Monday 20 July 2015

മമ്മുക്കയും ലാലേട്ടനും പിന്നെ രാജുച്ചായനും


kureepuzha
Comments Off 26




മനുഷ്യന്റെ ആന്തരികാവയവങ്ങളെയോ രക്തത്തെയോ രേതസിനെയോ അടിസ്ഥാന വികാരങ്ങളെയോ തൊടാൻ ഇന്നേവരെ മതത്തിനു കഴിഞ്ഞിട്ടില്ല. വിശപ്പിനോ പ്രണയത്തിനോ മതമില്ല. എന്നാൽ മനുഷ്യനെ മതക്കണ്ണടവച്ച്‌ കാണുവാൻ മതം പഠിപ്പിച്ചിട്ടുണ്ട്‌.
അവയവദാനത്തിന്‌ മതം ബാധകമല്ല. വൃക്കയും കണ്ണും കരളും ഹൃദയംപോലും മാറ്റിവയ്ക്കാം. മുസൽമാന്റെ ഹൃദയം ക്രിസ്ത്യാനിക്ക്‌ വച്ചുപിടിപ്പിച്ചാൽ അഞ്ചുനേരം നിസ്ക്കരിക്കാനോ നോമ്പുപിടിക്കാനോ ആ ഹൃദയം ഓർമ്മിപ്പിക്കുകയില്ല. ക്രിസ്ത്യാനിയുടെ രക്തം ഹിന്ദുവിന്‌ കുത്തിവച്ചാൽ കുർബാനകൊള്ളണമെന്ന്‌ ആ രക്തം നിർബന്ധിക്കുകയില്ല. ചൈനക്കാരനായ ഒരു ബുദ്ധിസ്റ്റിന്റെ വൃക്ക ഇസ്രയേൽക്കാരനായ ഒരു യഹൂദന്‌ വച്ചുപിടിപ്പിച്ചാൽ അയാൾ ഒരിക്കലും ചൈനീസ്‌ സംസാരിക്കുകയോ ഉരഗഭക്ഷണത്തിന്‌ പ്രേരിപ്പിക്കുകയോ ചെയ്യില്ല.
ഹിന്ദുവിന്റെ നേത്രപടലം സിഖുമതക്കാരനു വച്ചുപിടിപ്പിച്ചാൽ അയാൾ ഗുരു ഗ്രന്ഥസാഹിബിനു പകരം ഗീത വായിക്കണമെന്ന്‌ നിർബന്ധിക്കുകയില്ല. മതം തീർത്തും ബാഹ്യമായ ഒരു സംഗതിയാണ്‌. പ്രകൃതിദത്തമല്ല, അതുകൊണ്ടുതന്നെ മതം അടിച്ചേൽപ്പിക്കുന്ന ദൃശ്യവും അദൃശ്യവുമായ ദൈവങ്ങൾക്കും പിശാചിനുമൊന്നും ഒരു അടിസ്ഥാനവുമില്ല.
മനുഷ്യരാണെങ്കിൽ തമ്മിൽ കാണുമ്പോഴുള്ള അഭിവാദനം പോലും മതസൂചനകളോടെയാണ്‌ നിർവഹിക്കുന്നത്‌. പ്രകൃതിയിൽ മതം മലിനമാക്കിയ മനുഷ്യനല്ലാതെ ഒരു ജീവിയും മതസൂചനയോടെ അതിന്റെ സാന്നിധ്യമറിയിക്കുന്നില്ല. അള്ളാഹു അക്ബർ എന്ന്‌ ശബ്ദം പുറപ്പെടുവിക്കുന്ന ഒട്ടകങ്ങളോ ജയ്‌ ശ്രീറാമെന്ന്‌ കരയുന്ന പശുക്കളോ കർത്താവിനു സ്തോത്രമെന്നു പറയുന്ന പക്ഷികളോ ലോകത്തില്ല.
മനുഷ്യരാണെങ്കിൽ മറ്റൊരാളിനെ സംബോധന ചെയ്യുന്നതുപോലും മതം മനസിലാക്കിക്കൊണ്ടാണ്‌. 
മതബോധവും അന്ധവിശ്വാസവും കൊണ്ട്‌ അഴുക്കുപുരണ്ടതാണ്‌ നമ്മുടെ സിനിമാരംഗം. പൂജയില്ലാതെ ഒരു പടവും തുടങ്ങുകയില്ല. പൂജിച്ചുതുടങ്ങിയ പടങ്ങൾ പൊട്ടിപ്പോകുന്നതും പാഠമേയല്ല.
മതം മനസിലാക്കിയുള്ള സംബോധന അവിടെയുമുണ്ട്‌. അങ്ങനെയാണ്‌ മമ്മൂട്ടി മമ്മുക്കയും മോഹൻലാൽ ലാലേട്ടനും ആകുന്നത്‌. ക്യാപ്ടൻ രാജു രാജു അച്ചായനും ആയിട്ടുണ്ട്‌. ദാസേട്ടനും ഇന്നസെന്റ്‌ ചേട്ടനുമൊന്നും സിനിമാരംഗത്തെ സംബോധനകളെ സ്വാധീനിക്കുന്നില്ല.
ജാതിമതങ്ങളെ അതിജീവിക്കാനായി നാരായണഗുരുവിന്റെ നിർദേശം സ്വീകരിച്ചതിനാൽ ഷാജി, സലിം, കബീർ, ജമീല തുടങ്ങിയ നാമങ്ങൾ കേരളത്തിൽ വ്യാപകമാണ്‌. അവരൊക്കെ മതപ്പേരുള്ളവരാണെന്ന ധാരണയിൽ സലിംക്കയും ഷാജിക്കയും ജമീലത്താത്തയുമൊക്കെ ആകാറുണ്ട്‌.
ഏറ്റവും നല്ല സംബോധന സഖാവ്‌ ആണ്‌. അതിൽ ജാതിമത സൂചനകളോ ധനികദരിദ്ര വ്യത്യാസമോ ഇല്ല. സ്ത്രീ-പുരുഷ വ്യത്യാസം പോലുമില്ല. ഇംഗ്ലീഷ്‌ രീതി അനുസരിച്ച്‌ സ്ത്രീയെ സംബോധന ചെയ്യുമ്പോൾ അവർ വിവാഹിതയാണോ എന്നുകൂടി ശ്രദ്ധിച്ചിട്ട്‌ മിസ്‌ എന്നോ മിസിസ്‌ എന്നോ വിശേഷിപ്പിക്കണം. കുമാരി, ശ്രീമതി എന്നീ വാക്കുകളാണ്‌ നമ്മൾ പകരം ഉപയോഗിക്കുന്നത്‌. നേരത്തേ ഈ രീതി ഇല്ലായിരുന്നു. ശ്രീപാർവതിയും ശ്രീഭദ്രകാളിയും അല്ലാതെ ശ്രീമതി ഭദ്രകാളി ഇല്ലായിരുന്നല്ലോ.

