Wednesday 20 February 2013

നടിയുടെ രാത്രി.

അഭ്രത്തിലല്ല
സ്വപ്‌നത്തിലല്ലോടുന്നു
കട്ടിയിരുട്ടിന്‍ ഹൃദയത്തിലേക്കവള്‍

എള്ളിനോടൊപ്പം കുരുത്ത
പി.കെ.റോസി
മുള്ളിലും റോസാദലത്തിലും വീണവള്‍

കന്നിച്ചലച്ചിത്ര നായിക, രാത്രിയില്‍
എങ്ങുമൊരാശ്രയമില്ലാതെ പായവേ
രക്ഷിച്ചതില്ല യഹോവ
വാഴ്ത്തപ്പെട്ട സ്വര്‍ഗസ്ഥര്‍
തൊണ്ടയിലര്‍ബുദപ്പുറ്റുമായി
മിണ്ടാതെ നിന്നു 
വിഗതകുമാരന്റെ 
ചിഹ്നമറിഞ്ഞ ചരിത്രമഹാമുനി.

എന്തായിരിക്കാം സിനിമപ്പുതുമഴ
ചെന്നവള്‍ സൂര്യമുറ്റത്ത്
മൂടിപ്പുതച്ചവ ക്യാമറയെന്നൊരാള്‍
വാടിത്തളര്‍ന്നൊന്നുനില്‍ക്കെന്നു മറ്റൊരാള്‍
കോടിയുടുത്തു ചിരിച്ചുകൊണ്ടങ്ങനെ
വാവാവം പാടിയും കൊക്കര കൂട്ടിയും
ഞാറിന്റെ കൗതുകംപോല്‍ മിഴിനീട്ടിയും
പൂമരം പോലെ നിശ്ശബ്ദയായ് നിന്നും
കാണികളില്ലാത്ത നാടകമാണെന്നു
ഭാവനകൊണ്ടു വിത്തിട്ടു പിരിഞ്ഞവള്‍
പാടം നിറഞ്ഞുകവിയും വിളവിനാ-
ണീവിതയെന്നു നിനയ്ക്കാതെ റോസി

പിന്നെയിരുട്ടില്‍ തിരശ്ശീലയില്‍ കണ്ടു
മിന്നിമറഞ്ഞുതുടിക്കുന്ന പെണ്ണിനെ.

ആരീയൊരുമ്പെട്ടവള്‍
നടിക്കുന്നവള്‍
ആണിനോടൊപ്പമിറങ്ങി നടപ്പവള്‍?

കുപ്പമാടത്തിലൊടുങ്ങേണ്ടവള്‍
തീണ്ടിനില്‍ക്കുന്നു മുന്നില്‍
അഹങ്കാരരൂപിണി

ആദ്യവെള്ളിത്തിരകീറി മേലാളന്റെ 
ധാര്‍ഷ്ട്യം വിധിച്ചു, കൊടുംപാപിയാണിവള്‍

വേശ്യ
മനുസ്മൃതി അട്ടിമറിക്കുന്ന
ദൂഷ്യം കൊളുത്തിയോള്‍
കൊല്ലുകീ യക്ഷിയെ

തമ്പുരാക്കന്മാര്‍ എറിഞ്ഞ തീക്കൊള്ളിയാല്‍ 
വെന്തുവീഴുന്നൂ കുമിള്‍ക്കുടില്‍
ഉള്ളിലെ ഉപ്പുചിരട്ട, പഴന്തുണി
ഈസ്റ്ററിന്‍ പിറ്റേന്നഴിച്ച റിബണ്‍, ചാന്ത്, കണ്‍മഷി

രാത്രിയൊടുങ്ങി
തമിഴകത്തില്‍ പനയോലയും 
വെയിലും സിനിമപിടിക്കുന്നൊരൂരില്‍
വേരില്ല, പേരില്ലൊടുങ്ങുന്നു റോസി
ഭ്രാന്താലയത്തിന്റെ നക്ഷത്രസാക്ഷി.

6 comments:

  1. ജീവിതത്തിന്റെ ഈ നേര്‍ സാക്ഷ്യത്തെ എന്തഭിപ്രായം കൊണ്ട് വിളക്കാന്‍?എന്തും അധികപ്പറ്റായേ വരൂ.കവിത പൊള്ളിക്കട്ടെ കാപട്യം പുതച്ചവരെ......നന്ദി കവേ,ശബ്ദമില്ലാത്തവര്‍ക്ക് സ്വയം ശബ്ദമായി ചമയുന്നതിന്.

    ReplyDelete
  2. റോസി
    സിനിമാലോകം കൃതഘ്നതയോടെ വിസ്മരിച്ച നടി

    ഇവിടെ ഈ കവിതയില്‍ കാണാനായല്ലോ

    ReplyDelete
  3. നന്ദി അജിത്‌.. വല്ലാതെ നോവിപ്പിച്ച ചരിത്രവനിതയാണ്‌ റോസി.

    ReplyDelete
  4. പ്രിയ കുരീപ്പുഴ ഇനിയും ആ പേനത്തുമ്പ്‌ തീ തുപ്പട്ടെ

    ReplyDelete
    Replies
    1. നന്ദി അഞ്ജുനാഥ്.കണ്ണീരിന്‍റെ നനവുള്ള റോസി.

      Delete