Saturday, 11 January 2014

ശീതരാത്രി


പാദുകങ്ങള്‍ പുറത്തു വെച്ചോര്‍മ്മയില്‍
കേറി നില്ക്കുന്നു നഗ്നയാം യാമിനി
പാതയില്‍ ഞാനുറങ്ങാതിരുന്നൊരാ -
നാളിലെന്‍ നോവു ചുംബിച്ചെടുത്തവള്‍
ജാതകം കീറിയിട്ടൊരെന്‍ വാഴ്വിന്റെ
ജാലകങ്ങള്‍ തുറന്നിട്ടു തന്നവള്‍
ദൂരെയെങ്ങോ തുരുമ്പിച്ച താരവും
താഴ്വരകളും സ്തംഭിച്ചു നില്ക്കവേ
നാവനങ്ങാതെ നന്മകള്‍ പെയ്യാതെ
ശ്രീലകങ്ങളില്‍ ദൈവമുറങ്ങവേ
നീലവണ്ടിയില്‍ വേട്ടനായ്ക്കള്‍ വന്നു
ജീവിതത്തിന്റെ മുട്ട പൊട്ടിക്കവേ
സൂര്യസഞ്ചാരവേളയില്‍ ഞാനെന്റെ
നാടകത്തിന്റെ കല്ലുടച്ചീടവേ
ആകെ നൊന്തൊരെന്‍ കൈപ്പത്തിയില്‍
സ്നേഹ -
ലീനയായ് ഉമ്മ വെച്ചവള്‍ യാമിനി.

ഞാവലില്‍ നിലാവിന്റെ വിരല്‍ത്തുമ്പു
വീണ മീട്ടവേ കാളമേഘത്തിന്റെ
ക്രൂരസാന്നിദ്ധ്യമെന്നെയും മറ്റൊരു
വേദനത്തെയ്യമായുദിപ്പിക്കുന്നു.
പാതി നിര്‍ത്തിയ പാട്ടും പരാതിയും
കൂടു കൂട്ടുന്നു മജ്ജയിലിപ്പൊഴും
കാരിരുമ്പാണി ചുറ്റികത്താളത്തി -
ലാഴമേറ്റുന്നു മാംസത്തിലിപ്പൊഴും
തീ പിടിച്ച ശിരസ്സുമായ്‌ നേരിന്റെ
നേര്‍ വരകളില്‍ വീണു ഞാനെപ്പൊഴും
ദൂരെയമ്പിളിക്കുഞ്ഞും മരിക്കുന്നു
സാഗരം നെഞ്ചു പൊട്ടിക്കരയുന്നു
വാതു കെട്ടുന്നു പിന്നെയും കാറ്റുമായ്‌
പാറയില്‍ രാമപാദ പ്രതീക്ഷകള്‍
കാലനക്കങ്ങളില്ലാതെ മൃത്യുവിന്‍
ദൂതരെത്തുന്ന രോഗാലയങ്ങളില്‍
ഞാനുറങ്ങാതിരിക്കുന്ന വേളയില്‍
ചാരെയെത്തിയിളം മുലക്കൂമ്പുകള്‍
പ്രേമപൂര്‍വമുരുമ്മി ,യാഴങ്ങളില്‍
ബോധമഞ്ഞിട്ടു പോയവള്‍ യാമിനി .

