Thursday 8 January 2015

അമ്മയും അയ്യപ്പനും ആനവണ്ടികളും



    ശബരിമല അയ്യപ്പന്റെ ഐതിഹ്യത്തിൽ വളരെ പ്രധാനപ്പെട്ടത്‌ അമ്മയോടുള്ള സ്നേഹമാണ്‌. പന്തളമഹാരാജാവ്‌ എടുത്തുവളർത്തുന്ന അയ്യപ്പൻ എന്ന ബാലനെ ഒഴിവാക്കാൻ വേണ്ടി രാജ്ഞി കഠിനവേദന നടിക്കുന്നു. അവരുടെ നിർദേശമനുസരിക്കുന്ന വൈദ്യൻ വന്ന്‌ ഒറ്റ ഔഷധമേ ഉള്ളൂ എന്നും അത്‌ പുലിപ്പാലാണെന്നും വിധിക്കുന്നു. അയ്യപ്പൻ തന്റെ പോറ്റമ്മയുടെ അസുഖം മാറ്റാൻവേണ്ടി കാട്ടിൽ പോയി പുലിയമ്മയെയും കുട്ടികളെയും കൊണ്ടുവരുന്നു. ഈ ഐതിഹ്യത്തിൽ നിന്നും ഒരു ഭക്തൻ പഠിക്കേണ്ടപാഠം പെറ്റമ്മയല്ലെങ്കിൽപ്പോലും അന്യസ്ത്രീകളുടെ രക്ഷയ്ക്ക്‌ ഏതു പുരുഷനും തയാറാകണമെന്നാണല്ലൊ. എന്നാൽ കെട്ടുകഥയെ കെട്ടുകഥയായിമാത്രം കാണുകയും സ്നേഹാധിഷ്ഠിതയുക്തിബോധത്തിൽ എത്തിച്ചേരാതിരിക്കുകയും ചെയ്യുന്ന അയ്യപ്പഭക്തന്മാരെയാണ്‌ ഇക്കാലത്ത്‌ കാണുന്നത്‌. അവരാണ്‌ പമ്പയിലേക്കുപോയ വണ്ടിയിൽ നിന്നും സ്ത്രീകളെ ഇറക്കിവിട്ടത്‌.

    ഒന്നിലധികം സംഭവങ്ങളാണ്‌ ശബരിമല തീർഥാടനകാലത്തുണ്ടായത്‌. സ്ത്രീകൾക്ക്‌ സംവരണം ചെയ്യപ്പെട്ട സീറ്റ്‌ ഒഴിഞ്ഞുകൊടുക്കാതിരിക്കുക, ചെറിയ ദൂരം മാത്രം സഞ്ചരിച്ച്‌ ‘സുരക്ഷിത സ്ഥാനങ്ങളിൽ എത്താനായി ബസിൽ കയറിയ സ്ത്രീകളെ ബസിൽ നിന്നിറക്കിവിടുക’ തുടങ്ങിയ ഹീനപ്രവൃത്തികളാണ്‌ ഭക്തന്മാരിൽ നിന്നുണ്ടായത്‌.

    ലേഡീസ്‌ ഒൺലി ബസുപോലെ കെഎസ്‌ആർടിസിക്ക്‌ സ്വാമിസ്‌ ഒൺലി ബസ്‌ സർവീസ്‌ ഇല്ല. പമ്പയിലേക്കുപോകുന്ന വണ്ടിയിൽ മറ്റു യാത്രക്കാർക്കും പോകാം. അവരുടെ ജാതിയോ മതമോ ലിംഗമോ നോക്കുന്നത്‌ ശരിയല്ല. പ്രത്യേകിച്ചും അരക്ഷിതപ്രദേശമായ കേരളത്തിൽ സ്ത്രീകളുടെ യാത്ര സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്തം പോലുമുണ്ട്‌.
   
