Friday 15 March 2013

ഭാരതരത്‌നവും കേരളമക്കളും


   ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും ഉന്നതമായ ബഹുമതിയാണ് ഭാരതരത്‌നം. ഈ ബഹുമതി ഇന്നേവരെ കേരള മക്കളിലാര്‍ക്കും ലഭിച്ചിട്ടില്ല. അര്‍ഹതയുള്ളവര്‍ ഇല്ലാത്തതുകൊണ്ടാണോ?

ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത് ആകാശവാണിയാണ്. ആകാശവാണി ഒരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ്. അവിടെ പരിപാടി നടത്താനുള്ള കരാര്‍ അയയ്ക്കുന്നതുപോലും രാഷ്ട്രപതിയെ മുന്‍നിര്‍ത്തിയാണ്. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാരിന് അതൃപ്തി തോന്നുന്ന ഒരു വാക്കുപോലും ആകാശവാണിയിലൂടെ പറയാന്‍ കഴിയില്ല. 

തെലുങ്കിലെ വിപ്ലവ കവി ഗദ്ദറിനെ കുറിച്ചുള്ള കവിത ആകാശവാണി റിക്കാര്‍ഡ് ചെയ്‌തെങ്കിലും പ്രക്ഷേപണം ചെയ്തില്ല. അതിനെക്കുറിച്ചന്വേഷിച്ചപ്പോള്‍ എഴുത്തുകാരനായ ആകാശവാണി ഉദ്യോഗസ്ഥന്‍ പറഞ്ഞത് വേലിയില്‍ കിടക്കുന്ന പാമ്പിനെയെടുത്ത്- എന്ന പ്രശസ്തമായ പ്രയോഗമാണ്.ഉദയപ്രഭാകരന്‍ നേരത്തേ പ്രത്യക്ഷപ്പെടുന്ന ആന്‍ഡമാന്‍ ദ്വീപിലേക്കുള്ള സ്ഥലംമാറ്റം വീടും കുടിയുമായി കഴിയുന്ന ഒരു ഉദ്യോഗസ്ഥനും ആഗ്രഹിക്കുകയില്ലല്ലൊ.

എന്നാല്‍ ആകാശവാണിയില്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുന്ന ഒരു പരിപാടിയുണ്ട്. അതാണ് പ്രഭാതഭേരി. ഏറ്റവും കൂടുതല്‍ ശ്രോതാക്കളുള്ളത് ഇപ്പോള്‍ ചലച്ചിത്രഗാന പരിപാടികള്‍ക്കല്ല. പുലര്‍ച്ചയിലുള്ള പ്രഭാതഭേരിക്കാണ്.

പ്രഭാതഭേരിയിലൂടെയാണ്, ഭാരതരത്‌നമാകാന്‍ യോഗ്യതയുള്ളവര്‍ കേരളത്തിലില്ലേ എന്ന ചോദ്യമുണ്ടായത്?

ഇതുവരെ നാല്‍പത്തിയൊന്ന് വിശിഷ്ട വ്യക്തികള്‍ക്കാണ് ഭാരതരത്‌ന ബഹുമതി നല്‍കിയിട്ടുള്ളത്. ഇതില്‍ എട്ടുപേര്‍  തമിഴ്‌നാട്ടുകാരും ഏഴുപേര്‍ ഉത്തര്‍പ്രദേശുകാരുമാണ്. പശ്ചിമബംഗാളിലും മഹാരാഷ്ട്രയിലും നിന്നുള്ള ആറുപേര്‍ക്ക് വീതവും ബിഹാറില്‍ നിന്നുള്ള മൂന്നുപേര്‍ക്കും ആന്ധ്രാപ്രദേശ്, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് പേര്‍ക്ക് വീതവും അസം, പഞ്ചാബ്, ദില്ലി സംസ്ഥാനങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കും ഭാരതരത്‌ന ബഹുമതി നല്‍കിയിട്ടുണ്ട്. പാകിസ്ഥാന്‍ പൗരത്വമുണ്ടായിരുന്ന ആദരണീയനായ ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാനും ദക്ഷിണാഫ്രിക്കന്‍ പൗരനായ സമുന്നത പ്രതിഭ നെല്‍സണ്‍മണ്ടേലയ്ക്കും ഭാരതരത്‌ന ബഹുമതി നല്‍കിയിട്ടുണ്ട്.

