Tuesday, 18 March 2014

പരീക്ഷക്കാലമാണ് ഉച്ചഭാഷിണികള്‍ ഓഫാക്കുക


      കേരളത്തിലെ വിദ്യാര്‍ഥിലക്ഷങ്ങള്‍ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ പരീക്ഷ എഴുതുകയാണ്. അവര്‍ സൂര്യോദയത്തിനു വളരെ മുന്‍പെതന്നെ ഉണരുന്നു. രാവേറെ ചെന്നിട്ടും ഉണര്‍ന്നിരുന്നു വായിക്കുന്നു. വായിച്ചു പഠിച്ചത് ഓര്‍ത്തുനോക്കുന്നു. ഓര്‍മിച്ചത് എഴുതിപ്പഠിക്കുന്നു. വിദ്യാര്‍ഥികളുടെ മുഴുവന്‍ ശ്രദ്ധയും പുസ്തകങ്ങളിലാണ്.
     ഇതൊന്നും കേരളത്തിലെ ആരാധനാലയങ്ങള്‍ അറിഞ്ഞമട്ടില്ല. ആരാധനാലയങ്ങളുടെ ഭാരവാഹികളായ ഭക്തശിരോമണികള്‍ ശുക്രനുദിക്കുന്നതിനു മുന്‍പുതന്നെ ഉണര്‍ന്ന് ഭക്തിഗാനങ്ങളുടെ പേരിലുള്ള പാരഡിപ്പാട്ടുകള്‍ ഉച്ചഭാഷിണികളിലൂടെ മുഴക്കുന്നു. ഈ കീര്‍ത്തനാട്ടഹാസങ്ങള്‍ നിയമവിരുദ്ധമായിട്ടും ഇടപെടാന്‍ ആരുംതന്നെയില്ല. നീതിനിര്‍വഹണം സുഖനിദ്രയിലാണ്.
    ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയിട്ടുള്ള ശബ്ദമലിനീകരണനിയന്ത്രണം സംബന്ധിച്ച നിയമമനുസരിച്ച് വലിയ ഹോണുകള്‍ ഉപയോഗിക്കാന്‍ പാടില്ല. ചെറിയ ബോക്‌സുകള്‍ ഉപയോഗിച്ച് പരിസരത്തുമാത്രം കേള്‍ക്കുന്ന ചെറുശബ്ദം മാത്രമേ അനുവദിച്ചിരുന്നുള്ളു. മാത്രമല്ല, മൈക്ക് ഉപയോഗിക്കുവാന്‍ നിയമവിധേയമായ അനുമതി നേടുകയും വേണം. കേരളത്തിലെ എത്ര ആരാധനാലയങ്ങളാണ് ഇങ്ങനെ സ്ഥിരാനുമതി നേടിയിട്ടുള്ളത്?
     ഹിന്ദു ആരാധനാലയങ്ങള്‍ മാത്രമേ അടുത്തകാലംവരെ അമിതശബ്ദം ഉപയോഗിച്ച് ആളുകളെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുള്ളു. ഇപ്പോഴാകട്ടെ നിരന്തര ശബ്ദശല്യം എല്ലാ മതക്കാരുടേയും ആരാധനാലയങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.
   ഹിന്ദുഭാരവാഹികള്‍ പറയാറുള്ളത് ഈ ശബ്ദാതിക്രമം ക്ഷേത്രാചാരത്തിന്റെ ഭാഗമാണെന്നാണ്. ക്ഷേത്രാചാരം സംബന്ധിച്ച ഒരു പുസ്തകത്തിലും മൈക്കുപയോഗിച്ചുള്ള ശബ്ദാരാധനയെക്കുറിച്ചു പറയുന്നതേയില്ല. മാത്രമല്ല, അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് നിഷ്‌ക്കര്‍ഷിക്കാറുള്ള ഹിന്ദുക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ കണ്ടുപിടിച്ച കറണ്ടും മൈക്കും ലൈറ്റുകളും ഉപയോഗിക്കുന്നത് ശരിയുമല്ല.
   ശരിതെറ്റുകളുടെ സംവാദം അവിടെ നില്‍ക്കട്ടെ. ഇപ്പോള്‍ വേണ്ടത്, ആരാധനാലയങ്ങളിലുള്ള എല്ലാ ഉച്ചഭാഷിണികളും ഓഫാക്കി എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉന്നതവിജയം നേടാനുള്ള സന്ദര്‍ഭം ഉണ്ടാക്കുകയാണ്.
       കേരളസര്‍ക്കാര്‍ ഗള്‍ഫ് മേഖലയിലും എസ്എസ്എല്‍സി പരീക്ഷ നടത്തുന്നുണ്ട്. ഹിന്ദു ആരാധനാലയങ്ങള്‍പോലും അനുവദിച്ചിട്ടുള്ള ഗള്‍ഫ് രാജ്യത്ത് ഉച്ചഭാഷിണി ഉപയോഗിച്ച് അതിരാവിലെ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ശബ്ദാതിക്രമം തീരെയില്ല. അനുകരണീയമായ ഒരു മാതൃകയാണത്.
        ക്ഷേത്രപരിസരത്ത് താമസിക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ ശബ്ദശല്യം ഇല്ലാത്തസ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കയാണ്. പരീക്ഷക്കാലത്ത് വീടുമാറുന്നത് കുട്ടികളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കും. അത് പരീക്ഷാഫലത്തില്‍ പ്രതിഫലിക്കുകയും ചെയ്യും. പരീക്ഷയെക്കാള്‍ വലിയ പരീക്ഷണമാണ് ക്ഷേത്രങ്ങളിലെ ശബ്ദശല്യത്തെ മറികടക്കുകയെന്നത്.
       പരിഷ്‌കൃത രാജ്യങ്ങളിലെങ്ങുംതന്നെ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ശബ്ദശല്യം ഇല്ല. വാഹനങ്ങളുടെ ഹോണ്‍പോലും അനാവശ്യമായി ശബ്ദിപ്പിക്കാറില്ല. അന്യന്റെ സ്വസ്ഥതക്ക് മറ്റ് രാജ്യങ്ങള്‍ വലിയ പ്രാധാന്യം നല്‍കുമ്പോള്‍ സമ്പൂര്‍ണ സാക്ഷരരായ നമ്മളാകട്ടെ ഇക്കാര്യത്തില്‍ നിരക്ഷരതയും നിശബ്ദതയും പാലിക്കുകയാണ്.