വേനലുണ്ടു ഞാന്‍ വിശ്രമിക്കാന്‍ കൊടും -
പാപവൃക്ഷച്ചുവട്ടില്‍ കിടക്കവേ
ജാഥകള്‍ , രോഷമുള്ളുകള്‍ പാകിയ
ഗാഥകള്‍ ചൊല്ലിയെത്തുന്നു വീഥിയില്‍
തോക്കിനോടവര്‍ തോല്‍ക്കാതിരിക്കുവാ -
നാഗ്രഹിച്ചു മനസ്സയയ്ക്കുന്നു ഞാന്‍.
മേഘമില്ലാത്ത മാനം , ചുടുന്നൊരീ -
ഭൂമിയില്‍ വര്‍ഷ സ്വപ്നങ്ങള്‍ കത്തുന്നു .
ഭാഗ്യവാന്മാരടച്ച സത്രങ്ങളില്‍
വാദ്യഘോഷങ്ങള്‍ കേള്‍ക്കുന്നു പിന്നെയും
ആലിലകളില്‍ ദുഃഖസമ്പന്നമാം
കാലമേകിയ സ്തോത്രം ചിലമ്പുന്നു
കാഞ്ഞിരക്കൊമ്പുതോറുമുഷ്ണത്തിന്റെ
ക്രോധവാക്കുകള്‍ ഞാത്തുന്നു സന്ധ്യകള്‍
ആവലാതി വിതച്ചു കരഞ്ഞൊരു
കാവതിക്കാക്ക പായുന്നു പാതയില്‍
കാഴ്ചകള്‍ കണ്ണിലഗ്നി വര്‍ഷിക്കവേ
വേച്ചു വീഴുന്നു ഞാന്‍ ശരശയ്യയില്‍
രാത്രിയെത്തുന്നു സാന്ത്വനപ്പാട്ടുമായ്
ധാത്രിയായെന്റെയുച്ചിയില്‍ മുത്തുന്നു
വീര്‍ത്ത കണ്‍പോളയില്‍ ചുംബനങ്ങളാല്‍
സ്വാസ്ഥ്യശൈത്യം തളിക്കുന്നു യാമിനി
കൂട്ടിരിക്കുന്നു പര്‍ദ്ദക്കുടുക്കഴി -
ച്ചാര്‍ത്തിരമ്പി വിയര്‍ക്കുന്നു യാമിനി
സ്നേഹപൂര്‍വമെന്‍ കൈ പിടിച്ചസ്വാസ്ഥ്യ -
രേഖ കോറിയും പേരിട്ടു വാഴ്ത്തിയും
പൂര്‍വദിങ്മുഖം കത്തും വരേയ്ക്കെന്റെ
കാവലായ് തൂവലേന്തിയിരിപ്പവള്‍
പാദുകങ്ങള്‍ പുറത്തു വെച്ചോര്‍മ്മയില്‍
കേറി നില്ക്കുന്നു പിന്നെയും യാമിനി .

5 comments:

 1. 1986 ജൂണില്‍,നിറയെ മഴയുണ്ടായിരുന്ന ഒരു രാത്രിയില്‍ എഴുതിയതാണ് ശീതരാത്രി.ഇപ്പോള്‍ യുവകവി വിനോദ് വെള്ളായണി ഈ കവിത ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നു.വായിച്ചപ്പോള്‍ കൌതുകം തോന്നി.ചിത്രകാരന്‍ ഭാസ്കരന്‍ ഒരിക്കല്‍ ഈ കവിത കാണാതെ ചൊല്ലിയത് ഓര്‍മ്മ വന്നു.എന്നാല്‍ ഇനി ശീതരാത്രി ഇവിടെ വിശ്രമിക്കട്ടെ.

  ReplyDelete
 2. ശീതരാത്രി ഞാനും വായിച്ചു. 28 വയസ്സായെന്ന് തോന്നുകയില്ല പക്ഷെ.


  (28 വര്‍ഷങ്ങള്‍ക്ക് മുമ്പ് മഴയുള്ള ഒരു രാവില്‍ പിറന്ന ഈ കവിത, കവി ഇന്നെഴുതിയാല്‍ ഈ വാക്കുകളായിരിക്കുമോ എന്ന് ഞാന്‍ ഒരു നിമിഷം ചിന്തിച്ചു. കവി 28 ഓണം കൂടെ ഉണ്ടു. കാലവും മനുഷ്യരും ചിന്തയും ലക്ഷ്യങ്ങളും വിപ്ലവവുംസംസ്കാരവും സാഹചര്യങ്ങളും പ്രകൃതിയും കാലാവസ്ഥയും സയന്‍സും അധികാരങ്ങളും സാമ്രാജ്യങ്ങളും പാഠപുസ്തകങ്ങളും കവിതയും ഭാഷയും ഒക്കെ മാറിയപ്പോള്‍ വാക്കുകള്‍ക്കെന്തെങ്കിലും മാറ്റം വരുമായിരുന്നോ എന്ന് ചിന്തിച്ചു.)

  ReplyDelete
 3. പാദുകങ്ങള്‍ പുറത്തു വെച്ചോര്‍മ്മയില്‍
  കേറി നില്ക്കുന്നു പിന്നെയും യാമിനി .

  ReplyDelete
 4. രാത്രികൾ പഴയപോലെ രാത്രി അല്ലവ

  ReplyDelete
 5. പാദുകങ്ങള്‍ പുറത്തു വെച്ചോര്‍മ്മയില്‍
  കേറി നില്ക്കുന്നു പിന്നെയും യാമിനി .

  ReplyDelete