Monday 1 October 2012

മഹാനടന്‍ തിലകന്‍ മതരഹിതന്‍

              അഭിനയത്തിന്റെ ഗിരിശിഖരങ്ങള്‍ കീഴടക്കി മഹാനടനായി മാറിയ തിലകന്റെ നടനത്തുടക്കം കൊല്ലത്തുനിന്നായിരുന്നു. ഒ മാധവനും വി സാംബശിവനും ഒ എന്‍ വി കുറുപ്പിനും പുതിയ കിനാവുകളുടെ വെയില്‍ വഴികള്‍ ചൂണ്ടിക്കാണിച്ചുകൊടുത്ത കൊല്ലം ശ്രീനാരായണ കോളജില്‍ നിന്ന് പ്രൊഫ. എസ് ശിവപ്രസാദിന്റെ ആശ്ലേഷാനുഗ്രഹത്തോടെയായിരുന്നു അത്.

തിലകന്റെ അഭിനയ മികവ് മലയാള സാംസ്‌ക്കാരിക ചരിത്രത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. വലിയൊരു പരമ്പരയുടെ ഭാഗമായാണ് അദ്ദേഹം തന്റെ അഭിനയ ജീവിതത്തില്‍ ഉറച്ചുനിന്നത്. അത് കാമ്പിശ്ശേരിയുടെയും പി ജെ ആന്റണിയുടെയും തോപ്പില്‍ ഭാസിയുടെയും എന്‍ എന്‍ പിള്ളയുടെയും പാരമ്പര്യമായിരുന്നു. ജാതിമതരഹിതജീവിതത്തിന്റെ സൂര്യശോഭയുള്ള പാരമ്പര്യം.
 
അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വര്‍ഗീയ ചിന്തകളുടെയും പൊതുചന്തയായിട്ടാണ് പൊതുവേ നമ്മുടെ സിനിമാരംഗം വിലയിരുത്തപ്പെടുന്നത്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ജ്യോത്സ്യന്മാരും പൂജാരികളും തുടക്കത്തിലേ താരങ്ങളാവുന്നു.
 
വിവിധ വര്‍ണങ്ങളിലുള്ള ചരടുകള്‍ കയ്യില്‍കെട്ടി പലനിറക്കുറികളുമണിഞ്ഞു കാണപ്പെടുന്ന മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ദുര്‍മന്ത്രവാദിയെയും പ്രകടനത്തില്‍ പരാജയപ്പെടുത്തും. ഇവിടെയാണ് തിലകനെപ്പോലെയുള്ളവര്‍ പ്രകാശഗോപുരങ്ങളായി നിന്നത്.
 
ഇരുപതുവയസ്സാകുന്നതിനുമുമ്പാണ് തിലകന്‍ കൊല്ലത്ത് എത്തിയത്. എസ് എന്‍ കോളജിലെ വിദ്യാര്‍ഥിയാകാന്‍വേണ്ടി. ആദ്യ ദിവസം തന്നെ ആ യുവാവിന് കോളജ് അധികൃതരുമായി വിയോജിക്കേണ്ടിവന്നു. കോളജ് പ്രവേശനത്തിനുള്ള അപേക്ഷയില്‍ ജാതിയും മതവും രേഖപ്പെടുത്തണമെന്ന നിര്‍ബന്ധമാണ് ആ ചോരത്തിളപ്പിനെ നിഷേധിയാക്കിയത്.
 
ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള ഒരു കലാലയത്തില്‍ നിന്നും ജാതിമത നിബന്ധനകള്‍ ഉണ്ടായതുമായി പൊരുത്തപ്പെടാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഈ പൊരുത്തക്കേടിലേയ്ക്ക് യുക്തിയുടെയും ചിന്തയുടെയും വളവും വെള്ളവും ചേര്‍ത്ത തിലകന്‍ അതുല്യാഭിനയത്തെ ഭൗതിക പ്രഭയുടെ ഉറച്ച അടിത്തറയില്‍ ഉയര്‍ത്തുകയായിരുന്നു.
 