3 comments:

  1. ജാതിമതങ്ങളെ അതിജീവിക്കാനായി നാരായണഗുരുവിന്റെ നിർദേശം സ്വീകരിച്ചതിനാൽ ഷാജി, സലിം, കബീർ, ജമീല തുടങ്ങിയ നാമങ്ങൾ കേരളത്തിൽ വ്യാപകമാണ്‌. >>>>>>> When I started working at "Attingal" in 1980's, some names confused me. Only today I knew the reason behind.

    Thanks

    ReplyDelete
  2. 'സഖാവിന്റെ' അര്‍ത്ഥവ്യാപ്തി മനസിലാക്കിത്തന്ന പോസ്റ്റ്‌.

    ReplyDelete
  3. ജാതിമതങ്ങളെ അതിജീവിക്കാനായി നാരായണഗുരുവിന്റെ നിർദേശം സ്വീകരിച്ചതിനാൽ ഷാജി, സലിം, കബീർ, ജമീല തുടങ്ങിയ നാമങ്ങൾ കേരളത്തിൽ വ്യാപകമാണ്‌. അവരൊക്കെ മതപ്പേരുള്ളവരാണെന്ന ധാരണയിൽ സലിംക്കയും ഷാജിക്കയും ജമീലത്താത്തയുമൊക്കെ ആകാറുണ്ട്‌.
    ഏറ്റവും നല്ല സംബോധന സഖാവ്‌ ആണ്‌. അതിൽ ജാതിമത സൂചനകളോ ധനികദരിദ്ര വ്യത്യാസമോ ഇല്ല. സ്ത്രീ-പുരുഷ വ്യത്യാസം പോലുമില്ല. ഇംഗ്ലീഷ്‌ രീതി അനുസരിച്ച്‌ സ്ത്രീയെ സംബോധന ചെയ്യുമ്പോൾ അവർ വിവാഹിതയാണോ എന്നുകൂടി ശ്രദ്ധിച്ചിട്ട്‌ മിസ്‌ എന്നോ മിസിസ്‌ എന്നോ വിശേഷിപ്പിക്കണം. കുമാരി, ശ്രീമതി എന്നീ വാക്കുകളാണ്‌ നമ്മൾ പകരം ഉപയോഗിക്കുന്നത്‌. നേരത്തേ ഈ രീതി ഇല്ലായിരുന്നു. ശ്രീപാർവതിയും ശ്രീഭദ്രകാളിയും അല്ലാതെ ശ്രീമതി ഭദ്രകാളി ഇല്ലായിരുന്നല്ലോ.

    ReplyDelete