    സ്ത്രീകളെ ഇറക്കിവിട്ടവരുടെ ഒരുവാദം അയ്യപ്പന്മാരുടെ വ്രതശുദ്ധി നഷ്ടപ്പെടുമെന്നാണ്‌. സ്ത്രീകളുള്ള വീടുകളിൽ നിന്നല്ലേ അയ്യപ്പന്മാർ ശബരിമലയ്ക്കു തിരിക്കുന്നത്‌? മാത്രമല്ല, ചെറിയ പ്രായത്തിലുള്ള പെൺകുട്ടികൾക്കും ആർത്തവം നിലച്ചവർക്കും ശബരിമലയിൽ പ്രവേശനവും ഉണ്ടല്ലൊ. പ്രകൃതി സ്ത്രീക്കു നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ്‌ അണ്ഡോൽപ്പാദനം. ബസിൽ കയറാൻവേണ്ടി അണ്ഡോൽപ്പാദനം ഇല്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്‌ കൂടി സ്ത്രീകൾ കരുതേണ്ടിവരുമോ?

     ശബരിമല സീസണിൽ എല്ലാ കെഎസ്‌ആർടിസി ഓഫീസുകളും ചെറുക്ഷേത്രങ്ങളായി മാറുക പതിവാണ്‌. ഇപ്പോൾ മറ്റു മതോത്സവങ്ങളും ബസ്‌ സ്റ്റേഷനുകളെയും റയിൽവേസ്റ്റേഷനുകളെയും ബാധിച്ചിട്ടുണ്ട്‌. ബസ്‌ സ്റ്റേഷനുകളിൽ ഇത്തരം മതാചാരങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള ഒരു സർക്കാർ ഉത്തരവുണ്ടായത്‌ കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത്‌ ജോസ്‌ തെറ്റയിൽ ഗതാഗതമന്ത്രിയായിരുന്ന കാലത്താണ്‌. ആ ഉത്തരവ്‌ ഇറങ്ങിയതിനെക്കാൾ വേഗതയിൽ പിൻവലിക്കപ്പെട്ടു.

    ഭക്തിയുടെ സൈഡ് ഡിഷുകളായി മതപ്രഭാഷകർ ഘോഷിക്കാറുള്ള ദയ, കരുണ, സ്നേഹം ഇവയൊന്നും ഭക്തരിൽ പ്രായോഗികമല്ലെന്നാണ്‌, വനിതകളെ ബസിൽ നിന്നിറക്കിവിട്ട സംഭവങ്ങൾ സൂചിപ്പിക്കുന്നത്‌. ഭക്തന്മാർ, അയ്യപ്പന്റെ കഥയിൽ നിന്നുപോലും ഒന്നും പഠിക്കുന്നില്ല. സ്ത്രീകളോട്‌ കരുണയില്ലാതെ പെരുമാറിയാൽ മോക്ഷപ്രാപ്തിയുടെ സ്പീഡ്‌ വർധിക്കുമെന്നുപോലും ചിലർ കരുതുന്നുണ്ടാവാം.

2 comments:

  1. അന്ധമായ ഭക്തി മാത്രമാണു മോക്ഷദായകമെന്നും വഴിയിൽകാണുന്ന മറ്റു നിസ്സാരമനുഷ്യരെയെല്ലാം ചവിട്ടിമെതിച്ചായാൽപ്പോലും തങ്ങളുടെ തീർത്ഥാടനം മാത്രം അവിഘ്നം നടക്കണമെന്നു ദുർവ്വാശിപൂണ്ടു, ദുരപൂണ്ടു നടക്കുന്നവരാണ്, പല 'ഭക്തന്മാരും'.

    ReplyDelete
  2. ഭക്തിയുടെ സൈഡ് ഡിഷുകളായി മതപ്രഭാഷകർ ഘോഷിക്കാറുള്ള ദയ, കരുണ, സ്നേഹം ഇവയൊന്നും ഭക്തരിൽ പ്രായോഗികമല്ലെന്നാണ്‌, വനിതകളെ ബസിൽ നിന്നിറക്കിവിട്ട സംഭവങ്ങൾ സൂചിപ്പിക്കുന്നത്‌.

    ReplyDelete