ആയിരത്തിത്തൊള്ളായിരത്തി അന്‍പത്തിനാലുമുതല്‍ നല്‍കിവരുന്ന ഈ ബഹുമതിപാദത്തില്‍സമര്‍പ്പിക്കേണ്ടിയിരുന്നചിലമലയാളികളെങ്കിലുമുണ്ട്.

ഒന്നാമത് മനസില്‍ തെളിയുന്നത് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മുഖമാണ്. സിങ്കപ്പൂരില്‍വച്ച് സ്വന്തം ക്ലിനിക്കടച്ച്, നേതാജി സുഭാഷ് ചന്ദ്രബോസിനോടൊപ്പം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് നടന്നിറങ്ങിയ ക്യാപ്റ്റന്‍ ലക്ഷ്മി. 98-ാം വയസ്സില്‍ മരിക്കുന്നതുവരെ പ്രവര്‍ത്തനനിരതയായിരുന്നു. മരണാനന്തരം അവരുടെ മൃതശരീരംപോലും കാണ്‍പൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ നല്‍കി. ത്യാഗോജ്ജ്വലജീവിതം നയിച്ച ഈ ധീര മലയാളിമകള്‍ക്ക് ഏതു ബഹുമതിക്കുമുള്ള അര്‍ഹതയുണ്ടായിരുന്നു. പത്മവിഭൂഷന്‍വരെ ആലോചിക്കാനേ അധികൃതര്‍ക്കു കഴിഞ്ഞുള്ളൂ.

ഇനിയുമുണ്ട്, ഇംഗ്ലണ്ടില്‍ നിന്നുള്ള മോചനത്തിനായി ഇംഗ്ലണ്ടില്‍ നിന്നുതന്നെ പോരാടിയ മഹാനായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരപോരാളി വി കെ കൃഷ്ണമേനോന്‍.. ചേരിചേരാപ്രസ്ഥാനത്തിന്റെ പതാകാവാഹകന്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മത്സരിച്ച് ലോക്‌സഭയിലെത്തിയ വിശ്രുത മലയാളി. ഐക്യരാഷ്ട്രസഭയില്‍, ഇന്ത്യക്കുവേണ്ടി നടത്തിയ എട്ടു മണിക്കൂര്‍ പ്രസംഗം ഇന്നും ലംഘിക്കപ്പെടാത്ത സുവര്‍ണരേഖയാണല്ലൊ. ഭാരതത്തിന്റെ പ്രഭചൊരിയുന്ന രത്‌നമായിരുന്നു ഈ വിശ്വമലയാളി.

മറ്റൊരു രത്‌നം കെ ആര്‍ നാരായണന്‍. കോട്ടയത്തെ ഒരു കീഴാള കുടുംബത്തില്‍ ജനിച്ച്, പഠിക്കാന്‍ മിടുക്കനായിട്ടും ഭരണകൂടത്തിന്റെ അവഗണന ഏറ്റുവാങ്ങി വിദേശത്തുപോയി വിദ്യാഭ്യാസം നേടി രാഷ്ട്രപതി ഭവനിലിരുന്ന് ഇന്ത്യയെ നിയന്ത്രിച്ച കെ ആര്‍ നാരായണന്‍.