പരസ്യമായ പ്രാര്‍ഥന, നമ്മുടെ നാട്ടിലെ പൊതുചടങ്ങുകളുടെ ഒരു അഭംഗിയാണ്. അത് വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുകയും വ്യത്യസ്ത മതവിശ്വാസത്തിന്റെ പ്രാര്‍ഥനാ രീതികള്‍ക്കു പോറലേല്‍പ്പിക്കുകയും ചെയ്യുന്നതാണ്. സ്‌കൂള്‍ മുറ്റത്തു പ്രാര്‍ഥിച്ചു കൊണ്ടുനില്‍ക്കുന്ന കുട്ടികള്‍ കുഴഞ്ഞുവീഴുന്നതില്‍ നിന്നെങ്കിലും പരസ്യപ്രാര്‍ഥനയുടെ അര്‍ഥശൂന്യത നമ്മള്‍ പഠിക്കേണ്ടതാണ്. പ്രാര്‍ഥിക്കണമെന്നുള്ളവര്‍ വീട്ടില്‍ വച്ചോ ആരാധനാലയങ്ങളില്‍ വച്ചോ അതു ഭംഗിയായി നിര്‍വഹിച്ചിട്ട് യോഗത്തിനു പോകുന്നതാണ് ഉചിതം. പൊതുചടങ്ങുകളിലെ പ്രാര്‍ഥനാവേളയില്‍ സ്വന്തം ഇരിപ്പിടത്തില്‍ ഉറച്ചിരുന്ന ചലച്ചിത്ര നടനായിരുന്നു പെരുന്തച്ചന്റെ പെരുമ മലയാളിയെ ബോധ്യപ്പെടുത്തിയ തിലകന്‍.
 
പ്രാര്‍ഥിക്കാതിരുന്ന അവസ്ഥയെ ഭയത്തോടെ നോക്കിക്കാണുന്ന സിനിമാ പ്രവര്‍ത്തകരുടെ ഇടയില്‍ ഇഛാശക്തിയുടെയും യുക്തിബോധത്തിന്റെയും പ്രതീകമായി തിലകന്‍ പ്രവര്‍ത്തിച്ചു. ജാതിയെയും മതത്തിനെയും അന്ധവിശ്വാസങ്ങളെയും ജീവിതത്തില്‍ നിന്നും ആട്ടിപ്പായിച്ചിട്ടുള്ളവര്‍ക്കു മാത്രമേ ഇക്കാര്യത്തില്‍ തിലകനെ അഭിവാദ്യം ചെയ്യാന്‍ കഴിയുകയുള്ളു.
 
ജാതിമത ചിന്തകളും അന്ധവിശ്വാസങ്ങളും ഉപേക്ഷിച്ച് സമൂഹത്തിന് മാതൃകയാകുന്ന വ്യക്തികള്‍ക്കു നല്‍കുന്ന രണ്ടുപുരസ്‌ക്കാരങ്ങള്‍ കേരളത്തിലുണ്ട്. ഡോ. എ ടി കോവൂരിന്റെയും എം സി ജോസഫിന്റെയും ഓര്‍മ്മക്കായുള്ള ഈ പുരസ്‌ക്കാരങ്ങള്‍ സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്ന രണ്ടുപേര്‍ക്കു മാത്രമേ കിട്ടിയിട്ടുള്ളു. കമല്‍ഹാസനും തിലകനും.
 
തിലകന്റെ മരണാനന്തര ചടങ്ങുകള്‍ ഹൈന്ദവാനുഷ്ഠാനമായി നടത്തുന്നതു കാണുമ്പോള്‍ വിഷമം തോന്നുന്നു. സഖാവ് ഇ കെ നായനാരുടെ ചിതാഭസ്മം സമുദ്രത്തില്‍ നിമഞ്ജനം ചെയ്തപ്പോഴുണ്ടായ അതേ വിഷമം. മതരഹിതര്‍ക്ക് എന്ത് മരണാനന്തര മത ചടങ്ങ്!

7 comments:

  1. ‘മതരഹിതര്‍ക്ക് എന്ത് മരണാനന്തര മത ചടങ്ങ്!’

    മരിച്ചവരല്ലല്ലൊ ചടങ്ങുകൾ നടത്തുക. ജീവിച്ചിരിക്കുന്നവർക്ക് മതമുണ്ട്. മലയാളത്തിന്റെ മഹാനടൻ അത് മുൻ‌കൂട്ടിക്കണ്ട് ‘തന്റെ ഭൌതിക ശരീരം ഏതെങ്കിലും മെഡിക്കൽ കോളേജിനു സംഭാവന ചെയ്യുന്നു’വെന്ന് എഴുതി വക്കേണ്ടതായിരുന്നു. അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ മതരഹിത ജീവിതം സത്യമായി ഭവിച്ചേനെ.
    മലയാളത്തിന്റെ മഹാനടന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

