതകം നടന്നത്. പൊലീസിനെ കബളിപ്പിച്ച് കര്‍ണാടകത്തിലേക്കു കടന്ന പ്രതിയെ
ദീര്‍ഘകാലത്തെ പിന്‍തുടരലിനു ശേഷം ഇപ്പോള്‍ പിടികൂടിയിട്ടുണ്ട്. നീണ്ട
തിരച്ചിലിനിടയിലും ഇച്ഛാശക്തിന നഷ്ടപ്പെടാതെ സൂക്ഷിച്ച അന്വേ ഷണ ഉദ്യോഗസ്ഥന്മാരെ
അഭിനന്ദിക്കേണ്ടതുണ്ട്.
പെര്‍ള സര്‍ഗക്കടുത്ത ദേവലോകം കടപ്പൂവിലെ അടക്കാ കര്‍ഷകന്‍ ശ്രീകൃഷ്ണഭട്ടും
പത്‌നി ശ്രീമതി ഭട്ടുമാണ് കൊലചെയ്യപ്പെട്ടത്. ഈ കേസിലെ പ്രതി ഇമാം ഹുസൈനെ
അറസ്റ്റുചെയ്തതിനെ തുടര്‍ന്ന് കാസര്‍കോട്ടെ പത്രങ്ങള്‍ വിശദമായ
ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്.
കൊലപാതകം നടക്കുന്ന കാലത്ത് ഇമാം ഹുസൈന്‍ മംഗലാപുരത്തെ ഒരു ലോഡ്ജില്‍
താമസിച്ച് താംബൂലജ്യോതിഷം, മഷിനോട്ടം തുടങ്ങിയവ നടത്തി ജീവിക്കുകയായിരുന്നു.
ശ്രീകൃഷ്ണഭട്ട് അവിടെയെത്തിയത് സ്വന്തം കവുങ്ങിന്‍തോട്ടത്തിലുള്ള നിധി
എടുക്കുന്നതിനുള്ള സഹായം തേടിയാണ് ഭട്ടിന്റെ വീട്ടിലെത്തി പൂജ നടത്തിയ പ്രതി
കവുങ്ങിന്‍തോട്ടത്തിലെ കുഴിയില്‍ ഭട്ടിനെ ഇറക്കി പ്രാര്‍ഥിപ്പിക്കുകയും ആ സമയത്ത്
കൊലപ്പെടുത്തിയിട്ട് വീട്ടിലെത്തി ശ്രീമതി ഭട്ടിനെയും കൊന്ന് ആഭരണങ്ങളും സമ്പത്തും
കൈക്കലാക്കുകയും ചെയ്തു എന്നാണ് പൊലീസിന്റെ കണ്ടെത്തലായി പത്രങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്.
ഈ ദാരുണസംഭവത്തിന്റെ കാരണങ്ങള്‍ സാക്ഷരകേരളത്തിന്‍റെകണ്ണുതുറപ്പിക്കേണ്ടതാണ്.
നിധിയുണ്ടെന്നും, അത് കണ്ടെത്താന്‍ ഒരു മഷിനോട്ടക്കാരന്റെ സഹായം
ആവശ്യമുണ്ടെന്നുമുള്ള ഉറച്ച വിശ്വാസമാണ് ഭട്ടിനെ പ്രതിയിലേക്ക് അടുപ്പിച്ചത്.
വാസ്തവത്തില്‍ എന്താണീ നിധി. മുമ്പ് താമസിച്ചിരുന്നവര്‍ കരുതിവെച്ചതും
അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയാതെ പോയതുമായ സ്വത്ത്. ഇതില്‍ സ്വര്‍ണ്ണവും മറ്റും
ഉണ്ടായേക്കാം. തലമുറകളായി പറഞ്ഞു പറഞ്ഞു ലഭിക്കുന്ന അറിവോ ഏതെങ്കിലും ജ്യോതിഷിയോ
ദുര്‍മന്ത്രവാദിയോ നല്‍കുന്ന കപടസൂചനയോ ഇതിന്റെ പിന്നിലുണ്ടാകാം. ഇതൊന്നും
സത്യമാകണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഇത്തരം അബദ്ധങ്ങളെ വിശ്വാസമെന്ന് മതാസക്തരും
അന്ധവിശ്വാസമെന്ന് പുരോഗമനവാദികളും പറയുന്നു. മെയ്യനങ്ങാതെ സമ്പാദിക്കാമെന്ന
പ്രലോഭനമാണ് ഇതിനു പിന്നിലുള്ളത്.
