Monday 30 April 2012

മലയാളം തളിര്‍ക്കുന്നത് പ്രവാസികളുടെ ഹൃദയത്തില്‍

---------------------------------------------------------------------------------------

         വാടക കൊടുക്കാതെയും കുടിയൊഴിക്കല്‍ ഭീഷണിയില്ലാതെയും മലയാള ഭാഷ കഴിഞ്ഞുകൂടുന്നത് കേരളത്തിനു വെളിയില്‍ പാര്‍ക്കുന്നവരിലാണ്. പ്രത്യേകിച്ചും ഗള്‍ഫ് നാടുകളിലാണ് ഈ ആവാസവ്യവസ്ഥ തളിര്‍ത്തും പൂവിട്ടും നില്‍ക്കുന്നത്.
 
       കഠിന നിയമങ്ങളുണ്ടെന്നു നമ്മള്‍ കരുതുന്ന സൗദിഅറേബ്യയില്‍ മലയാളം പഠിക്കാനുള്ള സൗകര്യം വിദ്യാലയങ്ങളില്‍ത്തന്നെയുണ്ട്. പരിണയം എന്ന ചിത്രത്തിനുവേണ്ടി യൂസഫലി കേച്ചേരി എഴുതിയ ''പാര്‍വണേന്ദുമുഖി പാര്‍വതി, ശൈലേശ്വരന്റെ ചിന്തയില്‍ മുഴുകി വലഞ്ഞു'' എന്ന ഗാനം സ്‌കൂള്‍ കുട്ടികള്‍ സൗദിയിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തിരുവാതിരയായും കളിക്കാറുണ്ട്. 

           യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലാണെങ്കില്‍ കേരള സര്‍ക്കാര്‍ തന്നെ നേരിട്ടു പരീക്ഷ നടത്തുന്ന സ്‌കൂളുകളുണ്ട്. കുവൈറ്റില്‍ ഇത്തരം സൗകര്യങ്ങളില്ല. എന്നാല്‍ കുവൈറ്റ് മലയാളികള്‍ അവരുടെ ആയിരക്കണക്കിന് വരുന്ന കുട്ടികളെ സ്വന്തം അധ്വാനത്താല്‍ മലയാളം പഠിപ്പിക്കുകയാണ്.

      കുവൈറ്റ് ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടനയാണ് ഈ മലയാളം നട്ടുനനച്ചുവളര്‍ത്തല്‍ പരിപാടിക്ക് രൂപംനല്‍കിയിട്ടുള്ളത്.

      മലയാളം എഴുതാനും വായിക്കാനും കുട്ടികളെ തരണമെന്നു പറഞ്ഞ് വീടുകള്‍തോറും കയറിയിറങ്ങിയ ഭാഷാസ്‌നേഹികള്‍ക്ക് നല്ല പ്രതികരണമല്ല ആദ്യം ലഭിച്ചത്. മലയാളം പഠിച്ചതുകൊണ്ട് എന്തു പ്രയോജനം എന്ന ചോദ്യമാണ് നേരിടേണ്ടിവന്നത്. കുവൈറ്റിനെ ഇറാഖ് ആക്രമിച്ചപ്പോള്‍ കൂട്ടത്തോടെ നാട്ടിലേക്ക് വണ്ടികയറിയവര്‍ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്‌നം കുട്ടികള്‍ക്ക് മലയാളം അറിയില്ല എന്നതായിരുന്നു. തുടര്‍ പഠനം നടക്കാതെയായി.

       യുദ്ധം കഴിഞ്ഞ് കുവൈറ്റില്‍ തിരിച്ചെത്തിയ മലയാളികള്‍ സ്വന്തം മക്കളെ മലയാളം പഠിപ്പിക്കുന്നതില്‍ ഉത്സാഹം കാട്ടി. ഏകീകൃത പാഠ്യപദ്ധതിയൊന്നുമില്ലാതെ അമ്മ, അച്ഛന്‍, കാക്ക, പൂച്ച എന്നൊക്കെ എഴുതി പഠിപ്പിച്ചു. അധ്യാപന ബിരുദധാരികള്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. എണ്ണയുല്‍പാദനശാലയടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ പണിയെടുത്തവര്‍ അധ്യാപകരായി. ഫഌറ്റുകളിലെ കൊച്ചുമുറികള്‍ ക്ലാസ് മുറികളായി. ചുമരുകളില്‍ മുല്ലയും പിച്ചിയും കണിക്കൊന്നയും വിടര്‍ന്നു. നിളയും കബനിയും പമ്പയുമൊഴുകി.
 