4 comments:

 1. പരിഷ്കൃതരാജ്യങ്ങളിലെ കാര്യം പറഞ്ഞിട്ട് നാട്ടില്‍ എന്തു ഫലം! അനുഭവിക്ക തന്നെ കരണീയം

  ReplyDelete
 2. ഇത് ഇന്ത്യ അല്ലേ?ഇവിടെ ഇങ്ങനെയൊക്കെയേ നടക്കൂ ,,:(

  ReplyDelete
 3. അന്യന്റെ സ്വസ്ഥതക്ക് മറ്റ് രാജ്യങ്ങള്‍ വലിയ പ്രാധാന്യം നല്‍കുമ്പോള്‍ സമ്പൂര്‍ണ സാക്ഷരരായ നമ്മളാകട്ടെ ഇക്കാര്യത്തില്‍ നിരക്ഷരതയും നിശബ്ദതയും പാലിക്കുകയാണ്-ഇതാണ് സത്യം.കുറിപ്പ് നന്നായി.

  ReplyDelete
 4. പരിഷ്‌കൃത രാജ്യങ്ങളിലെങ്ങുംതന്നെ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ശബ്ദശല്യം ഇല്ല. വാഹനങ്ങളുടെ ഹോണ്‍പോലും അനാവശ്യമായി ശബ്ദിപ്പിക്കാറില്ല. അന്യന്റെ സ്വസ്ഥതക്ക് മറ്റ് രാജ്യങ്ങള്‍ വലിയ പ്രാധാന്യം നല്‍കുമ്പോള്‍ സമ്പൂര്‍ണ സാക്ഷരരായ നമ്മളാകട്ടെ ഇക്കാര്യത്തില്‍ നിരക്ഷരതയും നിശബ്ദതയും പാലിക്കുകയാണ്.

  ReplyDelete