    ReplyDelete
    Replies
    1. അങ്ങനെ ചെയ്‌താല്‍ പോലും പ്രവര്തികം ആകണം എന്നില്ല.മക്കള്‍ നന്നാകണമല്ലോ

      Delete
  2. തികച്ചും ഉറച്ച നാവുള്ള, ഉറച്ച നട്ടെല്ലുള്ള ഒരു ഒറ്റയാനായിരുന്നു, തിലകന്‍. സമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷണതന്ത്രങ്ങള്‍ക്കും മുന്നില്‍ നഷ്ടവും ദോഷവും സഹിച്ച്,അടിപതറാതെ, തലകുനിയാതെ ഉറച്ചുനിന്ന അദ്ദേഹതെപ്പോലുള്ളവര്‍ സിനിമാരംഗത്ത് വളരെ വിരളമാണ്. ബഹുതവണ പരാമര്‍ശവിധേയമായ തിലകന്റെ കര്‍ക്കശപ്രകൃതത്തിന്റെ കാരണം,അദ്ദേഹത്തിന്റെ ബാല്യകാല-യൌവനാനുഭവങ്ങള്‍ ആണെന്ന് അദ്ദേഹത്തിന്റെ ജീവിതകഥ അറിയുന്ന ആര്‍ക്കും മനസ്സിലാകുന്നതാണ്. എന്നിട്ടും, ഒരു ജനകീയനായ, മനുഷ്യത്വമുള്ള കലാകാരനായി ജീവിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മനസ്സിലൊന്നും പുറത്തു മറ്റൊന്നും പറയാനും പ്രവര്‍ത്തിക്കാനും കഴിയാത്ത നേര്‍പ്രകൃതക്കാരനായിരുന്ന തിലകന്, ആ പ്രകൃതവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും കൊണ്ട് പലയിടത്തും സ്തുതിപാഠകരെയും ശിക്ഷ്യന്മാരെയും നേടാനായില്ല. പക്ഷെ, അദ്ദേഹം അത് കൂട്ടാക്കിയതുമില്ല.

    പ്രമുഖ വ്യക്തികളുടെ മരനാന്തരചടങ്ങുകള്‍ അനുഷ്ടാനകലകളായി മാറിക്കഴിഞ്ഞു. ജീവിതകാലത്ത് അവര്‍ അങ്ങേയറ്റം എതിര്‍ത്തിരുന്ന ക്രിയകളും കര്‍മ്മങ്ങളുമാണ്, പല ധിഷണാശാലികള്‍ക്കും മരനാന്തരബഹുമതിയായി അടിച്ചേല്‍പ്പിക്കുന്നത്. പരേതര്‍ക്ക് (ദൌര്‍ഭാഗ്യവശാല്‍) അത്തരം ദൃശ്യഘോഷങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍കഴിയില്ലല്ലോ! തത്സമയം,ബന്ധുക്കളും ഇഷ്ടജനങ്ങളും ഇതൊക്കെ എതിര്‍ക്കാനുള്ള മാനസികാവസ്ഥയിലുമായിരിക്കുകയുമില്ല.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
    Replies
    1. പ്രമുഖ വ്യക്തികളുടെ മരനാന്തരചടങ്ങുകള്‍ അനുഷ്ടാനകലകളായി മാറിക്കഴിഞ്ഞു .ശരിയാണ് രാധാകൃഷ്ണന്‍.കഴിഞ്ഞ നിയസഭയില്‍ സൈമണ്‍ ബ്രിട്ടോ മൃതദേഹസംസ്കരണം സംബന്ധിച്ച് ഒരു ബില്‍ അവതരിപ്പിച്ചിരുന്നു.ഇടതു ഭരണമായിട്ടു കൂടി ആ ബില്‍ ശ്രദ്ധിക്കപ്പെടാതെ പോയി.

      Delete
  4. നല്ല കുറിപ്പ്. ഇതേ പറ്റി ഞാനും എഴുതിയിരുന്നു.അന്ധവിശ്വാസിയല്ലാത്ത തിലകൻ

    ReplyDelete
  5. സജിമിന്‍റെ കുറിപ്പ് വായിച്ചു.സമുചിതം.തിലകന്‍റെ അന്ധവിശ്വാസ രാഹിത്യം ചര്‍ച്ച ചെയ്യപ്പെടെണ്ടതാണ്.

    ReplyDelete