ഇനിയുമുണ്ട്, ഒന്‍പതുതവണ നോബല്‍ സമ്മാനത്തിനു നിര്‍ദേശിക്കപ്പെട്ട ഇ സി ജി സുദര്‍ശനന്‍, നീതിനിര്‍വഹണത്തിന്റെയും മനുഷ്യാവകാശസംരക്ഷണത്തിന്റെയും വജ്രനക്ഷത്രം മുന്‍ സുപ്രിംകോടതി ജഡ്ജി വി ആര്‍ കൃഷ്ണയ്യര്‍, ഇന്ത്യന്‍ ചിത്രകലയെ മാറ്റിയെഴുതിയ കെ സി എസ് പണിക്കര്‍, ലോകസിനിമാമുറ്റത്ത് ഇന്ത്യന്‍ പതാക ഉയര്‍ത്തിയ അടൂര്‍ ഗോപാലകൃഷ്ണന്‍ ശ്രീലങ്ക ആസ്ഥാനമാക്കി ലോകത്തിലെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ പട നയിച്ച ഡോ.എ.ടി.കോവൂര്‍ഇങ്ങനെ ഭാരതരത്‌നങ്ങളായ മലയാളിമക്കള്‍ അനവധി.

8 comments:

  1. കേരളം ഭാരതത്തിലാണോ എന്ന സംശയമുള്ളവരുണ്ട് ഇപ്പോഴും ഉത്തരേന്‍ഡ്യയില്‍.

    ReplyDelete
    Replies
    1. ശരിയാണ് അജിത്‌.. മുണ്ട് ഉടുത്തുചെന്നതിനാല്‍ കൊല്‍ക്കത്തയിലെ ഒരു ഹോട്ടലില്‍ എന്നെ കയറ്റാന്‍ അവര്‍ക്ക് ആദ്യം വൈമനസ്യം തോന്നി. പ്രതിരോധമന്ത്രിയും ധനമന്ത്രിയും ലോക്സഭയില്‍ ധരിക്കുന്ന വസ്ത്രം ഞാന്‍ഓര്‍മ്മിപ്പിച്ചു.അവര്‍ക്ക് ചിദംബരത്തെ മാത്രമേ ഓര്‍മ്മവന്നുള്ളൂ.ആന്റണിയെ ഓര്‍മ്മിച്ചില്ല!!!!

      Delete
  2. കഴിവ് തെളിയിച്ചിട്ടും ഇവരൊക്കെ അവഗണിക്കപ്പെട്ടതെന്തേ???

    ReplyDelete
    Replies
    1. അതാണ്‌ മുബീ,എനിക്കും അറിയാത്തത്.

      Delete
  3. ഇന്ദ്രപ്രസ്ഥത്തെ ഇളക്കുന്ന പൊളിറ്റിക്കൽ പവര് അല്ല മലയാളികൾ. ഏതു രംഗത്തും മലയാളി നേരിടുന്ന അവഗണനയ്ക്ക് കാരണം മറ്റൊന്നുമല്ല.

    ReplyDelete
  4. രാഷ്ട്രീയ ശക്തി നോക്കിയാണ് ഭാരതരത്ന ബഹുമതി നല്‍കുന്നതെങ്കില്‍ ധാര്‍മ്മികത ഉണ്ടാവുകയില്ലല്ലോ ഭാനു.എന്തായാലും കേരളമക്കള്‍ക്കുംഅര്‍ഹാതയുണ്ട്.

    ReplyDelete
  5. ഭാരത രത്നത്തിന് അങ്ങനെയൊരു ഭാഗ്യം വിധിച്ചിട്ടില്ലെങ്കില്‍ എന്തുചെയ്യാന്‍?

    ReplyDelete
  6. 20 MP ഒരു സഖ്യ അല്ല കേന്ദ്ര മന്ത്രി മാര് പിന്നെ deputationil പോയി ജോലി ചെയ്യുമ്പോൾ അവര്ക്കിതിനൊക്കെ എവിടെ സമയം ഭാരത രത്നം അഥവാ കൊടുത്താല പിന്നെ അത് ഒരു ഭാരമാവില്ലേ? ഇടതിനും വലതിനും മതത്തിനും എല്ലാം കൂടി വീതം വക്കുമ്പോൾ വിവാദവും അവസാനം കേരളത്തിന്‌ തന്നെ ഭാരവും അവില്ലെന്നാര് കണ്ടു

    ReplyDelete