നിധിയെക്കുറിച്ച് അധികൃതരോട് പറയാന്‍ നിവര്‍ത്തിയില്ല. അവര്‍ അതു കണ്ടെത്താന്‍
നരവംശശാസ്ത്രജ്ഞരെ ഏര്‍പ്പെടുത്തുന്നു. പുരയിടത്തില്‍ പണിയെടുക്കുമ്പോള്‍
അപൂര്‍വമായി കണ്ടെത്തുന്ന നന്നങ്ങാടിയില്‍ നിന്നും ലഭിച്ചിട്ടുള്ള നാണയങ്ങളും
ആഭരണങ്ങളും മറ്റും മനുഷ്യവാസത്തിന്റെ ചരിത്രത്തെക്കുറിച്ചു പഠിക്കാന്‍
സഹായിച്ചിട്ടുണ്ട്. സ്വാര്‍ഥലാഭത്തിന്റെയും അന്ധവിശ്വാസത്തിന്റെയും
സര്‍പ്പങ്ങളിഴയുന്നത് ഇരുള്‍വീണ രഹസ്യവഴികളിലൂടെയാണല്ലോ. അവരുടെ മനസ്സില്‍
നന്നങ്ങാടിക്കും കാശിനും ചക്രത്തിനും പകരം സ്വര്‍ണക്കുഴവിയും സ്വര്‍ണഉരുളിയും
ആയിരിക്കും.
മഷിനോട്ടക്കാരും കവിടിശാസ്ത്രക്കാരും ദുര്‍മന്ത്രവാദികളും സ്ഥാനനിര്‍ണയ
സഹായവാഗ്ദാനവുമായി ചാടിവീഴും. ഇത്തരം കൊലപാതകങ്ങള്‍ക്ക് ഇതു കാരണമാകും. ഈ കേസില്‍
ഭട്ടുകുടുംബം കരുതിവച്ചിരുന്ന നിധികിട്ടിയത് അവരെ കൊലപ്പെടുത്തിയ
മഷിനോട്ടക്കാരനാണല്ലോ.
അന്ധവിശ്വാസങ്ങളും അതിനെ ചൂഷണം ചെയ്യാനുപയോഗിക്കുന്ന കപടതന്ത്രങ്ങളും
മനുഷ്യവിരുദ്ധമാണെന്ന തിരിച്ചറിവ് ഈ സംഭവത്തോടെയെങ്കിലും കേരളീയര്‍ക്ക്
ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ പാഠപുസ്തകങ്ങള്‍ കത്തിച്ചുകൊണ്ട് കേരളം കൂടുതല്‍
അന്ധവിശ്വാസത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
ജ്യോതിഷം, താംബൂലജ്യോതിഷം, മഷിനോട്ടം, കൈനോട്ടം, മുഖലക്ഷണവിവരണം ഇവയൊന്നും
സത്യമല്ല. ശാസ്ത്രീയമായ അടിത്തറ ഇതിനൊന്നിനുമില്ല.
ഭട്ട് വധത്തിനു പിന്നില്‍
പ്രവര്‍ത്തിച്ചത് അന്ധവിശ്വാസവും അതിലൂടെ വിശ്വാസമാര്‍ജ്ജിച്ച് കൊലനടത്താമെന്ന
തന്ത്രശാലിയുടെ ചിന്തയുമാണല്ലോ. തിരിച്ചറിയപ്പെടേണ്ട ഒരു പ്രാധാന്യം ഈ
സംഭവത്തിനുണ്ട്. അന്വേഷകര്‍ കുറ്റവാളിയെ കുരുക്കാന്‍ മഷിനോട്ടക്കാരുടെയോ
മന്ത്രവാദികളുടേയോ ദൈവാജ്ഞകള്‍ തേടിയില്ലെന്നതും ശ്രദ്ധേയമാണ്.
|
Subscribe to:
Posts (Atom)