Friday 8 November 2013

ഉദ്ഘാടനവേദിയിലെ നിലവിളക്ക്


    ഉദ്ഘാടനച്ചടങ്ങിന്റെ ഉത്സവമേഖലയാണ് കേരളം. മുന്നൂറ്ററുപത്തഞ്ചു ദിവസവും ഉദ്ഘാടനം നടക്കുന്ന ഭൂമിയിലെ ഏകപ്രദേശം. ഉദ്ഘാടനം ചെയ്തതിനുശേഷം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ചില മിനുക്കുപണികളൊക്കെ നടത്തി വീണ്ടും ഉദ്ഘാടനം ചെയ്യുന്നതും കേരളത്തിന്റെ പ്രത്യേകതയാണ്.


ശവശരീരത്തിനാല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പാലം പോലുമുണ്ട് കേരളത്തില്‍. നാഷണല്‍ ഹൈവേയില്‍ ഇത്തിക്കരയാറ്റിനു കുറുകെയുള്ള പാലം അങ്ങനെയുള്ളതാണ്. പൊതുമരാമത്തു മന്ത്രിയുടെ മൃതദേഹം കടന്നുപോയതോടുകൂടി ഈ പാലം ഉദ്ഘാടനം ചെയ്യപ്പെട്ടതായി അവിടെ ശിലാഫലകവുമുണ്ട്. നേരത്തും കാലത്തും മന്ത്രിമാരെ കിട്ടാഞ്ഞ് കാളയെയും കഴുതയെയുമൊക്കെ കടത്തിവിട്ട് ജനങ്ങള്‍ തന്നെ ഉദ്ഘാടിച്ച പാതകളും കേരളത്തിലുണ്ട്.


അര്‍ഹതപ്പെട്ടവരെ മാറ്റിനിര്‍ത്തി മാന്യവ്യക്തികളെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതും കേരളീയരുടെ സവിശേഷതയാണ്. ഈ രീതി, കീഴാള വധുവിന്റെ ആദ്യരാത്രി, തമ്പുരാനോടൊപ്പം ആയിരിക്കണമെന്ന നീചനിബന്ധനയ്ക്കുപോലും ചൂട്ടുപിടിച്ചിരുന്നു.


രണ്ടുമന്ത്രിമാരുടെ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം രണ്ടുപേരുംകൂടി നാടവലിച്ചുപൊട്ടിച്ച് ഉദ്ഘാടിക്കുന്ന ഒരു ചെമ്മനം ചിത്രവുമുണ്ട്.


മിക്ക ചടങ്ങുകളും നിലവിളക്കു കൊളുത്തിയാണുദ്ഘാടനം. നിലവിളക്ക് വില്ലനായത് മുസ്‌ലിം ലീഗുമന്ത്രിമാര്‍ കൊളുത്താതെ മാറി നിന്നപ്പോഴാണ്. അവര്‍ നിലവിളക്കു കൊളുത്താതിരുന്നത് യുക്തിവാദികളായതുകൊണ്ടൊന്നുമല്ല. നിലവിളക്കുകൊളുത്തുന്നത് ഹൈന്ദവാചാരമാണെന്നും അത് അനിസ്‌ലാമികമാണെന്നും അവര്‍ കരുതുന്നതു കൊണ്ടാണ്.


പകല്‍വെളിച്ചത്തില്‍ വിളക്കുകൊളുത്തുന്നതില്‍ യുക്തിയൊന്നുമില്ലെങ്കിലും അത് ഹൈന്ദവാചാരമാകണമെങ്കില്‍ ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്. വിളക്കുകൊളുത്തുന്നയാള്‍ കുളിച്ച് കുറിയിട്ടിരിക്കണം. വലതുകരം കൊണ്ടുമാത്രമേ കൊളുത്താവൂ. അപ്പോള്‍ വലതുകൈത്തണ്ടയില്‍ ഇടതുകൈ സ്പര്‍ശിച്ചിരിക്കണം. കിഴക്കോട്ടുള്ള തിരിയേ ആദ്യം കൊളുത്താന്‍ പാടുള്ളു. ഒരു കാരണവശാലും ചെരുപ്പിടാന്‍ പാടില്ല. ഇത്രയുമൊക്കെ അനുഷ്ഠിച്ചാലും അഹിന്ദുവായ ഒരാള്‍ ചെയ്താല്‍ അത് ഹൈന്ദവാചാരമാവുകയുമില്ല. മതവിശ്വാസമനുസരിച്ച് അമുസ്‌ലീമായ ഒരാള്‍ മക്കയെ ലക്ഷ്യമാക്കി മുട്ടുകാലിലിരുന്ന് നെറ്റി തറയില്‍ മുട്ടിച്ചാല്‍ വ്യായാമപരമായ ശാരീരിക പ്രയോജനമല്ലാതെ ആത്മീയ പ്രയോജനം ഉണ്ടാവുകയില്ലല്ലൊ. 
ചെറുവ്യത്യാസം മാത്രമുള്ള സിഖുമത പ്രാര്‍ഥനയുടെകാര്യവും വ്യത്യസ്തമല്ല. 