       വികേന്ദ്രീകൃതമലയാള പഠനം ഏകീകൃത പാഠ്യപദ്ധതിക്കു വഴിമാറി. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ അവധിക്കാലത്ത് മലയാളം മാവുപൂക്കുംപോലെ പൂത്തു. ഇപ്പോഴാണെങ്കില്‍ കുവൈറ്റിനെ അഞ്ചു മേഖലകളായി തിരിച്ച് മുപ്പത്തിയഞ്ച് പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കേവലം ഭാഷാപഠനത്തില്‍നിന്ന് വായനോത്സവത്തിലേക്ക് പരിശ്രമങ്ങള്‍ വികസിച്ചിരിക്കുന്നു. കഥകളും കവിതകളും പഴഞ്ചൊല്ലുകളും നാടന്‍പാട്ടുകളും കുവൈറ്റ് മലയാളിമക്കളില്‍ ആര്‍ത്തുല്ലസിക്കുന്നു.

      കേരള നിയമസഭയിലെ ഒരു ബഹുമാനപ്പെട്ട അംഗത്തിന് കുവൈറ്റില്‍ മൂന്നുവലിയ സ്‌കൂളുകളുണ്ട്. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയങ്ങളില്‍ വിശ്രമവേളയിലെ വിനോദമെന്ന നിലയ്‌ക്കെങ്കിലും മലയാളം പഠിപ്പിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പവും ശോഭനവുമാകുമായിരുന്നു. കുവൈറ്റില്‍ മാത്രമല്ല, ഇന്ത്യയിലെ അന്യഭാഷാ സംസ്ഥാനങ്ങളിലും അമേരിക്കയിലെയും യൂറോപ്പിലെയും രാജ്യങ്ങളിലും മലയാളം വള്ളിവീശുന്നുണ്ട്.

       കുവൈറ്റിലെ സ്‌കൂളുകളില്‍ മലയാളഭാഷാ പഠന സൗകര്യമില്ലെങ്കിലും മലയാളത്തില്‍ അറിയിപ്പുകള്‍ നല്‍കുന്ന വിമാനസര്‍വീസ് കുവൈറ്റിന്റേതാണ്. പൂര്‍ണമായും കുവൈറ്റിന്റെ ഉടമസ്ഥതയിലുള്ള കുവൈറ്റ് എയര്‍വേസ്! മലയാളിയുടെ നികുതിപ്പണം കൊണ്ടുകൂടി പറക്കുന്ന എയര്‍ ഇന്ത്യയില്‍ ഇങ്ങനെയൊരു സൗകര്യമില്ല.

         കേരളത്തിനു പുറത്ത് ഇതാണ് സ്ഥിതിയെങ്കില്‍ കേരളത്തിലോ? മലയാളം എന്ന അമ്മ നിരന്തരം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

1 comment:

  1. 'നിരന്തരം' എന്നുതന്നെ പറയണം! ഇത്രത്തോളം ദുരവസ്ഥയിലാര്‍ന്ന വേറൊരു ഭാഷയും നമ്മുടെയറിവിലില്ല. സ്വന്തം മാതൃഭാഷയെക്കുറിച്ച് തരിമ്പും അഭിമാനമോ, ആഭിമുഖ്യമോ തൊട്ടുതീണ്ടിയിട്ടില്ലാത്തവര്‍ മറന്നുപോകുന്ന ഒരു കേവലസത്യമുണ്ട് : തങ്ങളുടെ മാതൃഭാഷയായതുകൊണ്ടുമാത്രമാണ് ഇന്ഗ്ലീഷിന്‌ അമേരിക്കക്കാരും ബ്രിട്ടീഷുകാരും ഇത്ര പ്രചാരവും പ്രോത്സാഹനവും കൊടുക്കുന്നത്. മലയാളമായിരുന്നു അവരുടെ മാതൃഭാഷയെങ്കില്‍ അവരതിനെ ലോകം മുഴുവന്‍ ഇതുപോലെ പ്രചരിപ്പിച്ചേനെ! അപ്പോള്‍, നമ്മുടെ "ആഷ്ബൂഷ്", 'മോഡേണ്‍" മലയാളികള്‍ക്ക് മലയാളം വളരെ പ്രിയങ്കരവും, ജീവിതസായൂജ്യവും ആയിത്തീര്‍ന്നേനെ!

    സ്വന്തം മൂല്യങ്ങളെയും പൈതൃകത്തെയും (ഭാഷ അതില്‍പരമപ്രധാനം) മറന്ന്, അന്ധമായി അനുകരണങ്ങളില്‍ മുഴുകിക്കഴിയുന്നത്, സാംസ്കാരിക അധപതനത്തിന്റെ മരണമണി മുഴങ്ങുന്പോഴാണ്.നമുക്ക് ചെയ്യാന്‍കഴിയുന്നത്‌, ആകുന്നിടത്തോളം മലയാളം തന്നെ നിത്യജീവിതത്തില്‍ ഉപയോഗിക്കുകുകയും, നമ്മുടെ ഇഷ്ടജനങ്ങളെ അതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതുമാത്രമാണ്.

    ReplyDelete