അപ്പോള്‍, സ്‌നാനപരിഗണനയോ കിഴക്കുതെക്കെന്ന പരിഗണനയോ കൂടാതെ പാദുകമണിഞ്ഞ് നിലവിളക്കു കൊളുത്തുന്നത് ഹൈന്ദവാചാരമല്ല. വിളക്കുതെളിക്കുമ്പോള്‍ ഹിന്ദുദൈവവിചാരവും വേണ്ട. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്ക് എന്ന ദര്‍ശനത്തിന്റെ പ്രതീകമായും കണക്കാക്കാം. ഈ ദര്‍ശനം പ്രതീകവല്‍ക്കരിക്കാനാണെങ്കില്‍ നിലവിളക്കുതന്നെ വേണോ? ചെറുപന്തങ്ങള്‍ പോരേ? കൂടുതല്‍ കേരളീയതയും ഉണ്ടാകുമല്ലൊ.


ഷാജി എന്‍ കരുണിന്റെ നേതൃത്വത്തിലാരംഭിച്ച കേരള ചലച്ചിത്ര അക്കാദമിയുടെ ഉദ്ഘാടനം, വിശിഷ്ട വ്യക്തികളോടൊപ്പം സദസ്യരും മണ്‍വിളക്കുകള്‍ കൊളുത്തി ഇരുട്ടില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു. വിളക്കുകൊളുത്തിയാലും ഇല്ലെങ്കിലും സംഘാടകരുടെ കീശകാലിയാണെങ്കില്‍ ഒരു അക്കാദമിയും വിജയിക്കില്ല.


ഇരുട്ടില്‍ വെളിച്ചത്തിനായി പുരയ്ക്കു തീകൊളുത്തിയാലും വിളക്കുകൊളുത്തില്ല എന്ന ദുര്‍വാശി ശരിയല്ലെങ്കിലും വെളിച്ചമുള്ള വേദികളില്‍ നിലവിളക്കു കൊളുത്തുന്നതിനുപകരം മറ്റൊരു ഉദ്ഘാടന രീതി കണ്ടെത്തുകയാണ് അഭികാമ്യം.
 

3 comments:

  1. റീത്ത്, നിലവിളക്ക്, നാടമുറിപ്പ്, ആചാരവെടി, പാലുകാച്ച്, അവാർഡ് എല്ലാം വെറും പൊള്ളയായ ആചാരം ഇതെല്ലാം യുക്തി വാദികൾ ഒഴിവാക്കണം

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ബഹറിനില്‍ ഉദ്ഘാടനം എന്നത് വളരെ വിചിത്രമാണ്. ബില്യന്‍ ഡോളര്‍ ചെലവിട്ട് നിര്‍മ്മിച്ച പാലവും ഫ്ലൈ ഓവറുകളുമൊക്കെ ഒരു ദിവസം രാവിലെ ഗതാഗതത്തിന് തുറന്നിരിക്കുന്നത് കാണാം. ഫലകമില്ല, അവനെ വിളിച്ചില്ല, ഇവനെ വിളിച്ചില്ല എന്ന തര്‍ക്കമില്ല, പൊടിപൊടിച്ച് ഉത്സവമില്ല. രാജവാഴ്ച്ചയുടെ ചില നല്ല വശങ്ങള്‍.

    ReplyDelete